2025 | ഒക്ടോബർ 18 | ശനി
1201 | തുലാം 1 | പൂരം
◾ ഇടുക്കിയില്‍ കനത്ത മഴ. പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലും. ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒലിച്ചു പോയി. തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോര്‍മിറ്ററി ബില്‍ഡിങ്ങിലേക്കും മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാര്‍, കക്കികവല ആറ്റില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
◾ ഇടുക്കി ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ പെയ്തിറങ്ങിയത് മേഘ സ്‌ഫോടനത്തിന് സമാനമായ മഴ. ഏകദേശം മൂന്നു മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 2018 ലെ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഇപ്പോള്‍ വെള്ളം കയറിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആളപായം സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങില്‍ അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. രാവിലെ 137 അടിക്ക് മുകളില്‍ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. പെരിയാര്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാലാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
◾ തെക്ക് കിഴക്കന്‍ അറബിക്കടലില്‍, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
◾ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
◾ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും യാതൊരു ഭാവഭേദവുമില്ലാതെ പ്രതി ചെന്താമര. അതേസമയം വിധിയില്‍ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. പ്രതി ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതീക്ഷിച്ച വിധിയാണെന്നും പ്രതിക്ക് പരോളും ജാമ്യവും അനുവദിക്കരുതെന്നും മക്കള്‍ പറഞ്ഞു.
◾ ശബരിമലയിലെ നിയുക്ത മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എംജി മനു നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മ ശബരിമല മേല്‍ശാന്തിയുടെയും പന്തളം കൊട്ടാരത്തിലെ മൈഥിലി വര്‍മ മാളികപ്പുറത്തെ മേല്‍ശാന്തിയുടെയും നറുക്കെടുത്തു.
◾ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഏത് സ്‌കൂളിലും പ്രവേശനം നേടാന്‍ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അതേ സമയം ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പരാതി. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗമാണ് പരാതി നല്‍കിയത്. പിടിഎ അംഗമായ ജമീര്‍ ആണ് പരാതി നല്‍കിയത്. സൈബര്‍ പൊലീസിന് നല്‍കിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.
◾ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യൂണിഫോം നിശ്ചയിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് നല്ല മനുഷ്യനാണെന്നും എന്നാല്‍, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുകയെന്നും, ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.
◾ ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ 'യാന'ത്തിന്റെ ഒന്നാം പതിപ്പിന് വര്‍ക്കലയില്‍ തുടക്കമായി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍. ടൂറിസം പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങള്‍ കേരളം നടപ്പിലാക്കിവരുന്നുവെന്നും അത്തരത്തിലൊരു പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനമെന്ന് മന്ത്രി വ്യക്തമാക്കി.
◾ കെപിസിസി നടത്തുന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥ സമാപനത്തിന് ക്യാപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ പങ്കെടുക്കില്ല. മുരളീധരന്‍, ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും. കോണ്‍ഗ്രസ് പുനസംഘടനയിലുണ്ടായ എതിര്‍പ്പാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് വിവരം. നാല് ജാഥാ ക്യാപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ സമാപനത്തില്‍ പങ്കെടുക്കാതിരിക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ നീക്കം തുടരുകയാണ്.
◾ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമനങ്ങള്‍ക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസടുത്തത്. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അതേ സമയം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും കേസെടുത്ത സാഹചര്യത്തില്‍ സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് വ്യക്തമാക്കി.
◾ യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അതൃപ്തി. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞു. അബിന്‍ വര്‍ക്കി മികച്ച നേതാവാണ്, അബിനെ തഴഞ്ഞത് ശരിയായില്ലെന്നും ചാണ്ടി ഉമ്മനോടും അനീതി കാണിച്ചുവെന്നും ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.
◾ പത്തനംതിട്ട പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. ആലുവ എന്‍എസ്എസ് കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരന്‍ നായര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്‍എസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.
◾ കാസര്‍കോട് ചന്തേരയില്‍ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ നിന്നും നാല് ആണ്‍കുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുടെ നേതൃത്വത്തില്‍ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
◾ വിതുര പഞ്ചായത്തിലെ മാലിന്യം, മേമലയില്‍ ശ്മശാനത്തിനായി വാങ്ങിയ ഭൂമിയിലിട്ട് കത്തിച്ച സംഭവത്തില്‍ കരാറുകാരന് പിഴയിട്ടു. യൂസര്‍ ഫീ വാങ്ങി ഹരിത കര്‍മ സേന മികച്ച രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്ന പഞ്ചായത്തിലാണ് സ്വന്തം മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച് കത്തിച്ചത്. പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിച്ചത് വിവാദമായതോടെ കരാറുകാരന്‍ മേമല സ്വദേശി ശ്രീകുമാറിന് 5000 രൂപ പിഴയിട്ടു.
◾ അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി രണ്ടാം ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭര്‍ത്താവായ പഴനി(46) കൊലപ്പെടുത്തിയത്. പുതൂര്‍ പഞ്ചായത്തില്‍ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകള്‍ പുതൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് നിര്‍ണായക വിവരം പുറത്തറിയുന്നത്.
◾ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പുതപ്പിന് ഇനി മുതല്‍ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശുചിത്വം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖകരവുമായ യാത്രാനുഭവം നല്‍കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഉദ്ഘാടനവും അശ്വിനി വൈഷ്ണവ് നിര്‍വഹിച്ചു.
◾ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ 5 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരില്‍ എറണാകുളം പിറവം സ്വദേശിയുമുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതായാണ് ഒടുവിലത്തെ വിവരം.
◾ പ്രതിസന്ധിയൊഴിയാതെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മഹാസഖ്യം മുന്നണിയിലെ സീറ്റ് വിഭജനം. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ മത്സരിച്ചേക്കും. ഒരേ മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ ആര്‍ജെഡിയും, കോണ്‍ഗ്രസും, സിപിഐയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അനുരഞ്ജനത്തിന് തയ്യാറാകാതെ പാര്‍ട്ടികള്‍ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതിലും തര്‍ക്കം തുടരുകയാണ്.
◾ പൊതുഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പഞ്ചായത്ത് വികസന ഓഫീസറായ പ്രവീണ്‍ കുമാര്‍ കെ.പി.യെയാണ് ആര്‍.എസ്.എസ്സിന്റെ ശതാബ്ദി പരിപാടിയില്‍ പങ്കെടുത്തതിന് ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തത്.
◾ കരൂര്‍ ദുരന്തത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തില്‍ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം.
◾ മൈസൂരു സരഗൂരില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കര്‍ഷകനെ കടുവ കടിച്ചുകീറുകയായിരുന്നു. വനംവകുപ്പിന്റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. വനംവകുപ്പ് സംഘം തുരത്തിയോടിച്ച കടുവ കൃഷിഭൂമിയിലെത്തി കര്‍ഷകനെ ആക്രമിക്കുകയായിരുന്നു. കര്‍ഷകന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിര്‍ദേശിച്ചു.
◾ പഞ്ചാബില്‍ സിര്‍ഹിന്ദിന് സമീപം അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടര്‍ന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയില്‍വേ അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
◾ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയുമായി ചൈന. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിബി അംഗം അടക്കം 9 മുതിര്‍ന്ന സൈനിക മേധാവിമാരെ പുറത്താക്കി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വിശ്വസ്തരടക്കമുള്ളവരെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്.
◾ ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന. യുകെയുടെ റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാന പൈലറ്റുമാര്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന പരിശീലനം നല്‍കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുമായി മുംബൈയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന ഉടമ്പടി പ്രഖ്യാപിച്ചത് ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് പരിശീലകര്‍ ആയിരിക്കും ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുകള്‍ക്ക് പരിശീലനം നല്‍കുക.
◾ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം 8 പേര്‍ കൊല്ലപ്പെട്ടു. കബീര്‍ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂണ്‍ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി ആക്രമണത്തില്‍ മരിച്ചുവെന്നും എസിബി അറിയിച്ചു. അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പാകിസ്ഥാന്‍ അതിര്‍ത്തിയായ ഊര്‍ഗന്‍ എന്ന സ്ഥലത്ത് നിന്ന് ഷാറാനയിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
◾ പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്.ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അവകാശവാദം ആവര്‍ത്തിച്ചത്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി തനിക്ക് ഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ച്ചക്കിടെ ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചു.
◾ തീരുവപ്രശ്‌നത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവകള്‍ സ്ഥിരമായ ഒന്നല്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. രണ്ടാഴ്ചയ്ക്കകം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാടില്‍ മയംവരുത്തിയത്. ചൈനയില്‍നിന്നുള്ള എല്ലാ ഇറക്കുമതിക്കും 100 ശതമാനം തീരുവയാണ് കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അത് സുസ്ഥിരമല്ലെന്നും ചിലപ്പോള്‍ അത് നിലനിന്നേക്കുമെന്നും അത് ചെയ്യാന്‍ അവര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
◾ സ്വര്‍ണം വാങ്ങാന്‍ ഇരുന്നവര്‍ക്ക് നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില 1,400 രൂപ കുറഞ്ഞ് 95,960 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 9,865 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,685 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,970 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 194 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണം പുതിയ റെക്കോഡുകള്‍ കുറിച്ചെങ്കിലും ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാന്‍ കാരണം. അതേസമയം, ഇന്ത്യയുടെ പല ഭാഗത്തും ഇന്ന് ധന്‍തേരാസ് ഉത്സവത്തിന്റെ ഭാഗമായി സ്വര്‍ണക്കച്ചവടമാണ് നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷങ്ങളവടെ തുടക്കമാണ് ധന്‍തേരാസ്. ഈ ദിവസം സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പരത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. കഴിഞ്ഞ വര്‍ഷം 20,000 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം നടന്നു. 22 കാരറ്റ് സ്വര്‍ണത്തിന് പുറമെ കനം കുറഞ്ഞ 18,14,9 കാരറ്റ് സ്വര്‍ണത്തിനും ഇക്കുറി ആവശ്യക്കാരുണ്ട്.
◾ ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയം മാറ്റത്തിന് വാട്‌സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് സന്ദേശങ്ങളില്‍ പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്ന നിബന്ധനക്കായുള്ള പദ്ധതികള്‍ മെറ്റ പ്രഖ്യാപിച്ചു. സ്പാമും ബള്‍ക്ക് മെസേജിങ്ങും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് ഉപയോക്താവ് റിപ്ലെ നല്‍കിയില്ലെങ്കില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് പ്രതിമാസം പരിധി നിശ്ചയിക്കുന്നതാണ് നയം. എന്നാല്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ എത്ര സന്ദേശങ്ങള്‍ വരെ അയക്കാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. പുതിയ നയം ആവശ്യപ്പെടാത്തതോ ആവര്‍ത്തിച്ചുള്ളതോ ആയ സന്ദേശങ്ങള്‍ പതിവായി അയയ്ക്കുന്ന ഉപയോക്താക്കളെയും ബിസിനസുകളെയും ബാധിക്കും. ഉദാഹരണത്തിന്, ഒരിക്കലും മറുപടി നല്‍കാത്ത ഒരാള്‍ക്ക് ഒരു ഉപയോക്താവ് ഒന്നിലധികം ഫോളോ-അപ്പുകള്‍ അയച്ചാല്‍, ആ സന്ദേശങ്ങളെല്ലാം പരിധിയില്‍ കണക്കാക്കും. ഇത്തരം സന്ദേശങ്ങള്‍ തടയാന്‍ മെസേജ് ഫോര്‍വേഡിങ്ങില്‍ പരിധി നിശ്ചയിക്കല്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതടക്കമുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
◾ ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്ന് നിര്‍മിക്കുന്ന 'അതിരടി'യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റര്‍ടെയ്നര്‍ ആയാണ് ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഒക്ടോബര്‍ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരുചിത്രത്തില്‍ ഒരുമിച്ചു എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.
◾ ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന ചിത്രം 'തമ'യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീന്‍ 30 ശതമാനം കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 30 മിനിട്ടാണ് സിനിമയുടെ നീളം. ഒരു ഹൊറര്‍ കോമഡി വാമ്പയര്‍ ചിത്രമായി ഒരുങ്ങുന്ന 'തമ' വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്സില്‍ ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. പരേഷ് റാവലും നവീസുദ്ദീന്‍ സിദ്ദിഖിയുമാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
◾ നിസാന്‍ മാഗ്‌നൈറ്റിന്റെ പുതിയ സിഎന്‍ജി വേരിയന്റ് പുറത്തിറങ്ങി. നിസാന്‍ മാഗ്‌നൈറ്റ് ഇപ്പോള്‍ മാനുവല്‍, എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷനുകളിലാണ് എത്തുന്നത്. എല്ലാ വകഭേദങ്ങളിലും റെട്രോ-ഫിറ്റ് സിഎന്‍ജി കിറ്റ് ലഭ്യമാകും. ഈ കിറ്റ് 71,999 രൂപയ്ക്ക് ലഭ്യമാണ്. മുമ്പ് എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റിലാണ് സിഎന്‍ജി നിറച്ചിരുന്നത്. എന്നാല്‍ നിസാന്‍ മാഗ്‌നൈറ്റില്‍ ഇപ്പോള്‍ ഇന്ധന ഫില്ലര്‍ ലിഡില്‍ ഒരു സിഎന്‍ജി ഫില്ലിംഗ് വാല്‍വ് ഉണ്ട്, ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. മാഗ്‌നൈറ്റ് സിഎന്‍ജിയില്‍ കമ്പനി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നു. പുതിയതും അതുല്യവുമായ ഇന്ധന സംവിധാനം ഉള്ളതിനാല്‍ സിഎന്‍ജി വേരിയന്റിന് ഈ വാറന്റി പ്രധാനമാണ്. മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ ആകെ 11 വേരിയന്റുകളിലാണ് കമ്പനി മാഗ്‌നൈറ്റ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. 6.34 ലക്ഷം മുതല്‍ 9.70 ലക്ഷം വരെയാണ് വില. ടോപ്പ്-സ്‌പെക്ക് മാഗ്‌നൈറ്റ് സിഎന്‍ജി മാനുവല്‍ ഗിയര്‍ബോക്‌സില്‍ 9.20 ലക്ഷം എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്.
◾ കടല്‍ പോലെ.. തിര പോലെ.... ഒരിക്കലും നിശ്ചലമാകാത്ത കടലനുഭവങ്ങള്‍. 101 കടല്‍ക്കുറിപ്പുകള്‍ 101 കടലറിവുകളായി 101 നേരറിവുകളായി കടല്‍ പോലെ പരക്കുന്നു. പറഞ്ഞിട്ടും ഇനിയേറെ പറയാനുള്ളവ... അറിഞ്ഞിട്ടും ഇനിയേറെ അറിയാനുള്ളവ... ഇതാ ഇവിടെ 101 കടല്‍ക്കുറിപ്പുകളില്‍ ഒരായിരം കടല്‍ തിരയടിക്കുന്നു... 'ഉപ്പു കാറ്റടിക്കുന്ന സന്ധ്യകളില്‍'. ഡോ.സോമന്‍ കടലൂര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 361 രൂപ.
◾ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ പലര്‍ക്കും കഴിയാറില്ല. നിര്‍ജ്ജലീകരണം ഹൃദയമിടിപ്പിനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. മാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണമായേക്കാം. പകല്‍ വെള്ളം കുടിക്കാന്‍ മറന്നാല്‍ ചിലര്‍ വലിയൊരു അളവില്‍ വെള്ളം വൈകുന്നേരം കുടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ പ്രവണത തികച്ചും തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരേ സമയം വലിയൊരു അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയാന്‍ ഇത് കാരണമാകും. മാത്രമല്ല രക്തത്തിലെ ഇലക്ട്രോലൈറ്റുകള്‍ അല്‍പം നേര്‍ത്തു പോകുന്നതിലേക്കും ഇത് നയിക്കും. ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. സ്ത്രീകള്‍ പ്രതിദിന 11.5 കപ്പ് (2.7 ലിറ്റര്‍) വെള്ളവും പുരുഷന്മാര്‍ക്ക് 15.5 കപ്പ് (3.7 ലിറ്റര്‍) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവു മാറുകയും ചെയ്യാം. വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന് ജലാംശ കിട്ടുന്നത്. ഭക്ഷണത്തില്‍ നിന്നും ജലാംശത്തെ ശരീരം ഉപയോഗപ്പെടുത്തുന്നുണ്ട്. വൈകുന്നേരം വലിയൊരളവില്‍ വെള്ളം നേരിട്ട് കുടിക്കുന്നതിന് പകരം, കുറച്ച് വെള്ളം കുടിക്കുകയും സൂപ്പ്, സാലഡ് പോലുള്ള ജലാംശം അടങ്ങിയ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. പഴങ്ങളിലും പച്ചക്കറികളിലുമാണ് ജലാംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.95, പൗണ്ട് - 118.15, യൂറോ - 102.56, സ്വിസ് ഫ്രാങ്ക് - 110.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.16, ബഹറിന്‍ ദിനാര്‍ - 233.68, കുവൈത്ത് ദിനാര്‍ -288.00, ഒമാനി റിയാല്‍ - 229.09, സൗദി റിയാല്‍ - 23.45, യു.എ.ഇ ദിര്‍ഹം - 23.96, ഖത്തര്‍ റിയാല്‍ - 24.06, കനേഡിയന്‍ ഡോളര്‍ - 62.76.
Tags:
KERALA