Trending

സായാഹ്ന വാർത്തകൾ

2025 | സെപ്റ്റംബർ 25 | വ്യാഴം 
1201 | കന്നി 9 |  ചോതി 

◾ ഇന്ത്യ മറ്റൊരു രാജ്യത്തെയും ആശ്രയിക്കില്ലെന്നും താല്‍ക്കാലിക പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവര്‍ ആശ്രയിക്കണമെന്നും സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജിഎസ്ടി പരിഷ്‌ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വ്യക്തമാക്കി.

◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ വിമര്‍ശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനര്‍. 'സുകുമാരന്‍ നായര്‍ കട്ടപ്പ' എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്നു കുത്തിയെന്നും സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. ഇന്നലെയാണ് പിണറായിയേയും സര്‍ക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരന്‍ നായരുടെ പരാമര്‍ശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

◾ പിണറായി വിജയന്‍ സര്‍ക്കാരിനോടുള്ള എന്‍എസ്എസിന്റെ നിലപാട് മാറ്റത്തില്‍  ബിജെപിക്ക് ഒരു ആശങ്കയുമില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍.  ശബരിമലയില്‍ വികസനത്തിനും ആചാര സംരക്ഷണത്തിനും  ബിജെപി  പ്രതിജ്ഞാബദ്ധരാണ്.  പന്തളത്ത് ഭക്തര്‍ നടത്തിയ സംഗമം വന്‍ വിജയമാണ്. പമ്പയില്‍ നടന്നത്  എ ഐ സംഗമമാണെന്നും മുരളീധരന്‍ പറഞ്ഞു.

◾ ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാല്‍ സ്വാഭാവികമായും എന്‍എസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ കണ്ടതെന്നും അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും സര്‍ക്കാര്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

◾ എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്നത്തില്‍ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓര്‍മ്മിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്‍എസ്എസ് നേതൃത്തെ വിമര്‍ശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തില്‍ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരും എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

◾ എന്‍.എസ്.എസ് ഉള്‍പ്പെടെ ഒരു സമുദായ സംഘടനയുമായും കോണ്‍ഗ്രസിനോ യു.ഡി.എഫിനോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍.എസ്.എസുമായി എന്തെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും നിലവില്‍ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

◾ ആഗോള അയ്യപ്പസംഗമത്തിലെ എന്‍എസ്എസിന്റെ പിന്തുണയെ സ്വാഗതം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. എന്‍എസ്എസിന് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞത് ആഗോള അയ്യപ്പസം?ഗമം കൊണ്ടല്ലെന്നും നിരവധിയായ അനുഭവങ്ങളില്‍ നിന്നുണ്ടായതാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

◾ ആഗോള അയ്യപ്പസംഗമത്തില്‍ അവതരിപ്പിച്ച മാസ്റ്റര്‍പ്ലാന്‍പ്രകാരം നിലയ്ക്കലില്‍ 405.63 കോടിയുടെ വികസനത്തിന് സന്നദ്ധമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വികസനത്തിന് സിങ്കപ്പൂര്‍, മലേഷ്യ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ താത്പര്യമറിയിച്ചു. വിശദപദ്ധതിരേഖ തയ്യാറാക്കാനും പ്രതിനിധികള്‍ നിര്‍ദേശിച്ചു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമോയെന്ന് ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണെന്നും സുരേഷ് ബാബു പരിഹസിച്ചു.

◾ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി ഷാഫി പറമ്പില്‍ എംപി. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പരാമര്‍ശങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കന്‍മാര്‍ വ്യക്തമാക്കണമെന്നും ഷാഫി ചോദിച്ചു. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. മാധ്യമങ്ങളോടാണ് ഷാഫിയുടെ പ്രതികരണം.

◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  രാജി വരെ ബിജെപി അതി ശക്തമായി പ്രതിഷേധിക്കും. സസ്പെന്‍ഷനിലുള്ള രാഹുലിനെ കോണ്‍ഗ്രസ്  കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ത്ത് പിടിക്കുന്നു.ഇത് ഇരട്ടത്താപ്പാണ്.  സസ്പെന്‍ഷന്‍ കൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്താണ്. കോണ്‍ഗ്രസ് ഓഫീസില്‍ കയറ്റാന്‍ കൊള്ളാത്തവനെ പാലക്കാട് എങ്ങനെ കയറ്റും. എംഎല്‍എയെ സംരേക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് തിരുത്തണമെന്ന് ബിജെപി പാലക്കാട് സിറ്റി പ്രസിഡണ്ട് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.

◾ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിന്റെ പാലക്കാടേക്കുള്ള വരവിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ലജ്ജയില്ലെന്നതിന്റെ തെളിവാണിത് എന്നും അദ്ദേഹം പറഞ്ഞു.

◾ ലൈംഗികാരോപണത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞു.

◾ വിദേശ പൗരന്മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താമസിപ്പിച്ച റിസോര്‍ട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വൈത്തിരിയിലെ റോയല്‍ പ്ലാസ് വയനാട് മിരാജ് റിസോര്‍ട്ട് ഉടമ കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി.കെ. ഫൈസലി (32)നെതിരെയാണ് കേസ്. ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിലാണ് നടപടി.

◾ തിരുവനന്തപുരം വെങ്ങാനൂരില്‍ നേഴ്സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകള്‍ വൃന്ദ എസ്എല്‍ ആണ് മരിച്ചത്. വീട്ടില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയില്‍ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

◾ പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരുമെന്ന സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതുപോലെ പലയിട ത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോള്‍ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

◾ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണെന്ന് വിവരിച്ച് സ്‌കൂള്‍ പാഠഭാഗം. പത്താം ക്ലാസില്‍ പഠിപ്പിക്കാനുള്ള.സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ 'ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം' എന്ന ഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറെക്കാലമായി ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണിത്.

◾ മലയാളികള്‍ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റില്‍ ജോലിക്കെത്തിയശേഷം വന്‍ തുക ലോണെടുത്ത് മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. എന്നാല്‍ കേസുകള്‍ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റര്‍ ചെയിതിരിക്കുന്നതെന്നാണ് വിവരം.

◾ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ്. മുങ്ങിയ കപ്പലില്‍നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്.

◾ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. എന്‍എം വിജയന്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍ ഡി അപ്പച്ചന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എന്‍ ഡി അപ്പച്ചന്റെ രാജി.

◾ ഓപ്പറേഷന്‍ നുംഖോറില്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. ബെനാമി ഇടപാടും പരിശോധിക്കും. കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ അടിമുടി ദുരൂഹതയെന്നാണ് റിപ്പോര്‍ട്ട്. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.

◾ ഓപ്പറേഷന്‍ നുംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലക്കല്‍.പിടിച്ചെടുത്ത വാഹനങ്ങള്‍ എല്ലാം എന്റെതല്ല. ഒരു വാഹനം മാത്രമാണ് എന്റേത്. ആ വണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്നതാണ്. സെലിബ്രിറ്റികള്‍ക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങള്‍ താന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ട് എന്നും അമിത് പ്രതികരിച്ചു.

◾ 2023ലാണ് വാഹനം എടുത്തതെന്നും കേരള രജിസ്ട്രേഷന്‍ വാഹനമാണ് വാങ്ങിയതെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ശില്‍പ്പ സുരേന്ദ്രന്‍. വാഹനത്തിന്റെ മറ്റു വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഗാരേജില്‍ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് കസ്റ്റംസില്‍ നിന്ന് വിളിച്ച് ഇത് ഫേക്ക് വാഹനമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞത്. വാഹനത്തിന്റെ ഡോക്യുമെന്റ്സ് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ വാഹനത്തിന്റെ അഞ്ചാമത്തെ ഓണറാണ്. നിലവില്‍ 4ഉം 3ഉം ഓണര്‍മാരെ എനിക്ക് അറിയാമെന്നും ശില്‍പ്പ സുരേന്ദ്രന്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

◾ പേരാമംഗലത്ത് യുവതിയെ കുത്തി പരിക്കേല്‍പിച്ച കേസിലെ പ്രതി തൃശൂര്‍ പുറ്റേക്കര സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രതിയെത്തിയത്. കുത്തേറ്റ മുളങ്കുന്നത്തുക്കാവ് സ്വദേശി ശാര്‍മിള (26) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. അഭിപ്രായ ഭിന്നതയാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

◾ ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താന്‍ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്.

◾ ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്തിയും. കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് പറഞ്ഞ ഇരുവരും കേന്ദ്രം ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്മപരിശോധന നടത്തണമെന്ന് പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ ഇന്നലെ യുവജന സംഘടന നടത്തിയ പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷമാണുണ്ടായത്.

◾ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയില്‍. സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന വാദം ആവര്‍ത്തിക്കുകയാണ്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് കേന്ദ്രവുമായി ചര്‍ച്ച നടക്കാനിരിക്കേയാണെന്നും ഒക്ടോബര്‍ 6 ന് ചര്‍ച്ച നിശ്ചയിച്ചിരുന്നുവെന്നും സോനം വാങ് ചുക്കിന്റെ സമരവും പ്രസംഗങ്ങളുമാണ് സംഘര്‍ഷം ആളിക്കത്തിച്ചത് എന്നുമാണ് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്.

◾ രാജ്യവ്യാപക സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ചര്‍ച്ച നടത്താനുള്ള നിര്‍ദേശമുണ്ട്. പരിഷ്‌ക്കരണ തീയതി പ്രഖ്യാപിക്കും മുന്‍പ് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ആലോചന.

◾ അമേരിക്കയില്‍ ലൈംഗിക കുറ്റവാളിയായ 71കാരനെ ഇന്ത്യന്‍ വംശജന്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ താമസക്കാരനായ ഡേവിഡ് ബ്രിമ്മറിനെയാണ് വരുണ്‍ സുരേഷ് എന്ന ഇന്ത്യന്‍ വംശജന്‍ കൊലപ്പെടുത്തിയത്.ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും വരുണ്‍ സുരേഷ് കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു.

◾ കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മോശമായ ഇന്ത്യ - കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

◾ ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ എത്രയുംവേഗം ഉടമകള്‍ക്കോ അവകാശികള്‍ക്കോ മടക്കിനല്‍കുന്നതിന് നടപടിയെടുക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. അടുത്ത മൂന്നുമാസംകൊണ്ട് പരമാവധി പേര്‍ക്ക് മടക്കിനല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

◾ സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍സര്‍വേ അറിയിച്ചു.

◾ യുഎന്‍ ആസ്ഥാനത്ത് താന്‍ മൂന്ന് അനിഷ്ടസംഭവങ്ങള്‍ക്ക് ഇരയായെന്നും ഇക്കാര്യങ്ങള്‍ സീക്രട്ട് സര്‍വീസ് പരിശോധിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം.

◾ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായി. ദേവ്ദത്ത് പടിക്കലും അക്ഷര്‍ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് വ്യാഴാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ധ്രുവ് ജുറെല്‍ വിക്കറ്റ് കീപ്പറാകും.

◾ വില കുതിച്ചുയരുന്നതിനിടെ വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചില ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളി ആഭരണങ്ങളും മറ്റും രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതോടെയാണ് താല്ക്കാലികമായി ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരും. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വന്‍തോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം. നിയന്ത്രണ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മുതല്‍ 2025-26 ഏപ്രില്‍-ജൂണ്‍ വരെ നികുതി ഇളവ് ലഭിക്കുന്ന വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച.

◾ ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി. ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആറ് ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളുടെ പിന്തുണയോടെ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ഇതിനകം തന്നെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

◾ മലയാളത്തില്‍ തുടര്‍ച്ചയായ നൂറ് കോടി ക്ലബ്ബുമായി മോഹന്‍ലാല്‍. 'എമ്പുരാന്‍', 'തുടരും' എന്നീ സിനിമകള്‍ക്കു ശേഷം 'ഹൃദയപൂര്‍വ'വും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഇതാദ്യമായാകും ഒരു നടന്റെ മൂന്ന് സിനിമള്‍ ഒരേ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടുന്നത്. 'എമ്പുരാനും' 'തുടരും' സിനിമയും 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 268 കോടിയാണ് എമ്പുരാന്റെ ആകെ കലക്ഷന്‍. തുടരും നേടിയത് 235 കോടിയും. 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമയായും 'ഹൃദയപൂര്‍വം' മാറി. ''ഹൃദയപൂര്‍വ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ക്കൊപ്പം കണ്ണുനീര്‍ പൊഴിക്കുന്നതും കാണുന്നതും ശരിയ്ക്കും ഹൃദയസ്പര്‍ശിയായി തോന്നി. നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായി നന്ദിയുണ്ട്'' എന്നാണ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്. ചിത്രം നാളെ, സെപ്തംബര്‍ 26ന് ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

◾ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക  ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ജൂക്ക്ബോക്സും പുറത്തുവിട്ടു. ജേക്ക്സ് ബിജോയിയാണ് സംഗീത സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡ് 'ലോക' സ്വന്തമാക്കിയിരുന്നു. വിദേശ മാര്‍ക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓള്‍ ടൈം റെക്കോര്‍ഡ് ആഗോള ഗ്രോസര്‍ ആയി മാറിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ് എന്നിവരുമുണ്ട്.

◾ രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് എയ്സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി. 5.52 ലക്ഷം രൂപയാണ് വില. അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനോടൊപ്പം ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് ഏസ് ഗോള്‍ഡ് പ്ലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതനമായ ലീന്‍ നോക്സ് ട്രാപ്പ് സാങ്കേതികവിദ്യയാല്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതിനാല്‍ ഏസ് ഗോള്‍ഡില്‍ ഡീസല്‍ എക്സ്ഹോസ്റ്റ് ഫല്‍യിഡിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്ന് കമ്പനി പറയുന്നു. ഇത് അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തന ചെലവുകളുടെയും അളവ് ഗണ്യമായി കുറയ്ക്കുന്നു. 22പിഎസ് പവറും 55എന്‍എം ടോര്‍ക്കും നല്‍കുന്ന ടര്‍ബോചാര്‍ജ്ഡ് ഡികോര്‍ എഞ്ചിന്‍ നല്‍കുന്ന ഏസ് ഗോള്‍ഡ് പ്ലസ്, വൈവിധ്യമാര്‍ന്ന ബിസിനസ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ്. ഡീസല്‍, പെട്രോള്‍, സിഎന്‍ജി, ബൈഫ്യൂവല്‍, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്.

◾ 'നാടകസംബന്ധിയായ 47 പ്രൗഢപ്രബന്ധങ്ങള്‍. രംഗഭാഷയും ശരീരവും, നടനത്തിന്റെ നാനാര്‍ത്ഥം. നാട്യകലയുടെ നാള്‍വഴികള്‍, രംഗകല-വംശീയ-വൈദേശിക പാരസ്പര്യം. നാടകപൈതൃകം. മലയാളനാടകത്തിന്റെ ഗതിവിഗതികള്‍, സമകാല നാടകപ്രസ്ഥാനം. നടനഭൂമികയിലെ നവഭാവുകത്വം. ഭാഷാതിവര്‍ത്തിയായ അരങ്ങ്. ജനകീയതയുടെ രൂപകങ്ങള്‍, പരിസ്ഥിതിയും നാടകവും തുടങ്ങിയ വൈവിധ്യമേറിയ വിഷയങ്ങള്‍ക്കൊപ്പം ജി. ശങ്കരപ്പിള്ള, വയലാ വാസുദേവന്‍പിള്ള, എന്‍. കൃഷ്ണപിള്ള. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍. കാവാലം എന്നിവരുടെ സംഭാവനകളും വിലയിരുത്തപ്പെടുന്നു.' 'തിരഞ്ഞെടുത്ത നാടകപഠനങ്ങള്‍'. ഡോ. രാജാ വാര്യര്‍. ഡിസി ബുക്സ്. വില 522 രൂപ.

◾ ഇന്ന് ലോക ശ്വാസകോശ ദിനം. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ശ്വാസതടസമോ ചുമയോ തീവ്രമായ ശേഷമായിരിക്കും പലപ്പോഴും ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക. ഇത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 25നാണ് ഈ ദിനാചരണം. പാരമ്പര്യ ഘടകങ്ങള്‍ മുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വരെ, അലര്‍ജി മുതല്‍ അണുബാധ വരെ വിവിധ ഘടകങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ പരിശോധിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക നിരന്തരം ശ്വസിക്കല്‍, പുകവലിക്കാരുമൊപ്പമുള്ള സഹവാസം തുടങ്ങിയ കാരണങ്ങള്‍ സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശ രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. സ്ത്രീകളില്‍ ശ്വാസകോശ രോഗങ്ങള്‍ തീവ്രമാകാനുള്ള ഒരു പ്രധാന കാരണം. വൈകിയുള്ള രോഗനിര്‍ണയമാണ്. 30 വയസിന് ശേഷം എല്ലാ വര്‍ഷവും നടത്തേണ്ട പതിവ് രക്തപരിശോധനകള്‍ പോലെ ശ്വാസകോശ പരിശോധനകള്‍ നടത്തണം, പ്രത്യേകിച്ച് മലിനമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍. ഒരു ശരാശരി മനുഷ്യന്‍ പ്രതിദിനം 11,000 ലിറ്റര്‍ വായു ശ്വസിക്കുന്നു. ആ വായു തന്നെ വിഷലിപ്തമായാല്‍ നമ്മുടെ ശ്വാസകോശം സമ്മര്‍ദത്തിലാകും.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.68, പൗണ്ട് - 119.24, യൂറോ - 104.09, സ്വിസ് ഫ്രാങ്ക് - 111.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.47, ബഹറിന്‍ ദിനാര്‍ - 235.21, കുവൈത്ത് ദിനാര്‍ -290.29, ഒമാനി റിയാല്‍ - 230.63, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.81.
Previous Post Next Post
3/TECH/col-right