◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശിയെന്നും, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാര്‍ഡില്‍ സവര്‍ക്കറെ മുകളില്‍ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
◾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടില്‍ രാജ്ഭവന് അതൃപ്തി. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഗവര്‍ണര്‍ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങിന് പ്രസക്തിയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്.
◾ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആര്‍ അജിത് കുമാര്‍ പ്രതിയായ വിജിലന്‍സ് കേസിലെ വിധിയില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആര്‍എസ്എസുമായുള്ള പാലമാണ് അജിത് കുമാറെന്നും അതുകൊണ്ടാണ് അജിത് കുമാറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. നാഗരാജ് പറഞ്ഞു. കേസില്‍ അന്വേഷണം നടത്താതെയാണ് എംആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ആരോപണം.
◾ എസ്സിഇആര്‍ടിയുടെ സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചത്. അധ്യാപകര്‍ തന്നെ ഇക്കാര്യം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കി.
◾ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പി.പി. ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേസ് പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി.
◾ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഡല്‍ഹിയിലുള്ള വീട്ടിലേക്കാണ് സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സഹോദരനൊപ്പം എത്തിയത്.
◾ സാങ്കേതിക സര്‍വ്വകലാശാല ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വൈസ് ചാന്‍സലര്‍ ശിവ പ്രസാദ്. വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം കൈമാറിയതിനാണ് നോട്ടീസ് നല്‍കിയത്. നിര്‍ദേശം നല്‍കേണ്ടത് രജിസ്ട്രാര്‍ ആണെന്നാണ് വിസിയുടെ വാദം.
◾ എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണ്ണുത്തി - ഇടപ്പള്ളി പാതയില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 15 മണിക്കൂറുകള്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും ആശുപത്രി, വിവാഹ, മരണച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ളവരും ഉള്‍പ്പെടെ നടുറോഡില്‍ കുടുങ്ങി. രോഗികളും ബ്ലോക്കില്‍ വലയുകയാണ്. ഇന്നലെ രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത്, സര്‍വീസ് റോഡില്‍ മരംകയറ്റിവന്ന ഒരു ലോറി കുഴിയില്‍ വീണശേഷം മറിഞ്ഞിരുന്നു. ലോറി അപകടത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.
◾ പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി സാര്‍ ഉള്ളപ്പോള്‍ സഹായിച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ടെന്നും എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾ സ്വാതന്ത്ര്യദിനത്തില്‍ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് രാഖി കെട്ടണമെന്ന ചൈല്‍ഡ് ഡെവല്പ്മെന്റ് പ്രോജക്ട് ഓഫീസറുടെ നിര്‍ദ്ദേശത്തെ ചൊല്ലി വിവാദവും പ്രതിഷേധവും. സന്ദേശം അയച്ച സിഡിപിഒ ജ്യോതിഷ് മതിക്കെതിരെ നടപടി ആവശ്യപ്പെട്ട് വര്‍ക്കല ഐസിഡിഎസ് ഓഫിസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ് സന്ദേശം അനുസരിച്ച് വര്‍ക്കല ബ്ലോക്കിന് കീഴിലെ അങ്കണവാടികളില്‍ ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍ അടക്കം കുട്ടികള്‍ക്ക് രാഖി കെട്ടി.
◾ തൃശ്ശൂര്‍ മുരിങ്ങൂരില്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അടിപ്പാത നിര്‍മ്മാണം നടക്കുന്ന പാതയുടെ സര്‍വീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിവച്ചിരുന്നു. സുപ്രീംകോടതിയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുരുക്കഴിക്കാന്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.
◾ താമരശ്ശേരിയിലെ നാലാംക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
◾ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തില്‍ കോട്ടയം സ്വദേശിയായ ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ ആലുവ എടത്തല പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദേശീയപാതകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് പരാതി. ഇന്ത്യ എന്റെ രാജ്യമല്ലെന്ന തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് എന്നാണ് പരാതി.
◾ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ തീവ്രത കൂടിയും കുറഞ്ഞും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദം ആന്ധ്രാ, ഒഡിഷ, ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ, വടക്കന്‍ ജില്ലകളിലും മലയോര മേഖലയിയിലും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുന്നുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.
◾ ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന നടത്തും. എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
◾ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നാളെ രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.
◾ അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോന്‍. സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണമെന്നും ഇനിയും വൈകരുതെന്നും അതിജീവിത അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. പോസിറ്റീവായ മാറ്റമാണ് അമ്മയില്‍ ഉണ്ടായതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. ഇറങ്ങി പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞു തിരിച്ചു കൊണ്ടുവരേണ്ടത് സംഘടനയാണെന്നും അത് അവര്‍ ചെയ്യുമെന്ന് കരുതുന്നുവെന്നും എന്തു പിന്തുണയാണ് അതിജീവിതയ്ക്കും ഇറങ്ങിപ്പോയവര്‍ക്കും ഇതുവരെ സംഘടന നല്‍കിയത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ദീദി വിമര്‍ശിച്ചു.
◾ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ വിനയന്‍. ഭാരവാഹികളെ കണ്ടെത്താന്‍ വേണ്ടി നടന്ന തിരഞ്ഞെടുപ്പ് ഒരുതരത്തിലും ജനാധിപത്യപരമായിരുന്നില്ലെന്നും കാഴ്ചയില്‍ ജനാധിപത്യപരമെന്നു തോന്നുമെങ്കിലും അധികാരം നിലനിര്‍ത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ തന്നെയാണ് നടന്നതെന്നും തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും വിനയന്‍ പറയുന്നു.
◾ അമ്മ'യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്ന് നടി ഭാവന. 'അമ്മ'യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താന്‍ അമ്മയില്‍ അംഗമല്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.
◾ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ഫോണില്‍ വിളിച്ചെന്ന് പറയുന്ന പൊലീസുകാരനെ കണ്ടെത്താന്‍ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാര്‍ച്ചിനിടെ ജലപീരങ്കി തുടര്‍ച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരന്‍ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പ്രസംഗിച്ചത്. ശോഭാ സുരേന്ദ്രന്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിന്റെ രഹാസ്യാന്വേഷണം.
◾ സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ചിനിടെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരനെ കണ്ടെത്താന്‍ ബിജെപി അന്വേഷണം തുടങ്ങി. മാസ്‌ക് ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജസ്റ്റിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബിജെപി നേതാക്കളുടെ പക്കലുണ്ട്. ബിജെപി നേതാവിനെ തന്നെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം അനുഭാവിയാണെന്നാണ് സൂചന.
◾ ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും പക്ഷേ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണെന്നും അവര്‍ പറഞ്ഞു.
◾ കവടിയാറില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയര്‍ വീണ്ടും തട്ടിപ്പുകാരുടെ കെണിയില്‍പെട്ടു. പന്ത്രണ്ടേമുക്കാല്‍ കോടി രൂപയാണ് ഇത്തവണ നഷ്ടമായത്. പരാതിയുമായി വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കവടിയാര്‍ സ്വദേശി ഡാനിയേല്‍. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് ആദ്യം മൂന്നരക്കോടി തട്ടിയെടുത്തത്.
◾ കോഴിക്കോട് വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്.
◾ വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാല്‍മുഖം സ്വദേശി രാഹുല്‍ വിജയനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ക്ഷേത്ര പരിസരം പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്.
◾ ബെംഗളൂരു നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. നഗരത്പേട്ടയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് എന്നയാളുമാണ് മരിച്ചത്. നഗരത്പേട്ടയിലെ കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ വിത്സന്‍ ഗാര്‍ഡനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു.
◾ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയില്‍ ഓസ്‌ട്രേലിയാക്കായി കളിച്ച സിംപ്സണ്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ച അവസാനിച്ചു. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാല്‍ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടന്‍ സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ ഇസാഫ് ബാങ്കിന്റെ ജബല്‍പൂര്‍ ശാഖ കൊള്ളയടിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞെന്ന് ജബല്‍പൂര്‍ പൊലീസ്. റെയിസ് സിങ്ങ് എന്ന ജബല്‍പൂര്‍ സ്വദേശിയാണ് കൊള്ള ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. കൊള്ള നടന്ന ഇസാഫ് ബാങ്കിന് സമീപം വീട് വാടകക്കെടുത്താണ് ഇയാള്‍ കൊള്ള ആസൂത്രണം ചെയ്തത്. ഇയാള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഏഴു പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറയുന്നു.
◾ മുംബൈയിലെ ജെജെ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയായ ബംഗ്ലാദേശി വനിതയെ കാണാതായി. റുബിന ഇര്‍ഷാദ് ഷെയ്ഖ് എന്നാണ് കാണാതായ സ്ത്രീയുടെ പേര്. ഇവര്‍ക്ക് 25 വയസാണ് പ്രായമെന്ന് മുംബൈ പൊലീസ് പറയുന്നു. ഓഗസ്റ്റ് ഏഴിന് മുംബൈയിലെ വാഷിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഇന്ത്യന്‍ പാസ്പോര്‍ട്ടായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
◾ പരംസുന്ദരി എന്ന ചിത്രത്തിനെതിരെ ക്രിസ്ത്യന്‍ സംഘടന. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പള്ളിയിലെ റൊമാന്‍സ് രംഗങ്ങള്‍ക്ക് എതിരെ വാച്ച്ഡോഗ് ഫൗണ്ടേഷന്‍ എന്ന ഒരു ക്രിസ്ത്യന്‍ സംഘടനയാണ് രംഗത്തെത്തിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ ശക്തമായ പ്രതിഷേധം അറിയിച്ച സംഘടന ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
◾ മുന്‍ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാന്‍ തുടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് വിജയിച്ചാല്‍, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുന്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, 'എനിക്ക് എന്റെ മുന്‍ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാന്‍ തുടങ്ങേണ്ടി വരുമെന്ന്' ട്രംപ് പ്രതികരിച്ചു.
◾ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിച്ചതാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി പ്ലാറ്റ്‌ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ 2 രൂപയായിരുന്നു ഫീസ് 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ന്നു, 2024 ഒക്ടോബറില്‍ 10 രൂപയായി ഉയര്‍ന്നു, ഇപ്പോള്‍ ഇത് 14 രൂപയായി. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 600 ശതമാനം വര്‍ധനവാണ് കമ്പനി വരുത്തിയിട്ടുള്ളത്. നിലവില്‍ സ്വിഗ്ഗി പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് കൈകാര്യം ചെയ്യുന്നത്. നിരക്ക് വര്‍ധിക്കുന്നതിലൂടെ ഈ ഫീസ് ഇനത്തില്‍ നിന്നുള്ള ദൈനംദിന വരുമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുക. സ്വിഗ്ഗിയെ കൂടാതെ സൊമാറ്റോയും തിരക്കേറിയ സമയങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിക്കാറുണ്ട്. ഇത്തരം വര്‍ധനവുകള്‍ക്ക് ശേഷം ഓര്‍ഡര്‍ കുറയുന്ന സമയങ്ങളില്‍ ഫീസില്‍ മാറ്റങ്ങള്‍ വരുത്താറില്ല.
◾ ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ വാങ്ങാന്‍ 34.5 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് പെര്‍പ്ലെക്‌സിറ്റി എ.ഐ. ഇന്ത്യക്കാരനായ കമ്പ്യൂട്ടര്‍ സയന്റിസ്റ്റും സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള പെര്‍പ്ലെക്സിറ്റി എ.ഐയുടെ തലവന്‍. ഏകദേശം മൂന്ന് ലക്ഷം കോടിയിലേറെ രൂപയോളം വരുമിത്. ഈ തുക പെര്‍പ്ലെക്‌സിറ്റിയുടെ മൂല്യത്തിന്റെ ഇരട്ടി വരും. മൂന്ന് വര്‍ഷം മുമ്പാണ് പെര്‍പ്ലെക്‌സിറ്റി എ.ഐ ആരംഭിച്ചത്. ഓണ്‍ലൈന്‍ സെര്‍ച്ചിങ് ആധിപത്യത്തിനെതിരെ അമേരിക്കയില്‍ ഗൂഗ്ളിനെതിരെ നിയമ സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഓഫര്‍ വരുന്നത്. ഇത് ക്രോമിനെ പുതിയ ഉടമസ്ഥതയിലേക്ക് നിര്‍ബന്ധിതരാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ക്രോം ഏറ്റെടുത്താല്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പെര്‍പ്ലെക്‌സിറ്റി അവകാശപ്പെടുന്നു. വന്‍തോതിലുള്ള സെര്‍ച്ച് ട്രാഫിക്കിലേക്കും ഉപയോക്തൃ ഡാറ്റയിലേക്കുമുള്ള കവാടം കൂടിയാണിത്. ഗൂഗ്ളുമായുള്ള ഇടപാടിനായി പെര്‍പ്ലെക്‌സിറ്റി എ.ഐ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ നയന്‍താരയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്ന മലയാള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കോമഡി രംഗങ്ങളോടൊപ്പം ദുരൂഹതയും നിറഞ്ഞ കഥയാണ് ചിത്രത്തിനുള്ളതെന്ന് ടീസര്‍ സൂചന നല്‍കുന്നു. നിവിന്‍ പോളിയുടെ കഥാപാത്രമായ ഹരി, ഒരു റെസ്റ്റോറന്റ് ഉടമയാണ്. ഹരിയും നയന്‍താരയുടെ കഥാപാത്രവും തമ്മിലുള്ള തമാശ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഹരി തന്റെ മടിയില്‍ ഇരിക്കാന്‍ നയന്‍താര ആവശ്യപ്പെടുന്നതോടെ നര്‍മ്മ രംഗങ്ങള്‍ പുതിയ വഴിത്തിരിവിലെത്തുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ കഥയിലേക്കാണ് ടീസര്‍ വിരല്‍ ചൂണ്ടുന്നത്. നയന്‍താരയും നിവിനും ആക്ഷന്‍ രംഗങ്ങളിലും തിളങ്ങുന്നത് ടീസറില്‍ കാണാം. നയന്‍താര ഒരു പോലീസ് ഓഫീസറാണെന്ന് കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ വിനീത് ജെയിനും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പുറമേ പുതിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
◾ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച 'കേസ് ഡയറി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേഷമാണ് അഷ്‌ക്കര്‍ സൗദാന്‍ അവതരിപ്പിക്കുന്നത്. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജേതാവായ വിജയരാഘവന്‍ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. കണ്ണന്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുല്‍ മാധവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റിയാസ് ഖാന്‍, സാക്ഷി അഗര്‍വാള്‍, നീരജ, അമീര്‍ നിയാസ്, ഗോകുലന്‍, കിച്ചു ടെല്ലസ്, ബാല, മേഘനാഥന്‍, ബിജുകുട്ടന്‍ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രം ഓഗസ്റ്റ് 21ന് തീയേറ്ററുകളിലെത്തും. വിഷ്ണു മോഹന്‍സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, എസ്. രമേശന്‍ നായര്‍, ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി.
◾ ഇന്ത്യയിലെ ജനപ്രിയ എസ്യുവി ബ്രാന്‍ഡായ മഹീന്ദ്ര തങ്ങളുടെ 7 സീറ്റര്‍ എക്സ്യുവി700 എസ്യുവിക്ക് ഓഗസ്റ്റില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഈ കാറിനൊപ്പം ആക്‌സസറികള്‍ക്ക് 50,000 രൂപ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കാഷ്, ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് എ, കോര്‍പ്പറേറ്റ് ബി തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 14.49 ലക്ഷം മുതല്‍ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്യുവിയുടെ എക്‌സ്-ഷോറൂം വില. ഈ എസ്യുവിയുടെ എല്ലാ 5 സീറ്റര്‍ വേരിയന്റുകളും കമ്പനി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ ഇത് 7 സീറ്റര്‍ വേരിയന്റില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. 200എച്പി പവറും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 155എച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനും എക്സ്യുവി700 ല്‍ ലഭിക്കുന്നു. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എഞ്ചിനില്‍ മാത്രമേ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉള്ളൂ.
◾ ആകാംക്ഷാഭരിതമായ വായന സമ്മാനിക്കുന്ന കുറ്റാന്വേഷണ നോവല്‍. കൊലപാതകവും കവര്‍ച്ചയും പിന്നീട് പ്രതികളും തൊണ്ടിമുതല്‍ കണ്ടെത്തുന്നതുമായ സാധാരണരീതികളൊക്കെ വിട്ട് വിചിത്രമായ സംഭവങ്ങളും അന്വേഷണഗതികളും അവതരിപ്പിക്കുന്ന കൃതി. ക്രിമിനല്‍ പ്രവൃത്തികളെ കേന്ദ്രീകരിച്ചുള്ള സ്ഥലവിവരണങ്ങളൊട്ടുമില്ലാത്ത സര്‍ഗാത്മക ലാവണ്യമുള്ള നോവല്‍. 'മൂന്നാം യാമം'. ഏഴിലോട് ബാലകൃഷ്ണന്‍. കൈരളി ബുക്സ്. വില 285 രൂപ.
◾ ഗര്‍ഭകാലത്ത് അമ്മമാര്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുഞ്ഞിന് ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയ നാഡീ സംബന്ധ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ മരുന്നുകള്‍ പൊതുവെ സുരക്ഷിതമെന്നാണ് കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് തലവേദന, പനി, വേദന എന്നിവ കൈകാര്യം ചെയ്യുന്നതിന് പാരസെറ്റമോള്‍ അഥവാ അസറ്റാമിനോഫെന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രസവത്തിന് മുന്‍പുള്ള അസറ്റാമിനോഫെന്‍ ഉപയോഗം ഓട്ടിസത്തിന്റെയും എഡിഎച്ച്ഡിയുടെയും അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസിലെ മൗണ്ട് സിനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തില്‍ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത 46 പഠനങ്ങളെ ഗവേഷകര്‍ വിശകലനം ചെയ്ത പുതിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. പാരസെറ്റമോള്‍ ഗര്‍ഭിണികളില്‍ പ്ലാസന്റല്‍ പാളിക്കുള്ളിലേക്ക് കടക്കുകയും ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദത്തിന് കാരണമാകുകയും ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തെ തടസ്സപ്പെടുത്തുന്ന എപ്പിജെനെറ്റിക് (ജീന്‍ സ്വഭാവം നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങള്‍ക്ക് കാരണമാകുന്നു) മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തേക്കാം എന്ന് ഗവേഷകര്‍ വിശദീകരിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.65, പൗണ്ട് - 118.64, യൂറോ - 102.35, സ്വിസ് ഫ്രാങ്ക് - 108.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.96, ബഹറിന്‍ ദിനാര്‍ - 232.50, കുവൈത്ത് ദിനാര്‍ -286.67, ഒമാനി റിയാല്‍ - 227.96, സൗദി റിയാല്‍ - 23.36, യു.എ.ഇ ദിര്‍ഹം - 23.83, ഖത്തര്‍ റിയാല്‍ - 24.08, കനേഡിയന്‍ ഡോളര്‍ - 63.28.
➖➖➖➖➖➖➖➖
Tags:
KERALA