Trending

പ്രഭാത വാർത്തകൾ

2025  സെപ്റ്റംബർ 25  വ്യാഴം 
1201  കന്നി 9   ചോതി 
1447  റ : ആഖിർ 02

◾ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്. മോഷണം പിടിച്ചശേഷമാണ് പൂട്ടുമായി ഗ്യാനേഷ് കുമാര്‍ എത്തിയതെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു. കര്‍ണ്ണാടക സിഐഡിക്ക് എപ്പോള്‍ തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം ചോദിച്ചു.

◾ ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും രാജയ്ക്ക് മാത്രം പ്രായപരിധിയില്‍ ഇളവിന് ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ദേശീയ കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും മറ്റാര്‍ക്കും ഇളവുകളില്ല. എഴുപത്തഞ്ച് കഴിഞ്ഞവര്‍ മാറണം എന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം നിര്‍ദേശം വച്ചിരുന്നു. ദേശീയ കൗണ്‍സിലില്‍ അടക്കം പ്രായപരിധി കര്‍ശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും.

◾ സിപിഎം വനിതാ നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്ന് ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് ഷാജഹാന്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ആലുവ റൂറല്‍ സൈബര്‍ പൊലീസ് ഓഫീസിന് മുന്നില്‍ ഷാജഹാനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

◾  സിപിഎം വനിതാ നേതാവ് കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മൂന്നാം പ്രതിയായ യാസറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.
◾  സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തില്‍ ചാവക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കെവി സത്താറിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

◾  തൃശൂരിലെ മുതിര്‍ന്ന നേതാക്കളായ എംകെ കണ്ണനെതിരേയും എസി മൊയ്തീനെതിരേയും സംസാരിക്കുന്ന ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ശരതിനെ കൂറ്ററാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെന്നാണ് പുറത്തുവരുന്ന വിവരം.  തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ശരതിനെ നീക്കുകയും ചെയ്തു. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്. ശബ്ദരേഖയാണ് പുറത്ത് വന്നത്.

◾  തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 12 പേരെയാണ് ഒഴിവാക്കിയത്. ഇവര്‍ കരട് വോട്ടര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അന്തിമ പട്ടികയില്‍ നിന്നാണ് ഒഴിവാക്കിയത്. ജീവിച്ചിരിക്കുന്ന വോട്ടര്‍മാരെ മരിച്ചെന്നു കാണിച്ച് പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വോട്ടര്‍ പട്ടികയിലെ പരേതര്‍ക്കൊപ്പം ചായ കുടിച്ച് യുഡിഎഫ് പ്രതിഷേധിക്കുകയും ചെയ്തു.

◾  ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ അന്വേഷണം പരിഗണനയില്‍ എന്ന് ഇഡി. പ്രാഥമിക വിവരങ്ങള്‍ തേടുന്നുണ്ട്. ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷന്‍ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്. ഈ സമയത്തായിരുന്നു കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ വാക്കാലുള്ള മറുപടി. വാഹന കള്ളക്കടത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഡി പ്രാഥമിക വിവരങ്ങള്‍ തേടിയിട്ടുണ്ട്.
◾  അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. കേസിലെ പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

◾  കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു.

◾  കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. പൊലീസ് ജീപ്പില്‍ കെഎസ്ആര്‍ടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

◾  പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചുവെന്നും ആക്രമണകാരിയായി ചിത്രീകരിച്ചുവെന്നുമാണ് പരാതി. കോണ്‍ഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്.

◾  കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനാണ് സംഘം കേരളത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായും സംഘം കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകള്‍ മഹാരാഷ്ട്രയില്‍ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.

◾  ഈ അധ്യയന വര്‍ഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച് മാര്‍ച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോര്‍ഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രില്‍ 9ന് അവസാനിക്കും. 2026 മുതല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.

◾  ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വിഎസ് ചന്ദ്രശേഖറിനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

◾  രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുല്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നതും സംരക്ഷണം നല്‍കുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്നും കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

◾  ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെത്തി. എംഎല്‍എ ഓഫീസില്‍ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസില്‍ വെച്ച് ഷാള്‍ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎല്‍എ ഓഫീസില്‍ വെച്ച് നിവേദനങ്ങളും രാഹുല്‍ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

◾  വയനാട്ടിലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം കൂടിയായ പി ജംഷീദിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഡിവൈഎഫ്ഐ. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഡിവൈഎഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി. ഭര്‍ത്താവിന്റെ സുഹൃത്തും പിണങ്ങോട് സ്വദേശിയുമായ പി ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ഡിവൈഎഫ്ഐ നേതാവിനോട് സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. കല്‍പ്പറ്റ പൊലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

◾  ട്രെയിന്‍ മാര്‍ഗ്ഗം കൊല്‍ക്കത്തയില്‍ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര്‍ മലപ്പുറം വാണിയമ്പലത്ത് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഉജ്ജ ബരായി, നില്‍മാധബ് ബിസ്വാസ് എന്നിവരെയാണ് കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റു ചെയ്തത്. ഒളിപ്പിച്ചു കടത്താന്‍ വേണ്ടി പ്രതികള്‍ പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ നിന്ന് 4.145 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

◾  കൊല്ലം പുനലൂരില്‍ ചങ്ങലയിട്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. കൊലപാതകമാണെന്നാണ് നിഗമനം. ശരീരത്തില്‍ കുത്തുകളേറ്റതിന്റെ മുറിവുകളുണ്ട്. കൂടാതെ ശരീരത്തില്‍ തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

◾  മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി 1,865.68 കോടി രൂപ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

◾  ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള എക്സ് സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും അതിന്റെ നിയന്ത്രണം ഒരു ആവശ്യകതയാണെന്നും കോടതി നിരീക്ഷിച്ചു.

◾  പഹല്‍ഗാമില്‍ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം.

◾  ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാരോപണ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ദില്ലി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. 17 പെണ്‍കുട്ടികളുടെ പരാതിയില്‍ വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

◾  ലഡാക്കിലെ പ്രധാന നഗരമായ ലേയില്‍ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടി. നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ ആവശ്യത്തില്‍ ലേയില്‍ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക്, ഇന്നലെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.

◾  സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്ന സോനം വാങ് ചുക്കിന്റെ സമരവും പ്രസംഗങ്ങളുമാണ് സംഘര്‍ഷം ആളിക്കത്തിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പൊലീസിന് നേരെ വലിയ ആക്രമണം ഉണ്ടായെന്നും ജീവന്‍ രക്ഷാര്‍ത്ഥമാണ് പൊലീസ് വെടിവച്ചതെന്നും 30 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

◾  ദക്ഷിണ ചൈനയിലും ഫിലിപ്പീന്‍സിലും നാശം വിതച്ച് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ രഗാസ. തായ്വാനില്‍ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ 17 പേര്‍ മരിച്ചു. നൂറ്റന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മുന്നറിപ്പിനെത്തുടര്‍ന്ന് 20 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഫിലിപ്പീന്‍സില്‍ നാശം വിതച്ചതിന് പിന്നാലെയാണ് ദക്ഷിണ ചൈനീസ് തീരത്ത് രഗാസ ആഞ്ഞടിച്ചത്.

◾  യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഇന്ത്യ മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

◾  ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിച്ചു. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശാകട്ടെ 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സര വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന  ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

◾  അവകാശികളില്ലാതെ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാന്‍ ഊര്‍ജ്ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍, ലാഭവിഹിതം, പലിശ വാറന്റുകള്‍, പെന്‍ഷന്‍ എന്നിവയടക്കം കൊടുത്തുതീര്‍ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രത്യേക ഡ്രൈവും സംഘടിപ്പിക്കും. 10 വര്‍ഷമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ ശേഷം പത്തുവര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റ് എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ 67,003 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപമുണ്ട്. ഇങ്ങനെയുള്ള തുക റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ നിക്ഷേപകര്‍ മതിയായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരികെ നല്‍കുന്നതിനും ആര്‍.ബി.ഐയുടെ വ്യവസ്ഥകളുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാതലത്തില്‍ ഒരാഴ്ചയില്‍ കുറയാത്ത ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ആദ്യ ക്യാമ്പ് ഒക്ടോബറില്‍ ഗുജറാത്തില്‍ തുടങ്ങും.

◾  ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'ലാ..ലാ..ലാ' എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂര്‍ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നല്‍കിയിട്ടുണ്ട്. ഒരു പക്കാ ഫണ്‍ ഫാമിലി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഓരോ പ്രോമോ കണ്ടന്റുകളും സൂചിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ തിയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.

◾  തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'പറന്ത് പോ'. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ഗ്രേസ് ആന്റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാമിന്റെ മുന്‍ ചിത്രങ്ങളൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. അവയിലെ പാട്ടുകള്‍ വലിയ ഹിറ്റുകളും ആയിരുന്നു. പറന്ത് പോയിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കഷ്ടം വന്താ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ ഗാര്‍ഗിയാണ്. യുവന്‍ ശങ്കര്‍ രാജയാണ് ഗായകന്‍. ശിവ, ഗ്രേസ് ആന്റണി, മാസ്റ്റര്‍ മിതുല്‍ റ്യാന്‍, അഞ്ജലി, അജു വര്‍ഗീസ്, വിജയ് യേശുദാസ്, ദിയ, ജെസ്സി കുക്കു, ബാലാജി ശക്തിവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി മഹീന്ദ്ര. മഹീന്ദ്ര എക്സ്യുവി 700 ന് 1,43,000 രൂപ വരെ വിലക്കുറവ് ലഭിച്ചു. കൂടാതെ, എസ്യുവിക്ക് 81,000 രൂപയുടെ അധിക ആനുകൂല്യങ്ങളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. അതായത്, മഹീന്ദ്ര എക്സ്യുവി 700 -ല്‍ വാങ്ങുന്നവര്‍ക്ക് മൊത്തം 2.24 രൂപ വരെ ലാഭിക്കാന്‍ കഴിയും. ജിഎസ്ടി വിലക്കുറവിനും അധിക ഓഫറുകള്‍ക്കും ശേഷം എസ്യുവി ഇപ്പോള്‍ 13.19 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡലായ സ്‌കോര്‍പിയോ എന്നിന് 1.45 ലക്ഷം രൂപയുടെ വിലക്കുറവും 71,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിച്ചു. മഹീന്ദ്ര ഥാറില്‍ 1.55 ലക്ഷം രൂപ വരെയും ഥാര്‍ റോക്‌സില്‍ 1.53 ലക്ഷം രൂപ വരെയും ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം. മൂന്ന് ഡോര്‍ ഥാറിന് 1.35 ലക്ഷം രൂപയുടെ വിലക്കുറവും 20,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ലഭിച്ചു. മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ എന്നിവയുടെ വിലയില്‍ 2.56 ലക്ഷം രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതില്‍ 1.27 ലക്ഷം രൂപയുടെ ജിഎസ്ടി വിലക്കുറവും 1.29 ലക്ഷം രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. രണ്ട് എസ്യുവികളും ഇപ്പോള്‍ 8.79 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയില്‍ ലഭ്യമാണ്.

◾  'മായാപുരാണം' കാര്‍ഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കര്‍ക്കശമായ ക്ഷേത്രഗണിതന്യായങ്ങള്‍ക്കപ്പുറത്ത് കാട്ടുപൂക്കള്‍ നിറഞ്ഞ പുല്‍മേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പല്‍തടാകങ്ങളും ഉര്‍വരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയില്‍ വേരാഴ്ത്തി നില്‍ക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ. നമുക്കറിയാവുന്ന യഥാര്‍ഥലോകത്തിന് ബദലായി ശക്തമായ സ്വപ്നലോകം നിര്‍മിക്കുക യാണ് ഈ കൃതി. 'മായാപുരാണം'. പി സുരേന്ദ്രന്‍. എച്ച്&സി ബുക്സ്. വില 228 രൂപ.

◾  ഒറ്റക്കാലില്‍ എത്ര നേരം വരെ ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ സാധിക്കും? അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ഹഫീസാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നു. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയില്‍ പ്രായനായ 1702 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്ന മധ്യ വയസ്‌കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വര്‍ഷം വരെ ആയുസ് വര്‍ധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നു. കണ്ണുകള്‍ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലില്‍ നില്‍ക്കാന്‍ കഴിയും എന്നതിനെ കണക്ക് കൂട്ടിയാണ് ആയുര്‍ദൈര്‍ഘ്യം പ്രവചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലില്‍ നില്‍ക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്. 50-60 വയസുള്ളവര്‍ 40 സെക്കന്റ് വരെ. 60-70 വയസുള്ളവര്‍ 20 സെക്കന്റ് വരെ. 70 മുകളില്‍ പ്രായമായവര്‍ 10 സെക്കന്റ് വരെ. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, സന്ധി രോഗങ്ങള്‍, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിടത്ത് വളരെ പിശുക്കനായ ഒരു ധനികന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. ജനങ്ങള്‍ വലഞ്ഞു. പാവങ്ങള്‍ക്ക് വേണ്ട മരുന്നും ഭക്ഷണവും കൊടുത്ത് സഹായിക്കാന്‍ ധനികന്റെ ഗുരു അയാളോട് ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു.  ഗുരു അയാളുടെ നേരെ ഒരു കണ്ണാടി നീട്ടി. എന്നിട്ട് പറഞ്ഞു: 'നീ ഇതിലേക്ക് നോക്കൂ. നീ എന്താണ് കാണുന്നത്?'   ധനികന്‍ പറഞ്ഞു: 'എന്റെ മുഖം'   ഗുരു തുടര്‍ന്നു: 'ഇനി നീ ആ ഗ്ലാസ്സ് ജനാലയിലൂടെ പുറത്തേക്ക് നോക്കൂ. എന്താണ് കാണുന്നത്?'   ധനികന്‍ പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു:    'ഞാന്‍ മലയും നദിയും വൃക്ഷങ്ങളും കാണുന്നു. ആടുമാടുകളെയും മനുഷ്യരെയും കാണുന്നു. കുട്ടികള്‍ കളിക്കുന്നത് കാണുന്നു.'ഗുരുവിന്റെ ഉദ്ദേശ്യം മനസ്സിലാകാത്ത അയാള്‍ ചോദിച്ചു   ' അങ്ങ് എന്താണ് ഉദ്ദേശിച്ചത്?'  ഗുരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:   'ജനാലയിലൂടെ നോക്കിയപ്പോള്‍ നീ യഥാര്‍ത്ഥ ലോകം കണ്ടു. പക്ഷേ കണ്ണാടിയില്‍ നീ നിന്റെ പ്രതിബിംബം മാത്രമേ കണ്ടുള്ളൂ. ജനാല പോലെ കണ്ണാടിയും ഗ്ലാസ്സ് തന്നെയാണ്. പക്ഷേ അതിന്റെ പുറകില്‍ രസം പൂശിയിട്ടുണ്ട്. അതുപോലെ സ്വാര്‍ത്ഥത നിന്റെ മനസ്സിനെ മൂടിയിരിക്കുന്നത് കാരണം നീ നിന്നെ മാത്രമേ കാണുന്നുള്ളൂ... നിന്നെക്കുറിച്ചു മാത്രമേ നിനക്ക് ചിന്തയുള്ളൂ.'കാരുണ്യം മനുഷ്യ സഹജമായ ഒരു ഗുണമാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അത് അത്ര പ്രകടമായി കാണാറില്ല. കാരണം  നമ്മിലെ സഹജമായ നന്മ പ്രകടമാകാന്‍ സ്വാര്‍ത്ഥത അനുവദിക്കുന്നില്ല. സ്വാര്‍ത്ഥത നമ്മുടെ മനസ്സിനെ മൂടിയിരിക്കുന്നതിനാല്‍ നമ്മള്‍ അന്യന്റെ വിഷമങ്ങള്‍ കാണുന്നതേയില്ല. നമ്മുടെ ജീവിതം സ്വന്തം നേട്ടത്തിനുവേണ്ടി മാത്രമാകരുത്. നമ്മള്‍ ഓരോരുത്തരും സൂര്യനെപ്പോലെ ആകാനുള്ളവരാണ്. ഈ വിശ്വം മുഴുവന്‍ പ്രകാശം പരത്താനുള്ളവര്‍. സ്വന്തം ആവശ്യത്തിന് മാത്രം വെട്ടം തെളിക്കാനുള്ള മിന്നാമിനുങ്ങുകള്‍ ആകാനുള്ളവരല്ല.  - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right