Trending

സായാഹ്ന വാർത്തകൾ.

2025 | ജൂലൈ 28 | തിങ്കൾ 
1200 | കർക്കിടകം 12 | പൂരം 

◾ യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രീയവനവാസമെന്ന് വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4 Bns 143 എന്നീ കുറ്റങ്ങള്‍ ചുമത്തി. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നുവെന്നും മനുഷ്യ കടത്തും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

◾ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ സഭാ നേതൃത്വം അപേക്ഷ നല്‍കും. ദുര്‍ഗിലെ കോടതിയില്‍ ആണ് അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയാണ് നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ചു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

◾ കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷ പീഡനമാണിതെന്നും മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

◾ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ ഹൈബി ഈഡന്‍ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബെന്നി ബഹന്നാനും നോട്ടീസ് നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ് രംഗത്ത്. ആര്‍ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ആ ശത്രുക്കളെ ഇപ്പോഴും വേട്ടയാടുകയാണെന്നും അതിപ്പോളും മനസിലാകാത്ത വരുണ്ടെങ്കില്‍ ഈ സംഭവം അവരുടെ കണ്ണ് തുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറങ്ങുന്നവരെയേ ഉണര്‍ത്താന്‍ കഴിയുവെന്നും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്നും ഇതെല്ലാം കണ്ടിട്ടും സംഘപരിവാരത്തെ രക്ഷകരായി കാണുന്നവരുണ്ടെകില്‍ അവര്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഛത്തീസ്ഗഢില്‍ മിഷനറി പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശര്‍മ മിഷനറി പ്രവര്‍ത്തകരെ പോലീസിന്റെ മുന്നിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ ജ്യോതി ശര്‍മ ഒളിവില്‍ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദം കാരണം എന്നും ആരോപണമുണ്ട്.

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്മസിന് കേക്കുമായി അരമനകളില്‍ കയറി ഇറങ്ങുന്നവരുടെ മനസ്സില്‍ വര്‍ഗീയതയാണെന്നും വാദിയെ പ്രതിയാക്കുന്ന സമീപനവും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സിബിസിഐക്ക് എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവര്‍ക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും അദ്ദേഹം പറഞ്ഞു. അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നവരുടേയും മാതാവിന് സ്വര്‍ണ്ണ കിരീടം നല്‍കുന്നവരുടേയും ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

◾ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. രണ്ടു സിസ്റ്റര്‍മാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും അതിന് ശേഷം നീതി ഉറപ്പാക്കാന്‍ വേണ്ടത് ചെയ്തു എന്നും ഷോണ്‍ പറഞ്ഞു. നിരപരാധികളാണെങ്കില്‍ നീതി ലഭിക്കാന്‍ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങള്‍ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

◾ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്നും ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാന്‍ സംഘപരിവാറിന്റെ ഔദാര്യം വേണമെന്ന അവസ്ഥയാണെന്നും ദീപിക മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണെന്നും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ആണ് അവരെ ആക്രമിച്ചതെന്നും മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനക്ക് എതിരായ പ്രവര്‍ത്തനം ആണെന്നും ഏറ്റവും കൂടുതല്‍ രാഷ്ട്ര നിര്‍മിതിക്ക് സംഭാവന നല്‍കിയ മതമാണ് ക്രൈസ്തവരുടേതെന്നും അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു. രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, ശിവദാസന്‍, എഎ റഹീം, സന്തോഷ് കുമാര്‍, ലോക്സഭാ എംപി കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.

◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭാ പിആര്‍ഒ ഫാദര്‍ ടോം ഓലിക്കരോട്ട്. ഭാരതത്തിന്റെ മതേതര ഭരണഘടനയാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷനറിമാര്‍ നടത്തുന്നത് നിസ്വാര്‍ത്ഥ സേവനമാണ്. മതം മാറ്റം എന്നത് ദുരാരോപണമാണ്. ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂര്‍വമായ സേവനത്തെ തടയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

◾ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.കേരളത്തില്‍ നിന്നുള്ള എംപിമാരാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

◾ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ഒരുപറ്റം മതവര്‍ഗീയവാദികളെ മുന്‍നിര്‍ത്തി ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണിത്. ബജ്രംഗ് ദളിന്റെ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനറാണ് ഇവരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇട്ടുകൊടുത്തതെന്ന വിവരം ഞെട്ടിക്കുന്നതാണെന്നും മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◾ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. 'എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

◾ ആര്‍എസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭ പരിപാടിയില്‍ പങ്കെടുത്ത കുഫോസ് വിസി ബിജു മാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി. ആര്‍എസ്എസിന്റ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ കാര്യം തീരുമാനിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.

◾ ആര്‍എസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭ പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വിസിമാര്‍ക്ക് മന്ത്രി ബിന്ദുവിന്റെ വിമര്‍ശനം. ജ്ഞാനോല്പാദനത്തിനും വിജ്ഞാന വളര്‍ച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാന്‍സലര്‍മാരില്‍ ചിലരുടെയെങ്കിലും തലകള്‍ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആര്‍എസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ ആര്‍എസ്എസ് പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസിമാര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍. കുഫോസ് വിസിയുടെ പങ്കാളിത്തം ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നോമിനിയാണ് കുഫോസ് വിസി. സിപിഎം നിര്‍ദേശപ്രകാരമാണ് വിസി രാത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്.

◾ ഫോണ്‍ വിളി വിവാദം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജി.

◾ തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എന്‍. ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുള്‍പ്പെടെ നടക്കുന്നതിനാലാണ്, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുതിര്‍ന്ന നേതാവായ ശക്തനെ കെപിസിസി ചുമതല ഏല്‍പ്പിച്ചത്.

◾ കനത്ത മഴയില്‍ ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ല്‍ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തിയാക്കിയ ഭാഗത്താണ് ഏകദേശം 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ദേശീയപാത അധികൃതര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

◾ തൃപ്പുണിത്തുറ എരൂര്‍ കാര്‍ത്യായനി ഗവ. യുപി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണു. പഴക്കം ചെന്ന കെട്ടിടത്തിന്റെ പിന്‍വശത്തെ മതിലാണ് ഇടിഞ്ഞ് വീണത്. നേരത്തെ അടുക്കളയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ പിന്‍വശത്തെ മതില്‍ ആണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന് 100 വര്‍ഷം പഴക്കമുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

◾ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഇതോടെ സൗബിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം. കേസിലെ പരാതിക്കാരന്‍ സിറാജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

◾ ഹരിപ്പാട് പാഴ്‌സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയാണ് ആലപ്പുഴയില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തുന്നത്.

◾ നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപതി മുര്‍മു നല്‍കിയ റെഫറന്‍സ് ഉത്തരം നല്‍കാതെ മടക്കണമെന്ന് കേരളം. ഈ ആവശ്യം ഉന്നയിച്ച് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ചെയ്തു.

◾ ആക്ഷന്‍ ഹീറോ ബിജു 2' എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക.

◾ എസ്എഫ്ഐയെ താന്‍ പുകഴ്ത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ നടത്തിയ സൈബര്‍ ആക്രമണം കെട്ടടങ്ങിയത് ആ ആരോപണം അടിസ്ഥാനരഹിതമായതിനാലെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷനും കെപിസിസി നിര്‍വാഹകസമിതി അംഗവുമായ പ്രൊഫ. പി.ജെ. കുര്യന്‍. പല മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഇല്ലെന്നും, കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നടപടി സ്വീകരിക്കണമെന്നുമാണ് പറഞ്ഞത്.

◾ ചെങ്ങോട്ടുകാവില്‍ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ഇന്ദിര ഉള്‍പ്പെടെ ആറു പേരെയാണ് നായ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികള്‍ക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.  

◾ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്,വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്.

◾ ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും. നിലവില്‍ ബെല്‍ത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ധര്‍മസ്ഥലയിലെ റിസര്‍വ്ഡ് വനത്തില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക.

◾ ഹൈദരാബാദില്‍ വനിതാ ഡോക്ടര്‍ അടങ്ങിയ കുട്ടിക്കടത്ത്-വാടക ഗര്‍ഭധാരണ മാഫിയ പിടിയില്‍. ഹൈദരാബാദിലെ ഗോപാലപുരത്തുള്ള സൃഷ്ടി ഐവിഎഫ് സെന്ററിന്റെ ഉടമസ്ഥയായ ഡോ. നമ്രത അടക്കം എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിറ്റിയിലെ വിവിധ ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയത് കോടികളുടെ ഇടപാടുകളാണ്. ഹൈദരാബാദിലെ ദമ്പതികളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

◾ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ സാങ്കല്‍പ്പിക രാജ്യങ്ങളുടെ പേരില്‍ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. പത്തു വര്‍ഷത്തിനിടെ ഇയാള്‍ 162 വിദേശ യാത്രകളാണ് നടത്തിയത്. 25 ഷെല്‍ കമ്പനികളും 10 വിദേശ ബാങ്ക് അക്കൗണ്ടുകളും ഹര്‍ഷ് വര്‍ധന്റെ പേരിലാണ്. ഇയാളുടെ വിദേശബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടിയിട്ടുണ്ട്.

◾ ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും അപകടം. രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് .പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിക്കിലും തിരക്കിലും 29 പേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

◾ തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേവിഷ ബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

◾ ഇന്റലിജന്‍സ് പരിശീലനത്തില്‍ സമൂലമായ പരിഷ്‌കാരങ്ങളുമായി ഇസ്രായേല്‍ സൈന്യം. എല്ലാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയും ഇസ്ലാമിക സാംസ്‌കാരിക പഠനവും നിര്‍ബന്ധമാക്കിയെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പുള്ള ഇന്റലിജന്‍സ് വീഴ്ചകളെ തുടര്‍ന്നാണ് പരിഷ്‌കരണം.

◾ വേതന പരിഷ്‌കരണം, 36 മാസത്തെ കുടിശ്ശിക വിതരണം എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നിരാഹാര സമരം നടത്താന്‍ ആഹ്വാനം ചെയ്തു.

◾ തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുനെല്‍വേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കില്‍ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിന്‍ കുമാറിനെ കൊലപ്പെടുത്തിയത്.

◾ ലോക്സഭയില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിഷയത്തില്‍ ഇന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചര്‍ച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചര്‍ച്ചക്ക് തുടക്കമിടും. രാജ്നാഥ് സിംഗ് തന്നെ മറുപടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ ശശി തരൂര്‍ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് തുടക്കമിടുക. വിഷയത്തില്‍ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോണ്‍ഗ്രസിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും.

◾ ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ച പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ചൈന സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള മാര്‍ഗം തേടിയാണ് മുനീര്‍ ചൈനയിലെത്തിയത്.

◾ വ്യാപാര കരാര്‍ ഉപയോഗിച്ച് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടത് പോലെയാണ് തായ്ലാന്‍ഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടതെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടല്‍ കൊണ്ടാണെന്നും, വ്യാപാരബന്ധം നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

◾ യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യന്‍ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്കാണ് ധാരണയായത്.

◾ സമാജ്വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിനെതിരെ മതപുരോഹിതന്‍ മൗലാന സാജിദ് റാഷിദി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് തല മറയ്ക്കാതെ പള്ളിയില്‍ പ്രവേശിച്ച ഡിംപിളിനെ ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് റാഷിദി വിമര്‍ശിച്ചത്. ദില്ലിയിലെ പള്ളിയിലാണ് അഖിലേഷിനൊപ്പം ഡിംപിള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.

◾ നാസയും ഐഎസ്ആര്‍ഒയും ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച ലോകത്തിലെ എറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രങ്ങളിലൊന്നായ നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ജൂലൈ 30ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:40ന് എന്‍ ഐ സാര്‍ ഉപഗ്രഹവും വഹിച്ചുകൊണ്ട് ഇസ്രൊയുടെ ജിഎസ്എല്‍വി-എഫ്16 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും.

◾ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍ പഹല്‍?ഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഒരിക്കലും സംഭവിക്കരുതെന്നും ഗാംഗുലി പറഞ്ഞു. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്റെ പ്രതികരണം.

◾ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് മാനേജ്മെന്റ്-കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി. ഇന്ത്യയില്‍ ആകെ 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉളളത്. ഇതില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ പേര്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നത്. 85 ശതമാനത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന യു.എസ്, ചൈന തുടങ്ങിയ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. ഈ വ്യത്യാസമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്ക് കൂടുതല്‍ മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന വിലയിരുത്തലിന് കാരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം റീട്ടെയില്‍ വില്‍പ്പനയുടെ 7 മുതല്‍ 9 ശതമാനം വരെ മാത്രമാണ് ഇ-കൊമേഴ്‌സ് വിപണിക്കുളളത്. 2030 ആകുമ്പോഴേക്കും ഈ വിഹിതം 15 മുതല്‍ 17 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

◾ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. 2025 -2026 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഏകദേശം 12,200 തൊഴിലവസരങ്ങള്‍ ഇല്ലാതാകും. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ലെവല്‍ ഉദ്യോഗസ്ഥരെ ആയിരിക്കും നടപടി ബാധിക്കുക എന്നാണ് കമ്പനിയുടെ വിശദീകരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍, ടിസിഎസിന്റെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയാണ് നടപടിക്കായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരെ സാധ്യമായ രീതിയില്‍ പുനര്‍വിന്യസിച്ച് കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പുനര്‍വിന്യാസം ഫലപ്രദമല്ലാത്ത ചില തസ്തികകളുണ്ട്. കമ്പനിയുടെ ആഗോള ജീവനക്കാരുടെ ഏകദേശം 2 ശതമാനം ഇതില്‍ ഉള്‍പ്പെടും എന്നും സിഇഒ പറയുന്നു. 6,13,000 ജീവനക്കാരുണ്ട് നിലവില്‍ ടിസിഎസില്‍.

◾ വിജയ് ദേവരകൊണ്ടയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കിങ്ഡം' ട്രെയിലര്‍ എത്തി. നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 'ദി പ്രീസ്റ്റ്', 'സ്റ്റാന്‍ഡപ്' തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വെങ്കിടേഷ് എന്ന വെങ്കിയാണ് വിജയ് ദേവരകൊണ്ടയുടെ വില്ലനായി എത്തുന്നത്. ബാബുരാജിനെയും ട്രെയിലറില്‍ കാണാം. വിഡി 12 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിര്‍മാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോന്‍ ടി. ജോണ്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കിങ്ഡം. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാര്‍. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മിമക്കുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.

◾ ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തയ്യല്‍ മെഷീന്‍' എന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്ഥലം മാറി വരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും താമസിക്കുന്നൊരു വീടും അവിടെയുള്ള ഒരു അമാനുഷിക ശക്തിയുടെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, നവാഗതനായ പ്രേം നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സി.എസ് വിനയന്‍ ആണ്. ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തും. ഒരിടവേളയ്ക്കു ശേഷം ഗായത്രി സുരേഷ് അഭിനയിക്കുന്ന മലയാള പടം കൂടിയാണ് തയ്യല്‍ മെഷീന്‍. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഗോപിക ഗോപ്സ് ആണ് നിര്‍മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സര്‍ഗി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രാകേഷ് കൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു.

◾ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍ ഇന്ത്യന്‍ നിര്‍മിത നിസാന്‍ മാഗ്‌നൈറ്റിന് മിന്നും വിജയം. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷാ റേറ്റിങ്ങില്‍ ഫൈവ് സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് ത്രീ സ്റ്റാറുമാണ് മാഗ്‌നൈറ്റിന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 ല്‍ 32.31 മാര്‍ക്കും നേടി അഞ്ച് സ്റ്റാര്‍ കരസ്തമാക്കിയപ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 33.64 മാര്‍ക്കും മാഗ്നൈറ്റിന് ലഭിച്ചു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള മോഡലാണ് മാഗ്നൈറ്റ്. പുതിയ മാഗ്‌നൈറ്റില്‍ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമുള്ള 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവല്‍ ഗിയര്‍ബോക്സ് രണ്ട് എന്‍ജിനുകളിലും ലഭിക്കും എന്നാല്‍ എംഎംടി ഗിയര്‍ബോക്സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനിലും സിവിടി ഗിയര്‍ബോക്സ് ടര്‍ബോ പെട്രോള്‍ എന്‍ജിനിലും മാത്രം.

◾ അടിച്ചമര്‍ത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും കണ്ണും കരളുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സമരതീക്ഷ്ണമായ രാഷ്ട്രീയജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകന്റെ രചന. ഒരു നൂറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിന്റെ തുടിപ്പും തുടര്‍ച്ചയുമായി നിലകൊണ്ട നേതാവിന്റെ രാഷ്ട്രീയജീവചരിത്രം. 'വി.എസ്. രാഷ്ട്രീയജീവിതം'. കെ.ബാലകൃഷ്ണന്‍. മാതൃഭൂമി. വില 230 രൂപ.

◾ ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. കരളില്‍ വീക്കം ഉണ്ടാക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരളില്‍ പാടുകള്‍, സിറോസിസ്, ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഈ വീക്കം ഉണ്ടാക്കുന്ന കരള്‍ രോഗം കാരണമാകും. ചികിത്സിച്ചില്ലെങ്കില്‍, ഹെപ്പറ്റൈറ്റിസ് വിട്ടുമാറാത്ത കരള്‍ തകരാറിന് കാരണമാകും. ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ തുടര്‍ച്ചയായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ്, തരം (എ, ബി, അല്ലെങ്കില്‍ സി) എന്തുതന്നെയായാലും, അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണവും കരളിന്റെ പ്രവര്‍ത്തനത്തിലെ തകരാറും മൂലം ക്ഷീണം ഉണ്ടാകാം. ഓക്കാനത്തോടൊപ്പം വിശപ്പില്ലായ്മയും ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് ബി കരളിന് കേടുപാടുകള്‍ വരുത്തുന്ന ഒരു സാധാരണ വൈറല്‍ അണുബാധയാണ്. രോഗബാധിതരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് പകരുന്നത്. വയറുവേദന അല്ലെങ്കില്‍ വയറിന്റെ മുകള്‍ ഭാഗത്ത് വേദന അനുഭവപ്പെടുക. ഇത് ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണെങ്കില്‍ നിസ്സാരമായി കാണരുത്. കരള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പിത്തരസം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും നീക്കം ചെയ്യുന്നതും തടസ്സപ്പെടും. ശേഷം മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം വരാം. ഇവ ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളാണ്. മഞ്ഞപ്പിത്തം, ആദ്യഘട്ടങ്ങളില്‍ തന്നെ അവഗണിക്കപ്പെടുകയും പിന്നീട് നേരിയ തോതില്‍ പ്രകടമാകുകയും ചെയ്യും. ' ചര്‍മ്മത്തിലോ കണ്ണുകളിലോ മഞ്ഞ നിറം കണ്ടാല്‍ ഉടന് തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. പ്രാരംഭ ഘട്ടത്തിലുള്ള ഹെപ്പറ്റൈറ്റിസ് സന്ധി വേദന, നേരിയ പനി, ശരീരവേദന എന്നിവ പ്രകടമാക്കാം. മിക്ക ആളുകളും ഇത് സാധാരണ പനിയാണെന്ന് കരുതി അവഗണിക്കാറാണ് പതിവ്.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 86.54, പൗണ്ട് - 116.04, യൂറോ - 101.04, സ്വിസ് ഫ്രാങ്ക് - 108.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.45, ബഹറിന്‍ ദിനാര്‍ - 229.59, കുവൈത്ത് ദിനാര്‍ -283.48, ഒമാനി റിയാല്‍ - 225.11, സൗദി റിയാല്‍ - 23.07, യു.എ.ഇ ദിര്‍ഹം - 23.55, ഖത്തര്‍ റിയാല്‍ - 23.77, കനേഡിയന്‍ ഡോളര്‍ - 62.99.
Previous Post Next Post
3/TECH/col-right