Trending

സായാഹ്ന വാർത്തകൾ

◾  സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി സുപ്രീം കോടതി രൂപവത്കരിക്കും. സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ കൈമാറാന്‍ കേരള സര്‍ക്കാരിനോടും ചാന്‍സലറായ ഗവര്‍ണറോടും സുപ്രീംകോടതി നിര്‍ദേശിച്ചു. യുജിസി ചട്ടങ്ങള്‍ പ്രകാരം താനാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍, സര്‍വകലാശാല ആക്ട് പ്രകാരം തങ്ങളാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്ന നിലപാട് കേരളവും സ്വീകരിച്ചു. ഇതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണം ഏറ്റെടുക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. പ്രശ്നം പരിഹരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. വി.സി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

◾  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. തുടര്‍ന്ന് പൊലീസ് രണ്ട് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.

◾  75000 വോട്ടിന് സുരേഷ് ഗോപി ജയിച്ചതിന്റെ ചൊരുക്കം കലിപ്പും ഇപ്പോഴും തീര്‍ന്നിട്ടില്ലെന്ന് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പണിയെടുത്താണ് ജയിച്ചതെന്നും അഞ്ചുകൊല്ലം മുമ്പ് തോറ്റ് പോയ സുരേഷ് ഗോപി ഇവിടെത്തന്നെ നിന്നു പ്രവര്‍ത്തിച്ചുവെന്നും 2029 ലും 2034ലും സുരേഷ് ഗോപി തന്നെ ജയിക്കുമെന്നും കുറുനരികള്‍ കുരച്ചു കൊണ്ടിരുന്നാലും ഗജവീരന്‍ നെറ്റിപ്പട്ടം കെട്ടി തന്നെ നില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾  ചെറിയൊരു ഇടവേളക്കു ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍  സ്വീകരിച്ചു. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോയത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങള്‍ക്കൊചുവില്‍ ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് മാത്രം സുരേഷ്ഗോപി പ്രതികരിച്ചു.  വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.

◾  തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 10 കൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ഇലക്ഷന്‍ കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനില്‍ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശ്ശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടെന്നാണ് അനില്‍ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്.

◾  വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍. ചേറൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സന്‍ ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചു. അതേസമയം തൃശൂരില്‍ ഇന്നലെ നടന്ന സിപിഎം, ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തത്. കല്ലേറില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

◾  വോട്ട് കൂട്ടാന്‍ മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെ ബിജെപി നേതാക്കള്‍ പലരും തൃശ്ശൂരിലെ പട്ടികയില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തിന്റെ പുറത്തുള്ള ബന്ധുക്കളെയും തൃശൂരിലെ പട്ടികയില്‍ ചേര്‍ത്തു എന്നാണ് വിവരം. മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാരെ സ്വന്തം വീടിന്റെ മേല്‍വിലാസത്തിലാണ് ബിജെപി കൗണ്‍സിലര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്.

◾  ഗവണ്‍മെന്റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വര്‍ദ്ധിപ്പിക്കുന്നത്.

◾  മനുഷ്യക്കടത്തും നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ തൃപ്തരാണെന്നും  കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നല്‍കിയതെന്നും കുടുംബം വ്യക്തമാക്കി.

◾  രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണം ജനങ്ങളെ ആകെ ഞെട്ടിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിരിക്കുന്നു എന്നും നരേന്ദ്ര മോദിയും അമിത്ഷായും ഭരിക്കുമ്പോള്‍ നിഷ്പക്ഷമായി ഒരു തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം ഞങ്ങള്‍ അന്ന് പറഞ്ഞുവെന്നും പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് കേട്ടില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

◾  സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.കേരഫെഡ് വെളിച്ചെണ്ണയുടെ എംആര്‍പി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ലെറ്റുകളില്‍ 457 രൂപയ്ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചു. ആദ്യം ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും, അത് നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


◾  താല്‍കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

◾  മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സി. പി. എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തു. ജി. സുധാകരന്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി. പി. എം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു. മിഥുനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മിഥുന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾  മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സബ് കോടതി തള്ളി. സംഘടനയുടെ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രികകള്‍ അയോഗ്യത കല്‍പ്പിച്ച് വരണാധികാരി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

◾  തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പില്‍ പ്രത്യേക അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ രണ്ട് വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ള രണ്ടര കോടിയുടെ തട്ടിപ്പാണ് പുറത്ത് വന്നത്.

◾  ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

◾  നിര്‍ധനരായ രോഗികള്‍ക്ക് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക റോബോട്ടിക് സര്‍ജറി സൗജന്യമായി നല്‍കുമെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികള്‍ക്ക് എല്‍ഐസി ഇന്ത്യയുമായി ചേര്‍ന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നല്‍കുന്നത്.

◾  തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയുടെ ഉദ്ഘാടന ശിലാഫലകം തകര്‍ത്ത കോര്‍പറേഷന്‍ നടപടിക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്. ഇന്നലെ രാത്രിയോടെ കോര്‍പ്പറേഷന്‍ വണ്ടിയെത്തി ശിലാഫലകം ഇടിച്ച് തകര്‍ക്കുകയായിരുന്നു. അരിസ്റ്റോ റോഡിന്റെ ആദ്യ ഉദ്ഘാടനം ഈ മാസം ആറാം തീയതിയാണ് നടന്നത്. ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നാലെ ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റോഡിന്റെ രണ്ടാം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

◾  വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കള്ള വോട്ടിനെതിര വിഡിയോയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ടും, അവകാശങ്ങളും, സ്വത്വവും മോഷ്ടിക്കപ്പെട്ടേക്കാമെന്നാണ് രാഹുല്‍ഗാന്ധി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.  വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ മറ്റുചിലര്‍ വോട്ട് ചെയ്ത് മടങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പ്രായമായവരുടെയും സ്ത്രീകളുടെയും വോട്ട് പോലും ബിജെപി പ്രവര്‍ത്തകര്‍ പോള്‍ചെയ്യുകയാണെന്നും വോട്ടിങ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശമാണ് വീഡിയോ നല്‍കുന്നത്.

◾  ബിഹാറില്‍ വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. ബിഹാറിലെ സിവാന്‍ ജില്ലാ കളക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടര്‍ പറയുന്നത്. ഇത് വാര്‍ത്തയാവും മുമ്പ് പരിഹരിച്ചെന്നും കളക്ടര്‍ പറയുന്നു. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് മിന്‍ത ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്കിയതാണെന്നും മിന്‍ത ദേവി പറഞ്ഞു.

◾  ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ ഏറ്റുമുട്ടല്‍. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. പ്രദേശത്ത് കനത്ത തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു.

◾  പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്.

◾  ധര്‍മ്മസ്ഥലയിലെ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന. പതിമൂന്നാം പോയിന്റിലും പുതിയ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അന്വേഷണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

◾  കര്‍ണാടകയില്‍ കര്‍വാര്‍ എഎല്‍എ എംഎല്‍എ.യുടെ വീട്ടില്‍ ഇഡി റെയ്ഡ്. കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ വീട്ടിലാണ് പരിശോധന. ഇന്ന് രാവിലെ 25 അംഗ ഇഡി സംഘമാണ് കര്‍വാറിലെ വീട്ടില്‍ റെയ്ഡിന് എത്തിയത്. എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലാണ്.

◾  ബംഗ്ലാദേശില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്ലീച്ച് ചെയ്തതും അല്ലാത്തതുമായ ചണം തുണിത്തരങ്ങള്‍, കയറുകള്‍, ചണ നൂലുകള്‍, ചാക്കുകള്‍ തുടങ്ങിയവ കര അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം പുറത്തിറക്കി

◾  ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലെക്ക് പോകും. ഇതിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ്  പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കന്‍ ഭരണകൂടത്തെ ഇതുവരെ സമീപിച്ചിട്ടില്ല.

◾  ബിസിസിഐ പ്രസിഡന്റായി റോജര്‍ ബിന്നി അഞ്ച് വര്‍ഷം കൂടി തുടര്‍ന്നേക്കും. പുതിയ സ്‌പോര്‍ട്‌സ് ബില്‍ പ്രകാരം സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരുടെ പ്രായപരിധി 75 ആക്കിയതാണ് ബിന്നിക്ക് നേട്ടമായത്. പക്ഷ, സെപ്റ്റംപറില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

◾  പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് 2025ലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള അര്‍ധവാര്‍ഷിക ഫലം പുറത്തുവിട്ടു. ആദ്യ പകുതിയില്‍ 36,000 കോടി രൂപയുടെ വരുമാനം നേടി. 9.9 ശതമാനം വളര്‍ച്ചയോടെ 1,200 കോടി രൂപയുടെ ലാഭവും കമ്പനി സ്വന്തമാക്കി. ഇ-കൊമേഴ്‌സ് രംഗത്തെ മികച്ച വളര്‍ച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 5,037 കോടി രൂപയുടെ നേട്ടത്തോടെ 3.5 ശതമാനം വളര്‍ച്ച ലുലു പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സില്‍ നിന്ന് നേടി. റീട്ടെയ്ല്‍ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലില്‍ നിന്നാണ്. 952 കോടി രൂപയുടെ നേട്ടത്തോടെ 43.4 ശതമാനം വളര്‍ച്ചാനിരക്ക് ഇ-കൊമേഴ്‌സിനുണ്ട്. യു.എ.ഇയില്‍ 9.4 ശതമാനം വളര്‍ച്ച നേടാന്‍ ലുലുഗ്രൂപ്പിനായി. സൗദി അറേബ്യയില്‍ 3.8 ശതമാനവും കുവൈത്തില്‍ 4.9 ശതമാനവും വളര്‍ച്ച ലുലുവിനുണ്ട്. നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക.  ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. ഒരു മില്യണ്‍ പുതിയ അംഗങ്ങളോടെ 7.3 മില്യണ്‍ പേര്‍ ഹാപ്പിനെസ് പ്രോഗ്രാമില്‍ അംഗങ്ങളായി.

◾  ഇന്‍സ്റ്റഗ്രാമിന് സമാനമായി ഓഡിയോ ഉപയോഗിച്ച് മോഷന്‍ പിക്ചറുകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.25.22.29-ല്‍ മോഷന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണ്. ഗാലറിയില്‍ നിന്ന് ഫോട്ടോ തെരഞ്ഞെടുക്കുമ്പോള്‍, മുകളില്‍ വലത് ഭാഗത്ത് ഒരു പുതിയ ഓപ്ഷന്‍ കാണാന്‍ സാധിക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നത്. ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്യുന്നത് ഒരു സ്റ്റില്‍ ഇമേജിനെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ കഴിയുന്ന ഒരു മോഷന്‍ പിക്ചറാക്കി മാറ്റാന്‍ നിങ്ങളെ അനുവദിക്കും. ഫീച്ചറില്‍ ഒരു പ്ലേ ബട്ടണും ഉള്‍പ്പെടും, ഇത് ഒരു മോഷന്‍ പിക്ചറാണെന്ന് മനസിലാക്കാനാണ്. ഫീച്ചറില്‍ ഓഡിയോ ചേര്‍ക്കാനും സൗകര്യമുണ്ട്. സാംസങ്, ഗൂഗിള്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ചില മിഡ്-റേഞ്ച് മോഡലുകളിലും ഈഫീച്ചര്‍ ഇതിനകം ലഭ്യമാണ്. വാട്സ്ആപ്പ് ഈ ഫീച്ചര്‍ നേരിട്ട് ആപ്പിലേക്ക് ചേര്‍ക്കുന്നു.

◾  റിനോയ് കല്ലൂര്‍ - അശ്വിന്‍ ജോസ് സിനിമയായ 'ഒരു റൊണാള്‍ഡോ ചിത്ര'ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നു പാടിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'മേലേ മാനത്ത് നീയേ മടിയില്‍...' എന്ന ഗാനത്തിന് ജോ പോള്‍ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു. നാല് കുഞ്ഞന്‍ സിനിമകള്‍ കോര്‍ത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയില്‍ സങ്കീര്‍ത്തനങ്ങള്‍, വസൂരി, മൈ ബാല്‍ക്കണി, ടോമി എന്നീ ഷോര്‍ട്ട് ഫിലിമുകളാണുള്ളത്. ചൈതന്യ പ്രകാശാണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്. മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ഇന്ദ്രന്‍സ് പി.കെ അരവിന്ദന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരിക്കുന്നു. ലാല്‍, അല്‍ത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോന്‍, മേഘനാഥന്‍, പ്രമോദ് വെളിയനാട്, സുനില്‍ സുഗത, കലാഭവന്‍ റഹ്‌മാന്‍, മിഥുന്‍ എം ദാസ്, തുഷാര പിള്ള, മാസ്റ്റര്‍ ദര്‍ശന്‍ മണികണ്ഠന്‍, റീന മരിയ, അര്‍ജുന്‍ ഗോപാല്‍, വര്‍ഷ സൂസന്‍, കുര്യന്‍, സുപര്‍ണ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

◾  പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ കൗതുകകരമായി ഉപയോഗിച്ച് മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നല്‍കിയ 'ഒരു മുത്തം തേടി' എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്. എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് 1999 ലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഹസത്തിലൂടെ ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരെയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്ന്‍മെന്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിബിന്‍ അശോകാണ് പുതിയ വേര്‍ഷന്റെ മ്യൂസിക് ഡയറക്ടര്‍. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു.

◾  ഇരുചക്രവാഹന നിര്‍മ്മാതാക്കലായ ജാവ യെസ്ഡി മോട്ടോള്‍ സൈക്കിള്‍സ് ഇന്ത്യയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2.10 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. നിരവധി മാറ്റങ്ങളുമായാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയത്. മെക്കാനിക്കല്‍ വശങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എന്‍ജിനാണ് പുതിയ റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. 29.6 ബിഎച്പി, 29.9 എന്‍എം എന്നിങ്ങനെ പീക്ക് പവറും ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ് ഇതിന്റ എന്‍ജിന്‍. ഡിസൈനിലും ഹാര്‍ഡ്വെയറിലും മുമ്പത്തെ പതിപ്പിന്റെ അതേ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്ന ഇതില്‍ 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും 240 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്. സ്ഥിരതയ്ക്കും സുഖസൗകര്യങ്ങള്‍ക്കുമായി ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും ഡ്യുവല്‍ റിയര്‍ ഷോക്കുകളും കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്.

◾  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും കേരളമുഖ്യമന്ത്രിയും എഴുത്തുകാരനുമായിരുന്ന സി. അച്യുതമേനോന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനുബന്ധമായി സി. അച്യുതമേനോന്‍ എന്ന അച്ഛനെ അടയാളപ്പെടുത്തുന്ന മകന്റെ ഓര്‍മ്മയും. കേരളം കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഓര്‍മ്മകളും അനാവരണം ചെയ്യുന്ന ജീവിതകഥ. 'മറക്കാത്ത അനുഭവങ്ങള്‍'. സി. അച്യുതമേനോന്‍. മാതൃഭൂമി. വില 331 രൂപ.

◾  രാവിലെ മാത്രം പല്ലുകള്‍ ബ്രഷ് ചെയ്യുന്നവരെ അപേക്ഷിച്ച് രാത്രിയിലും ബ്രഷ് ചെയ്യുന്നവരുടെ ഹൃദയാരോഗ്യം മെച്ചപ്പെട്ടതാണെന്ന് പഠനം. രാത്രിയില്‍ ബ്രഷ് ചെയ്യുന്നത് ശരീരത്തെ ഏറ്റവും ദുര്‍ബലമായ സമയങ്ങളില്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സമീപകാലത്ത് നടന്ന ഒരു ജാപ്പനീസ് പഠനത്തില്‍ വായില്‍ തങ്ങി നില്‍ക്കുന്ന ബാക്ടീരിയകള്‍ ഹൃദയത്തിലെത്തുകയും അത് വീക്കം ഉണ്ടാക്കുകയും അതിലൂടെ ഹൃദയാഘാത സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. രാത്രി കാലങ്ങളില്‍ വായിലെ ഉമിനീര്‍ സ്രവണം കുറയുകയും വായ വരണ്ടതാവുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ പെരുകാന്‍ കാരണമാകും. മോണയില്‍ രക്തസ്രാവമുള്ളവരോ പീരിയോണ്ടല്‍ രോഗമുള്ളവരോ ആയവരില്‍, ഈ ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് നുഴഞ്ഞുകയറും. ഒരിക്കല്‍ അവിടെ എത്തിയാല്‍, അവ വിട്ടുമാറാത്ത വീക്കം അല്ലെങ്കില്‍ എന്‍ഡോകാര്‍ഡിറ്റിസ് (ഹൃദയത്തിന്റെ ആന്തരിക പാളിയിലെ അണുബാധ) പോലുള്ള ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകും. വായുടെ ശുചിത്വം പാലിക്കാത്ത ആളുകള്‍ക്ക് രക്തത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബാക്ടീരിയ ഇതിനകം തന്നെ ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവരില്‍ കൂടുതല്‍ ഗുരുതരമായ ഹൃദയസംബന്ധമായ സംഭവങ്ങള്‍ക്ക് ഇത് ഒരു ട്രിഗര്‍ ആയിരിക്കാം. രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് ഈ ബാക്ടീരിയയുടെ പങ്ക് കുറയ്ക്കുമെങ്കിലും രാത്രി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. രാത്രി ബ്രഷ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഭക്ഷണ കണികകള്‍, പഞ്ചസാര, ബാക്ടീരിയ പോലുള്ളവ വായില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ അവശേഷിക്കും. ഇത് ഇത് മോണയിലെ അണുബാധയ്ക്കോ നിലവിലുള്ള ദന്ത പ്രശ്നങ്ങള്‍ വഷളാകുന്നതിനോ കാരണമാകും.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.63, പൗണ്ട് - 118.69, യൂറോ - 102.61, സ്വിസ് ഫ്രാങ്ക് - 109.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.40, ബഹറിന്‍ ദിനാര്‍ - 232.46, കുവൈത്ത് ദിനാര്‍ -286.89, ഒമാനി റിയാല്‍ - 227.90, സൗദി റിയാല്‍ - 23.35, യു.എ.ഇ ദിര്‍ഹം - 23.85, ഖത്തര്‍ റിയാല്‍ - 24.07, കനേഡിയന്‍ ഡോളര്‍ - 63.67.

➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right