2025 സെപ്റ്റംബർ 29 തിങ്കൾ
1201 കന്നി 13 മൂലം
1447 റ : ആഖിർ 06
◾ യുദ്ധസമാനമായ കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 12.4 ഓവറില്‍ 113 ന് 1 എന്ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും 35 പന്തില്‍ 46 റണ്‍സെടുത്ത ഫഖര്‍ സമാനുമാണ് പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടയില്‍ 3 വിക്കറ്റുകള്‍ വീണ ഇന്ത്യയെ രക്ഷിച്ചത് 24 റണ്‍സെടുത്ത സഞ്ജു സാംസണിനും 33 റണ്‍സെടുത്ത ശിവം ദുബെക്കുമൊപ്പം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ വീരോചിത പോരാട്ടമാണ്. നേരിട്ട ആദ്യ പന്ത് തന്നെ റിങ്കു സിംഗ് ബൗണ്ടറിയിലേക്ക് പായിച്ചതോടെ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 53 പന്തില്‍ 69 റണ്‍സെടുത്ത് ഇന്ത്യക്ക് കിരീടം നേടി കൊടുത്ത തിലക് വര്‍മ തന്നെയാണ് കളിയിലെ താരം. 7 കളികളില്‍ നിന്ന് 314 റണ്‍സെടുത്ത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടൂര്‍ണമെന്റിന്റെ താരം. 7 കളികളില്‍ നിന്ന് 17 വിക്കറ്റെടുത്ത ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.
◾ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അവേശപ്പോരാട്ടത്തിലൂടെ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്.
◾ ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങില്‍ വച്ച് ഇന്ത്യയ്ക്ക് നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നല്‍കാതിരിക്കുന്നത് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ട്രോഫി അര്‍ഹിച്ചിരുന്നു. അതേസമയം യഥാര്‍ത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇന്ത്യന്‍ ടീം വേദിയില്‍ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താന്‍ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
◾ പാകിസ്താനെ തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 'കളിക്കളത്തിലും ഓപ്പറേഷന്‍ സിന്ദൂര്‍, ഫലം ഒന്നുതന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
◾ കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്നലെ ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ ഹര്‍ജിയിലെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയില്‍ ആരോപിച്ചു. ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
◾ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂര്‍ സ്വദേശിയായ കവിന്‍ ആണ് മരിച്ചത്. അതേസമയം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ് സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
◾ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷന്‍ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരുര്‍ റാലിക്കിടെയുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
◾ ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്വര്‍ണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. ഹൈക്കോടതിക്ക് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾ ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. 2021 മുതല്‍ സ്വര്‍ണ്ണപീഠം എവിടെ എന്നതില്‍ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയില്‍ സമര്‍പ്പിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
◾ ശബരിമലയ്ക്ക് ഒരു കുഴപ്പം ഉണ്ടെന്നും ശബരിമലയുമായി ബന്ധപ്പെട്ട് എന്തുചെയ്താലും വിവാദമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നതെന്നും ഒരു കട്ടന്‍ചായയുടെ പേരില്‍ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ടെന്നും ഇത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സമുദായ നേതാക്കള്‍ പിന്തുണ നല്‍കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
◾ സമുദായ സംഘടനകളോട് കോണ്‍ഗ്രസിന് ബഹുമാനമെന്നും എന്‍എസ്എസിന് എതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളികളല്ലെന്നും കെ സി വേണുഗോപാല്‍ എംപി. പരസ്യമായി കോണ്‍ഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകള്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സമുദായങ്ങളെ ചേര്‍ത്ത് പിടിക്കുന്നത് പി ആര്‍ വര്‍ക്ക് ആണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
◾ രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസിക ശശി തരൂരിന് നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. സംവാദാത്മകമായ കേരളത്തില്‍ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും കോട്ടയത്തും ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് പെരിങ്ങരയിലെ ഫ്ളെക്സ്. ആചാരണ സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു എന്നാണ് ബാനറില്‍ പറയുന്നത്. കോട്ടയത്ത് ചതിയന്‍ ചന്തു എന്നെഴുതിയ ഫ്ളെക്സാണ് കെട്ടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടനാട്ടിലെ മങ്കൊമ്പ് കോട്ടഭാഗത്തും അമ്പലപ്പുഴയിലെ കരുമാടിയിലുമാണ് സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത്. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസ് ന് ഒന്നുമില്ലെന്നും എന്‍എസ്എസ് നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണെന്നും കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണെന്നും കാശ് മുടക്കിയാല്‍ ഏത് 'അലവലാതികള്‍ക്കും' ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു
◾ വിശ്വാസ പ്രശ്നത്തില്‍ ഇടത് അനുകൂല നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍. എന്‍എസ്എസ് കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനയാണെന്നും ജി സുകുമാരന്‍ നായര്‍ കരുത്തുറ്റ നേതാവാണെന്നും ഹരികുമാര്‍ കോയിക്കല്‍ അഭിപ്രായപ്പെട്ടു.
◾ ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിര്‍ത്തതെന്നും യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
◾ സമദൂര സിദ്ധാന്തം കോണ്‍ഗ്രസിന്റെ മൗലിക നയമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്. ജാതി,മത വിഭാഗങ്ങളുമായി സമദൂരമെന്നത് നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ നയമാണ്. വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അയ്യപ്പസംഗമം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ ആര്‍എസ്എസില്‍ സജീവമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. നൂറാം വര്‍ഷമാകുന്ന ആര്‍എസ്എസില്‍ സജീവമാകാന്‍ തീരുമാനിച്ച അദ്ദേഹം ആര്‍എസ്എസില്‍ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങള്‍ക്കൊപ്പം പോകുന്നുവെന്നും സംഘത്തിന് രാഷ്ട്രീയമില്ലെന്നും അത് സന്നദ്ധ സംഘടനയാണെന്നും അതൊരു രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
◾ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷന്‍ പ്രാന്‍സിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന. 45 ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
◾ അങ്കണവാടി കുട്ടികള്‍ മുതല്‍ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ ഡിജിറ്റലായി സ്മാര്‍ട്ടാകുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനില്‍ പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നല്ല സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനം തുടര്‍ന്ന് ശ്രീതു. കുട്ടിയെ സഹോദരന്‍ കിണറ്റിലിട്ടത് ശ്രീതുവിന്റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാന്‍ മുറിയില്‍ തീയിട്ടുവെന്നും പൊലീസ് പറയുന്നു. ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
◾ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിന്റര്‍ സീസണ്‍ വിമാനസര്‍വീസുകള്‍ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനോടനുബന്ധിച്ച് മെല്‍ബണ്‍ എയര്‍പോര്‍ട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയര്‍ടെക് കോറിഡോര്‍ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
◾ പായ് വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മന്‍കീബാത്തില്‍ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രശംസിച്ചു. ജിഎസ്ടി പരിഷ്‌കാരത്തെക്കുറിച്ചും അതില്‍ ജനങ്ങള്‍ക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഉത്സവകാലത്ത് സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ഗാന്ധിജയന്തി ദിനത്തില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
◾ ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി പ്രിന്റു മഹാദേവിനെതിരെ പൊലീസില്‍ പരാതി. ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍ ആണ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രിന്റു മഹാദേവ് എന്ന വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന് പല ആവര്‍ത്തി ഭീഷണി മുഴക്കിയത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി മനസിലാക്കുന്നുവെന്നാണ് ബിപിന്‍ മാമ്മന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
◾ ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ച് എന്ന കോളേജിനറെ മുന്‍ ചെയര്‍മാനായിരുന്നു സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ചെയര്‍മാനായിരിക്കെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളെ കൂട്ടമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ദില്ലിയില്‍ ഏറെ ആരാധകരുള്ള 'ആള്‍ദൈവം' സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആഗ്രയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
◾ വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കുവൈത്തില്‍ നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രധാനമായും വെട്ടിക്കുറച്ചത്. കുവൈത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്.
◾ ലഡാക്കില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റി ഉടന്‍ പൂര്‍വസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ 2 തവണ ഇളവ് വരുത്തിയിരുന്നു. അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരന്‍ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
◾ പാകിസ്താനിലെ അപൂര്‍വ ധാതുക്കള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനികമേധാവി അസിം മുനീറും. വൈറ്റ്ഹൗസ് സന്ദര്‍ശിച്ചവേളയിലാണ് അപൂര്‍വധാതുക്കളടങ്ങിയ പെട്ടി ട്രംപിന് കൈമാറിയത്.
◾ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു.
◾ ഫേസ്ബുക്ക് തട്ടിപ്പുകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് മേല്‍ കര്‍ശന സമ്മര്‍ദ്ദവുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വര്‍ദ്ധിക്കുന്നത് തടയാന്‍ ഈ മാസം അവസാനത്തോടെ മെറ്റാ മുഖം തിരിച്ചറിയല്‍ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ യുഎസിലെ മിഷിഗനില്‍ മോര്‍മോണ്‍ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. ഗ്രാന്‍ഡ് ബ്ലാങ്കിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചുകയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
◾ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന 94-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബിസിസിഐയുടെ 37ാംമത് പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം മിഥുന്‍ മന്‍ഹാസ് തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ഐപിഎല്‍ ചെയര്‍മാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ജയേഷ് ജോര്‍ജിനെയും തെരഞ്ഞടുത്തു.ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്ന മന്‍ഹാസ്, ഗുജറാത്ത് ടീമിന്റെ സഹ പരിശീലകനും ആയിരുന്നു.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മുഴുവന്‍ എണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച മൊത്തത്തില്‍ 2.99 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 2,199 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ് കമ്പനിയാണ്. മൂല്യത്തില്‍ 97,597 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 10,49,281 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 40,462 കോടി, ഇന്‍ഫോസിസ് 38,095 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 33,032 കോടി, ഐസിഐസിഐ ബാങ്ക് 29,646 കോടി, ഭാരതി എയര്‍ടെല്‍ 26,030 കോടി, എല്‍ഐസി 13,693 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 11,278 കോടി, ബജാജ് ഫിനാന്‍സ് 4,977 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.
◾ സെപ്റ്റംബര്‍ 12ന് ഇന്ത്യയിലെ 1700 സ്‌ക്രീനുകളില്‍ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ഒരു ചിത്രം. 26 വരെ കലക്ട് ചെയ്തത് 65 കോടി രൂപ. അഡ്വാന്‍സ് ബുക്കിങ് കലക്ഷന്‍ മാത്രം 15 കോടിക്കു മുകളില്‍. കേരളത്തിലെ ആദ്യ ദിവസത്തെ കലക്ഷന്‍ 1 കോടിക്കു മുകളില്‍. ജാപ്പനീസ് അനിമെ ചിത്രമായ 'ഡീമന്‍ സ്ലേയര്‍ ഇന്‍ഫിനിറ്റി കാസില്‍' ആണ് സിനിമയിലെ ജെന്‍ സി മാറ്റത്തിന്റെ പുതിയ ദിശകള്‍ നല്‍കുന്നത്. കേരളത്തില്‍ 110 തിയറ്ററുകളിലായി മുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തിയ ചിത്രം ഈ വര്‍ഷം ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമയാണ്. ഏറ്റവുമധികം കലക്ഷന്‍ നേടിയ ജാപ്പനീസ് ചിത്രങ്ങളില്‍ നാലാമത്തേതും. ജാപ്പനീസ് കോമിക് ബുക്കുകളായ മാംഗകളാണ് പല പ്രശസ്ത അനിമെകളുടെയും ജീവന്‍. 'ഡീമന്‍ സ്ലേയര്‍' കൊയേഹാരു ഗോട്ടൂഗിന്റെ 'ഡിമന്‍ സ്ലേയര്‍ കിമേസു നോ യായിബ' എന്ന മാംഗയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്. മാംഗയിലെ ഇന്‍ഫിനിറ്റി കാസില്‍ എന്ന ഭാഗം ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
◾ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്ട്രീമിങ് ആരംഭിക്കുക. ഒക്ടോബര്‍ 17 മുതലായിരിക്കും സ്ട്രീമിങ്. സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ആഭ്യന്തര കുറ്റവാളിയില്‍ കാഴ്ച വച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ പുതുതലമുറ റെനോ ഡസ്റ്റര്‍ എസ്യുവി അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ റോഡുകളില്‍ എത്തും. വരും ആഴ്ചകളില്‍ മോഡലിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാഡോ ഗ്രേ, സീഡാര്‍ ഗ്രീന്‍, കാക്കി ഗ്രീന്‍, സോളിഡ് വൈറ്റ്, ടെറാക്കോട്ട, പേള്‍സെന്റ് ബ്ലാക്ക്, സാന്‍ഡ്‌സ്റ്റോണ്‍ എന്നീ ഏഴ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ റെനോ ഡസ്റ്റര്‍ വരുന്നത്. ഇന്ത്യ-സ്പെക്ക് മോഡലിലും ഇതേ കളര്‍ ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍, 2026 റെനോ ഡസ്റ്റര്‍ നിരവധി പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണികളില്‍, എസ്യുവി നിലവില്‍ 160 ബിഎച്ച്പി, 1.3 ലിറ്റര്‍ പെട്രോള്‍, 130 ബിഎച്ച്പി, 1.2 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് വരുന്നത്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭ്യമാണ്. 4ഃ4 ഡ്രൈവ്‌ട്രെയിന്‍ സിസ്റ്റം ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.
◾ ചരിത്രത്തെയും സംസ്‌കാരത്തെയും പൈതൃകത്തെയും പുനര്‍നിര്‍ണ്ണയിക്കുന്നവയാണ് നാടന്‍പാട്ടുകള്‍. അവ മനസ്സിന്റെ ഉള്‍ത്താളമാണ്. നസ്രാണി നാടന്‍പാട്ടിന്റെ മാര്‍ഗവും വഴിപാടും ഇതുതന്നെയാണ്. വരികള്‍ക്കിടയിലൂടെയും വാക്കുകള്‍ക്കിടയിലൂടെയുമുള്ള പുനര്‍വായനയിലൂടെ പുതിയൊരു അര്‍ത്ഥവും പരിസരധ്വനിയും ഉയര്‍ന്നുവരുന്നു. ഭൗതികവും സാമൂഹികവും ആത്മീയവുമായ ജ്ഞാനമണ്ഡലത്തെ വാങ്മയമായി തുറന്നുവച്ചിട്ടുള്ള നേര്‍ക്കാഴ്ചയുടെ മഹാമേളനമാണ് നസ്രാണിപ്പെണ്‍പാട്ടുകള്‍. ആത്മീയതയിലേക്കും പുതുവെളിച്ചത്തിലേക്കും നയിക്കുന്ന ഈ പാട്ടുകള്‍ വെറും പാട്ടുകളേയല്ല. സന്മാര്‍ഗ്ഗത്തിന്റെയും വെളിപാടിന്റെയും മൂല്യബോധനത്തിന്റെയും വിത്തുകള്‍ നല്‍കിയ അമ്മമനസ്സിന്റെ ഉണര്‍ത്തുപാട്ടുകളാണ് വരുംകാലത്തിനുവേണ്ടിയുള്ള ചരിത്രനിര്‍മ്മിതിയുടെ തിരുശേഷിപ്പുകളായി അവയെ നാം തിരിച്ചറിയണം. 'നാടന്‍പാട്ടും നസ്രാണിപ്പെണ്‍ പെരുമയും'. ഡോ. ലീന എം.എ. ആത്മ ബുക്സ്. വില 960 രൂപ.
◾ കാര്യം കുറച്ച് കയ്പ്പനാണെങ്കിലും പോഷകങ്ങളുടെ കാര്യങ്ങള്‍ വിശാലമാണ് നെല്ലിക്ക. വിറ്റാമിന്‍ സി ആണ് പ്രധാനം. നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് വിറ്റാമിന്‍ സി ഈ കുഞ്ഞന്‍ നെല്ലിക്കയില്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും മെറ്റബോളിസം വര്‍ധിപ്പിക്കാനും തുടങ്ങിയ ശരീരത്തിന് അനിവാര്യമായ പോഷകമാണ് വിറ്റാമിന്‍ സി. നമ്മള്‍ കഴിക്കുന്ന പലതിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കിലും നാരങ്ങയാണ് വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമായി എല്ലാവരും കരുതുന്നത്. എന്നാല്‍ നാരങ്ങയേക്കാളും ഓറഞ്ചിനേക്കാളും വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത് നെല്ലിക്കയില്‍ ആണെന്നതാണ് വാസ്തവം. 100 ഗ്രാം നാരങ്ങയില്‍ 53 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് ഉളളത്. അതേസമയം, 100 ഗ്രാം ഓറഞ്ചിലാകട്ടെ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍, 100 ഗ്രാം നെല്ലിക്കയില്‍ ഏകദേശം 300 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന വിറ്റാമിന്‍ സിയുടെ അളവ് 90 മില്ലിഗ്രാം ആണ്. സ്ത്രീകള്‍ക്ക് 75 മില്ലിഗ്രാമാണ് ആവശ്യമുള്ളത്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന ഇത് കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചുമ, ജലദോഷം പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും.മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് നെല്ലിക്ക.
*ശുഭദിനം*
*കവിത കണ്ണന്‍*
അത്ഭുതസിദ്ധിയുളള ഗുരുവിനോട് രാജാവ് ചോദിച്ചു: മരിക്കാതിരിക്കാന്‍ എന്തുചെയ്യണം. ഗുരു പറഞ്ഞു: ആ കാണുന്ന മലക്കപ്പുറത്തുളള തടാകത്തിലെ വെള്ളം കുടിച്ചാല്‍ മതി. രാജാവ് അവിടെയെത്തി. വെള്ളം കുടിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ഞെരക്കം കേട്ടു. നോക്കുമ്പോള്‍ ഒരു വൃദ്ധന്‍. ആ വൃദ്ധന്‍ പറഞ്ഞു: ആ വെള്ളം കുടിക്കരുത്. വയസ്സായിട്ടു ആയുസ്സുകൂടുതല്‍ കിട്ടിയിട്ട് എന്താണ് കാര്യം. രാജാവ് തിരിച്ചെത്തി ഗുരുവിനോട് ചോദിച്ചു: യുവാവായിട്ട് ആയുസ്സോടെ ജീവിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഗുരു പറഞ്ഞു: ആ കാണുന്ന അഞ്ചുമലകള്‍ക്കപ്പുറത്ത് ഒരു തടാകമുണ്ട്. അതിലെ വെള്ളം കുടിച്ചാല്‍ മതി. രാജാവ് അവിടെയെത്തി. രണ്ടുപേര്‍ അവിടെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത് കണ്ട് കാരണമന്വേഷിച്ചു. അതിലൊരാള്‍ പറഞ്ഞു: ഇതെന്റെ അച്ഛനാണ്. എനിക്ക് നൂറവയസ്സായിട്ടും എന്റെ വീതം ഇതുവരെ നല്‍കിയില്ല. അപ്പോള്‍ മറ്റേയാള്‍ പറഞ്ഞു: എനിക്ക് നൂറ്റിമുപ്പത് വയസ്സായി. എന്റെ അച്ഛന്‍ ഇതുവരെ എനിക്ക് വീതം നല്‍കിയിട്ടില്ല. ഇതെല്ലാം കണ്ട് രാജാവ് ഗുരുവിന്റെ അടുക്കല്‍ തിരിച്ചെത്തി. ഗുരുവിനോട് പറഞ്ഞു: മരണം അത്യാവശ്യമാണെന്ന് എനിക്ക് മനസ്സിലായി.. തുടങ്ങുന്നതൊന്നും അവസാനിക്കുന്നില്ലെങ്കില്‍ ജീവിതം എത്ര അരോചകമായി മാറുമായിരുന്നു. ഒന്നും എക്കാലവും കൂടെയുണ്ടാകില്ല എന്ന തിരിച്ചറിവാണ് എന്തിന്റെയും വില മനസ്സിലാക്കി തരുന്നത്. കൃത്യമായ ജീവിത പരിധി ഓരോ ജീവിതഘട്ടത്തിനും തീരുമാനിക്കുന്നത് കൊണ്ടാണ് ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവുമെല്ലാം എല്ലാവര്‍ക്കും അനുഭവഭേദ്യമാകുന്നത്. ആയുസ്സ് മൊത്തം ശിശുവായിരുന്നാല്‍ എങ്ങിനെ കൗമാരയൗവനകാലം ആസ്വദിക്കും.. ജീവിതത്തിന് അവസാനമില്ലെങ്കില്‍ അത്യാഗ്രഹത്തിനും സ്വാര്‍ത്ഥതയ്ക്കുമൊന്നും അവസാനമില്ലാതെയാകും.. എല്ലാം ഉപേക്ഷിച്ച ഒരുനാള്‍ മടങ്ങേണ്ടിവരുമെന്ന ചിന്തയാണ് നമ്മെ കൂടുതല്‍ നന്മയുളളവരാക്കുന്നത്.. -ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA