Trending

സായാഹ്ന വാർത്തകൾ

2025 | ഒക്ടോബർ 4 | ശനി 
1201 | കന്നി 18 |  അവിട്ടം 

◾ കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ TH 577825 ന്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വഴി കൊച്ചിയിലെ നെട്ടൂരില്‍ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഈ മഹാഭാഗ്യം. ഭാഗ്യശാലിയെ കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് കേരളം' 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.

◾ ശബരിമല സ്വര്‍ണപ്പാളി വിവാദങ്ങള്‍ കൂടുതലായി ഉയരുന്ന സാഹചര്യത്തില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്തുമെന്നാണ് തീരുമാനം. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് വരുന്നത്.

◾ ശബരിമലയിലെ ദ്വാരപാലകരുടെ ശില്‍പത്തില്‍ 1999 ല്‍ സ്വര്‍ണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൊതിഞ്ഞതെന്നാണ് രേഖകള്‍. 1999 മാര്‍ച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. വീണ്ടും സ്വര്‍ണം പൂശാന്‍ വേണ്ടിയാണ് 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തല്‍.

◾ വിജയ് മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വവും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത് സ്വര്‍ണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയില്‍ എത്തിച്ചു എന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയില്‍ വിശ്വാസം ഇല്ലാത്തവര്‍ അധികാരത്തില്‍ കയറിയതിന്റെ പ്രശ്നമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാണിക്ക പോലും അടിച്ചു മാറ്റുകയാണെന്നും വിജയ് മല്യ കൊടുത്ത സ്വര്‍ണ്ണം ചെമ്പ് ആകുന്ന മറിമായമാണിതെന്നും വസ്തുത പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

◾ ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയില്‍നിന്നും കിട്ടിയ പിന്തുണ കാരണമാണ് ദേവസ്വംബോര്‍ഡിനെതിരെ ആരോപണങ്ങളുയര്‍ത്തുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

◾ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ വിചിത്രവാദവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി. ശില്പങ്ങളില്‍ ഉള്ളത് സ്വര്‍ണ്ണമല്ലെന്നും സ്വര്‍ണ്ണ കളര്‍ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം. ആ പെയിന്റ് മങ്ങിയതുകൊണ്ടാണ് സ്വര്‍ണ്ണം പൂശാന്‍ തന്നെ ഏല്‍പ്പിച്ചതെന്നും തനിക്ക് കിട്ടിയത് സ്വര്‍ണ്ണപ്പാളി അല്ല പെയിന്റ് അടിച്ച ചെമ്പു പാളിയാണെന്നും പെയിന്റ് ആയതുകൊണ്ടാണ് നിറംമങ്ങുന്നത് എന്നാണ് ദേവസ്വം അധികൃതര്‍ തന്നോട് പറഞ്ഞിരുന്നതെന്നും പോറ്റി പറയുന്നു.

◾ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തില്‍ 1998 ല്‍ പൊതിഞ്ഞത് സ്വര്‍ണം തന്നെ എന്ന് വിജയ് മല്യ കരാര്‍ ഏല്‍പ്പിച്ച കമ്പനി ഉടമയുടെ മകന്‍ ജഗന്നാഥന്‍. 24 കാരറ്റ് സ്വര്‍ണം തന്നെയാണ് സ്വര്‍ണം പൊതിയുന്നതിന് ഉപയോഗിച്ചതെന്നും ശബരിമലയില്‍ 8 മാസത്തോളം ജോലി ഉണ്ടായിരുന്നു, ദേവസ്വം പ്രതിനിധികളുടെയും സ്പോണ്‍സറുടെയും മുന്നില്‍ വച്ചാണ് പണി നടത്തിയതെന്നും ജഗന്നാഥന്‍ പറഞ്ഞു. എത്ര വര്‍ഷം ആയാലും സ്വര്‍ണം തനിയെ ഇല്ലാതാകില്ലല്ലോയെന്നും ജഗന്നാഥന്‍ ചോദിച്ചു.  

◾ ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചുവെന്നും പണപ്പിരിവായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ട്. പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് 2020ലാണ്, ശബരിമല മാതൃകയിലുള്ള ക്ഷേത്രം നിര്‍മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. ക്ഷേത്രത്തിന് ഉത്തര ആന്ധ്ര ശബരിമല എന്ന പേര് നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നാണ് വിവരം.


◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യം പുറത്തുവരട്ടെയെന്ന് നടന്‍ ജയറാം. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയില്‍ പങ്കെടുത്തതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം  പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ സ്വര്‍ണപ്പാളി കാണാതായതില്‍ സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി സംഘം സെക്രട്ടറി സുരേഷ് വര്‍മ. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു എന്നാണ് രേഖകള്‍. 2019ല്‍ കൊണ്ടു പോയത് ചെമ്പാണെങ്കില്‍ സ്വര്‍ണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് മാര്‍ഗ്ഗരേഖയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

◾ ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണപ്പാളി ചെന്നൈയില്‍ കൊണ്ടുപോയതില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയതെന്നും കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ചന്ദനത്തൈകള്‍ നട്ടുവളര്‍ത്തി കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാന്‍ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വില്‍പ്പന നടത്താനുള്ള നിയമനിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നും ഒരു കോടി ചന്ദനത്തൈകള്‍ കേരളത്തിലുടനീളം നട്ടുവളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.


◾ എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. വിദ്യാഭ്യാസമന്ത്രിക്ക് ധാര്‍ഷ്ട്യത്തിന്റെ ഭാഷയെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ അഭിപ്രായപ്പെട്ടു. എയിഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

◾ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിറവം വള്ളംകളി മത്സരം ഇന്ന് മൂവാറ്റുപുഴയാറില്‍ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങില്‍ മുഖ്യ സന്ദേശം നല്‍കും. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

◾ സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ദില്ലിയില്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

◾ സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഷാജന്‍ സ്‌കറിയ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഗൂഗിള്‍ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേര്‍ക്കെതിരെ ആണ് കേസ്.

◾ തീവ്ര ചുഴലിക്കാറ്റായ 'ശക്തി' വടക്ക് കിഴക്കന്‍ അറബികടലില്‍ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയില്‍ നിലവില്‍ സഞ്ചാരിക്കുന്ന 'ശക്തി' തിങ്കളാഴ്ചയോടെ ദിശ മാറി വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാന്‍ സാധ്യത. ഇനി മുതല്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

◾  പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു. കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. ഗസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതടക്കം കാണിച്ചു കൊണ്ടാണ് മൈം അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

◾ കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തില്‍ എംഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐയും പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. മണിക്കൂറുകളോളം എംഎസ്എഫ് പ്രതിഷേധിച്ചു. സ്‌കൂളില്‍ രാവിലെ പിടിഎ യോഗം നടന്നിരുന്നു. പരിപാടി നിര്‍ത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

◾  പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാക്സിന്‍ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോള്‍ കൃഷ്ണമ്മ നിലത്തുവീഴുകയും തുടര്‍ന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തിരുന്നു.

◾ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടാംഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റര്‍ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സാം കെ. ജോര്‍ജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ കുടുംബ വഴക്കും കോടതികളില്‍ കേസും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജെസിയെ സാം ജോര്‍ജ്ജ് കൊലപ്പെടുത്തി റബര്‍ തോട്ടത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

◾ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന് പരാതി. അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ്സിറപ്പില്‍ അനുവദനീയമായതിലും അധികം ഡിഇജി  കണ്ടെത്തിയിട്ടുണ്ട്. കാഞ്ചീപുരത്തെ ശ്രേഷന്‍ ഫാര്‍മയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തമിഴ്നാട് എഫ്ഡിഎ സാമ്പിള്‍ ശേഖരിച്ചത്. കേന്ദ്ര സംഘങ്ങളുടെ പരിശോധന മേഖലയില്‍ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

◾ ഡൊണാള്‍ഡ്  ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ സുപ്രധാന ചുവടുവെപ്പ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.

◾ പാക് അധിനിവേശ കാശ്മീരില്‍ നടന്ന അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സമരക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി  ഉയര്‍ത്തിയ 38 ആവശ്യങ്ങളില്‍ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ അംഗീകരിച്ചു. മുസാഫറാബാദ്, മിര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്.

◾  ചുമ സിറപ്പുകള്‍ കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ, ഡെക്‌സ്‌ട്രോമെത്തോര്‍ഫന്‍ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

◾  രാഹുല്‍ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പരിഹാസവുമായി ബിജെപി. വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു.ശ്രീരാമന്റെ  അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും , രാജ്യത്തോട് മാപ്പ് പറയണമെന്നും പതക്ക് ആവശ്യപ്പെട്ടു.

◾ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകര്‍ക്ക് ദില്ലിയില്‍ തെരുവ് നായ്കളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ദില്ലി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് സംഭവം. കെനിയയുടെ സ്പ്രിന്റ് കോച്ചിനും ജപ്പാന്റെ അസിസ്റ്റന്റ് കോച്ചിനുമാണ് കടിയേറ്റത്. ഇരുവരെയും ഉടന്‍തന്നെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ച് ചികത്സ നല്‍കി.

◾  വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 140 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന്റെ ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 146 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162നെതിരെ ഇന്ത്യ അഞ്ചിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓള്‍റൌണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.

◾ കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേയ്ക്ക് കുതിച്ചു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് വില 10,945 രൂപയായി. 640 രൂപ മുന്നേറി പവന് 87,560 രൂപയിലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോഡ് മറികടന്നു. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയര്‍ന്നത്. സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ വര്‍ധിച്ച് റെക്കോഡ് 9,065 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 160 രൂപയിലാണ് ഇന്നു വ്യാപാരം. കേരളത്തില്‍ മറ്റൊരുവിഭാഗം ജ്വല്ലറികള്‍ 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 60 രൂപ ഉയര്‍ത്തി 9,000 രൂപയാണ്. വെള്ളിവില ഇവര്‍ 156 രൂപയില്‍ നിലനിര്‍ത്തുകയും ചെയ്തു. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.

◾ ചിത്രങ്ങളും വീഡിയോകളും ആപ്പില്‍ സൂക്ഷിക്കുന്നതിന് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങുമെന്ന് മെസേജിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ്. സ്‌നാപ്ചാറ്റിന്റെ ഈ തീരുമാനം ആപ്പില്‍ ഏറെ പഴയ പോസ്റ്റുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സ്‌നാപ്ചാറ്റ് 2016-ല്‍ അവതരിപ്പിച്ച മെമ്മറീസ് ഫീച്ചര്‍ വഴി ഉപയോക്താക്കളെ, മുന്‍പ് അയച്ച സ്‌നാപ്പുകളുടെ ഉള്ളടക്കം സേവ് ചെയ്യാനും ആപ്പില്‍ തന്നെ സൂക്ഷിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, അഞ്ച് ജിഗാബൈറ്റില്‍ അധികം മെമ്മറീസ് ഉള്ളവര്‍ക്ക് ഈ സേവനം തുടര്‍ന്ന് ലഭ്യമാകണമെങ്കില്‍ ഇനി പണം നല്‍കേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. ഈ സ്റ്റോറേജ് പ്ലാനുകള്‍ക്ക് ഉപയോക്താക്കള്‍ എത്ര രൂപയാണ് നല്‍കേണ്ടിവരിക എന്ന് ആപ്പിന്റെ മാതൃകമ്പനിയായ സ്നാപ് വ്യക്തമാക്കിയില്ലെങ്കിലും ആഗോളതലത്തില്‍ ഇത് ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് കമ്പനി വിശദീകരിച്ചു.

◾ അഞ്ജന ടാക്കീസിന്റെ ബാനറില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയ്‌ലര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ഒക്ടോബര്‍ 7ന് ഒന്‍പതാമത് യാള്‍ട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തില്‍ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെത് എന്നാണ് ലഭിക്കുന്ന വിവരം. കാന്‍ ചലച്ചിത്രമേളയില്‍ വച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

◾ ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായ ചിത്രമാണ് 'ഇഡ്ലി കടൈ'. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷന്‍ നേടിയത്. രണ്ടാം ദിവസം കാന്താര എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനില്‍ വലിയ കുറവുണ്ടായിട്ടില്ല. മൂന്ന് ദിവസം പിന്നിടുമ്പോള്‍ 29.5 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്ന് ഇഡ്ലി കടൈ നേടിയിരിക്കുന്നത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്.

◾ കശ്മീര്‍ താഴ്വരയിലേക്ക് റെയില്‍ മാര്‍ഗം വാഹനങ്ങള്‍ എത്തിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ബ്രെസ്സ, ഡിസയര്‍, വാഗണ്‍ആര്‍, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെ 100-ല്‍ അധികം കാറുകള്‍ കശ്മീരിലെ അനന്തനാഗ് റെയില്‍വേ ടെര്‍മിനലില്‍ എത്തി. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കിയുടെ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിങ്ങില്‍നിന്ന് 850 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വാഹനങ്ങള്‍ അനന്തനാഗില്‍ എത്തിയത്. യാത്രയ്ക്കിടെ, ഉദംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചിനാബ് നദിക്ക് മുകളിലൂടെയുള്ള എഞ്ചിനീയറിങ് വിസ്മയത്തിലൂടെയും ട്രെയിന്‍ കടന്നുപോയി.

◾ അരങ്ങില്‍ പലപല കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മാഞ്ഞുപോകുന്ന ഗഗന്‍ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടര്‍ന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവര്‍ത്തമാനവും മുഖ്യമായിവരുന്ന നോവല്‍. ഉണ്മയ്ക്കുമേല്‍ ഇരുള്‍മറയിട്ടുകൊണ്ടുള്ള ജീവിതാഭിനയങ്ങളും രാഷ്ട്രീയമേഖലയിലെ ദര്‍ശനശൂന്യതയും പൊള്ളത്തരങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സാമൂഹികഘടനയുമെല്ലാം വിശകലനം ചെയ്യുകയും നിലപാടില്ലായ്മ എന്ന പൊതുശീലത്തില്‍നിന്നുംമാറി ധീരമായി രാഷ്ട്രീയസംവാദം നടത്തുകയും ചെയ്യുന്ന രചന. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ നോവല്‍. 'മഹാനടനം'. മാതൃഭൂമി. വില 195 രൂപ.

◾ രാത്രി വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുന്നു എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഇത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയെ കൂട്ടുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2025 സെപ്റ്റംബര്‍ 30-ന് ദി ലാന്‍സെറ്റ് ഡിസ്‌കവറി സയന്‍സിന്റെ ഭാഗമായ ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, തലച്ചോറിന്റെ അകാല വാര്‍ദ്ധക്യത്തിന് ഒരു കാരണം ഉറക്കക്കുറവാണെന്ന് പറയുന്നു. ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തലച്ചോറിന് അകാല വാര്‍ദ്ധക്യം സംഭവിക്കാനുള്ള സാധ്യതയുണ്ടത്രേ. 27,000-ത്തിലധികം മുതിര്‍ന്നവരിലാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുക. പതിവായി ആ കൃത്യസമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക. രാത്രി ഉറങ്ങുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക. സ്ട്രെസ് ഉറക്കം തടസപ്പെടുത്താം. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. നേന്ത്രപ്പം, കിവി, മത്തന്‍ വിത്ത്, ബദാം തുടങ്ങി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.76, പൗണ്ട് - 119.61, യൂറോ - 104.17, സ്വിസ് ഫ്രാങ്ക് - 111.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.60, ബഹറിന്‍ ദിനാര്‍ - 235.57, കുവൈത്ത് ദിനാര്‍ -290.33, ഒമാനി റിയാല്‍ - 230.96, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.38, കനേഡിയന്‍ ഡോളര്‍ - 63.57.
Previous Post Next Post
3/TECH/col-right