Trending

സായാഹ്ന വാർത്തകൾ.

2025 | ഒക്ടോബർ 9 | വ്യാഴം 
1201 | കന്നി 23 |  ഭരണി 

◾ ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ ഇതൊരു നിര്‍ണായക സംഭവമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി മുംബൈ രാജ്ഭവനില്‍കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലക്ക് പുറമെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

◾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കെയര്‍ സ്റ്റാര്‍മര്‍ വ്യാപാര-ബിസിനസ് ബന്ധങ്ങള്‍ക്കാണ് ഈ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 100-ല്‍ അധികം വരുന്ന ബ്രിട്ടനിലെ ബിസിനസ് പ്രമുഖരു മറ്റും അടങ്ങുന്ന വന്‍ സംഘമാണ് സ്റ്റാര്‍മറെ അനുഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ 'ചരിത്രപരം' എന്നാണ് മോദി വിശേഷിപ്പിച്ചത്.

◾ ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നാലാം ദിവസവും നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. വാച്ച് ആന്‍ഡ് വാര്‍ഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശവും വിഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് പറഞ്ഞത് സഭയില്‍ പ്രതിഷേധം ശക്തമാക്കി.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയില്‍ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരിഹാസം. ചോദ്യോത്തരവേളയ്ക്കിടെയാണ് ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടുള്ള എംഎല്‍എയുടെ പ്രതികരണം.


◾ നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  ഇന്ന് സഭയില്‍ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായതെന്നും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാര്‍  കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തിയെന്നും ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ നിയമസഭയില്‍ പ്രതിഷേധത്തിനിടെ വാര്‍ച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. റോജി എം ജോണ്‍ , എം വിന്‍സന്റ് , സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ചീഫ് മാര്‍ഷലിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.  അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാര്‍ഷലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.

◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ബിജെപി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി. ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.

◾ ശബരിമലയിലെ സ്വര്‍ണപ്പാളി 2019 ല്‍ തനിക്ക് കിട്ടിയിട്ടില്ല എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല എന്നും വ്യക്തമാക്കി വ്യവസായി വിനീത് ജെയ്ന്‍. 2019 ലെ അഭിമുഖത്തെ ഇയാള്‍ തള്ളിപ്പറയുകയും ചെയ്തു. ദ്വാരപാലക സ്വര്‍ണപ്പാളി തനിക്ക് ലഭിച്ചെന്ന് 2019 ല്‍ വിനീത് ജെയിന്‍ അഭിമുഖം നല്‍കിയിരുന്നു. അത്തരത്തില്‍ ഒരഭിമുഖവും നല്‍കിയിട്ടില്ലെന്നും രമേഷ് റാവുവിനെയും അറിയാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ശബരിമലയില്‍ പോയിട്ടുണ്ട് എന്നും വിനീത് പറഞ്ഞു.


◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം.

◾ കെ എസ് ആര്‍ ടി സി ബസുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്രയെന്ന്  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്നും സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.

◾ കെ എസ് ആര്‍ ടി സി ബസുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്രയെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും പക്ഷേ രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

◾ തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ രോഗികള്‍ക്ക് മരുന്ന് മാറി നല്‍കിയെന്ന്  വിവരം. തലച്ചോറിലെ കാന്‍സറിന്, ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവാണെന്നും ഗ്ലോബെല ഫാര്‍മ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആര്‍സിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.

◾ താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ സനൂപിന്റെ മകള്‍ അനയയുടെ രാസ പരിശോധനാ ഫലം വൈകുന്നത് കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.കുട്ടി മരിക്കാന്‍ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.

◾ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്നും നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും രംബീസ പറഞ്ഞു.  മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു.

◾ ന്യൂമാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കേസില്‍ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണെന്നും പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ ഏജന്‍സിയായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവര്‍ത്തിച്ചത് 2 ഡിവൈഎസ്പിമാരാണെന്നും രാഷ്ട്രീയക്കാര്‍ക്ക് സഹായം നല്‍കിയ ഉദ്യോഗസ്ഥര്‍ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

◾ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുടെ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

◾  ഇടുക്കി ചെല്ലാര്‍ കോവില്‍ കുരുവിക്കാട്ടുപാറയില്‍ ചാണകം ഉണക്കാനിട്ട കര്‍ഷകരില്‍ നിന്ന് ചക്കുപള്ളം പഞ്ചായത്ത് പിഴ അടക്കാന്‍ നോട്ടീസ് നല്‍കി. ഇടുക്കിയിലെ ചക്കുപള്ളം, വണ്ടന്‍മേട് എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് കുരുവിക്കാട്ടുപാറ. വര്‍ഷങ്ങളായി സമീപത്തെ ക്ഷീരകര്‍ഷകര്‍ ചാണകം ഉണക്കുന്നത് ഇവിടെയുള്ള പാറപ്പുറത്താണ്. അടുത്തയിടെ ഇവിടെയെത്തിയ ഒരാള്‍ ഇതിന്റെ ഫോട്ടോ എടുത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയതോടെ ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡെത്തി പരിശോധന നടത്തി. ഇതാണ് കര്‍ഷകര്‍ക്ക് വിനയായി മാറിയത്.

◾ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കരകളും സ്വദേശികളായ ജയന്തിയും ഭാസുരനുമാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി. ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലാണ് സംഭവം.

◾ ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാര്‍മ കമ്പനി ഉടമ ജി.രംഗനാഥന്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നൈയില്‍ എത്തയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികളാണ് മരിച്ചത്.

◾ കര്‍ണാടകത്തില്‍ സ്‌കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു. കെഡിക്കേരി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

◾ ഇന്ത്യന്‍ സമ്പന്നരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ട് ഫോബ്സ്. മുകേഷ് അംബാനിയാണ് പട്ടികയുടെ തലപ്പത്ത്. 105 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മലയാളികളില്‍ എം.എ. യൂസഫലിയാണ് ഒന്നാമത്. 51937 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. മൂത്തൂറ്റ് കുടുംബമാണ് സമ്പന്ന മലയാള കുടുംബം.

◾  കരൂര്‍ ദുരന്തത്തിന് പിന്നാലെ നേതാക്കള്‍ ഒളിച്ചോടിപ്പോയി എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ടിവികെ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ആധവ് അര്‍ജുനന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ടിവികെ ഈ പരാമര്‍ശം നടത്തിയത്. ടിവികെ നേതാക്കളും പ്രവര്‍ത്തകരും ദുരന്തസമയത്ത് ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആധവ് അര്‍ജുനന്‍ അവകാശപ്പെട്ടു.

◾ വിജയുടെ ടിവികെയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയില്‍ വീശിയ ടിവികെ പതാകകള്‍ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് പരാമര്‍ശം.

◾  ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ എഐ ദുരുപയോഗം പാടില്ലെന്നും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എഐ വീഡിയോകള്‍ക്ക് ലേബലിംഗ് നിര്‍ബന്ധമെന്നും എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തെ പരിഹസിച്ച് ബിജെപി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുല്‍ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു.  സഖ്യം പൊളിയുന്നതിന്റെ തെളിവാണ് തര്‍ക്കമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം ബിഹാറിന് യുവത്വം വേണമെന്ന പോസ്റ്ററുമായി ചിരാഗ് പാസ്വാന്‍ രംഗത്തെത്തി

◾ രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും മുമ്പ് എഐ സഹായത്തോടെ ഈ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യും.

◾ ഇന്ത്യന്‍ വ്യോമസേനയുടെ 93-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വിരുന്ന് മെനുവിലും പാക്കിസ്ഥാന് ട്രോള്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണങ്ങളുടെ ഓര്‍മ്മ പുതുക്കുന്നതാണ് മെനു കാര്‍ഡ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ആക്രമിച്ച് തകര്‍ത്ത പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങള്‍ക്കെല്ലാം നല്‍കിയിരിക്കുന്നത്.

◾ സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയില്‍ അമേരിക്കയിലെ  ജീവനക്കാര്‍. ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസവും തുടരുന്നതിനിടെ ജീവനക്കാരെ ഉടന്‍ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

◾ നോബല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യതകളില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഏഴോളം ആഗോള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചു എന്ന് അവകാശപ്പെടുമ്പോഴും നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി തനിക്ക് പുരസ്‌കാരം നല്‍കാതിരിക്കാന്‍ ഒരു കാരണം കണ്ടെത്തും എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. നോബല്‍ സമ്മാനത്തിനായി നിരവധി രാജ്യങ്ങള്‍ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. അതിലൊന്ന് പാകിസ്ഥാനാണ്.  

◾  സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ് മുന്നേറ്റം തുടരുകയാണ്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 20 രൂപയാണ്. ഗ്രാം വില 11,380 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 9,360 രൂപയാണ്. വെള്ളിവില ഇന്ന് ഒരു രൂപ ഉയര്‍ന്ന് 164 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന 4,025 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണ വില ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവില്ല. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,513 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.

◾ ഒരേസമയം രണ്ട് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് ഉപയോക്താക്കള്‍ എപ്പോഴും നേരിടുന്ന പരിമിതിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരവുമായാണ് ഓപണ്‍ എ.ഐ വന്നിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ചില ആപ്പുകള്‍ ചാറ്റ്ബോട്ടില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ സവിശേഷതയാണ് ഓപണ്‍ എ.ഐ പുറത്തിറക്കുന്നത്. സ്‌പോട്ടിഫൈ, കാന്‍വ, കോര്‍സെറ, ഫിഗ്മ, സില്ലോ തുടങ്ങിയ ആപ്പുകളാണ് ചാറ്റ് ജി.പി.ടിയില്‍നിന്ന് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ചാറ്റ് ജി.പി.ടിയിലെ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ വഴി ആക്‌സസ് ചെയ്യാന്‍ കഴിയും. നിലവില്‍ ചുരുങ്ങിയ ആപ്പുകള്‍ മാത്രമേ ചാറ്റ് ജിപിടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഭാവിയില്‍ യൂബര്‍, ഡോര്‍ഡാഷ്, ടാര്‍ഗറ്റ്, ഓപണ്‍ ടേബിള്‍ എന്നിങ്ങനെ നിരവധി ആപ്പുകള്‍ കമ്പനി കൂട്ടിച്ചേര്‍ക്കും. ചാറ്റ് ജി.പി.ടിയില്‍നിന്ന് പുറത്ത് പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക്  ക്യാബ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, റെസ്റ്റോറന്റ് റിസര്‍വേഷനുകള്‍ നടത്താനും, ഔട്ട്ഡോര്‍ യാത്രകള്‍ ആസൂത്രണം ചെയ്യാനും ഇവ സൗകര്യം ഒരുക്കുന്നുണ്ട്.

◾ റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍... 'ഡ്രാഗന്' ശേഷമെത്തുന്ന പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയിലറിന് ഇതിലും മേലെ ഒരു വിശേഷണം നല്‍കാനില്ല. അത്രയ്ക്ക് വെല്‍ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. രസകരമായൊരു വേഷത്തില്‍ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.

◾ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം 'അവിഹിത'ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകര്‍ന്ന് സിയ ഉള്‍ ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ആലപിച്ച ' അയ്യയ്യേ, നിര്‍മ്മലേ...'എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇഫോര്‍ എക്സ്പെരിമെന്റ്സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ പത്തിന് ഈ അവിഹിതം പ്രദര്‍ശനത്തിനെത്തും.

◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, അവരുടെ പ്രീമിയം മോഡലായ ഫോര്‍ച്യൂണറിന്റെ പുതിയ 2025 ലീഡര്‍ എഡിഷന്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്പോയിലറുകള്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ എത്തും. പുതിയ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് കരുത്ത് പകരുന്നത് 201ബിഎച്ച്പി പവറും 500എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്.


*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.79, പൗണ്ട് - 118.53, യൂറോ - 103.05, സ്വിസ് ഫ്രാങ്ക് - 110.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.36, ബഹറിന്‍ ദിനാര്‍ - 235.52, കുവൈത്ത് ദിനാര്‍ -289.30, ഒമാനി റിയാല്‍ - 230.91, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.36, കനേഡിയന്‍ ഡോളര്‍ - 63.61.
▰▰▰▰▰▰▰▰▰▰▰▰▰
Previous Post Next Post
3/TECH/col-right