Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 11  ശനി 
1201  കന്നി 25   രോഹിണി 
1447  റ : ആഖിർ 18

◾ പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. പേരാമ്പ്ര സികെജിഎം കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുഡിഎഫും ഡിവൈഎഫ്ഐയും നടത്തിയ പ്രകടനങ്ങള്‍ക്കിടെയാണ് പേരാമ്പ്ര ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഷാഫിയെ കൂടാതെ ലാത്തിച്ചാര്‍ജില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഷാഫിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാത്രി വൈകിയും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.

◾ ഷാഫി പറമ്പില്‍ എം.പിയെ ആക്രമിച്ചത് സി.പി.എം ക്രിമിനലുകളും സി.പി.എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന് വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എ.കെ.ജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണമെന്നും ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും വി.ഡി.സതീശന്‍ ഓര്‍മിപ്പിച്ചു. സ്വര്‍ണ്ണക്കവര്‍ച്ചയും സ്വര്‍ണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പൊലീസിന്റേത് നരനായാട്ടെന്ന് എംകെ രാഘവന്‍ പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു.

◾ ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍, പേരാമ്പ്രയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.

◾ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത് പൊലീസ് ലാത്തി ചാര്‍ജില്‍ അല്ലെന്ന് കോഴിക്കോട് റൂറല്‍ എസ് പി. പൊലീസ് പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണ് ചെയ്തതെന്നും കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മര്‍ദ്ദത്തിലാകാം ഷാഫിക്ക് പരിക്കേറ്റതെന്നും എസ് പി പറഞ്ഞു. സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ക്രമസമാധാന സാഹചര്യം വിലയിരുത്തി നിഷേധിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
◾ പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോഴിക്കോട് നഗരത്തില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

◾ ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഡസംഘം പദ്ധതിയിട്ടത് തുടര്‍ക്കൊള്ളയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. വാതിലിലും കട്ടിളപ്പടിയിലും ഉള്ള സ്വര്‍ണമാണ് സംഘം ആദ്യം ഉരുക്കിയെടുത്തത്. തട്ടിപ്പിന്റെ സാധ്യത കണ്ടെത്തിയതോടെ ദ്വാരപാലകശില്പത്തിലും ക്ഷേത്രത്തിലെ ഒരുഭാഗത്തും ഉണ്ടായിരുന്ന പാളികള്‍ കൊണ്ടുപോയി. പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചുസ്വര്‍ണം മതി. സ്വര്‍ണം പൂശിയത് കുറച്ചുകാലം കഴിയുമ്പോള്‍ മങ്ങും. ഇത് വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ഇളക്കിക്കൊണ്ടുപോകാം. ഇടയ്ക്കിടക്ക് സ്വര്‍ണം പൂശുന്നതിനുള്ള സ്പോണ്‍സര്‍ഷിപ്പിനെന്ന പേരില്‍  വന്‍തോതില്‍ പണപ്പിരിവ് നടത്താനുള്ള അവസരവും ലഭിക്കും. ക്ഷേത്രത്തില്‍ പതിച്ചിരുന്ന പാളികള്‍ വന്‍വിലയ്ക്കു മുറിച്ചുവിറ്റിട്ടുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. വ്യവസായികള്‍ക്കും ഉന്നതര്‍ക്കും ക്ഷേത്രപാളികളെന്ന പേരില്‍ വിറ്റശേഷം പുതിയ ചെമ്പുപാളികള്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയതാണോ എന്നതാണ് കണ്ടെത്തേണ്ടത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴികളിലും ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. ഇത് ആരെയൊക്കെയോ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

◾ കേരളത്തിന് തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈന്‍ റിസര്‍വ് ബറ്റാലിയന് അനുമതി നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശ സുരക്ഷ, ആഴക്കടലിലൂടെ നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് പിടികൂടല്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യമുള്ള പ്രത്യേക ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനാണ് കേന്ദ്രം ഉറപ്പ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സംഭവിച്ചെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി ചുമതലപ്പെടുത്തിയ കല്‍പേഷ് എന്ന വ്യക്തിക്കാണ് സ്വര്‍ണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
◾ അഞ്ച് വയസ് മുതല്‍ പതിനേഴു വയസുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. നേരത്തെ 5 മുതല്‍ 7 വരെയും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത പുതുക്കല്‍ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ നിര്‍ദ്ദേശമനുസരിച്ച് 7 വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കും.

◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവന്‍. ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത് എന്നത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ് ആണെന്നും ദേവന്‍ പറഞ്ഞു. ശബരിമല വിവാദം വഴി തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമെന്ന് തോന്നുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവന്‍ പറഞ്ഞു.

◾ പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെ സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

◾ കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലെ ഇന്ധനം പൂര്‍ണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂര്‍ണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പല്‍ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സില്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചന്‍ എംഎല്‍എ. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ടെന്നും ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നില്‍ക്കട്ടെ.ന്നെും തെറ്റ് ചെയ്തെങ്കില്‍ മാപ്പ് പറഞ്ഞാല്‍ പോരെയെന്നും ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചന്‍ പറഞ്ഞു.

◾ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. നിയമസഭയില്‍ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാര്‍ട്ടി എത്ര പിന്തിരിപ്പന്‍ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പികെ ഫിറോസ് പറഞ്ഞു. ചിത്തരഞ്ജന്‍ സഭയില്‍ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ലെന്നും മുഖ്യമന്ത്രി പരാമര്‍ശത്തില്‍ മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രിയുടെ മുന്‍ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണിതെന്നും പികെ ഫിറോസ് പറഞ്ഞു.

◾ പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്ക്. വിതുര സ്റ്റേഷനിലെ സിപിഒ വിജിത്തിന് നെറ്റിയിലാണ് പരിക്കേറ്റത്. കോളേജ് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് എസ്എഫ്ഐയും കെഎസ്യുവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. എസ്എഫ്ഐയും കെഎസ്യുവും പരസ്പരം എറിഞ്ഞ കമ്പ് കൊണ്ടാണ് പൊലീസുകാരന് പരിക്കേറ്റത്.

◾ സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്ലീ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഷാജി പറഞ്ഞു. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി, വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. ഇതെന്തൊരു തമാശയാണെന്നും ഷാജി ചോദിച്ചു.

◾ എഡിജിപി എംആര്‍ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയര്‍മാന്റെ അധിക ചുമതല നല്‍കി ഉത്തരവിറക്കി. നിലവില്‍ ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതല്‍ ബോര്‍ഡ് യോഗങ്ങളില്‍ എം. ആര്‍. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിയില്‍ ഹര്‍ഷിത അത്തല്ലൂരി തുടരും.

◾ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയം. കിഹോള്‍ ശസ്ത്രക്രിയ രണ്ട് തവണ പരാജയപ്പെട്ടു. കിഹോള്‍ വഴി ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

◾ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തകില്‍ വിദ്വാന്‍ മധുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. ഇന്നലെയാണ് ഇയാളെ തിരിച്ചെടുത്തത്. ഉള്ളൂര്‍ സബ്ഗ്രൂപ്പില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മധു ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു.

◾ പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുന്‍ മേഖല ഭാരവാഹി വിനേഷിനെ ആക്രമിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പ്രതികള്‍ വിനേഷിനെ പിന്തുടര്‍ന്നെത്തി ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസ് പറയുന്നു. ആക്രമണം വ്യക്തി വിരോധം മൂലമെന്നും പ്രതികള്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. തലച്ചോറിന് പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന വിനേഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.

◾ വാണിയംകുളത്തെ ഡിവൈഎഫ്ഐ ആക്രമണ കേസില്‍ വിനേഷിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ ഷോര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂര്‍ മേഖല ഭാരവാഹികളായ സുര്‍ജിത്ത്, കിരണ്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ ചേര്‍ന്ന സിപിഎമ്മിന്റെ ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആക്രമണത്തില്‍ പാര്‍ട്ടിക്ക് യാതൊരു രീതിയിലും ബന്ധവുമില്ലെന്നും സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി വിശദീകരിച്ചു. ഫേസ്ബുക്കില്‍ വിമര്‍ശന കമന്റിട്ടതിനാണ് പനയൂര്‍ സ്വദേശി വിനേഷിനെ മര്‍ദിച്ചത്.

◾ കണ്ണൂര്‍ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങള്‍ കണക്കിലെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മറ്റിടങ്ങളിലേതിന് സമാനമായ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എം എല്‍ എ എം വി ഗോവിന്ദനും പറഞ്ഞു.

◾ കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. തൊഴില്‍ ക്യാമ്പയിന്റെ  ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത്.

◾ കോഴിക്കോട് താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

◾ ഹാലിന് പിന്നാലെ മലയാള സിനിമ പ്രൈവറ്റിനും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട് കിട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലെഫ്റ്റ് എക്സ്ട്രീമിസം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് കട്ട് പറഞ്ഞത്. മീനാക്ഷി അനൂപും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദീപക് ഡിയോണ്‍ ആണ്. ഒന്‍പത് മാറ്റങ്ങളോടെയാണ് ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തിയത്.

◾ മലപ്പുറം കാടാമ്പുഴയില്‍ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ സഹപാഠിയുടെ പിതാവ് അറസ്റ്റില്‍. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബര്‍ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്‌കൂട്ടിയില്‍ സ്വന്തം മകനൊപ്പം പിന്തുടര്‍ന്നെത്തിയാണ് പ്രതി പതിമൂന്നുകാരനെ മര്‍ദിച്ചത്.

◾ തമിഴ്നാട്ടിലെ കമ്പത്ത് ജോലിക്കെത്തിയ മലയാളിയായ തൊഴിലാളിയെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തി. നാല്‍പ്പത്തി നാലുകാരനായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

◾ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു.

◾ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രദേശം ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യക്ക് ഉറപ്പുനല്‍കി. ഇന്ത്യയും താലിബാന്‍ ഭരണകൂടവും തമ്മില്‍ നടന്ന അപൂര്‍വ ഉന്നതതല നയതന്ത്ര ചര്‍ച്ചയിലാണ് ഇക്കാര്യം അഫ്ഗാന്‍ മന്ത്രി വ്യക്തമാക്കിയത്. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുത്തഖി ഈ പ്രഖ്യാപനം നടത്തിയത്.

◾ കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ മിഷനെ, ഇന്ത്യന്‍ എംബസി പദവിയിലേക്ക് ഉയര്‍ത്താന്‍ ധാരണ. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. താലിബാന്‍ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്.

◾ അഫ്ഗാനിസ്ഥാന്‍ പാകിസ്താന്റെ 'ഒന്നാം നമ്പര്‍ ശത്രുവെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ ന്യായീകരിക്കാനായി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  

◾ കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

◾ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

◾ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇസ്രയേല്‍ സേന. യുദ്ധം തകര്‍ത്ത ഗാസയിലേക്ക് പലസ്തീനികള്‍ മടങ്ങി തുടങ്ങി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നിന്നും ഭാഗികമായി പിന്‍വാങ്ങി തുടങ്ങി. ടാങ്കുകളും യുദ്ധ വാഹനങ്ങളെല്ലാം പതിയെ അതിര്‍ത്തി ലക്ഷ്യമാക്കി മടങ്ങുകയാണ്. മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്നും സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുകയാണെന്നും ഐഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രകോപനം ഉണ്ടായാല്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കി.

◾ രക്തരൂഷിതമായ 730 ദിനങ്ങള്‍ക്കൊടുവില്‍ ഗാസയില്‍ ആശ്വാസം. രണ്ടുവര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ അറുപത്തി നാലായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റ യുദ്ധത്തിന്റെ ബാക്കിപത്രം തകര്‍ന്നടിഞ്ഞ ഗാസ തന്നെയാണ്. ജനവാസം പോലും സാധ്യമാകാത്ത വിധം താറുമാറായി കിടക്കുന്ന ഗാസയിലേക്കാണ് ഇപ്പോള്‍ സമാധാനത്തിന്റെ കാറ്റ് വീശുന്നത്. ട്രംപ് നിര്‍ദേശിച്ച സമാധാന ഉടമ്പടിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രയേലും ഹമാസും ഒപ്പുവെക്കാന്‍ കളമൊരുങ്ങിയതിനു പിന്നാലെ തീര്‍ത്തും ആശ്വാസകരമായ വാര്‍ത്തകളാണ് ഗാസയില്‍ നിന്നും പുറത്തു വരുന്നത്.

◾ ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കാത്തതിന് പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്. പുരസ്‌കാര സമിതി സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കി എന്നാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകള്‍ ഉണ്ടാക്കുന്നതും മനുഷ്യജീവന്‍ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

◾ തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോ. 'ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കുംഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണ്ണായകമായ പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നാണ് മരിയ 'എക്‌സി'ല്‍ കുറിച്ചത്.

◾ യുഎസില്‍ സ്ഫോടകവസ്തുനിര്‍മാണ പ്ലാന്റിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

◾ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 173 റണ്‍സുമായി ജയ്‌സ്വാളും 20 റണ്‍സുമായി നായകന്‍ ശുഭ്മാന്‍  ഗില്ലും  ക്രീസിലുണ്ട്. 38 റണ്‍സെടുത്ത രാഹുലിന്റേയും 87 റണ്‍സെടുത്ത സായ്സുദര്‍ശന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

◾ റെക്കോഡ് നേട്ടവുമായി എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നാല് ലക്ഷം കോടി രൂപ മറികടക്കുന്നു. ഇതുവരെ ഒരു ഇന്ത്യന്‍ കമ്പനിക്കും ഐപിഒ യിലൂടെ ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിന്റെ ഭാഗത്തും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ ഭാഗത്തും സബ്‌സ്‌ക്രിപ്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. എല്‍ജി ഇലക്ട്രോണിക്‌സിലുള്ള നിക്ഷേപകരുടെ അമിതമായ വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യുവില്‍ 7.13 കോടി ഓഹരികള്‍ക്ക് 385 കോടിയിലധികമാണ് ബിഡ് ലഭിച്ചത്. മൊത്തം സബ്‌സ്‌ക്രിപ്ഷന്‍ 54 മടങ്ങ് കവിഞ്ഞു. ഏകദേശം 4.4 ലക്ഷം കോടി രൂപയാണ് മൊത്തം ബിഡ് തുക. ഒക്ടോബര്‍ 14-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ശക്തമായി തുടരുകയാണ്. നിലവില്‍ ഓഹരിക്ക് 365 രൂപയാണ് ജിഎംപി. ഐപിഒയുടെ ഇഷ്യു വിലയായ 1,140 രൂപയില്‍ നിന്ന് 32 ശതമാനം അധികമാണിത്. ശക്തമായ ജിഎംപി, ഓഹരി 1,505 രൂപയുടെ പ്രീമിയം നിരക്കില്‍ ലിസ്റ്റ് ചെയ്യുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

◾ നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ആകാംഷ നിറക്കുന്ന ഇന്‍വെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ 'പാതിരാത്രി' കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ഒരു അര്‍ദ്ധരാത്രിയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവ്യ നായര്‍- സൗബിന്‍ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

◾ റോഷന്‍ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന 'ഇത്തിരി നേരം' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'അകലുന്നു മെല്ലെ നനവുള്ള മേഘം 'എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നല്‍കിയത് ബേസില്‍ സി.ജെ യാണ് . പാടിയിരിക്കുന്നത് സൂരജ് സന്തോഷ്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തില്‍ റോഷന്‍, സെറിന്‍ എന്നിവരെ കൂടാതെ നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

◾ 2026 മോഡല്‍ വര്‍ഷത്തിലേക്ക് ജപ്പാനിലെ ജനപ്രിയ നിന്‍ജ 250, ഇസെഡ്250 മോഡലുകളെ കാവസാക്കി അപ്‌ഡേറ്റ് ചെയ്തു. ഇത്തവണ സാങ്കേതിക മാറ്റങ്ങളൊന്നുമില്ലെങ്കിലും, ബൈക്കുകള്‍ക്ക് ചില പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. രണ്ട് ബൈക്കുകളും 2025 നവംബര്‍ മുതല്‍ ജാപ്പനീസ് വിപണിയില്‍ ലഭ്യമാകും. നിന്‍ജ 250 2025 മോഡലിന് ജപ്പാനില്‍ 726,000 യെന്‍ ആണ് വില. ഇത് ഏകദേശം 4.37 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഇസെഡ്250 2025 മോഡലിന് ജപ്പാനില്‍ 704,000 യെന്‍ (ഏകദേശം 4.24 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വില. മെറ്റാലിക് യെല്ലോയിഷ് ഗ്രീനുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, കാന്‍ഡി പെര്‍സിമോണ്‍ റെഡ് ഉള്ള ഗാലക്സി സില്‍വര്‍ എന്നീ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് കവാസാക്കി നിന്‍ജ 250 അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 2026 കവാസാക്കി ഇസെഡ്250 എബോണി വിത്ത് മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് വരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 34.5 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 248 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് പവര്‍ട്രെയിനിന് കരുത്ത് പകരുന്നത്.

◾ ഈ സമാഹാരം (സംഹാരം?) വായിച്ചു കഴിഞ്ഞിട്ട് അല്‍പം പോലും ചിരി വരാത്തവര്‍ ഇക്കിളിപ്പെടുത്താന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കി ഒന്ന് ചിരിക്കണേ. അതിന് വരുന്ന ചെലവ് ഞാനേറ്റു. ഈ സ്വഭാവത്തിലുള്ള എന്റെ ആദ്യത്തെ പുസ്തകമാണിത്. 'തുഞ്ചന്‍ പറമ്പിലെ ബ്ലീച്'. രണ്ടാം പതിപ്പ്. എം.എന്‍ കാരശ്ശേരി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 190 രൂപ.

◾ ശരീരത്തില്‍ അവശ്യം വേണ്ട ഒരു ധാതുവാണ് സിങ്ക്. കോശവളര്‍ച്ചയ്ക്ക് സഹായിക്കുക വഴി ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ സിങ്ക് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇന്‍ഫ്ലമേഷന്‍ നിയന്ത്രിക്കാനും മുറിവ് ഉണക്കാനും സിങ്ക് സഹായിക്കും. ശരീരത്തില്‍ സിങ്കിന്റെ അഭാവം ഉണ്ടായാല്‍ ചര്‍മത്തിലാകും ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം തന്നെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. സിങ്ക് സപ്ലിമെന്റ് കഴിക്കുന്നതിലൂടെയും ഭക്ഷണത്തില്‍ മാറ്റം വരുത്തുക വഴിയും സിങ്കിന്റെ അഭാവം തടയാനും ലക്ഷണങ്ങളകറ്റാനും ആരോഗ്യമുള്ള ചര്‍മം വീണ്ടെടുക്കാനും കഴിയും. വായ, കൈകള്‍, കാല്‍പ്പാദങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വരണ്ടതും പരുക്കനും ചെതുമ്പലുകള്‍ പോലെയും ചര്‍മം കാണപ്പെടുന്നത് സിങ്കിന്റെ അഭാവം സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള പാടുകളോടൊപ്പം മുടി കൊഴിയുകയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. സിങ്കിന്റെ അഭാവം, മുടിയുടെ കട്ടി കുറയാനും മുടി കൊഴിയാനും കാരണമാകും. ഡോക്ടറുടെ നിര്‍ദേശപ്രകാരം സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കുന്നത് ചര്‍മത്തിലെ പാടുകള്‍ അകറ്റാനും മുടി വളര്‍ച്ചയ്ക്കും മുറിവുകള്‍ ഉണങ്ങാനും സഹായിക്കും. സിങ്ക് ധാരാളമടങ്ങിയ ഇറച്ചി, കടല്‍വിഭവങ്ങള്‍, നട്സ്, സീഡ്സ്, പയര്‍ വര്‍ഗങ്ങള്‍ ഇവ കഴിക്കുന്നത് ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
തീറ്റയൊക്കെ കഴിഞ്ഞ് ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു ഒരു മുയല്‍ക്കുട്ടി. പെട്ടെന്ന് അവന്‍ ഒരു വലിയ ശബ്ദം കേട്ടു. 'ഭൂമി പൊട്ടിപ്പിളരുന്നു... ഇത് ലോകാവസാനം തന്നെ' എന്നുറപ്പിച്ച മുയല്‍ക്കുട്ടി ജീവനും കൊണ്ടോടി. ഓടുന്ന വഴിയില്‍ കണ്ട തന്റെ കൂട്ടുകാരോടൊക്കെയായി അവന്‍ പറഞ്ഞു : 'ഭൂമി പിളരുന്നു... ലോകം അവസാനിക്കാറായി... ജീവന്‍ വേണമെങ്കില്‍ ഓടിക്കോ...'  മുയല്‍ക്കൂട്ടമൊന്നാകെ ഇവന്റെ പിന്നാലെ ഓടി. ഇവര്‍ ഓടുന്നത് കണ്ട് മറ്റു മൃഗങ്ങളും പിന്നാലെ ഓടി. അങ്ങനെ വലിയൊരു കൂട്ടം ഓടിയോടി എത്തിപ്പെട്ടത് ഒരു പാറയുടെ മുകളില്‍ വിശ്രമിക്കുകയായിരുന്ന മൃഗ രാജാവിന്റെ മുന്‍പിലാണ്.  മൃഗരാജന്‍ കാര്യം അന്വേഷിച്ചു. ഒരു മൃഗം കിതച്ചുകൊണ്ട് പറഞ്ഞു: 'രാജന്‍, ഇക്കൂട്ടത്തിലൊരു മുയല്‍ ഭൂമി പൊട്ടിപ്പിളരുന്നതുപോലെ ഭയങ്കരമായ ഒരു ശബ്ദം കേട്ടു... ലോകം അവസാനിക്കുകയാണ് എന്നും പറഞ്ഞ് ഓടുകയായിരുന്നു... ബാക്കിയെല്ലാവരും അവന്റെ പിറകേ ഓടി....' രാജാവ് മുയലിനോട് മുന്നോട്ട് നീങ്ങി നില്‍ക്കാനാവശ്യപ്പെട്ടു. അവന്‍ കേട്ട ശബ്ദത്തെപ്പറ്റി വിശദമായി ചോദിച്ചറിഞ്ഞു. ശബ്ദം കേട്ട സമയം... സ്ഥലം... സാഹചര്യം...ഒടുവില്‍ രാജാവ് പറഞ്ഞു:
'ഇവന്‍ കേട്ട ശബ്ദം നമ്മുടെ വനാതിര്‍ത്തിയിലുള്ള ഒരു വലിയ തെങ്ങില്‍നിന്ന് ഒരു തേങ്ങ താഴെയുള്ള പാറക്കെട്ടിന്റെ മുകളില്‍ വീണതിന്റെ ശബ്ദമാണ്... അത് ഭൂമികുലുക്കമോ ലോകാവസാനമോ ഒന്നുമല്ല'. കാര്യം അറിഞ്ഞതോടെ ഓടിവന്ന മൃഗങ്ങളെല്ലാം ജാള്യതയോടെ തലയും താഴ്ത്തി നിശ്ശബ്ദരായി സ്ഥലം വിട്ടു. വ്യക്തികളേയും സമൂഹങ്ങളേയും സ്ഥാപനങ്ങളേയും ഒക്കെക്കുറിച്ച് എന്തെല്ലാം കഥകളും ഉപകഥകളും കെട്ടുകഥകളുമാണ് നമ്മുടെയിടയില്‍ നിത്യേനയെന്നോണം പ്രചരിക്കുന്നത്!  സമൂഹമാധ്യമങ്ങളില്‍ക്കൂടെയാകുമ്പോള്‍ കാര്യം കുറേക്കൂടി എളുപ്പവുമായി. ഏതെങ്കിലും ഒരു കാര്യം കേട്ടപാതി, കേള്‍ക്കാത്തപാതി, അവയുടെ സത്യാവസ്ഥയെ ക്കുറിച്ച് അന്വേഷിക്കാതെ സമൂഹ മാധ്യമങ്ങളില്‍ക്കൂടി forward ചെയ്യുകയായി. ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടെന്ന് വരുത്തിയും ചെറിയ തെറ്റുകളെയൊക്കെ പെരുപ്പിച്ച് കാട്ടിയുമൊക്കെയാണ്  പലപ്പോഴും കഥകള്‍  പ്രചരിക്കാറുള്ളത്. നാം കേള്‍ക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെക്കുറിച്ച് നമുക്ക് നല്ല ബോധ്യമില്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ നമ്മില്‍ നിന്നും മറ്റുള്ളവരിലേക്ക് ചോര്‍ന്നുപോകാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശുഭദിനം.
Previous Post Next Post
3/TECH/col-right