Trending

സായാഹ്ന വാർത്തകൾ

2025 | ഒക്ടോബർ 6 | തിങ്കൾ 
1201 | കന്നി 18 |  ഉത്രട്ടാതി 


◾ ശബരിമലയിലെ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

◾ ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2019ല്‍ കൊണ്ടുപോയത് ദ്വാരപാലക ശില്‍പ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്നതില്‍ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലന്‍സ് വ്യക്തമാക്കി.

◾ ശബരിമലയിലെ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണ തീരുമാനം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹകരിക്കുമെന്നും ഉറപ്പു നല്‍കി. സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ലെന്നും തീര്‍ത്ഥാടന കാലത്ത് സഹായം ലഭ്യമാക്കല്‍ മാത്രമാണ് ജോലിയെന്നും ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി സഹായിക്കാറേ ഉള്ളൂവെന്നും വാസവന്‍ ചൂണ്ടിക്കാട്ടി.

◾ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും വീണ്ടും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി.  സ്പീക്കറുടെ ഇരിപ്പിടത്തെ മറച്ചു കൊണ്ടാണ് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയത്. നടപടിയില്‍ രോഷാകുലനായിട്ടാണ് സ്പീക്കര്‍ പ്രതികരിച്ചത്. നോട്ടീസ് നല്‍കാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്തിനെന്ന് സ്പീക്കര്‍ ചോദിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.


◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നക്ഷത്ര ചിഹ്നം ഇട്ട നാല് ചോദ്യങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. എല്ലാ ചോദ്യത്തിനും ഹൈക്കോടതി നിരീക്ഷണത്തെ കൂട്ടു പിടിച്ചാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. സ്വര്‍ണ്ണപ്പാളികളുടെ ഭാരക്കുറവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം നടത്തുന്നു എന്ന് ആവര്‍ത്തിച്ച് മറുപടിയും നല്‍കി.

◾ ശബരിമല സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലന്‍സ്. വിഷയത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ സ്‌പോണ്‍സര്‍-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം.

◾ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത് 2022ല്‍ തന്നെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കള്ള കച്ചവടത്തില്‍ പങ്കാളിയാണെന്നും സതീശന്‍ ആരോപിച്ചു. സ്വര്‍ണം കവര്‍ന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോണ്‍സറെ തന്നെ ഏല്‍പ്പിച്ചുവെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

◾ തിരുവോണം ബമ്പറായ 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശിക്ക്. എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂര്‍ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായര്‍ക്കാണ് ബമ്പറടിച്ചത്. നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷില്‍ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്.


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ മന്‍സൂര്‍ മണലാഞ്ചേരി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മന്‍സൂര്‍ ശബ്ദ സന്ദേശം ഇട്ടത്.  എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും മന്‍സൂര്‍ പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടുനിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധിച്ചു.  കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനയെ പോലും അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിഇഎ സംഘടനയും ഡിപ്പോക്ക് പുറത്ത് പ്രതിഷേധിച്ചു.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച്  ബിജെപിയും. രാഹുലിന്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് പറഞ്ഞത്. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിന്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.

◾ പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് കെജിഎംഒഎ വ്യക്തമാക്കി.. ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.


◾ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല. മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചത്.

◾ വയനാട്ടിലെ ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പില്‍ ജനങ്ങളില്‍ നിന്ന് കോടികള്‍ വാങ്ങി പലിശ നല്‍കിയത് കടുത്ത നിയമലംഘനമാണെന്ന്  കണ്ടെത്തല്‍. കേന്ദ്ര ബഡ്സ് ആക്ടിന് വിരുദ്ധമായാണ് ബാങ്ക് പോലെ ബ്രഹ്‌മഗിരി പ്രവര്‍ത്തിച്ചത്. എന്നാല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായാണ് ബ്രഹ്‌മഗിരി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  നടപടികളെല്ലാം നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്.

◾ സ്ഥാനാര്‍ത്ഥിയാകാന്‍ സമീപിച്ചെന്ന ട്വന്റി 20 നേതാവ് സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമെന്നാണ് ശ്രീനിജിന്റെ പ്രതികരണം. സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീനിജന്‍ പറഞ്ഞു. നേരിട്ട് വന്ന് വികസനം കാണിച്ചു തരൂവെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

◾ കാസര്‍കോട് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ കര്‍ട്ടന്‍ ഇട്ട് നിര്‍ത്തി വയ്പ്പിച്ച മൈം വിദ്യാര്‍ത്ഥികള്‍ വീണ്ടും അവതരിപ്പിച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികള്‍ അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന മൈം കലോത്സവ മാന്വല്‍ പ്രകാരം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം.

◾ കുമ്പള സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് കലോത്സവം നിര്‍ത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോള്‍ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നുവെന്ന് തൃശൂര്‍ ജില്ലകളക്ടര്‍ കോടതിയെ അറിയിച്ചു. നാല് വരി പാത ചെറിയ സര്‍വ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കാണ്. അതേ സമയം ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന്  പരാതിക്കാരന്‍ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.

◾ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.

◾ പിറവത്തും വിജയക്കൊടി നാട്ടി വീയ്യപുരം ചുണ്ടന്‍. മറ്റു രണ്ടു ചുണ്ടന്‍ വള്ളങ്ങളെയും പിന്നിലാക്കി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇത്തവണത്തെ നെഹ്റു ട്രോഫി ജേതാക്കളായ വീയ്യപുരം ചുണ്ടന്‍ മൂവാറ്റുപുഴയാറിനെയും കീഴടക്കിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് വീയ്യപുരം ചുണ്ടന്‍ തുഴഞ്ഞത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ മേല്‍പ്പാടം ചുണ്ടന്‍ രണ്ടാം സ്ഥാനവും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

◾ തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. കണ്ണൂരിലെ  വായനശാലയുടെ വരാന്തയില്‍ ഒരുക്കിയ വേദിയില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.

◾ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് തയ്യാറാക്കി കോപ്പി നല്‍കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് ഇയ്യാല്‍ മനക്കുന്നത്തു പ്രജിഷി (40) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി മാരിയമ്മന്‍ കോവിലിന് സമീപത്തുള്ള ആരോണ്‍ ലോട്ടറി കടയിലാണ് കഴിഞ്ഞ മാസം 21ന് തട്ടിപ്പ് നടന്നത്. കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്.

◾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് അന്‍സില്‍ ഷാ (27), മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ അസ്രാജ് ബില്‍ഡിങ്ങിലുള്ള ഷിനാസ് (28) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച് പരിശോധനക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

◾ ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്.

◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന വടക്കേന്ത്യയിലെ ഛാത്ത് പൂജക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.

◾  ദില്ലിയില്‍ കോളറ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മലിന ജലവും ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളിലായി നിരവധിയാളുകള്‍ രോഗലക്ഷണങ്ങളുമായി പ്രതിദിനം ചികിത്സ തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

◾ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവുകാരനായ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷിച്ചു. കുപ്രസിദ്ധ ഗുണ്ടയായ ശ്രീനിവാസന്റെ പിറന്നാളാണ് ജയിലില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. കൊലക്കേസില്‍ ജയിലില്‍ കഴിയുകയാണ് ശ്രീനിവാസ. ഇയാളുടെ അനുയായികളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജയില്‍ എഡിജിപി.

◾ രാജസ്ഥാനില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളായ 6 പേര്‍ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടുന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.  അതേസമയം, ആശുപത്രിയില്‍ ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ തുടരുകയാണ്.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളില്‍ അതിക്രമ ശ്രമം. രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.

◾ തമിഴ്നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. അഞ്ച് വയസ്സുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്. 50 ഏക്കറിലെ സഫാരി മേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതര്‍ പറയുന്നു. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു.

◾ ഡാര്‍ജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ മിരിക്, സുഖിയ പോഖ്‌റി എന്നിവിടങ്ങളിലാണ്  മണ്ണിടിച്ചിലുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡാര്‍ജിലിങ് സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

◾  ഒഡീഷ കട്ടക്കില്‍ ദുര്‍ഗാപൂജയ്ക്കിടെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കട്ടക്കില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. കൂടാതെ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദര്‍ഗ ബസാര്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ ഡിസിപിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ വിഎച്ച്പി റാലി നടത്തിയത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.  അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും രംഗത്തെത്തി.

◾ അമേരിക്കയില്‍ സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്ലില്‍ ഇന്നും സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. എന്നാല്‍ ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടച്ചു പൂട്ടല്‍ തുടരും. അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

◾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍ ഇനിയും സമവായം ആയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വ്യാപാര കരാറില്‍ പല കാര്യങ്ങളിലും തര്‍ക്കം തുടരുകയാണെന്നും പലതും ചുവന്ന വരയ്ക്കപ്പുറം തന്നെയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ 'ചുവന്ന വരകള്‍' അമേരിക്ക മാനിക്കണമെന്നും ഇരു രാജ്യങ്ങള്‍ക്കും എല്ലാത്തരത്തിലും അംഗീകരിക്കാനാകുന്ന കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വിവരിച്ചു.

◾  ജെഎഫ്-17 തണ്ടര്‍ ബ്ലോക്ക് -III യുദ്ധവിമാനങ്ങളില്‍ സംയോജിപ്പിക്കുന്നതിനായി റഷ്യ പാകിസ്ഥാന് ആര്‍ഡി-93എംഎ എഞ്ചിനുകള്‍ നല്‍കുമെന്ന വാര്‍ത്ത റഷ്യ തള്ളിയതായി റിപ്പോര്‍ട്ട്. അഭ്യൂഹങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ നയതന്ത്ര പരാജയമായി റഷ്യയുടെ നീക്കത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ റഷ്യയ്ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

◾ ചെസ് ലോക ചാമ്പ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷിനെ തോല്‍പിച്ചശേഷം ഗുകേഷിന്റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികാരു നകാമുറക്കെതിരെ വിമര്‍ശനം. ഇന്നലെ നടന്ന ഇന്ത്യയുടെയും യുഎസിന്റെയും താരങ്ങള്‍ തമ്മിലുള്ള ചെക്ക്‌മേറ്റ് പ്രദര്‍ശന്‍ മത്സരത്തിലാണ് നകാമുറ ഗുകേഷിനെ 5-0ന് തോല്‍പിച്ചത്.

◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റെക്കോഡ്. ഗ്രാം വില 125 രൂപ വര്‍ധിച്ച് 11,070 രൂപയും പവന്‍ വില 1,000 രൂപ ഉയര്‍ന്ന് 88,560 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 87,560 രൂപ എന്ന റെക്കോഡാണ് ഇന്ന് വീണ്ടും ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാം വില 100 രൂപ ഉയര്‍ന്ന് 9,100 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,600 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയില്‍ ഇന്ന് 4 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി സ്‌പോട്ട് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ശക്തമായതും ആഗോളതലത്തില്‍ ഉണ്ടായ പോസിറ്റീവ് സൂചനകളുമാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോര്‍ഡ് ഉയരത്തിലെത്താനുളള കാരണം. എംസിഎക്സ് ഗോള്‍ഡ് ഡിസംബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,19,490 രൂപ എന്ന പുതിയ ഉയര്‍ന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണികളില്‍ തിങ്കളാഴ്ച ആദ്യമായി സ്വര്‍ണ്ണ വില ഔണ്‍സിന് 3,900 ഡോളര്‍ എന്ന നില മറികടന്നു. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന ആവശ്യം ഉയര്‍ന്നുവന്നതാണ് ഇതിന് കാരണം.

◾ ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു. നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ  സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മോശം മൊബൈല്‍ സിഗ്‌നലുകള്‍ ഉള്ള പ്രദേശങ്ങളില്‍ വൈഫൈ അല്ലെങ്കില്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് വോയ്സ് കോളുകള്‍ ചെയ്യാന്‍ വോയ്സ് ഓവര്‍ വൈ-ഫൈ സേവനം ഉപയോക്താക്കളെ അനുവദിക്കും.

◾ ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബൈസണി'ലെ 'തെന്നാട്' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. മാരി സെല്‍വരാജിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നിവാസ്.കെ.പ്രസന്നയാണ്. സത്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്രുവ് വിക്രത്തിനൊപ്പം അനുപമ പരമേശ്വരനും രജിഷ വിജയനും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ ധ്രുവിന്റെ നായികയായി അനുപമയാണ് എത്തുന്നത് എന്നാണ് വിവരം. സാധാരണ കര്‍ഷകരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ തനി നാടന്‍ വേഷത്തിലാണ് എല്ലാവരും എത്തുന്നത്. വേദനയും പ്രത്യാശയും നിറഞ്ഞതാണ് ഗാനം. മലയാളത്തില്‍ നിന്ന് രജിഷയും അനുപയും കൂടാതെ ലാലും ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പാ രഞ്ജിത്ത് ആണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

◾ ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്. രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന്‍ ആണ്. അഭിനവ് സുന്ദര്‍ നായകാണ് എഡിറ്റര്‍.

◾ വോള്‍വോയുടെ ആഡംബര എസ്യുവി സ്വന്തമാക്കി ചെമ്പന്‍ വിനോദ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരു കേട്ട വോള്‍വോയുടെ ഏറ്റവും വലിയ എസ്യുവി എക്സ്സി 90യാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 96.97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം മാര്‍ച്ചിലാണ് എക്സ്സി 90യുടെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യയില്‍ എത്തിച്ചത്. പുതിയ ഗ്രില്‍, 'തോര്‍ ഹമര്‍' ഹെഡ്‌ലാംപുകള്‍, മാറ്റങ്ങള്‍ വരുത്തിയ ബംബര്‍, ഡാര്‍ക്കര്‍ ടെയില് ലാംപ്, പുതിയ അലോയ് വീല്‍ ഡിസൈന്‍, ഉയര്‍ന്ന 267 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ 11.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയുണ്ട്. വോള്‍വോയുടെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് എക്സ്സി 90. 2 ലീറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 48 വാട്ട് ബാറ്ററിയും വാഹനത്തില്‍ ഉപയോഗിക്കുന്നു. 250 എച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വേഗം നൂറ് കടക്കാന്‍ 7.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണ്.


◾ എണ്‍പത് ശതമാനത്തോളും അസുഖങ്ങളും കൈ സ്പര്‍ശിക്കുന്നതിലൂടെയാണ് പകരുന്നത്. ശരിയായ രീതിയില്‍ കൈകള്‍ കഴുകിയാല്‍ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങള്‍ 20 ശതമാനം വരെയും കുറയ്ക്കാനും സാധിക്കുമെന്ന് പഠനം. നമ്മള്‍ പോലുമറിയാതെ ഒരുനൂറായിരം രോഗാണുക്കളെയാണ് നമ്മള്‍ കൈകളില്‍ കൊണ്ടു നടക്കുന്നത്. ഓരോ 30 മിനിറ്റിലും നമ്മള്‍ ഏകദേശം 300 പ്രതലങ്ങളില്‍ തൊടുകയും ഏകദേശം 84,000 രോഗാണുക്കളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴികണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകണം. കൈകളിലെ അണുക്കള്‍ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നതിനെ ഇത് തടയും. പാചകം ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈകള്‍ ശുചിയാക്കിയിരിക്കണം. മുറിവുകള്‍ ചികിത്സക്കുന്നതിനിടെയോ മരുന്ന കഴിക്കുന്നതിന് മുന്‍പോ കൈകള്‍ നന്നായി കഴുകിയിരിക്കണം. രോഗി പരിചരിക്കുമ്പോഴും കൈകള്‍ കഴുകണം സൂക്ഷിക്കണം. ചുമ, തുമ്മല്‍ തുടങ്ങിയ അവസ്ഥ ഉള്ളപ്പോഴും കൈകള്‍ നന്നായി കഴുകണം. കാരണം രോഗണുക്കള്‍ കൈകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. ശൗചാലയം ഉപയോഗിച്ച ശേഷവും വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും കൈകള്‍ നന്നായി കഴുകണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.79, പൗണ്ട് - 119.17, യൂറോ - 103.52, സ്വിസ് ഫ്രാങ്ക് - 111.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.55, ബഹറിന്‍ ദിനാര്‍ - 235.52, കുവൈത്ത് ദിനാര്‍ -289.97, ഒമാനി റിയാല്‍ - 230.88, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.31, കനേഡിയന്‍ ഡോളര്‍ - 63.62.
▰▰▰▰▰▰▰▰▰▰▰▰▰
Previous Post Next Post
3/TECH/col-right