Trending

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷ പ്രിയയോട്? പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു.

സന്‍ആ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒവിവാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നു. സൂഫി പണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ പ്രതിനിധികളാണ് കൊല്ലപ്പെട്ട യമനി യുവാവ് തലാല്‍ മഹ്ദിയുടെ കുടംബവുമായി ചര്‍ച്ച നടത്തുന്നത്. 


കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്നത്തെ തുടര്‍ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. വടക്കന്‍ യെമനിലാണ് യോഗം നടക്കുന്നത്. 

സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിനും തലാലിന്റെ സഹോദരനും പുറമെ യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രിം ജഡ്ജ്, ഗോത്ര തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിമിഷക്ക് മാപ്പു നല്‍കില്ല എന്ന കുടുംബത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് വിഷയത്തില്‍ ഇടപെടുന്നവരുടെ പ്രതീക്ഷ.


നിമിഷക്ക് മാപ്പുനല്‍കില്ലെന്നും വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ഒത്തുതീര്‍പ്പിനും കുടുംബം തയാറല്ലെന്നും കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ദിയാധനം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കില്ല. പണം കൊടുത്ത് രക്തത്തെ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച ഫത്താഹ് എന്നാല്‍, കുടുംബം ഒത്തുതീര്‍പ്പിലെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പോസ്റ്റിനൊപ്പം കാന്തപുരം പുറത്തുവിട്ട വധശിക്ഷ നീട്ടിയതായുള്ള സര്‍ക്കുലറും തലാലിന്റെ സഹോദരന്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഈ സര്‍ക്കുലറിന്റെ ആധികാരികതയെ ചിലര്‍ ചോദ്യംചെയ്തിരുന്നു. അതിനിടെ, അബ്ദുല്‍ ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായി മലയാളികളുടെ കമന്റുകള്‍ കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. തലാലിന്റെ സുഹൃത്തുക്കളും സ്വദേശികളും ഉള്‍പ്പെടെ മലയാളികളുടെ കമന്റിന് മറുപടിയുമായി രംഗത്തുവന്നിരുന്നു. യമനികളെ പ്രകോപിപ്പിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമത്തില്‍ അറബി ഭാഷയിലടക്കം വരുന്നത്. ഇതു നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലവിലുണ്ട.് 

ഇന്ത്യയിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ക്രെഡിറ്റ് സംബന്ധിച്ച വിവാദങ്ങളും യമന്‍ പൗരന്മാരുടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വധശിക്ഷ ഒത്തുതീര്‍പ്പാക്കുന്നത് എതിര്‍ക്കുന്നവരാണ് ഇത്തരം പോസ്റ്റുകളും പ്രചാരണവും നടത്തുന്നത്.

മാപ്പുനല്‍കണമെന്ന് യമന്‍ മനുഷ്യാവാകാശ പ്രവര്‍ത്തക:

 
നിമിഷപ്രിയക്ക് മാപ്പുനല്‍കണമെന്ന് യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തക, ശൈഖ സോണിയ സ്വാലിഹ്. തലാലിന്റെ സഹോദരന്റെ പോസ്റ്റിന് കമന്റായാണ് അവര്‍ ഇക്കാര്യം കുറിച്ചത്. 

താന്‍ നിമിഷപ്രിയയെയും കൂടെയുണ്ടായിരുന്ന നഴ്സ് ഹനാനെയും ജയിലില്‍ സന്ദര്‍ശിച്ചെന്നും അവരുടെ കഥ പൂര്‍ണമായും കേട്ടെന്നും സോണിയ സ്വാലിഹ് പറഞ്ഞു. വധശിക്ഷയിലൂടെ തലാലിനെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നും ബ്ലഡ് മണിയിലൂടെ അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും പരിഗണിച്ചെങ്കിലും മാപ്പുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Previous Post Next Post
3/TECH/col-right