Trending

എം.കെ. മുനീർ എം.എൽ.എയുടെ ഗ്രാമയാത്രയ്ക്ക് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ മികച്ച പ്രതികരണം.

കിഴക്കോത്ത്: കൊടുവള്ളി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഡോ. എം.കെ. മുനീർ എം.എൽ.എ നടത്തുന്ന ‘ഗ്രാമയാത്ര’ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഗ്രാമയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനസഭ’യിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എം.എൽ.എയും ഉദ്യോഗസ്ഥരും നേരിട്ട് കേട്ടു.

പരാതികൾ പരിഹരിക്കുന്നതിനായി ജനസഭയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അപ്പോൾത്തന്നെ പരിഹാരങ്ങൾ നിർദ്ദേശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട തീർപ്പാക്കാത്ത പ്രശ്നങ്ങൾ, മണ്ഡലത്തിലെ വികസന വിഷയങ്ങൾ, സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ എന്നിവയെല്ലാം ജനങ്ങൾക്ക് പരാതിയായി സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ലഭിച്ച പരാതികളിൽ 20 എണ്ണത്തിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഹാരം കണ്ടെത്തി.

കൊടുവള്ളി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലേക്കുള്ള റോഡ് മഴ മാറിയാലുടൻ 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുമെന്നും, നിലവിൽ അനുവദിച്ചിട്ടുള്ള 3.40 കോടിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുമ്പോൾ കോളേജ് കാന്റീൻ നവീകരിക്കാനും സ്പോർട്സ് റൂം നിർമ്മിക്കാനും നടപടിയുണ്ടാകുമെന്നും എം.എൽ.എ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് നിർമ്മാണം പൂർത്തിയാവുമ്പോൾ വിദ്യാർത്ഥി സൗഹൃദമായിരിക്കുമെന്നും വിദ്യാർത്ഥികളുടെ സുഗമമായ സഞ്ചാരത്തിന് സൗകര്യമൊരുക്കുമെന്നും എം.ജെ.എച്ച്.എസ്.എസ് അധികൃതരുടെ  ചോദ്യത്തിന് മറുപടിയായി   അദ്ദേഹം അറിയിച്ചു. 

എളേറ്റിൽ വട്ടോളി ഗവ.യു.പി. സ്കൂളിന്റെ ചുറ്റുമതിൽ റോഡ് നവീകരണത്തിനായി പൊളിച്ചുമാറ്റുമ്പോൾ പരമായധി സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് പുനസ്ഥാപിച്ചു നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. താമരശ്ശേരി, കൊടുവള്ളി പി.ഡബ്ല്യു.ഡി. ഡിവിഷനുകളുടെ കീഴിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പി.ഡബ്ല്യു.ഡിയുടെ മുൻകൂർ അനുമതി ആവശ്യമുള്ള നിയമം ഭേദഗതി ചെയ്യുന്നതിനും അങ്കണവാടി പ്രവർത്തകരും കർഷകരും നേരിടുന്ന പ്രശ്‌നങ്ങളും നിയമസഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ഗ്രാമയാത്രയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി (Unique Disability ID) കാർഡുകൾ വിതരണം ചെയ്തു. കൂടാതെ, പപ്പട ഡ്രയർ മെഷീൻ നിർമ്മിച്ച് പേറ്റന്റ് നേടിയ താഹിർ എം.വി.യെ ചടങ്ങിൽ അനുമോദിച്ചു.
Previous Post Next Post
3/TECH/col-right