Trending

ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ കിട്ടാതെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾ ദുരിതത്തിൽ; അധികാരികൾ ഇടപെടണം.

കോഴിക്കോട്: കാഴ്ച പരിമിതിയുള്ള  വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ലഭിക്കാത്തത് വലിയ അനീതിയാണെന്ന് രക്ഷിതാക്കൾ.

കേരളത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനമായ CHSS-ൽ +1 പഠനം തുടരുന്ന 100% കാഴ്ച പരിമിതിയുള്ള ആയിഷ സമീഹക്ക്, പഠനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

“പത്താം ക്ലാസ് വരെ വൈകിയെങ്കിലും ബ്രെയിൽ പുസ്തകങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഹയർസെക്കൻഡറി തലത്തിൽ ഇത് ലഭിച്ചിട്ടില്ല. സർക്കാർ തലത്തിൽ ഇത്തരം ഒരു സംവിധാനം നിലവിലുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല” എന്ന് ആയിഷയുടെ രക്ഷിതാക്കൾ പറയുന്നു.

സംസ്ഥാനത്ത് വളരെ കുറഞ്ഞ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾ മാത്രമേ ഹയർസെക്കൻഡറി പഠനം നടത്താറുള്ളുവെങ്കിലും, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി കോടിക്കണക്കിന് ഫണ്ടുകളും നിരവധി സംഘടനകളും സർക്കാരിന്റെ വിവിധ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, ബ്രെയിൽ പാഠപുസ്തകങ്ങൾ പോലും നൽകാത്തത് വലിയ അനീതിയും അവകാശ ലംഘനവുമാണ്.

പഠനോപകരണങ്ങൾ ലഭിക്കാത്തത് ആയിഷ സമീഹ പോലുള്ള കുട്ടികൾക്ക് വലിയ മാനസിക സമ്മർദ്ദമാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ട് ബ്രെയിൽ ലിബിയിലുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയും ഭാവിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും വേണമെന്നും രക്ഷിതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പ്രാദേശിക എം.എൽ.എ. പി.എ. മുഹമ്മദ് റിയാസിനും, കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കത്ത് നൽകിയിട്ടുണ്ടെന്നും, നടപടികൾ പ്രതീക്ഷിക്കുന്നതായും കുടുംബം വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right