Trending

സായാഹ്ന വാർത്തകൾ

◾  സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെ തിരഞ്ഞ് പൊലീസ്. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. തൃശൂര്‍ പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചര്‍ച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.

◾  രാഹുല്‍ ഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇത്രയും ഗൗരവമായ സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌കരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. രാഹുല്‍ ഗാന്ധിയെ ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത് ബിജെപി നേതാവ് പ്രിന്റു മഹാദേവിന് പറ്റിയ നാക്ക് പിഴവാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നാക്ക് പിഴവിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ ആദ്യം പിണറായി വിജയന്റെ പേരില്‍ കേസെടുക്കണമെന്നും ബിജെപിയെ വേട്ടയാടിയാല്‍ ഏത് പൊലീസുകാരന്‍ ആയാലും ചാണകം മുക്കിയ ചൂലു കൊണ്ടടിക്കുമെന്നും ഒരൊറ്റ കോണ്‍ഗ്രസുകാരനേയും വീട്ടില്‍ ഉറക്കില്ലെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ വല്ലാതെ തിളക്കണ്ട എന്നും അദ്ദേഹം പറഞ്ഞു. പ്രിന്റു മഹാദേവിനെതിരെ അനാവശ്യമായി ചാര്‍ജ് ചെയ്യ്ത കേസില്‍ പൊലീസ് നടത്തുന്ന റെയ്ഡുകളില്‍ പ്രധിഷേധിച്ച് ഇന്ന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
.

◾  കേരളത്തിലെ ജയില്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് സഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവര്‍ത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നുവെന്നും ജയില്‍ചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

◾  വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ  വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്റുകള്‍ എതിരാണെന്ന പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും ഭിന്നശേഷിക്കാരെ നിയമിക്കാന്‍ തയ്യാറാണെന്നും അവരെ സര്‍ക്കാര്‍ കണ്ടെത്തി തരാത്തതാണ് പ്രതിസന്ധിയെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.

◾  തൃശ്ശൂരിലെ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പരിഹസിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആര്‍ എല്‍ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞുവെന്നും അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എയിംസ് വേണമെന്ന് 2015 ല്‍ താന്‍ എടുത്ത നിലപാടെന്നും അത് മാറ്റാന്‍ കഴിയില്ലെന്നും ആലപ്പുഴയില്‍ ഇല്ലെങ്കില്‍ തൃശ്ശൂരില്‍ വേണമെന്നാണ് നിലപാടെന്നും എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു

◾  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് സുകുമാരന്‍ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം.

◾  മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസി. മോട്ടോര്‍ വാഹന കമ്മീഷണര്‍ വി.ജോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ പരിപാടി റദ്ദാക്കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വേദി വിട്ടത്. അതേ സമയം മന്ത്രിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട് ആപ്പ് ഗ്രൂപ്പുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

◾  അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ നേതൃത്വം എന്‍എസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത് . അതേസമയം നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു

◾  ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നാണ് സിഎടി യുടെ നിര്‍ദേശം.  കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

◾  തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടികയില്‍ ഓരോ വോട്ടര്‍ക്കും 9 അക്ക നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നെന്നും ഇത്രയും വലിയ ഒരു നയ തീരുമാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം തേടിയിട്ടില്ലെന്നും ശബരീനാഥന്‍ പറഞ്ഞു.

◾  കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതില്‍ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. വിഷയത്തില്‍ ആശങ്കയറിയിച്ച് എയര്‍ ഇന്ത്യ എംഡി കാമ്പല്‍ വില്‍സണ് കത്തയച്ചു. ഗള്‍ഫ് മേഖലയിലേക്കടക്കം വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തൊഴിലാളിള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം പി കത്തില്‍ ചൂണ്ടിക്കാട്ടി.

◾  ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ ഭാരം കുറഞ്ഞതില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ദേവസ്വം വിജിലന്‍സ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിന് അവ്യക്തത ഉണ്ടെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. നാലു കിലോ തൂക്കം ആണ് ശില്പത്തിന് കുറവുണ്ടായത്. സ്വര്‍ണ്ണപീഠം കാണാതായതില്‍ ഇരുവരെയും പ്രതിയാക്കുന്നതില്‍ തീരുമാനം പിന്നീടാകുമെന്നും വിജിലന്‍സ് വ്യക്തമാക്കി.

◾  ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്  ചെറിയാന്‍ ഫിലിപ്പ്. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് 'ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല എന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

◾  ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്കെതിരെ വീണ്ടും ഫ്ലക്സ്ബോര്‍ഡ്. നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടയ്ക്കല്‍ എന്‍ എസ് എസ് കരയോഗം ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് സര്‍ക്കാരിന് മുന്നില്‍ സ്വര്‍ത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ സുകുമാരന്‍ നായര്‍ അടിയറവെച്ചുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

◾  എട്ട് മാസം മാത്രം ശേഷിക്കെ വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങള്‍ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയത്തിന് കീഴില്‍ തുടരുകയാണ്. തീര്‍ഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 'സൗദി ബസുകള്‍' സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായും 50 ലധികം മീറ്റിങുകള്‍ നടത്തിയതിനു പുറമേ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകള്‍ വഴി 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ഏകോപനം നടത്തിയതായി മന്ത്രാലയം വിശദീകരിച്ചു.

◾  തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ തോട്ടില്‍ നിന്ന് കണ്ടെത്തി. ഉള്ളൂരിലെ തോട്ടിലാണ് ഗുരുദേവന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എന്‍ഡിപി യൂണിയന്‍ രംഗത്തെത്തി.

◾  നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടിനെതിരെ നടപടിയെടുത്ത് അധികൃതര്‍. ബേപ്പൂര്‍ മുണ്ടിന്‍കാവ് പറമ്പ് ബിസ്മില്ല ഹൗസില്‍ കെപി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഷാ അലി എന്ന ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നിയമവിരുദ്ധമായി ഇരട്ട വല ഉപയോഗിച്ചാണ് ഈ ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യബന്ധനം നടത്തിയത്.

◾  മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തു എന്ന പേരില്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന താഴത്ത് വെള്ളൂര്‍ രൂപേഷിനെയാണ് ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചത്.  കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.

◾  കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

◾  കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ടിവികെ പ്രാദേശിക നേതാവ് വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറിയായ വി.അയ്യപ്പന്‍ (50) ജീവനൊടുക്കി. ആത്മഹത്യാകുറിപ്പില്‍ സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശമുണ്ട്. ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥന്‍ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു.

◾  കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധിപ്പേര്‍ മരിച്ചതിന് പിന്നാലെ വിവാദ പോസ്റ്റുമായി ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന. പൊലീസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായാണ് ആധവ് അര്‍ജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആധവ് അര്‍ജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചത്.

◾  വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കനിമൊഴി എംപി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരില്‍ നിന്ന് വിജയ് ചെന്നൈയിലേക്ക് പറന്നുവെന്നും വിജയ്ക്ക് അവിടെ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു എന്നും കൂടാതെ വിജയ്ക്ക് മനസാക്ഷിയില്ലെന്നും കനിമൊഴി പറഞ്ഞു.

◾  കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവെച്ച ദുരന്തമായിരുന്നുവെന്ന ആരോപണവുമായി ഡിഎംകെ സംഘടന സെക്രട്ടറി ആര്‍.എസ് ഭാരതി. വിജയിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്നും ആളെക്കൂട്ടാന്‍ മനപ്പൂര്‍വ്വം ഏഴുമണിക്കൂര്‍ വൈകിയെത്തുകയായിരുന്നുവെന്നും ആര്‍.എസ് ഭാരതി ആരോപിച്ചു.

◾  ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ രാജ്യമൊട്ടാകെ വിജയം ആഘോഷിക്കുമ്പോള്‍, കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന മൗനം ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യവുമായി ബിജെപി.   ഇന്ത്യയുടെ വിജയത്തില്‍ ഒരു ആശംസ പോലും അറിയിക്കാന്‍ കഴിയാത്തത് അശ്രദ്ധയോ കൈപ്പിഴയോ അല്ല, മറിച്ച് ഉറച്ച ബോധ്യത്തോടെയുള്ള നിലപാടാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

◾  ഛത്തീസ് ഗഡ് പശ്ചാത്തലത്തിലൊരുക്കിയ ജാനകി ആന്‍ഡ് രഘുറാം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് അറിയിച്ചു. ഹര്‍ജിയില്‍ ഒക്ടോബര്‍ 6നകം മറുപടി നല്‍കാന്‍  ഡിവിഷന്‍ ബെഞ്ച് സിബിഎഫ്‌സിയോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ തലക്കെട്ടിലെ ജാനകി എന്ന പേരാണ് എതിര്‍പ്പിന് കാരണമായത്. എന്നാല്‍, ബോംബൈ ഹൈക്കോടതിയില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  വിദ്യാര്‍ത്ഥികളടക്കം നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. ആശ്രമത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള യുവതികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. 17 പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിലായി.

◾  മുംബൈ-ദില്ലി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. രാവിലെ എട്ട് മണിക്ക് എയര്‍ ഇന്ത്യയുടെ വിമാനം ദില്ലിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടന്‍ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. പൈലറ്റും എയര്‍ഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

◾  ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല് പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. അക്മല്‍, സഫീല്‍, മൊഹമ്മദ് തൗസീഫ്, കാസിം എന്നിങ്ങനെയാണ് പിടിയിലായ നാല് പേരുടെയും പേരുകള്‍. ഇവര്‍ പാക് ഭീകര സംഘടനകളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു.

◾  ഇന്ത്യാ - പാക് അതിര്‍ത്തി മേഖലകളില്‍ പാക്കിസ്ഥാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെയാണ് പാകിസ്താന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എങ്കിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായ എല്ലാ വെല്ലുവിളികളും പരാജയപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.  

◾  മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം.

◾  ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 65 പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 മണിക്കൂറിലേറെയായി കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ അടക്കമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.  കിഴക്കന്‍ ജാവയിലെ സിഡോയാര്‍ജോയിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നത്

◾  അഫ്ഗാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ശരിയത്ത് നിയമ പ്രകാരം ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാള്‍ തുടരുമെന്നോ താലിബാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

◾  ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് റെയില്‍വേ ലൈനുകള്‍ അസമില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമാണ് ഭൂട്ടാനിലേക്ക് നിര്‍മിക്കുന്നത്. അസമിലെ കൊക്രജാറില്‍ നിന്നും ഭൂട്ടാനിലെ ഗെലെഫുവിലേക്കും 69 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ലൈനാണ് നിര്‍മിക്കുന്നത്.

◾  ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായാണ് കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി തീരുമാനത്തേക്കുറിച്ച് പ്രതികരിച്ചത്. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് പൊതുസുരക്ഷാ മന്ത്രി പറഞ്ഞു.

◾  ലണ്ടനിലെ ടവിസ്റ്റോക് സ്‌ക്വയറില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ആക്രമണത്തെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിച്ചു.  സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസും കാംഡന്‍ കൗണ്‍സില്‍ അധികൃതരും അറിയിച്ചു. 1968 ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശില്‍പി വെങ്കലത്തില്‍ ഈ പ്രതിമ നിര്‍മിച്ചത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗാന്ധിജി നിയമം പഠിച്ചതിന്റെ ഓര്‍മയ്ക്കായാണ് ഇത് സ്ഥാപിച്ചത്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീര്‍പ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീര്‍പ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം യൂട്യൂബ് നിരോധിച്ചത്. ട്രംപിന് 24.5 മില്യണ്‍ ഡോളര്‍  നല്‍കിക്കൊണ്ടാണ് യൂട്യൂബ് കേസ് അവസാനിപ്പിക്കുന്നത്.

◾  സംസ്ഥാനത്ത് റെക്കോഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85,000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വര്‍ധിച്ചത്. ഈ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

◾  ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. ഓരോ തവണയും ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യാന്‍ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവര്‍ക്കുമാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈവ് ചെയ്യാന്‍ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ പല ചെറിയ ക്രിയേറ്റര്‍മാരേയും, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകള്‍ക്കും ഈ അപ്ഡേഷന്‍ ബാധിക്കും. അതിനാല്‍ തന്നെ ഒരു സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഈ മാറ്റത്തിനെ ചുറ്റിപ്പറ്റി വരുന്നത്. പക്ഷെ ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല.

◾  പ്രശാന്ത് വര്‍മ ഒരുക്കുന്ന 'മഹാകാളി' എന്ന ചിത്രത്തില്‍ െഞട്ടിക്കുന്ന ഗെറ്റപ്പില്‍ അക്ഷയ് ഖന്ന. അസുരഗുരു ശുക്രാചാര്യര്‍ ആയാകും നടന്‍ ഈ സിനിമയിലെത്തുക. അദ്ദേഹത്തിന്റെ ഗെറ്റപ്പ് അണിയക്കാര്‍ പുറത്തുവിട്ടു. 'ഹനുമാന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് 'മഹാകാളി'. വനിതാ സൂപ്പര്‍ ഹീറോ സിനിമ കൂടിയാണിത്. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന 'മഹാകാളി' സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ കൊല്ലുരുവാണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് വനിതാ സൂപ്പര്‍ ഹീറോ ചിത്രമായി 'മഹാകാളി' ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പര്‍ഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.

◾  ഡൊമിനിക് അരുണ്‍ രചിച്ച് ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 'ലോക ചാപ്റ്റര്‍ 2'പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തില്‍ മൈക്കല്‍ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടോവിനോ അഭിനയിച്ചത്. ചാത്തന്‍ എന്ന ഐതിഹ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൈക്കല്‍ എന്ന ടോവിനോ കഥാപാത്രത്തെ ഈ യൂണിവേഴ്സില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചാര്‍ളി എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയത്. ഒടിയന്‍ എന്ന ആതിഥ്യ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചാര്‍ളിയെ സൃഷ്ടിച്ചത്. മൂത്തോന്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്സിലെ ശ്കതമായ ഒരു സാന്നിധ്യമായി എത്തും.

◾  2025ലെ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് ഓപ്പണറായ അഭിഷേക് ശര്‍മ. അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ അഭിഷേകിനെ തേടി പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. പ്രീമിയം എസ്യുവി ഹാവല്‍ എച്ച്9ഉം സമ്മാനമായി അഭിഷേക് ശര്‍മക്ക് ലഭിച്ചു. റഫ് ലുക്കും ഗംഭീര പെര്‍ഫോമെന്‍സും കിടിലം ഫീച്ചറുകളും സാങ്കേതികവിദ്യകളുമുള്ള ആഡംബര ഓഫ് റോഡര്‍ എസ്യുവിയാണ് ഹാവല്‍ എച്ച്9. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണ് ഹാവല്‍ എച്ച്9 ന് ഉള്ളത്. പരമാവധി 380 എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 8 സ്പീഡ് ഓട്ടമാറ്റിക് ദഎ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ആറ് എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷനും വാഹനത്തിലെ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കും. ഓട്ടോ, ഇക്കോ, സ്‌പോര്‍ട്, സ്‌നോ, സാന്‍ഡ്, മഡ്, 4എല്‍(ലോ റേഞ്ച്) ഡ്രൈവിങ് മോഡുകളും ഡ്രൈവിങില്‍ വൈവിധ്യം കൊണ്ടുവരും. ഹാവലിന്റെ സൗദി അറേബ്യ വെബ് സൈറ്റില്‍ എച്ച്9 എസ്യുവിക്ക് 1,42,199.8 സൗദി റിയാലാണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 33,60,658 ഇന്ത്യന്‍ രൂപ വരും. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍(ജിഡബ്ല്യുഎം) ആണ് ഹാവലിന്റെ ഉടമകള്‍.

◾  പ്രമേയകല്പനയില്‍ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിര്‍മ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകള്‍ക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോള്‍ കഥകള്‍ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാന്‍തക്കവണ്ണമുള്ള സ്വയംപര്യാപ്തത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തില്‍ സെബാസ്റ്റ്യന്‍ സദാ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായര്‍ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടന്‍ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എന്‍. സന്തോഷ്‌കുമാറിന്റെയും പഠനങ്ങള്‍. 'അന്ത്യകൂദാശയുടെ പിറ്റേന്ന്'. കെ എ സെബാസ്റ്റ്യന്‍. ഡിസി ബുക്സ്. വില 228 രൂപ.

◾  ഓറല്‍ ബാക്ടീരിയയും ഹൃദയാഘാതത്തിന് ഒരു കാരണമായേക്കാം എന്ന് പുതിയ ഒരു പഠനം തെളിയിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തിലാണ് വായിലെ ബാക്ടീരിയ ഹൃദയാഘാതത്തിന് ഒരു കാരണമാണെന്ന് കണ്ടെത്തിയത്. വിറിഡന്‍സ് സ്ട്രെപ്റ്റോകോക്കി എന്ന ബാക്ടീരിയയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. എല്ലാ ദിവസവും രണ്ടു നേരം പല്ല് തേക്കണം. ഏറ്റവും ചുരുങ്ങിയത് രണ്ടു മിനിറ്റ് നേരമെങ്കിലും ഓരോ സമയവും പല്ല് ശുചിയാക്കാനായി ഉപയോഗിക്കണം. നാവ് വൃത്തിയാക്കുകയും ഫ്ലോസ്സ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുകയും ചെയ്യണം. കൃത്യമായതും ആരോഗ്യകരമായതുമായ ഭക്ഷണക്രമം പാലിക്കുക. മധുരമുള്ള പലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. മൂന്ന് അല്ലെങ്കില്‍ നാല് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റുക. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധനയ്ക്കായി ദന്തഡോക്ടറെ സമീപിക്കുക. പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ വേദനയുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സരീതികള്‍ സ്വീകരിക്കുക. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരിപൂര്‍ണമായും ഒഴിവാക്കുക. വായുടെ അകത്ത് അനാരോഗ്യകരമായ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ദന്തഡോക്ടറെ സമീപിക്കുക.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.80, പൗണ്ട് - 119.41, യൂറോ - 104.31, സ്വിസ് ഫ്രാങ്ക് - 111.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.67, ബഹറിന്‍ ദിനാര്‍ - 235.51, കുവൈത്ത് ദിനാര്‍ -290.65, ഒമാനി റിയാല്‍ - 230.92, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.15, ഖത്തര്‍ റിയാല്‍ - 24.39, കനേഡിയന്‍ ഡോളര്‍ - 63.83.

*ഷ്‌ലോസ് ഷാര്‍ലറ്റന്‍ബര്‍ഗ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -62*
ഷ്‌ലോസ് ഷാര്‍ലറ്റന്‍ബര്‍ഗ്  ( ഷാര്‍ലറ്റന്‍ബര്‍ഗ് കൊട്ടാരം), ബെര്‍ലിനിലെ ഒരു ബറോക്ക് കൊട്ടാരമാണ്. ഇത് ഷാര്‍ലറ്റന്‍ബര്‍ഗ്-വില്‍മര്‍സ്‌ഡോര്‍ഫ് ബറോയിലെ ഒരു ജില്ലയായ ഷാര്‍ലറ്റന്‍ബര്‍ഗില്‍ സ്ഥിതിചെയ്യുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളില്‍ ഒന്നാണ് .ബറോക്ക് , റോക്കോകോ ശൈലികളിലുള്ള ആഡംബരപൂര്‍ണ്ണമായ ഇന്റീരിയര്‍ ഡെക്കറേഷന്‍ ഇതില്‍ ഉള്‍പ്പെടുന്നു . കൊട്ടാരത്തിന് പിന്നില്‍ വനത്താല്‍ ചുറ്റപ്പെട്ട ഒരു വലിയ ഔപചാരിക ഉദ്യാനം ചേര്‍ത്തു, അതില്‍ ഒരു ബെല്‍വെഡെര്‍ , ഒരു ശവകുടീരം , ഒരു തിയേറ്റര്‍, ഒരു പവലിയന്‍ എന്നിവ ഉള്‍പ്പെടുന്നു.പൂന്തോട്ടങ്ങളുള്ള കൊട്ടാരം ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. പ്രവേശന ഫീസ് നല്‍കിയാല്‍, കൊട്ടാരത്തിന്റെ ഉള്‍ഭാഗത്തിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശകര്‍ക്ക് തുറന്നിരിക്കും, അതില്‍ പഴയ കൊട്ടാരം ( ആള്‍ട്ടെ ഷ്‌ലോസ് ), പുതിയ വിംഗ് ( ന്യൂയര്‍ ഫ്‌ലൂഗല്‍ ) എന്നിവ ഉള്‍പ്പെടുന്നു. പഴയ കൊട്ടാരത്തില്‍ ബറോക്ക് അലങ്കാരങ്ങളുള്ള നിരവധി മുറികളുണ്ട്, കൂടാതെ ആയിരക്കണക്കിന് പോര്‍സലൈന്‍ വസ്തുക്കള്‍ സൂക്ഷിക്കുന്ന പോര്‍സലൈന്‍ കാബിനറ്റ് എന്ന മുറിയും ഉള്‍പ്പെടുന്നു . പ്രത്യേക പ്രദര്‍ശനത്തില്‍ കിരീട ആഭരണങ്ങളും രാജകീയ വെള്ളിയും മികച്ച പോര്‍സലൈന്‍ ടേബിള്‍വെയറുകളും ഉണ്ട്.കൊട്ടാരവളപ്പിലെ എല്ലാ മ്യൂസിയങ്ങളും സ്ഥലങ്ങളും (ഷാര്‍ലറ്റന്‍ബര്‍ഗ് കൊട്ടാരം, ന്യൂ പവലിയന്‍, ബെല്‍വെഡെരെ, ശവകുടീരം) സന്ദര്‍ശിക്കാന്‍ ഒരു ടിക്കറ്റ് മാത്രം മതി. ബെര്‍ലിന്‍ നഗരമധ്യത്തിലെ തിരക്കില്‍ നിന്ന് സമാധാനവും ശാന്തതയുo പ്രദാനം ചെയ്യുന്ന കൊട്ടാരത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങളിലൂടെ പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി നടക്കാം.
Previous Post Next Post
3/TECH/col-right