◾ മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുര്‍ എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.
◾ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്.
◾ ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരും കോടതിക്ക് മുന്നിലെത്തിയിരുന്നു. ജാമ്യം അനുവദിച്ചുള്ള വിധി വന്നതോടെ കെട്ടിപിടിച്ചുകൊണ്ടാണ് സന്തോഷവും ആശ്വാസവും പങ്കുവെച്ചത്.
◾ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാല്‍, അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്ത സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അവര്‍ക്കെതിരായ കള്ളക്കേസ് റദ്ദാക്കിയാലെ നീതി ലഭിക്കുകയുള്ളുവെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും പറഞ്ഞു.
◾ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഒരുപാട് പ്രാര്‍ത്ഥിച്ചു. വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
◾ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി അര്‍ത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കള്‍ ഇടപെട്ടതെന്ന് ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. നീതി വാങ്ങി നല്‍കേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇടപെടല്‍.രാജീവ് ചന്ദ്രശേഖര്‍ നിരന്തരം ഈ വിഷയത്തില്‍ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഓസിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ഓസിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂര്‍വ്വം ഉപകരണങ്ങള്‍ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് പറഞ്ഞത്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍. എല്ലാ വര്‍ഷവും ഓഡിറ്റ് നടത്തുന്നതാണ് ഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്‌കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ലെന്നും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി.
◾ തിരുവനന്തപുരത്ത് സിനിമ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉയര്‍ന്ന ദൃശ്യ സാക്ഷരതയുടേയും ഉയര്‍ന്ന ചലച്ചിത്ര ആസ്വാദനത്തിന്റെയും നാടാണെന്നും പ്രബുദ്ധ കേരളം പടുത്തുയര്‍ത്താനായി മലയാള സിനിമ നിര്‍വഹിച്ചത് വലിയ പങ്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ പുരാണങ്ങള്‍ സിനിമയാക്കിയപ്പോള്‍ മലയാളം വേറിട്ട് നിന്നുവെന്നും മലയാളത്തിന്റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങള്‍ സിനിമയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹം വീണ്ടും വിമര്‍ശനം ഉന്നയിച്ചു.
◾ കലാഭവന്‍ നവാസിന് ആദരാഞ്ജലികളുമായി ചലച്ചിത്ര ലോകം. മമ്മൂട്ടി,ഷമ്മി തിലകന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ദിലീപ്, അനന്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി മലയാള സിനിമയിലെ മുന്‍നിരതാരങ്ങളും അണിയറ പ്രവര്‍ത്തകരും കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാലുമുതല്‍ അഞ്ചരവരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.
◾ നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിന്റെ വാദവും കോടതിയില്‍ നടക്കും. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷ.
◾ 2023-ലെ റായ്പൂര്‍ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയില്‍ കര്‍ശനമായി പ്രാവത്തികമാക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്. 25 ശതമാനം സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നല്‍കുമെന്ന എ.ഐ.സി.സി നിബന്ധന പൂര്‍ണ്ണമായും പാലിക്കണമെന്നും പുതു രക്തപ്രവാഹം നിലച്ചതാണ് കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യത്തിന് മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ അസാധാരണ നടപടിയുമായി വൈസ് ചാന്‍സിലര്‍. സിന്‍ഡിക്കേറ്റ് ഹാള്‍ വൈസ് ചാന്‍സിലര്‍ അടച്ചുപൂട്ടി. താക്കോലും വിസി കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നാണ് വിസിയുടെ നിര്‍ദേശം. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ജീവനക്കാരെ ഹാളിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
◾ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ചര്‍ച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.
◾ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാന മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷെ ഇനിയുള്ള ദിവസങ്ങളില്‍ മൂന്ന് മുതല്‍ പത്ത് ജില്ലകളില്‍ വരെ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഇന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
◾ ആറന്മുള ക്ഷേത്രത്തിനുള്ളിലെ പള്ളിയോട സേവാ സംഘത്തിന്റെ എതിര്‍പ്പിന് പിന്നാലെ പണം വാങ്ങിയുള്ള വള്ളസദ്യ നടത്തിപ്പില്‍ നിന്ന് പിന്മാറി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാളത്തെ വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നല്‍കി ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
◾ പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസില്‍ ഇന്ന് രാവിലെ പാഴ്‌സല്‍ പൊട്ടിത്തെറിച്ചു. പോസ്റ്റ് ഓഫീസില്‍ കവര്‍ സീല്‍ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തില്‍ നിന്ന് സ്വകാര്യ കൊറിയര്‍ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്. പാക്കറ്റിനുള്ളില്‍ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. എയര്‍ഗണ്ണുകളില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. പാക്കറ്റുകള്‍ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി.
◾ മലപ്പുറം മഞ്ചേരിയില്‍ ഡ്രൈവറിന്റെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്‌സിലേക്കാണ് മാറ്റിയത്. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ജാഫറിനാണ് മര്‍ദനമേറ്റത്.
◾ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയ വിനീതയെയും, രാധാകുമാരിയെയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
◾ തിരുവനന്തപുരത്ത് ഒന്നരക്കോടി രൂപ വിലവരുന്ന വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമലം സ്വദേശി സയ്യിദ് അബ്ദുള്‍ ഖാദറിന്റെ മകന്‍ അന്‍വര്‍ എന്ന സയ്യിദ് അലി (47) യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലെ ഒന്നാം പ്രതിയായ മണികണ്ഠന്, കേസില്‍ ഉള്‍പ്പെട്ട മെറിന്‍ ജേക്കബിനെ പരിചയപ്പെടുത്തിയത് അന്‍വര്‍ ആണെന്ന് പോലീസ് പറഞ്ഞു.
◾ ആലപ്പുഴ ചേര്‍ത്തല വാരനാട് സ്വദേശി ഐഷയുടെ തിരോധാനത്തിലും ജൈനമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യന് പങ്കെന്ന് സംശയം. പള്ളിപ്പുറത്ത് നിന്ന് ലഭിച്ച അസ്ഥികള്‍ ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടേത് അല്ലെങ്കില്‍ ഐയിഷയുടെ ബന്ധുക്കളുടെ ഡിഎന്‍എ കൂടി പരിശോധിക്കും. സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് ചേര്‍ത്തലയിലെത്തി തെളിവെടുപ്പ് നടത്തി.
◾ ധര്‍മ്മസ്ഥല കേസില്‍ എസ്‌ഐടി സംഘത്തിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയുള്ള ഗുരുതര ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്‌ഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. സാക്ഷിയെ പരാതി പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു എന്നാണ് പരാതി. സാക്ഷിയുടെ അഭിഭാഷകരില്‍ ഒരാളാണ് പരാതി നല്‍കിയത്.
◾ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജൂലൈ മുതല്‍ മൂന്ന് ശതമാനം ഡിയര്‍നെസ് അലവന്‍സ് (ഡി എ) വര്‍ധനവ് ലഭിക്കും. ദേശീയ വിലസൂചികയില്‍ ഉണ്ടായ ഉയര്‍ച്ചയാണ് ഈ വര്‍ധനവിന് കാരണം. ഇതോടെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമാകും. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എയില്‍ രണ്ട് ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്.
◾ വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു.
◾ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാര്‍ജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സിന്റെ വെയര്‍ഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.
◾ തമിഴ്‌നാട്ടിലെ സമഗ്ര ആരോഗ്യ പരിശോധന പദ്ധതിയായ 'നലം കാക്കും സ്റ്റാലിന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് നല്‍കരുത് എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്. സര്‍ക്കാരിന്റെ ഈ നടപടി കോടതിയലക്ഷ്യമാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.
◾ പ്രതിമാസ ഓണറേറിയം 10,000 രൂപയാക്കി വര്‍ധിപ്പാക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ആശ പ്രവര്‍ത്തകര്‍ ഓഗസ്റ്റ് 12 മുതല്‍ സംസ്ഥാനവ്യാപകമായി മൂന്ന് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്തും. നിലവില്‍ കേന്ദ്ര വിഹിതമായ 3000 രൂപയടക്കം പ്രതിമാസം 8,000 രൂപയാണ് ലഭിക്കുന്നത്.
◾ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നടന്ന റോഡപകടത്തില്‍ കാര്‍ യാത്രികരായ അഞ്ചുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കനൗജിലെ ചിബ്രമൗവില്‍ താമസിക്കുന്ന ദീപക് (36), ഭാര്യ പൂജ (34), ഇവരുടെ മകള്‍ ആഷി (9), ദീപക്കിന്റെ സഹോദരി സുജാത (35), സുജാതയുടെ മകള്‍ ആര്യ (4) എന്നിവരാണ് മരിച്ചത്. ദീപക്കിന്റെ മകള്‍ ആരാധ്യയെ (11) ഗുരുതര പരിക്കുകളോടെ സൈഫായ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
◾ തെലങ്കാനയില്‍ തൊഴുത്ത് പൊളിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എയുടെ ഓഫീസിന് പുറത്ത് ക്ഷീര കര്‍ഷകരായ ദമ്പതികള്‍ എരുമകളെ കെട്ടി. കോണ്‍ഗ്രസ് എംഎല്‍എ ഗണ്ട്ര സത്യനാരായണയുടെ ക്യാംപ് ഓഫീസിന് പുറത്താണ് സംഭവം.പുതിയ തൊഴുത്ത് നിര്‍മിച്ചുതരാതെ എംഎല്‍എ ഓഫീസില്‍ നിന്ന് എരുമകളെ കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കര്‍ഷക ദമ്പതികള്‍.
◾ മനുഷ്യകടത്ത് നടത്തുന്നവരെയും മതപരിവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് എന്ന് ഛത്തീസ്ഗഡ് ബി ജെ പിയുടെ പരിഹാസം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലില്‍ വീണുകിടക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് പരിഹാസം. ഇത് വിവാദമായതോടെ പോസ്റ്റ് പിന്നീട് പിന്‍വലിച്ചിട്ടുണ്ട്.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയത്.
◾ അമേരിക്ക ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യക്ക് ചുമത്തിയപ്പോള്‍ പാകിസ്ഥാന് കുറച്ച് നല്‍കി. ഇന്ത്യക്ക് ചുമത്തിയ താരിഫ് 25 ശതമാനമാക്കിയപ്പോള്‍ പാകിസ്ഥാന് നേരത്തെ നിശ്ചിയിച്ചതില്‍ നിന്ന് കുറച്ചു. ഇന്ത്യയുടെ കാര്‍ഷിക മേഖലയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയതിന് അനിശ്ചിതമായ പിഴ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
◾ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അമേരിക്കയുടെയും താരിഫ് ഭീഷണികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരയുദ്ധത്തില്‍ കണ്ണ് ചിമ്മുമെന്ന് കരുതേണ്ടെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി. രാജ്യ താല്‍പര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് ഇറങ്ങുന്ന സൂചന നല്കിയ വില ഇന്ന് ഗ്രാമിന് 140 രൂപയും പവന് 1,220 രൂപയുമാണ് ഉയര്‍ന്നത്. ഇന്നത്തെ പവന്‍ വില 74,320 രൂപയാണ്. ആഗോളതലത്തിലെ വര്‍ധനയാണ് കേരളത്തിലും വിലയിലെ കുതിപ്പിന് കാരണമായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 7,620 രൂപയിലെത്തി. വെള്ളിവില 120ല്‍ തന്നെ തുടരുന്നു. വരും ദിവസങ്ങളില്‍ ഈ ട്രെന്റ് തുടരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ്. ഓഹരി വിപണികളില്‍ തീരുവ എഫക്ട് നിലനില്‍ക്കുമെന്ന ആശങ്ക സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതും വില ഉയരുന്നതിലേക്ക് നയിച്ചു. ഇന്ന് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 80,430 രൂപ നല്‍കണം.
◾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് അറിയിക്കുന്ന അലേര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ 2.24.22.21 അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരു പ്രത്യേക കോണ്‍ടാക്റ്റ് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അറിയിപ്പ് ലഭിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കോണ്‍ടാക്റ്റിനായുള്ള അലേര്‍ട്ടുകള്‍ക്കായി ഒരു പ്രത്യേക ഓപ്ഷന്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റ് വിന്‍ഡോയില്‍ നിന്ന് നേരിട്ട് ഈ അറിയിപ്പുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഒരു പ്രത്യേക കോണ്‍ടാക്റ്റിനായി ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ആ വ്യക്തി ഒരു പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം വാട്‌സ്ആപ്പ് ഒരു തത്സമയ അറിയിപ്പ് അയയ്ക്കും. ഈ അറിയിപ്പില്‍ കോണ്‍ടാക്റ്റിന്റെ പേരും പ്രൊഫൈല്‍ ചിത്രവും ഉള്‍പ്പെടും. അലേര്‍ട്ടുകള്‍ നിങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സ്റ്റാറ്റസ് ഉടമകളെ ഒരിക്കലും അറിയിക്കില്ല.
◾ ഹൃതിക് റോഷനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വാര്‍ 2' വിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. പ്രീതം സംഗീതം നല്‍കിയ 'ആവന്‍ ജാവന്‍' എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അര്‍ജിത് സിങ്ങും നിഖിത ഗാന്ധിയും ചേര്‍ന്നാണ് മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടേതാണ് വരികള്‍. കിയാരയുടെ പിറന്നാള്‍ ദിനമായ ജൂലൈ 31 നാണ് ഗാനം റിലീസ് ചെയ്തത്. ഒരു ദിവസത്തിനുള്ളില്‍ 16 കോടി കാഴ്ചക്കാരെ വിഡിയോ സ്വന്തമാക്കി. ഹൃതിക്കും കിയാരയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കിയാരയുടെ ബിക്കിനി ലുക്കാണ് വിഡിയോ ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം.
◾ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണില്‍ പതിഞ്ഞതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ആസിഫും അപര്‍ണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
◾ 2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. കഴിഞ്ഞ മാസം കമ്പനി ആകെ 22,135 കാറുകള്‍ വിറ്റു. ഈ കാലയളവില്‍, കിയയുടെ കാര്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2024 ജൂലൈയില്‍, ഈ കണക്ക് 20,507 യൂണിറ്റായിരുന്നു. 2025 ജൂണില്‍ കിയ കാരെന്‍സ് ക്ലാവിസ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. 2025 ജൂണില്‍ കിയ കാരെന്‍സ് ക്ലാവിസ് ആകെ 7,921 യൂണിറ്റ് എംപിവി വിറ്റു. അതേസമയം 2024 ജൂണില്‍ ഈ എംപിവിക്ക് 5,154 ഉപഭോക്താക്കളെ ലഭിച്ചു. ഈ കാലയളവില്‍, കിയ കാരെന്‍സ് ക്ലാവിസിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 54 ശതമാനം വര്‍ധനവ് ഉണ്ടായി. സെല്‍റ്റോസ്, സിറോസ്, സോണെറ്റ്, കാരന്‍സ്, കാര്‍ണിവല്‍, ഇവി6, ഇവി9, കാരന്‍സ് ക്ലാവിസ്, പുതിയ കാരന്‍സ് ക്ലാവിസ് ഇവി തുടങ്ങിയവ ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളാണ് കിയ ഇന്ത്യ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്നത്.
◾ കാവ്യാത്മകമായൊരു ഭാഷയാണ് നോവലിലുടനീളം, ജീവിതകയ്പിന്റെ പാറക്കെട്ടുകള്‍ക്കിടയിലൂടെ സ്‌നേഹസൗഹൃദ അരുവിയായി ഒഴുകുന്നത്. ഭാഷ സ്വയമൊരു സാന്ത്വനസ്രോതസ്സും സൗഹൃദകേന്ദ്രവുമായി മാറുമ്പോഴാണ്, അധികാരപ്രതാപങ്ങളൊക്കെയും പൊളിയുന്നത്... പ്രശസ്ത ചലച്ചിത്രവിമര്‍ശകനും കവിയും പ്രഭാഷകനുമായ വി.കെ. ജോസഫിന്റെ ആദ്യനോവലായ 'മരിച്ചവരുടെ യുദ്ധങ്ങള്‍' സമസ്തസംഘര്‍ഷങ്ങള്‍ക്കിടയിലും സ്വപ്നംകാണുന്നത്, 'സമസ്തജീവിതപ്രകാശം' എന്ന വര്‍ണ്ണാഭമായൊരു കാഴ്ചപ്പാടാണ്. അധികാരരഹിതമാകുമ്പോള്‍ മാത്രം മനുഷ്യര്‍ക്ക് അനുഭവപ്പെടാനും അനുഭൂതിപ്പെടാനും കഴിയുന്ന ഭാരരഹിതമായ സ്വാതന്ത്ര്യത്തിന്റെ നവലോകങ്ങളാണ് നോവല്‍ ആശ്ലേഷിക്കുന്നത്. 'മരിച്ചവരുടെ യുദ്ധങ്ങള്‍'. വി.കെ ജോസഫ്. മാതൃഭൂമി. വില 391 രൂപ.
◾ ശരീരത്തിലെ മറ്റ് അവയവങ്ങളെ സംബന്ധിച്ചു നോക്കുമ്പോള്‍ നമ്മുടെ ഹൃദയം വേഗത്തില്‍ വാര്‍ദ്ധക്യത്തിലെത്തുമെന്ന് പഠനം. അതായത് നമ്മെക്കാള്‍ പ്രായമുള്ള ഹൃദയവുമായാണ് നമ്മളില്‍ മിക്ക ആളുകളും ജീവിക്കുന്നതെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫേയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായവും നിങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ഥ പ്രായവും തമ്മില്‍ ഏകദേശം നാല് മുതല്‍ 10 വര്‍ഷം വരെ വ്യത്യാസം ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു ശരാശരി വ്യക്തിയുടെ ഹൃദയ സംബന്ധമായ സംവിധാനം അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വര്‍ഷങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒന്നാമത്തെ കാരണം ഹൃദ്രോഗങ്ങളാണ്. പുരുഷന്മാര്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായം അവരുടെ കാലഗണനാ പ്രായത്തേക്കാള്‍ ഏഴ് വര്‍ഷം കൂടുതലായിരുന്നു. സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മില്‍ നാല് വര്‍ഷത്തെ വ്യത്യാസമുണ്ടായിരുന്നു. വ്യക്തിഗത തിരഞ്ഞെടുപ്പുകള്‍ പ്രധാനമാണെങ്കിലും, വിദ്യാഭ്യാസവും വരുമാന നിലവാരവും ഹൃദയാരോഗ്യത്തെ എങ്ങനെ ആഴത്തില്‍ രൂപപ്പെടുത്തുന്നുവെന്ന് ഗവേഷണം എടുത്തുകാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.20, പൗണ്ട് - 115.80, യൂറോ - 99.84, സ്വിസ് ഫ്രാങ്ക് - 101.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.31, ബഹറിന്‍ ദിനാര്‍ - 231.30, കുവൈത്ത് ദിനാര്‍ -285.50, ഒമാനി റിയാല്‍ - 226.80, സൗദി റിയാല്‍ - 23.25, യു.എ.ഇ ദിര്‍ഹം - 23.76, ഖത്തര്‍ റിയാല്‍ - 23.95, കനേഡിയന്‍ ഡോളര്‍ - 63.11.
➖➖➖➖➖➖➖➖
Tags:
KERALA