2025 | ഒക്ടോബർ 10 | വെള്ളി 1201 | കന്നി 24 | കാർത്തിക
◾ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവുംജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.
◾ ബരാക്ക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം 2009 ല്‍ ലഭിച്ചതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യാതൊന്നും ചെയ്യാതിരുന്നതിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചതെന്നും, രാജ്യത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒബാമയ്ക്ക് അവര്‍ പുരസ്‌കാരം നല്‍കിയെന്നും ട്രംപ് പറഞ്ഞു. ഒബാമ ഒരു നല്ല പ്രസിഡന്റ് ആയിരുന്നില്ലെന്നും താന്‍ എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അങ്ങനൊന്ന് മുന്‍പ് സംഭവിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
◾ മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി.മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്.
◾ ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍നിന്നും 475 ഗ്രാമോളം നഷ്ടമായിട്ടുണ്ടെന്ന കാര്യം വ്യക്തമായതായി ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
◾ ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വര്‍ണപ്പാളി നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് വേര്‍തിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി. ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കി പുതിയ ചെമ്പുപാളികളില്‍ പൂശിയെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴിനല്‍കിയിരിക്കുന്നത്.◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന്റെ കരങ്ങളില്‍പ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് പീഠം നഷ്ടമായെന്ന് പോറ്റി ആരോപണമുന്നയിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.◾ ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശില്‍പ്പത്തിന്റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനല്‍ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കോടതി ഇടപെടല്‍ ആശ്വാസകരമാണെന്നും പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.◾ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലടക്കം പൊതിഞ്ഞ സ്വര്‍ണത്തിന് ഡിവൈന്‍ വാല്യൂ വളരെ കൂടുതലാണെന്നും ഇതിനാല്‍ തന്നെ വലിയ തുകയ്ക്കായിരിക്കും വില്‍പ്പന നടന്നിട്ടുണ്ടാകുകയെന്നും പിന്നില്‍ വമ്പന്‍ സ്രാവുകളാണെന്നും ശില്‍പ്പി മഹേഷ് പണിക്കര്‍. വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പാണെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ തന്നെ വലിയ കൊള്ളയാണ് നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു..◾ താരങ്ങളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഒരു കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നില്ലെന്നും പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ചയും മുക്കാനാണ് ഇത്തരം നടപടികളെന്നും എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.◾ ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതിലും ദുരൂഹത. മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നല്‍കിയത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറ്റകുറ്റ പണി നടത്തിയതെന്ന് പദ്മകുമാര്‍ പറയുന്നു. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോള്‍ മകന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാര്‍ പറയുന്നു. യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതില്‍ സംശയം ഉണ്ട്.◾ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണഫായി വിജയന്‍. നാല് പ്രധാന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചുവെന്നും വയനാട് പുനരധിവാസത്തിന് എന്‍ഡിആര്‍ഫില്‍ നിന്ന് 2221 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു◾ നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച് വിദശീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമുക്കാലട്ടിയെന്നത് നാടന്‍പ്രയോഗമാണ്, പ്രതിഷേധത്തനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞത്, ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആള്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.◾ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ കെഎസ്യുവിനെതിരേ മുദ്രാവാക്യവുമായി എംഎസ്എഫ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ എംഎസ്എഫില്‍ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കെഎസ്യുവിനെതിരെ എംഎസ്എഫ് രംഗത്തെത്തിയത്. പ്രധാനപ്പെട്ട അഞ്ച് സീറ്റുകളില്‍ കെഎസ്യു പിന്തുണയോടെയാണ് എസ്എഫ്ഐ വിജയിച്ചത്. മുന്നണി മര്യാദ കെഎസ്യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചു.◾ 12082 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതല്‍ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്. തിരിച്ചുള്ള 12081 നമ്പര്‍ കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസിനും ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിനെ വരവേറ്റ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ചങ്ങനാശ്ശേരിയില്‍ നിന്നുമുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിര്‍വഹിച്ചു.◾ സംഘാടന പിഴവ് ആരോപിച്ച് കനകക്കുന്നിലെ കഴിഞ്ഞ ദിവസത്തെ പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പേരൂര്‍ക്കടയിലെ ഇന്നത്തെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പരമാവധി ജീവനക്കാര്‍ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ ചടങ്ങിനായി ദീര്‍ഘനേരം വെയിലത്ത് നിന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കുഴഞ്ഞുവീണു.◾ 2030 ന് മുന്‍പ് ഇന്ത്യയില്‍ റെയില്‍വേ ഗേറ്റുകള്‍ ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. റെയില്‍വേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകള്‍ വരുന്നതോടെ റെയില്‍വേ ഗേറ്റുകളെല്ലാം അണ്ടര്‍ബ്രിഡ്ജുകളോ ഓവര്‍ബ്രിഡ്ജുകളോ ആയി മാറും. ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും, വൈകാതെ കൂടുതല്‍ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകള്‍ വരുമെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.◾ സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സിനിമക്കാരോട് സമൂഹത്തിന് ഒരു തരം ഭ്രാന്താണെന്നും എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34 ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനവേദിയില്‍ സംസാരിക്കവെയാണ് എംഎല്‍എ ഇങ്ങനെ പറഞ്ഞത്. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും എംഎല്‍എ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടിവി ഷോയ്ക്കെതിരെയും യു. പ്രതിഭ എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു.◾ വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെയുള്ള കുഴല്‍പ്പണം അപഹരണ കേസില്‍ പണം ഒളിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിച്ച യുവാവ് അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്.◾ കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസില്‍ എറണാകുളം ജില്ലാ അഭിഭാഷകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.◾ പത്തനംതിട്ട കീഴ്വായ്പൂരില്‍ 61 കാരിക്ക് പൊള്ളലേറ്റ സംഭവത്തില്‍ തീ പിടുത്തം എങ്ങിനെ ഉണ്ടായി എന്ന് കണ്ടെത്താന്‍ ഇന്ന് വിദഗ്ധ പരിശോധന നടക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും പങ്കെടുക്കും. അതേസമയം പരാതിക്കാരി ലതയുടെ മൊഴിയില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. സമീപത്തെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യ വീട്ടിനുള്ളില്‍ കെട്ടിയിട്ട് തീ കൊളുത്തി എന്നായിരുന്നു ലതയുടെ പരാതി.◾ പാലക്കാട് വാണിയംകുളത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനേഷിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിനേഷിനെ ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. അതേസമയം വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാന്‍ സാധ്യതയെന്ന് ഡോക്ടര്‍ വ്യക്തമാക്കി.◾ എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരത്ത് കറവ പശു പേവിഷബാധയേറ്റ് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പതിയാരം നീര്‍ത്താട്ടില്‍ ചന്ദ്രന്റെ രണ്ട് വളര്‍ത്തു പശുക്കളില്‍ ഒരെണ്ണമാണ് പേ വിഷബാധയേറ്റ് ചത്തത്. ഈ പശുവിന്റെ പാല്‍ സമീപത്തെ വീടുകളിലും മറ്റും വിതരണം ചെയ്തിരുന്നു. പശു ചത്തതിന് പിന്നാലെ നാട്ടുകാര്‍ ഭീതിയിലായി. പാല്‍ ചൂടാക്കാതെ കുടിച്ച സമീപവാസികളായ വീട്ടുകാര്‍ക്കും സമീപപ്രദേശത്തെ മറ്റു പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തി.◾ ഹരിയാന ഐപിഎസ് ഓഫീസര്‍ വൈ പുരണ്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചണ്ഡീഗഡ് പൊലീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 9 ന്, ഐഎഎസ് ഓഫീസറുടെ ഭാര്യ അമ്നീത് പി കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് എഴുതിവച്ച ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.◾ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ തലവന്‍ ഡോ.എ കെ ബിസോയിക്കെതിരെ മോശം പെരുമാറ്റത്തിനെതിരെ ദില്ലി എയിംസിലെ നേഴ്സുമാര്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതി. വനിത നേഴ്സുമാരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു, അധിക്ഷേപകരമായി വാക്കുകള്‍ ഉപയോഗിക്കുന്നു എന്നിവയാണ് ആരോപണം. ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.◾ അസമില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ രാജന്‍ ഗൊഹെയ്ന്‍ ഉള്‍പ്പെടെ 17 പേര്‍ പാര്‍ട്ടിവിട്ടു. ഇന്നലെയാണ് മുതിര്‍ന്ന ബിജെപി നേതാവടക്കമുള്ളവര്‍ രാജി വെച്ചത്. അസം ജനതയ്ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തില്‍ ഗൊഹെയ്ന്‍ ആരോപിച്ചു.◾ വിദ്യാര്‍ഥിനികള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഗവര്‍ണര്‍ വിവാദപരാമര്‍ശം നടത്തിയത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇത്തരം ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടാല്‍ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം എന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.◾ ഇന്ത്യന്‍ കമ്പനികളടക്കം 50 ഓളം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ കടുത്ത നടപടി. ഇറാനിയന്‍ എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിന്റെ പേരില്‍ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് നടപടിയെടുത്തത്. ഇറാന്റെ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും എതിരെയടക്കമാണ് നടപടി.◾ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു. ◾ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് സ്ഫോടനം നടന്നതെന്ന് പറയുന്നു. തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തിയ സമയത്താണ് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്.◾ ഇസ്രയേല്‍ മന്ത്രിസഭ കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതോടെ ഗാസയില്‍ 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും. 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈ മാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും അറിയിച്ചു. ഇരുപക്ഷവും തമ്മിലുള്ള കരാര്‍ ഒപ്പിടുന്നതിന് സാക്ഷിയാകാന്‍ ട്രംപും ഈജിപ്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.◾ ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോയുടെ ഐ.പി.ഒ നവംബര്‍ ആദ്യവാരം നടക്കും. 7,000 കോടി രൂപയാണ് ഗ്രോ ഐ.പി.ഒ വഴി സമാഹരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 70,400 കോടി രൂപ (8 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കരുതുന്നത്. 1,060 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 5,940 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ആണ് ഐ.പി.ഒയില്‍ ഉണ്ടാകുക. ഐ.പി.ഒയുടെ ഇഷ്യു വിലയും മറ്റും ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കും. സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കിംഗ് കമ്പനിയാണ് ഗ്രോ. 2025 ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച് എന്‍.എസ്.ഇയില്‍ ഗ്രോയ്ക്ക് 1.26 കോടി സജീവ ഇടപാടുകാരുണ്ട്. മൊത്തം റീറ്റെയ്ല്‍ നിക്ഷേപകരുടെ 26.27 ശതമാനം വരുമിത്. ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ് കാര്‍ട്ടിന്റെ എക്‌സിക്യൂട്ടീവുകളായിരുന്ന ലളിത് കേശ്രേ, ഹര്‍ഷ് ജെയിന്‍, നീരജ് സിംഗ്, ഇഷാന്‍ ബെന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് 2016ല്‍ തുടക്കമിട്ടതാണ് ഗ്രോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോയുടെ ലാഭം 1,818 കോടി രൂപയും വരുമാനം 4,056 കോടി രൂപയുമാണ്.◾ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചരിത്രം സൃഷ്ടിച്ച് ആപ്പിള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറില്‍ എത്തി എന്നാണ് കണക്കുകള്‍. ഏകദേശം 88,700 കോടി രൂപയോളം വരുമിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 5.71 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 75 ശതമാനം വര്‍ധനവാണ്. സെപ്റ്റംബറില്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായി. 1.25 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ സെപ്റ്റംബറില്‍ മാത്രം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 490 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 155 ശതമാനം വര്‍ധനവാണ്. ഇപ്പോള്‍ പ്രോ, പ്രോ മാക്‌സ്, എയര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഐഫോണ്‍ മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് അന്താരാഷ്ട്ര വിപണികളിലേക്ക് ഷിപ്പ് ചെയ്യുന്നു. ഐസിഇഎയുടെ കണക്കനുസരിച്ച്, 2025 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 8.43 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷം ഇത് വെറും 2.88 ബില്യണ്‍ ഡോളറായിരുന്നു.◾ നിഖില വിമല്‍ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' ടീസര്‍ എത്തി. വിവാഹത്തട്ടിപ്പു വീരയായ യുവതിയായി നിഖില ചിത്രത്തിലെത്തുന്നു. ചിത്രത്തില്‍ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. നവംബറില്‍ തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍.മേത്ത, ഉമേഷ്.കെ.ആര്‍ ബന്‍സാല്‍, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം അക്ഷയ് കെജ്രിവാളും അശ്വതി നടുത്തൊടിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.◾ നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. 'മെറി ബോയ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം മറച്ചു നില്‍ക്കുന്ന നായികമാരുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെയാകും ഇതിലെ താരങ്ങള്‍ എന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്ക് ഉണ്ടാകും. മുന്‍നിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് മെറി ബോയ്സ് ലെ നായിക മെറിയായെത്തുന്നത്. വണ്‍ ഹാര്‍ട്ട്, മെനി ഹര്‍ട്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.◾ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും സ്റ്റൈലിഷുമായ സെഡാനായ പുതിയ ഒക്ടാവിയ ആര്‍എസിനുള്ള ബുക്കിംഗ് അടുത്തിടെ ആരംഭിച്ചു. 2.50 ലക്ഷം ടോക്കണ്‍ തുകയില്‍ ആയിരുന്നു ബുക്കിംഗ്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വെറും 100 യൂണിറ്റുകളില്‍ മാത്രമേ വിപണിയില്‍ ലഭ്യമാകൂ. എന്നാല്‍ ഈ കാറിന്റെ 100 യൂണിറ്റുകളും ഇന്ത്യയില്‍ അതിവേഗത്തില്‍ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഈ കാറിനെ ഒരു സിബിയുആയി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബര്‍ 17 ന് നടക്കും. ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാംബ ഗ്രീന്‍, റേസ് ബ്ലൂ, വെല്‍വെറ്റ് റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യും. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്‌കോഡ ഒക്ടാവിയ ആര്‍എസിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡിഎസ്ജി ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെഡാന്‍ വെറും 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.◾ മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് വെന്നിക്കൊടി പാറിച്ച പ്രമുഖരില്‍ ഭൂരിപക്ഷവും. മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ കുറേപേര്‍ ഓര്‍മ്മിക്കപ്പെടുകയും കുറേപേര്‍ വിസ്മൃതിയിലാവുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്ക് മുന്നിലുണ്ട്. ഈ ഒരു യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കുക തന്നെ വേണം. അത് നീതി നിഷേധമാണ്. ഓര്‍മ്മിക്കപ്പെടേണ്ടവര്‍ വിസ്മൃതിയില്‍ പോകുന്നത് ശരിയല്ല. അതിനാല്‍ എല്ലാവരേയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് വര്‍ത്തമാനകാലത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ കടമയാണ്. അങ്ങനെ ഉണ്ടായ ചിന്തയുടെ പരിണിതഫലമാണ് ഈ പുസ്തകം. 'കാര്‍ട്ടൂണിസ്റ്റ്'. എന്‍.ബി. സുധീര്‍നാഥ്. ഗ്രീന്‍ ബുക്സ്. വില 289 രൂപ.◾ വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതെ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി. അതുകൊണ്ടു തന്നെ വാഴപ്പിണ്ടി വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്. ദഹനം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്. കുടവയറു മലയാളികള്‍ക്ക് ഇപ്പോള്‍ സാധാരണമാണ്. വയറിനുള്ളിലെ കൊഴുപ്പ് ഉരുക്കാനും അതുവഴി കുടവയറും അമിതവണ്ണവും നിയന്ത്രിക്കാന്‍ വാഴപ്പിണ്ടി മികച്ചതാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുള്ളവര്‍ക്ക് വാഴപ്പിണ്ടി കൊണ്ടുള്ള വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. നമ്മുടെ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ വാഴപ്പിണ്ടിയിലെ പോഷകഗുണങ്ങള്‍ക്ക് സാധിക്കും. ഇത് ജലദോഷം, ചുമ, അണുബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നല്ലതാണ്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതില്‍ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് മികച്ച ഭക്ഷണമാണിത്. വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണവിഭവമാണ് വാഴപ്പിണ്ടി. കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. വാഴപ്പിണ്ടി നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് വാഴപ്പിണ്ടി തോരന്‍ വെച്ചോ കറിയാക്കിയോ കഴിക്കാവുന്നതാണ്. ചെറുതായി നുറുക്കിയ ശേഷം കഴുകി പിഴിഞ്ഞെടുത്താണ് പലരും വാഴപ്പിണ്ടി കറിവെക്കാറ്. എന്നാല്‍ കഴുകാതെ ഉപയോഗിച്ചാല്‍ ഔഷധഗുണം കൂടുമെന്നും പഴമക്കാര്‍ പറയാറുണ്ട്.*ഇന്നത്തെ വിനിമയ നിരക്ക്*ഡോളര്‍ - 88.56, പൗണ്ട് - 117.79, യൂറോ - 102.59, സ്വിസ് ഫ്രാങ്ക് - 110.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.07, ബഹറിന്‍ ദിനാര്‍ - 234.88, കുവൈത്ത് ദിനാര്‍ -288.47, ഒമാനി റിയാല്‍ - 230.34, സൗദി റിയാല്‍ - 23.61, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.13, കനേഡിയന്‍ ഡോളര്‍ - 63.20.
Tags:
KERALA