2025 ഒക്ടോബർ 4 ശനി
1201 കന്നി 18 അവിട്ടം
1447 റ : ആഖിർ 11
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂര്‍ണ്ണമായി കൈമാറാന്‍ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും അല്ലാത്തപക്ഷം ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.
◾ ഗാസയുടെ ഭരണം 'സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ' പലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിര്‍ത്തല്‍, ബന്ദി-തടവുകാരുടെ പൂര്‍ണ്ണമായ കൈമാറ്റം, ഗാസയില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍.
◾ ഗാസ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ നടപടിയില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. ഗാസ സംഘര്‍ഷത്തില്‍ ശാശ്വത സമാധാനം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും എന്നാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍ സെന്തില്‍ നാഥന്‍. 1999ല്‍ തന്നെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് സെന്തില്‍ നാഥന്‍ പറഞ്ഞു. അഞ്ചു കിലോഗ്രാമോളം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സെന്തില്‍ നാഥന്‍ വെളിപ്പെടുത്തി. ഉയര്‍ന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചത് എന്നും പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ശബരിമലയിലെ സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
◾ ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
◾ ശബരിമലയിലെ ദ്വാരപാലകരുടെ വാതിലുകള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള കൊള്ളയാണെന്നും ഇതിന് പിന്നില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മടിയില്ലാത്ത ആളുകള്‍ ദേവസ്വം ബോര്‍ഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും ജനങ്ങള്‍ക്ക് വിശ്വാസമുള്ള സമഗ്രമായ അന്വേഷണം വേണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരെയും സംരക്ഷിക്കാനോ ആര്‍ക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. വിവാദം ഒന്നൊഴിയാതെ ഫലപ്രദമായി ഏജന്‍സി അന്വേഷിക്കണം. കൃത്യമായ അന്വേഷണമാണ് വേണ്ടത്. അതിന് കാലം പ്രശ്നമല്ല. സര്‍ക്കാരിന് ഒരു ചില്ലിക്കാശിന്റെ ആവശ്യവുമില്ലെന്നും ഹൈക്കോടതി അംഗീകരിക്കുന്ന എന്ത് അന്വേഷണത്തിനും തയാറാണെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഉയര്‍ത്തുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി. വിഷയത്തില്‍ സര്‍ക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ച ആവശ്യമെങ്കില്‍ കേരള കോണ്‍ഗ്രസ് അതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ക്രൈസ്തവ സഭകളുടെ മാത്രം ആവശ്യമല്ലെന്നും എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നും കുട്ടിക്കുണ്ടായത് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വീഴ്ച സംഭവിച്ചതായോ, മറ്റു നടപടികളുണ്ടാകുമോ എന്നതിലും റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. ആശുപത്രിയില്‍ നിന്ന് നല്‍കാവുന്ന എല്ലാ ചികിത്സയും നല്‍കിയെന്ന് ആശുപത്രി സൂപ്രണ്ടും പറയുന്നു.
◾ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്നലെ വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം 5ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും.
◾ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ശക്തി ' അറബികടലില്‍ പ്രവേശിച്ചതോടെ സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
◾ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. കരൂരിലേക്ക് ഉടന്‍ പോകുമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം. കരൂരില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോഗിച്ചിരിക്കുന്നത്. ബുസി ആനന്ദ് ഉള്‍പ്പടെ ഉള്ള നേതാക്കള്‍ ഒളിവില്‍ ആയതിനാല്‍ ആണ് പുതിയ സംഘത്തെ സജ്ജമാക്കിയിരിക്കുന്നത്.
◾ കരൂര്‍ ദുരന്തം മനുഷ്യനിര്‍മ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനവും നടത്തി. തന്നെ കാണാനായിതടിച്ചു കൂടിയ നിരപരാധികളായ ജനങ്ങളെ ഉപേക്ഷിച്ച് വിജയ് അപ്രത്യക്ഷനായെന്നും നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും ജനങ്ങളെ സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ തമിഴ്‌നാട് പോലീസിനെ കുഴക്കി വ്യാജ ബോംബ് ഭീഷണികള്‍. ഒരാഴ്ചയ്ക്കിടെ മാത്രം 35-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ കിട്ടിയതിന് പിന്നാലെ വിശദമായ പരിശോധന നടത്തി ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വ്യാജസന്ദേശത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
◾ ഛത്തീസ്ഗഡില്‍ 103 മാവോയിസ്റ്റുകള്‍ കീഴടങ്ങി. സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട 49 പേരുള്‍പ്പടെയാണ് ബീജാപ്പൂരില്‍ ആയുധം വെച്ച് കീഴടങ്ങിയത്. ഇതില്‍ 23 പേര്‍ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുമെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.
◾ യുവജന വികസനത്തിന് നാഴികക്കല്ലായ 62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാന്‍ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും.
◾ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്ത. കേസന്വേഷണം അസം പൊലീസില്‍ നിന്ന് സിബിഐക്കോ എന്‍ഐഎക്കോ വിടണമെന്ന് മഹന്ത ആവശ്യപ്പെട്ടു. കൂടാതെ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നും ശ്യാംകാനു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. താന്‍ മാധ്യമ വിചാരണയ്ക്ക് ഇരയാകുന്നുവെന്നും മാധ്യമ വാര്‍ത്തകള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും മഹന്ത കോടതിയില്‍ പറഞ്ഞു.
◾ ജെഎന്‍യു, ഹൈദരാബാദ് സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശാഖകള്‍ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മറ്റി. പൊതു സര്‍വകലാശാലകളില്‍ വര്‍ഗീയ പരിപാടികള്‍ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. രാജ്യത്തെ അക്കാദമിക്ക് മേഖലകളെ കാവിവല്‍ക്കരിക്കാനുള്ള നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒന്നിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
◾ കിഡ്നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകള്‍. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നല്‍കിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
◾ പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉത്തരവാദിയാണെന്നും ഇതിന് പാക്കിസ്ഥാന്‍ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്സ്വാല്‍ വ്യക്തമാക്കി.
◾ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാക്കിസ്ഥാന്റെ അഞ്ച് എഫ് 16 ഉള്‍പ്പെടെയാണ് ഇന്ത്യന്‍ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ പാകിസ്ഥാന്‍ നിര്‍മ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയില്‍. തരണ്‍ സ്വദേശി രവീന്ദര്‍ സിംഗിനെയാണ് അമൃത്സര്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഹാന്‍്ഡ് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. ഇവ പാകിസ്ഥാന്‍ ഗ്രനേഡുകളാണെന്നും പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിച്ചവയാണെന്നും പൊലീസ് വ്യക്തമാക്കി.
◾ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറല്‍ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവര്‍ത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരതയെ സഹായിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും ജനറല്‍ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നല്‍കി.
◾ അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ മൂന്നാം ദിവസം പിന്നിടുമ്പോള്‍ പരിഹാരത്തിനായി തിരക്കിട്ട ശ്രമം. ധന അനുമതി ബില്ല് പാസാക്കാന്‍ സെനറ്റില്‍ ഇന്ന് വീണ്ടും ശ്രമം നടക്കും. ഷട്ട്ഡൗണ്‍ നാലാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലാണ്. ദേശീയ സുരക്ഷാ, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലെത്തിയതോടെയാണ് സമവായത്തിനായി തീവ്രശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി ധന അനുമതി ബില്ലില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. എന്നാല്‍ വോട്ടെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സെനറ്റില്‍ ഇന്ന് ബില്‍ പാസ്സാകാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഷട്ട് ഡൗണ്‍ നീളാനാണ് സാധ്യത.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 286 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ദിനം ഇന്ത്യക്ക് കരുത്തായത്. ജഡേജയും(104) വാഷിങ്ടണ്‍ സുന്ദറുമാണ്(9) ക്രീസില്‍.
◾ സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേല്‍ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിര്‍ത്തലാക്കി. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85% നിരക്കില്‍ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കാം. 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരിധി 80% ആയി നിശ്ചയിച്ചിട്ടുണ്ട്, അതേസമയം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 75% ആയി പരിമിതപ്പെടുത്തി. ഈ മാറ്റങ്ങള്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ(കോയിന്‍, ഇടിഎഫ് ) ഒക്ടോബര്‍ ഒന്നുമുതല്‍ വായ്പ നല്‍കില്ല. അതേസമയം, സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.
◾ മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഗ്ലിമ്പ്സ് ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലര്‍, ഘടകങ്ങള്‍ക്കൊപ്പം റൊമാന്റിക്, ഫാന്റസി ഘടകങ്ങളും ചിത്രത്തില്‍ ഉണ്ടെന്നുള്ള സൂചനയും ദൃശ്യങ്ങള്‍ നല്‍കുന്നു. ഒക്ടോബര്‍ 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
◾ മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്ളടക്കവും അവതരണവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ ടൈറ്റില്‍ റോളുകളില്‍ അവതരിപ്പിച്ച് ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം സ്വന്തമാക്കിയെങ്കിലും ചിത്രം ഒരു തിയറ്റര്‍ വിജയമായില്ല. പിന്നീട് പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോള്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയും കൂടുതല്‍ ചര്‍ച്ച സൃഷ്ടിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് ചിത്രം യുട്യൂബില്‍ എത്തിയത്. മൂന്ന് ആഴ്ച കൊണ്ട് 10 ലക്ഷത്തിലധികം കാഴ്ചകളാണ് ചിത്രം നേടിയിട്ടുള്ളത്. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
◾ പുതിയ ഥാറിനെ പുറത്തിറക്കി മഹീന്ദ്ര, വില 9.99 ലക്ഷം രൂപ മുതല്‍. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ 3 ഡോര്‍ ഥാര്‍ വിപണിയിലെത്തിയിരിക്കുന്നത്. അഞ്ച് മോഡലുകളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഥാറിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാള്‍ ഏകദേശം 32000 രൂപ കുറവാണ് എന്നത് ശ്രദ്ധേയം. ഹാര്‍ഡ് ടോപ്പില്‍ മാത്രമായിരിക്കും പുതിയ ഥാര്‍ ലഭിക്കുക. എന്‍ജിനില്‍ മാറ്റങ്ങളൊന്നും തന്നെയില്ല. 152 ബിഎച്ച്പി കരുത്തുള്ള, 2 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍, 119 ബിഎച്ച്പി കരുത്തുള്ള 1.5-ലീറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിന്‍, 132 ബിഎച്ച്പി കരുത്തുമായി വരുന്ന 2.2-ലീറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എല്ലാ എന്‍ജിനുകള്‍ക്കും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും, അതു കൂടാതെ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ മോട്ടോറുകള്‍ക്ക് അധികമായി ഒരു 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നതാണ്.
◾ മലയാളസാഹിത്യത്തെയും വിമര്‍ശനത്തെയും സംബന്ധിച്ച പഠനഗ്രന്ഥം. മൂന്നുഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ഒന്നാംഭാഗം സാറാ ജോസഫ്, പ്രിയ എ. എസ്., എം. മുകുന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുടെ രചനകളെ പഠനവിധേയമാക്കുന്നു. മലയാളവിമര്‍ശനത്തെ സംബന്ധിച്ച പര്യാലോചനകളാണ് രണ്ടാംഭാഗം. സൈബര്‍ കാലത്തെ എഴുത്തും വായനയും, നിര്‍മാല്യം എന്ന സിനിമയിലെ ദമിതപാഠങ്ങളുടെ വിശകലനം എന്നിവയാണ് മുന്നാംഭാഗം. സാമൂഹ്യാര്‍ത്ഥങ്ങളിലേക്ക് ജാഗ്രതയോടെ കാതോര്‍ക്കുന്നതും കേരളീയാനുഭവങ്ങളെ പരിഗണിക്കുന്നതുമായ വിമര്‍ശനസമീപനം കൊണ്ട് ശ്രദ്ധേയമായ ഗ്രന്ഥം. 'വാക്കുകളുടെ പത്രസ്വാതന്ത്ര്യം'. ഡോ. ജയ്സണ്‍ ജോസ്. പരിധി പബ്ളിക്കേഷന്‍സ്. വില 266 രൂപ.
◾ പോഷകാഹാരം നിങ്ങളുടെ പല്ലുകളിലും മോണകളിലും സ്വാധീനം ചെലുത്തും അതുകൊണ്ട് നല്ല ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്. ചീസ് കഴിക്കുന്നത് വായിലെ പിഎച്ച് ഉയര്‍ത്തുകയും പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ചീസ് ചവയ്ക്കുമ്പോള്‍ വായിലെ ഉമിനീര്‍ വര്‍ദ്ധിപ്പിക്കും. ചീസില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പ്രോട്ടീനും പല്ലുകള്‍ക്ക് ശക്തി നല്‍കും. ചീര തുടങ്ങിയ ഇലക്കറികള്‍ വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അവയില്‍ കാല്‍സ്യം കൂടുതലാണ്, ഇത് ഇനാമലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആപ്പിള്‍ പോലുള്ള പഴങ്ങള്‍ മധുരമുള്ളതാണെങ്കിലും അതില്‍ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിക്കുന്നത് വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെയും ഭക്ഷ്യധാന്യങ്ങളെയും കഴുകിക്കളയുകയും ചെയ്യും. ആപ്പിളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ചീസ് പോലെതന്നെ തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും ശക്തിക്കും അനുയോജ്യമാണ്. തൈരില്‍ കാണപ്പെടുന്ന പ്രോബയോട്ടിക്സ് അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ മോണകള്‍ക്ക് ഗുണം ചെയ്യും, ഇത് പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളെ കഴുകിക്കളയും. കാരറ്റും നാരുകളാല്‍ സമ്പന്നമാണ്. ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കാരറ്റ് കടിച്ചുതുന്നുന്നത് വായില്‍ ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇത് പല്ലില്‍ കേടുണ്ടാക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ബദാമില്‍ കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുമുണ്ട്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ശീലമാക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ശിഷ്യന്‍ ഗുരുവിന് അടുത്ത് ചെന്ന് പരാതി പറഞ്ഞു: ഞാന്‍ ആരോട് എന്ത് ചോദിച്ചാലും എല്ലാവര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണ്. ഞാന്‍ ഏത് വിശ്വസിക്കും? ഗുരു അവനേയും കൂട്ടി നടക്കാനിറങ്ങി. ആദ്യം കണ്ടയാളോട് ഗുരു ചോദിച്ചു: ഇപ്പോള്‍ സമയമെന്തായി? അയാള്‍ പറഞ്ഞു: രാവിലെ 9 മണി, കുറേ ദുരം നടന്നതിന് ശേഷം കണ്ടയാളോടും ഗുരു ചോദ്യം ആവര്‍ത്തിച്ചു: സമയം എന്തായി ? അയാള്‍ പറഞ്ഞു: 11 മണി. പിന്നീട് കണ്ടുമുട്ടിയ വ്യക്തിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: സമയം 4 മണി. ഗുരു പറഞ്ഞു: നാം എല്ലാവരോടും ഒരേ ചോദ്യമാണ് ചോദിച്ചത്. പക്ഷേ, കിട്ടിയത് വ്യത്യസ്ത ഉത്തരങ്ങളും. അവരെല്ലാം പറഞ്ഞത് അപ്പോഴത്തെ സത്യമാണ്. സത്യത്തിന് ഒരു വിധേയത്വമുണ്ട്. സാഹചര്യത്തോടും, സമയത്തോടും, കാഴ്ചപ്പാടിനോടും. പ്രായോഗികതയിലാണ് സത്യം വേരൂന്നിയിരിക്കുന്നത്. ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ ഉണ്ടായിരിക്കാം. ഒരേ പ്രശ്‌നത്തിന് പല പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ടാകാം. പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായി കാണപ്പെട്ടാലും ഇഴകീറി പരിശോധിച്ചാല്‍ ഓരോന്നിനും അതിന്റേതായ ശരികള്‍ കാണാം. അതുകൊണ്ട് അവര്‍ പറയുന്നതും സത്യമാണ്. അവരുടെ സാഹചര്യത്തോടും സമയത്തോടും കാഴ്ചപ്പാടിനോടും ചേര്‍ന്ന സത്യം. നമുക്ക് സത്യമല്ല എന്നതോന്നലില്‍ മറ്റൊരാളുടെ സത്യത്തെ വികൃതമാക്കാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA