◾ സര്‍ക്കാര്‍ പാനല്‍ തള്ളി കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഡോ. സിസ തോമസിനെ ഡിജിറ്റല്‍ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിസിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ചാകണമെന്ന വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
◾ ആര്‍എസ്എസ് വിധേയര്‍ വിസിമാരാകുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. വിസി നിയമനം ഗവര്‍ണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികള്‍ ഗവര്‍ണര്‍ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് കത്തു നല്‍കും. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
◾ സര്‍ക്കാര്‍ പാനല്‍ തള്ളി കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സമവായ ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചന. ചര്‍ച്ചയിലൂടെ സ്ഥിരം വിസി നിയമനത്തിനായിരുന്നു ഗവര്‍ണര്‍ ചര്‍ച്ച വിളിച്ചത്. നാളത്തെ ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ, നിയമ മന്ത്രിമാര്‍ പങ്കെടുക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും കാണാതായെന്നും, കാണാതായതില്‍ പൊലീസ് അന്വേഷണം വേണമെന്നും ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഓസിലോസ്‌കോപ്പ് ഉപകരണമാണ് കാണാതായത്. ശശി തരൂര്‍ എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്.
◾ ആരോഗ്യവകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ വരെ പൈസകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് ഡോ. ഹാരിസ് ചിറക്കല്‍. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസില്‍ അദ്ദേഹം മറുപടി നല്‍കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ഡോക്ടര്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഇറങ്ങിപ്പോവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഏറെ ശുപാര്‍ശകളുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ ഡോ ഹാരിസിനെതിരായ കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. നടപടി ഉണ്ടായാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് കെജിഎംസിടിഎ (KGMCTA) വ്യക്തമാക്കി. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുവെന്നും അതിനപ്പുറമുള്ള നടപടി ഉണ്ടായാല്‍ ശക്തമായ പ്രതികരിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു.
◾ ഡോക്ടര്‍ ഹാരിസിനെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുന്നുവെന്നും മോഷണക്കേസില്‍ പോലും ഡോക്ടറെ പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പറഞ്ഞ വാക്കിന് വിലയില്ലെന്നും വാക്കു പാലിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
◾ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉറപ്പ് ലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ മോചനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം. അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ദില്ലിയില്‍ എത്താനാണ് നിര്‍ദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖര്‍ ദില്ലിയിലേക്ക് പുറപ്പെടും.
◾ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി.
◾ ഛത്തീസ്ഡില്‍ കന്യാസത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇടപെടലിനെ അംഗീകരിക്കുന്നുവെന്നും അനുകൂലിക്കുന്നുവെന്നും സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായില്ല, അത് വയനാട്ടിലെ എംപി പ്രിയങ്ക ഗാന്ധിയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇടപെട്ടില്ല. ഇത് കേരളത്തിലെ ഒരു വിഷയമല്ല, അഖിലേന്ത്യാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
◾ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി അവരുടെ കുടുംബവുമായി താന്‍ സംസാരിച്ചിരുന്നുവെന്നുവെന്ന് ശോഭ സുരേന്ദ്രന്‍. കന്യാസ്ത്രീകളെ പാര്‍പ്പിച്ച ജയിലില്‍ പോയി ബിജെപി നേതാക്കള്‍ വിവരങ്ങള്‍ അന്വേഷിച്ച്, അവര്‍ക്ക് വേണ്ട വൈദ്യസഹായങ്ങള്‍ നല്‍കിയതിന് കുടുംബം തന്നോട് നന്ദി അറിയിക്കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
◾ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടാണ്. വിഷയത്തില്‍ ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്തു. പൊതുജനാഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ച് ചര്‍ച്ച ചെയ്യുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അതോടൊപ്പം നിര്‍ദ്ദേശം നല്ല ചുവട് വെപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഒറ്റയടിക്ക് തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു.
◾ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പ്രവര്‍ത്തിച്ചുവെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആരോപണം. ജൂലൈ 23 ന് പ്രസിദ്ധീകരിച്ച പട്ടിക വന്‍ അബദ്ധമാണെന്നും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുളള സമയം അനുവദിച്ചില്ലെന്നും നിരവധി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ ഇല്ല എന്നാണ് പരാതി.
◾ സ്മാര്‍ട്ട് സിറ്റി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെ വിമര്‍ശനവുമായി പൊലീസ്. ക്യാമറകള്‍ക്കൊപ്പം സ്ഥാപിക്കേണ്ടിയിരുന്ന അനുബന്ധ ഉപകരണങ്ങളും കാണാനില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. വയറിംഗ് ശരിയായ രീതിയിലല്ല നടത്തിയിരിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമല്ല. ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി.
◾ നഗരത്തിലെ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ വ്യക്തയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍. പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്നങ്ങളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് സ്മാര്‍ട്ട് സിറ്റി പൂര്‍ണമായും തള്ളുകയാണ്.
◾ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. തുടര്‍ന്ന് വിദേശത്തു നിന്നും മടങ്ങി വരുന്നതിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
◾ നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നര്‍ത്ഥം ഇല്ലെന്ന് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു പുതിയ സംഭവം അല്ല, ചില കേസുകളില്‍ ഇങ്ങിനെ സംഭവിക്കുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. ശിക്ഷ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരന്റെ പോസ്റ്റിലുണ്ട്.
◾ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടിനെ ചൊല്ലി വിവാദം. ആയിരം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന രണ്ട് മുറികളുള്ള വീടിന് 30 ലക്ഷം വളരെ കൂടുതലാണെന്നതാണ് ഉയരുന്ന വിമര്‍ശനം. വീടിന്റെ രൂപകല്‍പ്പനയിലും സൗകര്യങ്ങളിലും ആക്ഷേപം ഉയരുന്നുണ്ട്. ദുരന്തമുഖത്ത് ലാഭം കൊയ്യാന്‍ നോക്കരുതെന്ന് ദുരന്തബാധിതരുടെ ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ മാതൃക വീടിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് വിമര്‍ശനവും ശക്തമാകുന്നത്.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പ എഴുതിത്തളളലില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദുരന്തം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞല്ലോയെന്ന് ചോദിച്ച ഡിവിഷന്‍ ബെഞ്ച് എപ്പോള്‍ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ റാപ്പര്‍ വേടന്റെ ബലാത്സംഗ കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസില്‍ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും, കോഴിക്കോടും പരിശോധനകള്‍ നടത്തും. അതേസമയം, വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു.അതേ സമയം റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഇന്നുതന്നെ ഹര്‍ജി പരിഗണിക്കണമെന്ന് വേടന്‍ ആവശ്യപ്പെടും.
◾ സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഇന്‍കംടാക്സ് റെയ്ഡില്‍ നെപ്റ്റോണ്‍ സോഫ്ട് വെയര്‍ വഴിയുള്ള വമ്പന്‍ തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം നടത്തിയെന്ന് കണ്ടെത്തി. നെപ്റ്റോണ്‍ എന്ന സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
◾ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല.
◾ കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോടു
പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
◾ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.
◾ തിരുനെല്‍വേലി ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മന്ത്രി കെഎന്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ കെവിന്റെ അച്ഛനാണ് മൃതദേഹം ഏറ്റവാങ്ങിയത്. മൃതദേഹം തൂത്തുക്കുടിയിലെ വീട്ടിലെത്തിക്കും.ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു ശേഷം നടത്തിയ പലവട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബന്ധുക്കള്‍ കെവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.
◾ യുഎഇയില്‍ കനത്ത ചൂട്. വ്യാഴാഴ്ച 50.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അല്‍ ഐനിലെ ഉമ്മു അസിമുലിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് പ്രവചനം.
◾ ക്ഷേത്ര ദര്‍ശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച് മന്ത്രിയുടെ സഹോദരന്‍. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങള്‍ ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് അയക്കും.
◾ ഓപ്പറേഷന്‍ മഹാദേവിലൂടെ കൊലപ്പെടുത്തിയ പാക് ഭീകരരുടെ കൈവശം ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകളടക്കം കണ്ടെത്തി. ശ്രീനഗര്‍, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയത്. ഭീകരര്‍ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം. മറ്റ് സാധ്യതകളടക്കം അന്വേഷിക്കുന്നുണ്ട്.
◾ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ഔദ്യോഗികമായി അനുവദിച്ചു. ഇതോടൊപ്പം, സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നല്‍കി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
◾ റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശങ്ങളില്‍ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയര്‍ത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു.
◾ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനാകാന്‍ ഇന്ത്യക്കാരനായ ഖാലിദ് ജമീല്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഒരു ഇന്ത്യന്‍ പരിശീലകനെ ലഭിക്കുന്നത്.
◾ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിന് അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-'22 മുതല്‍ 2024-'25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാര്‍ച്ചില്‍ പിഴ ചുമത്തല്‍ നിര്‍ത്തിയിരുന്നു. 2020-21, 2021-22 വര്‍ഷങ്ങളില്‍ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും ഈടാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മിനിമം ബാലന്‍സ് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചു. അവശേഷിക്കുന്ന ബാങ്കുകളും പിഴ സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മിനിമം ബാലന്‍സ് ഇല്ലാത്തതില്‍ വിവിധ ബാങ്കുകള്‍ ഈടാക്കിയ പിഴ ഇപ്രകാരമാണ്. ഇന്ത്യന്‍ ബാങ്ക് -1,855.18 കോടി, പഞ്ചാബ് നാഷനല്‍ ബാങ്ക് -1,662.42 കോടി, ബാങ്ക് ഓഫ് ബറോഡ -1,531.61 കോടി, കനറാ ബാങ്ക് -1,212.92 കോടി, ബാങ്ക് ഓഫ് ഇന്ത്യ -809.66 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ -585.36 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര -535.2 കോടി, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ -484.75 കോടി, യൂക്കോ ബാങ്ക് -119.91 കോടി, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് -100.92 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് -62.04 കോടി.
◾ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. റിപ്പോര്‍ട്ട് പ്രകാരം സ്റ്റാര്‍ലിങ്ക് പ്രതിമാസം ഏകദേശം 3,000 രൂപ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള 20 ലക്ഷം ഉപയോക്താക്കളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ മോശമായതോ നിലവിലില്ലാത്തതോ ആയ വിദൂര, ഗ്രാമപ്രദേശങ്ങള്‍ക്കുള്ള കണക്റ്റിവിറ്റി പരിഹാരമായാണ് റോള്‍ഔട്ട് സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗത 25 എം.ബി.പി.എസ് മുതല്‍ 220 എം.ബി.പി.എസ് വരെയാകുമെന്നാണ് പ്രതീക്ഷ. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ സേവനം തുടങ്ങുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025 അവസാനത്തോടെയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രീ-ഓര്‍ഡറുകള്‍ ഉടന്‍ ആരംഭിച്ചേക്കാം. ഉപയോക്താക്കള്‍ അവരുടെ കണക്ഷന്‍ ബുക്ക് ചെയ്യുന്നതിന് മുന്‍കൂര്‍ തുക നല്‍കേണ്ടിവരും. സ്ഥലത്തെയും ഉപയോഗത്തെയും ആശ്രയിച്ച് പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് 3,000 മുതല്‍ 4,200 രൂപ വരെയാകും. ഹാര്‍ഡ്വെയര്‍ കിറ്റിന് ഏകദേശം 33,000 രൂപ വിലവരുമെന്നാണ് അനുമാനിക്കുന്നത്.
◾ ഹോളിവുഡ് ഹൊറര്‍ സീരിസ് കണ്‍ജറിങ് നാലാം ഭാഗം 'ദ് കണ്‍ജറിങ്: ലാസ്റ്റ് റൈറ്റ്സ്' ട്രെയിലര്‍ എത്തി. കണ്‍ജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒന്‍പതാമത്തെ ചിത്രവുമാണിത്. 2021ല്‍ റിലീസ് ചെയ്ത ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വല്‍ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളില്‍ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കണ്‍ജറിങ് യൂണിവേഴ്സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നാലാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വില്‍സണ്‍, വെര ഫര്‍മിഗ എന്നിവര്‍ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. മൈക്കല്‍ ചേവ്സ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും.
◾ മലയാളികള്‍ അറിയാതെ 50 മില്യന്‍ അടിച്ച് ഒരു മലയാളം പാട്ട്. 'മൈ ബിഗ് ഫാദര്‍' എന്ന സിനിമയിലെ 'നിറ തിങ്കളെ നറു പൈതലേ' എന്ന ഗാനമാണ് 53 മില്യന്‍ കാഴ്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വരികള്‍ എഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസാണ്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛന് മകനോടുള്ള വാത്സല്യമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ അച്ഛന്മാരില്‍ നിന്ന് വ്യത്യസ്തമായി പൊക്കം കുറഞ്ഞ അച്ഛനെയാണ് പാട്ടില്‍ കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നതെന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. വിഡിയോയ്ക്ക് താഴെ മലയാളത്തിലുള്ളതിനേക്കാള്‍ കൂടതല്‍ മറ്റ് ഭാഷകളിലെ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.
◾ ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 ഡിഎക്സ്, സിബി125 ഹോര്‍ണറ്റ് എന്നിവ അവതരിപ്പിച്ചു. ഷൈന്‍ 100 ഡിഎക്സ് മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 74,959 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 98.98 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന്‍ 7.3 എച്ച്പി പവറും 8.04 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 4-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം കഴിഞ്ഞ മാസം ഹോണ്ട തങ്ങളുടെ ആദ്യത്തെ 125 സിസി സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ ബൈക്കായ സിബി125 ഹോര്‍ണറ്റിനെ പുറത്തിറക്കി. പക്ഷേ അതിന്റെ വില അന്ന് വെളിപ്പെടുത്തിയില്ല. ഇപ്പോള്‍, കമ്പനി അതിന്റെ വിലകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.12 ലക്ഷം രൂപയാണ്. എസ്പി 125, ഷൈന്‍ 125 എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ 123.94 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് സിബി125 ഹോര്‍ണറ്റിനും കരുത്ത് പകരുന്നത്.
◾ ചോരയില്‍ ഉദിച്ച് ചോരയില്‍ അസ്തമിക്കുന്നതാണ് കൊട്ടിമലയിലെ ദിനങ്ങള്‍. ആടുവ്യാപാരിസമുദായത്തിന്റെ ഈ 'മീറ്റ് റിപ്പബ്ലിക്കി'ല്‍, ആടുകളുടെ ലേലവും അറവും വില്പനയുമായി പുലരുന്ന ഈ നാട്ടില്‍, വെറിയാടുപന്തയമാണ് അംഗീകൃതവിനോദം. മുഖാമുഖം വെളിപ്പെട്ടാല്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന, പരസ്പരം തലതല്ലിക്കീറുന്ന വെറിയന്‍ മുട്ടനാടുകളുടെ വിളയാട്ടുഭൂമി. ചുവപ്പിനോടടുക്കുന്ന കാളക്കൂറ്റനെപ്പോലെ, വീറിന്റെ പര്യായമായി, അവിടത്തുകാര്‍ക്ക് ഒരു നായകനും വെറിയാട് വര്‍ക്കി! കിഴവന്റെ റാക്കുഷാപ്പിലെ തീത്തെലം പോലെ, ഉള്ളുപൊള്ളിച്ച് സിരകളില്‍ കത്തിനീറിപ്പിടിക്കുന്ന പകയുടെ കുറെ കഥകള്‍ ഈ അങ്കക്കളത്തിനു പറയാനുണ്ട്. അലര്‍ച്ചയില്‍ പിളര്‍ന്ന വായ്കളും, മണ്ണുപറ്റിയ ഇറച്ചിത്തുണ്ടുകളും, ചീറ്റിത്തെറിച്ച രക്തത്തുള്ളികളുമായി ഒരു ബലിനിലം വാശി കുത്തിയ ഒരു ചാവുകുഴി ഇവിടെ ഒരുങ്ങുന്നു. 'വെറിയാട്'. ആഷി. എച്ആന്‍ഡ്സി ബുക്സ്. വില 161 രൂപ.
◾ ഇന്ന് ആഗസ്റ്റ് ഒന്ന്. ലോകശ്വാസകോശാര്‍ബുദ ദിനം. ഈ വര്‍ഷത്തെ ലോക ശ്വാസകോശ അര്‍ബുദ ദിന പ്രമേയം 'ഒരുമിച്ച് ശക്തരാകുക: ശ്വാസകോശ അര്‍ബുദ അവബോധത്തിനായി ഒന്നിക്കുക' എന്നതാണ്. പുകവലി ശീലം തന്നെയാണ് പ്രധാനകാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് ഈ രോഗം വരാന്‍ 10 മുതല്‍ 30 മടങ്ങ് വരെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. പുകവലിക്കാത്തവര്‍ക്കും ലങ് കാന്‍സര്‍ വരാം. മുന്‍പത്തേക്കാളും അധികമായി 20 വയസ്സിനും 30 വയസ്സിനു ഇടയിലുളള സ്ത്രീകള്‍ക്ക് കാന്‍സര്‍ പിടിപെടുന്നുണ്ട്. പാസ്സീവ് സ്മോക്കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന, പുകവലിക്കാര്‍ പുറന്തള്ളുന്ന അപകടകാരിയായ പുക ശ്വസിക്കുന്നവര്‍ക്കും കാന്‍സര്‍ വരാം. ഇതോടൊപ്പം അന്തരീക്ഷ മലിനീകരണവും പശ്ചാത്തല റേഡിയേഷന്‍ മൂലവും ലങ് കാന്‍സര്‍ വരാം. ചില ആളുകള്‍ക്ക് ജനിതകമായും ശ്വാസകോശാര്‍ബുദം വരാനുള്ള ഒരു റിസ്‌ക് ഉണ്ട്. വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, ശബ്ദത്തിന് വ്യതിയാനം, രക്തം കലര്‍ന്നു കഫം പോവുക, ശരീരം അകാരണമായി മെലിയുക, വിശപ്പില്ലായ്മ, നെഞ്ചില്‍ വേദന, കഴുത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങളായി ലങ് ക്യാന്‍സറിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുന്നതിനും, സമീകൃതാഹാരം ആഹാരത്തിന്റെ ഭാഗമാക്കണം. അതായത് 60-65% അന്നജം, 25% മാംസ്യം 15% കൊഴുപ്പ് ഇവയുള്‍പ്പെടുന്ന ആഹാരം ശീലിക്കണം. അതോ ടൊപ്പം വിറ്റാമിന്‍ സി (പേരയ്ക്ക, നെല്ലിക്ക, ബെറീസ്), വിറ്റാമിന്‍ ഡി (ചെറുമത്സ്യങ്ങള്‍, സൂര്യപ്രകാശം), വിറ്റാമിന്‍ എ (ക്യാരറ്റ്, ഇലക്കറികള്‍) എന്നിവയും ഉള്‍പ്പെടുത്തണം. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കും. അതുവഴി കാന്‍സര്‍ പ്രതി രോധശേഷി വര്‍ദ്ധിപ്പിക്കുന്നതായി പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.
◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.43, പൗണ്ട് - 115.26, യൂറോ - 99.84, സ്വിസ് ഫ്രാങ്ക് - 107.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.20, ബഹറിന്‍ ദിനാര്‍ - 231.98, കുവൈത്ത് ദിനാര്‍ -285.67, ഒമാനി റിയാല്‍ - 227.40, സൗദി റിയാല്‍ - 23.31, യു.എ.ഇ ദിര്‍ഹം - 23.80, ഖത്തര്‍ റിയാല്‍ - 24.01, കനേഡിയന്‍ ഡോളര്‍ - 63.04.
➖➖➖➖➖➖➖➖
Tags:
KERALA