Trending

സായാഹ്ന വാർത്തകൾ

2025 സെപ്റ്റംബർ 29 തിങ്കൾ
1201 കന്നി 13 മൂലം
1447 റ : ആഖിർ 06

◾  ശബരിമലയിലെ സ്വര്‍ണത്തിന് കണക്കില്ല, രേഖയുമില്ല; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബര്‍ 15 ന് വീണ്ടും പരിഗണിക്കും.

◾  ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് എ പത്മകുമാര്‍  പറഞ്ഞു. സ്വര്‍ണ പീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ലെന്നും അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലന്‍സ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

◾  ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ആദ്യം കാണാതായെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ തന്നെ പരാതി നല്‍കുകയും പിന്നീട് അയാളുടെ ബന്ധുവീട്ടില്‍ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

◾  സ്വര്‍ണ പീഠം കൈവശമുണ്ടായിരുന്നിട്ടും കള്ളം പറയുകയും ദേവസ്വം ബോര്‍ഡിനെ കള്ളന്മാരാക്കുകയും ചെയ്ത സ്പോണ്‍സര്‍ക്കെതിരെ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് ഇല്ലാതാക്കാന്‍ ചിലരുമായി ചേര്‍ന്ന് സ്പോണ്‍സര്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നാണ് സംശയിക്കുന്നതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

◾  സ്വര്‍ണ പീഠം കാണാതാവുകയും പിന്നീട് തന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. പീഠം കാണാതായ സംഭവത്തില്‍ താന്‍ എവിടെയും പരാതി നല്‍കിയിട്ടില്ല. ഹൈക്കോടതി സ്വമേധയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ ദേവസ്വത്തിന്റെ പേര് ചീത്തയാക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

◾  വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കത്തില്‍ നിന്ന് പിന്മാറി സുതാര്യമായ നടപടി സ്വീകരിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ബിഹാറില്‍ നടന്ന എസ്ഐആര്‍ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതാണ്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും നിയമസഭ ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

◾  സംസ്ഥാനത്തെ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കികൊണ്ടുള്ള ചര്‍ച്ച പുരോഗമിക്കുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാമെന്ന് ധനമന്ത്രി മറുപടി നല്‍കുകയായിരുന്നു.

◾  പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം'  സിറ്റിസണ്‍ കണക്ട് സെന്റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.  1800-425-6789 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയാണ് ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പറയാന്‍ കഴിയുക. അടിയന്തരഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുക, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

◾  എംഎസ്സി എല്‍സ കപ്പലപകടത്തില്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നും 1400 ടണ്‍ പാസ്റ്റിക് മാലിന്യമുണ്ടായിയെന്നും മന്ത്രി സജി ചെറിയാന്‍. എന്നാല്‍ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.  ചില കണ്ടെയ്നറുകളില്‍ നിന്ന് കുമ്മായം കടലില്‍ കലര്‍ന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകള്‍ പരിശോധിച്ച് സിഎംഎഫ്ആര്‍ഐ നടത്തിയ പരിശോധനയില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാന്‍ സഭയെ അറിയിച്ചു.

◾  എന്‍എസ്എസ് സമദൂരത്തില്‍ നിന്നു മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ നേരില്‍ കണ്ടുവെന്നും സുകുമാരന്‍ നായരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം ഉറപ്പിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  പെരിയാര്‍ കടുവ സങ്കേതത്തിന് 75 വയസ്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എരുമേലിയിലെ ഏയ്ഞ്ചല്‍ വാലിയില്‍ നിന്നും തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ - മേഘമല കടുവ സങ്കേത്തതിലേക്ക് നടത്തിയ ജീപ്പ് റാലിയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തിരുവനന്തപുരത്തുള്ള ഫോര്‍ ബൈ ഫോര്‍ അഡ്വഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു റാലി.

◾  തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാന്‍ ഇന്ന് മുതല്‍ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. അവസാന തീയതി ഒക്ടോബര്‍ 14 ആണ്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും.  കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും

◾  ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ രണ്ടാം മത്സരം നടന്ന കോട്ടയം താഴത്തങ്ങാടിയില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനം. നടുഭാഗം ചുണ്ടന്‍ മൂന്നാമതെത്തി.

◾  കണ്ണൂരില്‍ പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാന്‍ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

◾  ഓപ്പറേഷന്‍ നുംഖോറില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. പരിശോധന തുടങ്ങിയപ്പോള്‍ തന്നെ വിദേശത്തുനിന്നെത്തിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കര്‍ണാടക പൊലീസിന്റെ സഹായം തേടും. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്റെ നിഗമനം.

◾  പുതുപരിയാരം പഞ്ചായത്തിന്റെ കേരളോത്സവത്തോടനുബന്ധിച്ച് സമ്മാനദാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങള്‍ക്കും മര്‍ദനമേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കേരളോത്സവത്തിലെ സമ്മാനം ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘമാണ് അക്രമം നടത്തിയത്. സമ്മാന വിതരണം തിങ്കളാഴ്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് തര്‍ക്കം കൈയാങ്കളിയായി മാറിയത്.

◾  തിരുവല്ലയില്‍ എഐജിയുടെ സ്വകാര്യവാഹനം അപകടത്തില്‍ പെട്ട കേസിലെ എഫ്ഐആര്‍ അട്ടിമറി നടത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് റെയ്ഞ്ച് ഡിഐജിയുടെ ശുപാര്‍ശ. പത്തനംതിട്ട മുന്‍ എസ് പി വിനോദ് കുമാര്‍, തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍, എസ്എച്ച്ഒ സന്തോഷ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഐജിക്ക് നല്‍കിയ ശുപാര്‍ശ. തിരുവല്ലയില്‍ എഐജിയുടെ സ്വകാര്യവാഹനം ഇടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

◾  കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂര്‍ നിടുംപൊയില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 61 വയസായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

◾  പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അടച്ച  ജമ്മുകശ്മീരിലെ 12 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ഇതില്‍ ഏഴെണ്ണം കശ്മീരിലും അഞ്ചെണ്ണം ജമ്മുവിലുമാണ്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അടുത്തിടെ ഒരു സുപ്രധാന സുരക്ഷാ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ നടന്ന സുരക്ഷ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് നടപടി.

◾  തപാല്‍ വകുപ്പ് രാജ്യത്തിനകത്തുള്ള വേഗത്തിലുള്ള തപാല്‍ സേവനമായ ഇന്‍ലാന്‍ഡ് സ്പീഡ് പോസ്റ്റിന്റെ ഡോക്യുമെന്റ് നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിശ്വസനീയത, സുരക്ഷ, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകളും ഈ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾  കരൂര്‍ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ പോസ്റ്ററുകള്‍. കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്നാട് വിദ്യാര്‍ത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നില്‍ക്കുന്ന വിജയ്യുടെ ചിത്രത്തോടെയുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

◾  കരൂരിലെ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടി.വി.കെ. നേതാവും നടനുമായ വിജയ്യെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുല്‍ ഗാന്ധി, വിജയ്യുമായി സംസാരിച്ചത്. ഫോണ്‍ വിളിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

◾  തമിഴകം വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് രാത്രിയില്‍ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കരൂര്‍ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവര്‍ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

◾  കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ പരാമര്‍ശം. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്.  കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നം എഫ്ഐആറിലുണ്ട്. അതേസമയം ദുരന്തത്തില്‍ മരണം 41 ആയി.

◾  കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദാസ്. നടന്നത് അപകടം മാത്രമാണെന്നും വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ആര്‍സിബി ആള്‍ക്കൂട്ട ദുരന്തം പോലെയൊരു അപകടം ആണ് കരൂരിലുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആരെയും കുറ്റപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ അവഗണിക്കാമായിരുന്ന അപകടമാണ് നടന്നതെന്നും ഒരു ഗ്രൗണ്ടിലോ മറ്റോ ആയിരുന്നു റാലിയെങ്കില്‍ അപകടത്തിന്റെ തോത് കുറഞ്ഞേക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എന്‍ഐഎ കോടതി. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവില്‍ പറഞ്ഞു.

◾  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്തി പ്രതികളെ രക്ഷിക്കുന്ന ഓട്ടോപ്സി മാഫിയയിലെ 4 പേര്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ സംഭാലിലാണ് സംഭവം. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മോര്‍ച്ചറി സൂക്ഷിപ്പുകാര്‍ എന്നിവരടക്കമുള്ളവരാണ് ഈ ഓട്ടോപ്സി മാഫിയയിലുള്ളത്. മരണ കാരണം അടക്കം മാറ്റിയെഴുതാന്‍ 50000 രൂപ വരെയാണ് കേസിലെ പ്രതികളില്‍ നിന്ന് ഈടാക്കുന്നത്.

◾  ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്റെ അറസ്റ്റ് അന്യായമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അറസ്റ്റ് ഉത്തരവ് ഇതുവരെ കുടുംബത്തിന് നല്‍കിയിട്ടില്ലെന്നും, ജയിലില്‍ പോയി അദ്ദേഹത്തെ കാണാന്‍ പോലും അനുമതി ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

◾  സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓള്‍ ലഡാക്ക് സ്സുഡന്‍സ് അസോസിയേഷനാണ് നിവേദനം നല്‍കിയത്. ലഡാക്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം നല്‍കണമെന്നാണ് നിവേദനത്തിലെ ആവശ്യം. നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്.

◾  മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി വെടിനിര്‍ത്തല്‍ ഇല്ലെന്നും ആയുധം വെച്ച് കീഴടങ്ങേണ്ടവര്‍ക്ക് കീഴടങ്ങാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കി ചര്‍ച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് കടുപ്പിക്കുന്നത്.  ഇതിനിടെ ഛത്തീസ്ഗഡില്‍ ഈ വര്‍ഷം ഇതുവരെ 252 മാവോയിസ്റ്റുകളെ വധിച്ചെന്നാണ് കണക്കുകള്‍.

◾  ബംഗ്ലാദേശില്‍ ഗോത്രമേഖലയായ ഖഗ്രചാരിയിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ആദിവാസി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ജുംമു സ്റ്റുഡന്റ്‌സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

◾  അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി.  

◾  സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 10,670 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 85,360 രൂപയിലാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 8,775 രൂപയിലെത്തി. 14 കാരറ്റിന് 6,815 രൂപയും 9 കാരറ്റിന് 4,400 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 150 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,797 ഡോളറെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഡോളര്‍ സൂചിക ഇന്ന് 0.2 ശതമാനം ഇടിഞ്ഞതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമായതും കുതിപ്പിന് കാരണമായി. സ്വര്‍ണത്തിനൊപ്പം വെള്ളിയും പുതിയ ഉയരങ്ങള്‍ തേടുകയാണ്. വെള്ളിവില ഇനിയും പിടിവിട്ട് കുതിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

◾  ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിംഗ് ആപ്പ് വാട്‌സാപ്പിനെ മറികടന്നിരിക്കുന്നു. ശ്രീധര്‍ വെമ്പു നേതൃത്വം നല്‍കുന്ന സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'അറട്ടൈ' എന്ന മെസേജിംഗ് ആപ്പില്‍ ജോയിന്‍ ചെയ്തവരുടെ എണ്ണം വെറും മൂന്ന് ദിവസം കൊണ്ട് 3,000ത്തില്‍ നിന്ന് മൂന്നര ലക്ഷത്തില്‍ എത്തി. 100 ശതമാനമാണ് വര്‍ധന. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ളവയെ മറികടന്നാണ് ഈ നേട്ടം. സോഹോ കോര്‍പ്പറേഷന്‍ എക്‌സിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച് അറിയിച്ചത്. രാജ്യം സ്വദേശിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് അറട്ടെയുടെ ഈ വിജയം. ടെക്സ്റ്റ്, ഇമേജ്, വീഡിയോ ഷെയറിംഗ്, വീഡിയോ കോളുകള്‍, സ്റ്റോറീസ് തുടങ്ങി സാധാരണ മെസേജിംഗ് ആപ്പുകള്‍ക്ക് സമാനമായ ഫീച്ചറുകളെല്ലാം അറട്ടൈയിലുണ്ട്. ഇതൊക്കെയാണെങ്കിലും വാട്‌സാപ്പിനെ പൂര്‍ണമായി മറികടക്കുക എന്നത് അറട്ടൈയ്ക്ക് അത്ര എളുപ്പമാകില്ല. നിലവില്‍ 50 കോടിയിലധികം പേരാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. പലരുടെയും ഡിഫോള്‍ട്ട് ചാറ്റ് സെറ്റിംഗാണിത്.

◾  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാന്താര ചാപ്റ്റര്‍ 1 സിനിമയുടെ ഗാനം റിലീസ് ചെയ്തു. ബ്രഹ്‌മകലാഷ എന്ന ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ ആണ്. സന്തോഷ് വര്‍മ വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാന്താര ചാപ്റ്റര്‍ 1ന്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആണ് റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ആദ്യ ഭാഗമായ കാന്താര തിയറ്ററുകളില്‍ എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു.

◾  'തങ്കലാനു' ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ആദ്യ ടീസര്‍ എത്തി. നടന്‍ വി.ആര്‍. ദിനേശിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ആര്യ നായകനാകുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ശോഭിത ധുലിപാല, കാളിയരസന്‍, മീം ഗോപി, ഗുരു സോമസുന്ദരം, ഷബീര്‍ കല്ലറയ്ക്കല്‍, ജോണ്‍ വിജയ്, സായി ധീന, ആനന്ദ് സാമി, ഹരീഷ് ഉത്തമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീതം ജി.വി. പ്രകാശ് കുമാര്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് കോര്‍ഡിനേറ്ററായ മോഹന്‍രാജ് (52) മരണപ്പെടുന്നത്. രൂപേഷ് ഷാജിയാണ് ഛായാഗ്രഹണം. ആക്ഷന്‍ ദിലിപ് സുബ്ബരയ്യന്‍. ആര്‍ട് ഡയറക്ടര്‍ എസ്.എസ്. മൂര്‍ത്തി.

◾  ജിഎസ്ടി ഇളവുകള്‍ വഴി 1.55 ലക്ഷവും ഉത്സവകാല പ്രത്യേക ഓഫര്‍ വഴി 45,000 രൂപയും കുറഞ്ഞതോടെ രണ്ടു ലക്ഷത്തിലേറെ രൂപ കുറഞ്ഞ മോഡലായി ടാറ്റ നെക്‌സോണ്‍ മാറി. ടാറ്റ നെക്‌സോണിന് ഇപ്പോഴുള്ളത് 14 ലക്ഷം രൂപ മാത്രം. ഹ്യുണ്ടേയ് വെന്യു 1.33 ലക്ഷം രൂപയും കിയ സോണറ്റ് 1.86 ലക്ഷം രൂപയും മഹീന്ദ്ര ഥാര്‍ 1.35 ലക്ഷം രൂപയും കുറഞ്ഞു. ഓള്‍ട്ടോ കെ10 പല നഗരങ്ങളിലും നാലു ലക്ഷം രൂപയില്‍ കുറവു വിലക്ക് ലഭിക്കും. എസ്-പ്രസോ 2019ല്‍ പുറത്തിറക്കിയ വിലക്ക് ഈ ഉത്സവകാലത്ത് സ്വന്തമാക്കാനാവും. എക്‌സ്യുവി 3എക്‌സ്ഒ, സിറോസ്, ബൊലേറോ തുടങ്ങിയ ഡീസല്‍ മോഡലുകള്‍ക്ക് 1.86 ലക്ഷം രൂപ വരെ കുറവു ലഭിക്കും. കിയ സെല്‍റ്റോസ് എംജി ഹെക്ടര്‍ എന്നിവയ്ക്ക് രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഇളവുകള്‍ ലഭിക്കും. പ്രീമിയം ഇവി ഹ്യുണ്ടേയ് അയോണിക് 5വിന് പരിമിത കാലത്തേക്കെങ്കിലും അഞ്ചു ലക്ഷം രൂപ വരെ ഇളവു ലഭിക്കും. ഹ്യുണ്ടേയ് സിറ്റി(2.05 ലക്ഷം), ടാറ്റ നെക്‌സോണ്‍(2.2 ലക്ഷം), ഫോക്‌സ്വാഗണ്‍ വെര്‍ട്ടസ്(2.57 ലക്ഷം), കിയ സെല്‍റ്റോസ്(2.78 ലക്ഷം), സ്‌കോഡ കോഡിയാക്ക് (5.8 ലക്ഷം), ഫോര്‍ച്ച്യൂണര്‍ (4.5 ലക്ഷം) രൂപയുമാണ് ഇളവുകള്‍.

◾  നമ്മുടെ നാടിന്റെ ബഹുസ്വരമായ സംസ്‌കൃതിയെ നിര്‍വ്വചിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍. സ്വതന്ത്രമായ അന്വേഷണത്തിലൂടെ വികസിച്ചുവരുന്ന ഇവയില്‍ കല, സാഹിത്യം,  വ്യക്തികള്‍, സംസ്‌കാരം, പ്രത്യയശാസ്ത്രം, സൗന്ദര്യബോധം, ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. പല കാലങ്ങളിലായി മാതൃഭൂമി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. മലയാളദേശത്തിന്റെ തനിമയാര്‍ന്ന നാട്ടുവഴികളും നാട്ടുസൗന്ദര്യവും തെളിയുന്ന സാംസ്‌കാരികയാത്ര. 'നാട്ടുവഴികള്‍ നാട്ടഴകുകള്‍'. ആലങ്കോട് ലീലാകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.

◾  സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനം. 'ഒരു താളവും നഷ്ടപ്പെടുത്തരുത്'-എന്നതാണ് ഇത്തവണത്തെ പ്രമേയം. ലക്ഷണങ്ങളില്ലെങ്കില്‍ പോലും പതിവ് ഹൃദയ പരിശോധനങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പുകവലി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള അപകട ഘടകങ്ങളുള്ള വ്യക്തികള്‍ക്ക്. പതിവ് വ്യായാമം, സമീകൃതാഹാരം, സമ്മര്‍ദ നിയന്ത്രണം ഉള്‍പ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കും. ഒരു വ്യക്തി നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ഹൃദയ സംബന്ധമായി പരിശോധനകളുണ്ട്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം എന്നാല്‍ അപകടസാധ്യത ഘടകങ്ങളുള്ളവര്‍ വര്‍ഷം തോറും രക്തസമ്മര്‍ദ്ദം പരിശോധിക്കണം. മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ നില പരിശോധിക്കുന്നതിന് ലിപിഡ് പാനല്‍ അത്യാവശ്യമാണ്. 20 വയസ്സിന് മുകളിലുള്ള കുറഞ്ഞത് അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തണം. ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ ഹൃദ്രോഗ സാധ്യതയുള്ളവര്‍ പരിശോധനയുടെ എണ്ണം കൂട്ടണം. ഉയര്‍ന്ന എല്‍ഡിഎല്‍ അളവ് ഹൃദയാഘാത സാധ്യത കൂട്ടുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കില്‍ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ഇസിജി പരിശോധന നടത്തും. ശാരീരിക അദ്ധ്വാനത്തില്‍ ഹൃദയം എത്ര നന്നായി പ്രവര്‍ത്തിച്ചു എന്ന് വിലയിരുത്തുന്നതിനാണ് സ്ട്രെസ് ടെസ്റ്റ് നടത്തുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയും എച്ച്ബിഎ1സിയും പതിവായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.76, പൗണ്ട് - 119.24, യൂറോ - 103.99, സ്വിസ് ഫ്രാങ്ക് - 111.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.28, ബഹറിന്‍ ദിനാര്‍ - 235.38, കുവൈത്ത് ദിനാര്‍ -290.50, ഒമാനി റിയാല്‍ - 230.81, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.38, കനേഡിയന്‍ ഡോളര്‍ - 63.76.
Previous Post Next Post
3/TECH/col-right