Trending

സായാഹ്ന വാർത്തകൾ.

2025  ജൂലൈ 12  ശനി 
1200  മിഥുനം 28  ഉത്രാടം 
1447  മുഹർറം 15

◾ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും  കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ. പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടി കേരളത്തില്‍ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

◾ കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ . രണ്ട് ഭൂഗര്‍ഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ചതാണ് ബിജെപിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടം. ഇന്ന് മുതല്‍ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം മാരാര്‍ജി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തില്‍ സംസ്ഥാനത്തെ ബിജെപി  ആര്‍എസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

◾ എറണാകുളത്ത് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോള്‍ കൊച്ചിയിലേയ്ക്കും എത്തുന്നത്. ജൂലൈ 15 മുതല്‍ ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പുറപ്പെടുക. രാത്രി 8 മണിയോടെ തിരികെ സ്റ്റാന്‍ഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക.

◾ ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണെന്നും ഇത്തരം പ്രവൃത്തികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.

◾ ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം. മോദിക്കായി തരൂര്‍ നടത്തുന്നത് വാഴ്ത്തുപാട്ടെന്നും തരൂരിന്റേത് തരം മാറ്റവും അവസരവാദവുമാണെന്നും വീക്ഷണം ലേഖനത്തിലൂടെ അദ്ദേഹം വിമര്‍ശിച്ചു. അതേസമയം അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ തരൂര്‍ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

◾ സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍. സാമുദായിക കാര്യങ്ങള്‍ പറയാനാണ് സാമുദായിക സംഘടനകളെന്നും ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോയെന്നും ആകെ 24 മണിക്കൂറല്ലേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

◾ സ്‌കൂള്‍ സമയമാറ്റത്തില്‍ താന്‍ പറഞ്ഞത് കോടതി നിലപാടാണെന്നും വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും സമരം ചെയ്യാന്‍ ഏത് സംഘടനക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തില്‍ അടുത്ത വര്‍ഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സര്‍ക്കാരിന് തെറ്റു പറ്റിയില്ലെന്ന് പറഞ്ഞ മന്ത്രി ആര്‍ ബിന്ദു, വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

◾ കേരള സര്‍വ്വകലാശാല രജിസ്ട്രാറായി മിനി കാപ്പന്‍ തുടരും. പദവിയില്‍ തുടരാന്‍ വി സി നിര്‍ദ്ദേശം നല്‍കി. ചുമതല ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിസിക്ക് കത്ത് നല്‍കി എന്ന വാര്‍ത്ത മിനി കാപ്പന്‍ തള്ളി. അതേസമയം കെ എസ് അനില്‍കുമാര്‍ ഇന്നലെ 150 ഫയലുകളില്‍ ഒപ്പിട്ടു. വി സി യുടെ പരിശോധന ആവശ്യമില്ലാത്ത ഫയലുകളില്‍ ആണ് ഒപ്പിട്ടത്.

◾ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ വനിതാ കണ്ടക്ടറെ സസ്‌പെന്റ് ചെയ്ത് കെഎസ്ആര്‍ടിസിയില്‍ വിവാദ ഉത്തരവ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവായെടുത്താണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്.

◾ വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മുള്ളന്‍കൊല്ലിയിലെ പാര്‍ട്ടി പരിപാടിയില്‍ വെച്ച്  മര്‍ദ്ദനമേറ്റു. പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം.

◾ നിമിഷപ്രിയയുടെ മോചനത്തില്‍ മോചനദ്രവ്യത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധമെന്ന് ഫറോക് റഹീം കമ്മിറ്റി. എന്നാല്‍ അതുമായി ബന്ധപ്പെട്ട അപേക്ഷ ഔദ്യോഗികമായി ട്രസ്റ്റിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് റഹീം നിയമസഹായ ട്രസ്റ്റ് കണ്‍വീനര്‍ പറഞ്ഞു. അപേക്ഷ വന്നാല്‍ അതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമെന്ന് വിവരാവകാശ രേഖ. കൊവിഡ് കാലത്ത് പി എം കെയര്‍ ഫണ്ട് ചിലവാക്കി വാങ്ങിയ വെന്റിലേറ്ററുകളെല്ലാം ചുരുങ്ങിയ സമയത്തില്‍ ഉപയോഗശൂന്യമായെന്നാണ് മെഡിക്കല്‍ കോളേജുകള്‍ വ്യക്തമാക്കുന്നത്.

◾ പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ ടാറിട്ടു കുഴിയടയ്ക്കല്‍. വ്യാഴാഴ്ച പാതിരാത്രി ആയിരുന്നു വെള്ളത്തില്‍ ടാറും മെറ്റലും ചേര്‍ത്തിട്ടത്. അതുവഴി പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത് കണ്ട് ചോദ്യം ചെയ്തതും തടഞ്ഞതും. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെയാണ് കരാര്‍ കമ്പനി ജോലിക്കാര്‍ രാത്രി പണിക്കിറങ്ങിയത്.

◾ കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവര്‍ക്ക്. എംഡിഎംഎ വാങ്ങാന്‍ മാത്രം റിന്‍സി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകള്‍ പൊലീസിന് നല്‍കി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

◾ ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജന്‍ ഓടിച്ചിരുന്ന ബൈക്കിന് തീപിടിച്ചത്.

◾ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും ദുരൂഹത തുടരുന്നു. പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചുവെന്നും എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായതായും അന്വേഷണത്തില്‍ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും 'താന്‍ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതും വോയ്സ് റെക്കോര്‍ഡില്‍ ഉണ്ട്. അതോടൊപ്പം എയര്‍ ഇന്ത്യയും ബോയിങ് കമ്പനിയും തുടര്‍ന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചു.

◾ വിമാന എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അബദ്ധത്തില്‍ കൈ തട്ടിയാല്‍ ഓഫാവുന്ന സ്വിച്ചുകളല്ല അതെന്ന് കൊമേഷ്യല്‍ പൈലറ്റ് ക്യാപ്റ്റന്‍ സനില്‍ ഗോപിനാഥ് . ഒരാള്‍ പിടിച്ച് താഴോട്ട് ഇട്ടാല്‍ മാത്രം വീഴുന്ന സ്വിച്ചുകളാണ് അത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഇതെങ്ങനെ സംഭവിച്ചെന്ന് അതിശയം തോന്നിയെന്നും അദ്ദേഹം പ്രതികരിച്ചു.

◾ 2025ലെ ഏറ്റവും മികച്ച എയര്‍ലൈനുള്ള സ്‌കൈട്രാക്‌സ് അവാര്‍ഡ് നേടിയ ഖത്തര്‍ എയര്‍വേസിന്റെ മുഴുവന്‍ ബോയിങ് 777 വിമാനങ്ങളിലും ഇനി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. 54 ബോയിങ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കിയ ഖത്തര്‍ എയര്‍വേസ് റെക്കോഡ് വേഗത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

◾ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ജൂണ്‍ 23ന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍, സുരക്ഷിത ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ജിയോഡെസിക് ഡോമിന് കേടുപാടുകള്‍ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.

◾ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനെ ഇന്നറിയാം. ഇഗാ സ്വിയടെക്, ഫൈനലില്‍ അമാന്‍ഡ അനിസിമോവയെ നേരിടും. രാത്രി 8.30നാണ് മത്സരം. ഇന്ന് ആര് ജയിച്ചാലും വിംബിള്‍ഡണ് പുതിയ ചാമ്പ്യനെ ലഭിക്കും.  2016ല്‍ സെറീന വില്യംസിന് ശേഷം ആര്‍ക്കും സെന്റര്‍ കോര്‍ട്ടില്‍ കിരീടം നിലനിര്‍ത്താനായിട്ടില്ല. സെമിയില്‍ ലോക ഒന്നാം നമ്പര്‍താരം അറീന സബലെന്‍കയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് അമേരിക്കന്‍താരം അമാന്‍ഡ അനിസിമോവ. 

◾ സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 73,000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 73,000 കടന്നത്. 73,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 9140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

◾ ഇന്റര്‍നെറ്റ് വേഗതയില്‍ റെക്കോഡിട്ട് ജപ്പാന്‍. ഇന്ത്യയുടെ ശരാശരി ഇന്റര്‍നെറ്റ് വേഗത്തേക്കാള്‍ 16 മില്യണ്‍ ഇരട്ടിയാണ് ജപ്പാന്റെ പുതിയ ഇന്റര്‍നെറ്റ് വേഗം. ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെക്നോളജിയാണ് അതിവേഗ ഇന്റര്‍നെറ്റിന് പിന്നില്‍.  ജപ്പാനിലെ പുതിയ ഇന്റര്‍നെറ്റ് വേഗം സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ്സ് സെക്കന്‍ഡാണ്. ആയിരക്കണക്കിന് എച്ച്.ഡി സിനിമകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് വേഗം സഹായിക്കും. നെറ്റ്ഫ്ലിക്സിലെ മുഴുവന്‍ സിനിമകളും ഒരു സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സാധിക്കും. യു.എസിന്റെ ശരാശരി ഇന്റര്‍നെറ്റ് വേഗത്തേക്കാള്‍ 3.5 മില്യണ്‍ ഇരട്ടി വേഗം ജപ്പാനിലെ പുതിയ ഇന്റര്‍നെറ്റിനുണ്ടാവും. വലിയ അളവിലുള്ള ഡാറ്റ അയക്കുന്നതിനായി 19 കോറിന്റെ ഫൈബര്‍ ഒപ്ടിക് കേബിളുകളാണ് അതിവേഗ ഇന്റര്‍നെറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1800 കിലോ മീറ്റര്‍ ദൂരത്ത് പുതിയ ഫൈബര്‍ ഒപ്ടിക് കേബിളുകളുടെ സാന്നിധ്യമുണ്ട്.  വേഗം നഷ്ടമാകാതെ ഡാറ്റ ട്രാന്‍സ്ഫറിനായി ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ലൂപ്പിങ് സര്‍ക്യൂട്ടുകളും ജപ്പാന്‍ അതിവേഗ ഇന്റര്‍നെറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 402 ടെറാബിറ്റ് വേഗതയിലുള്ള ഇന്റര്‍നെറ്റ് അവതരിപ്പിച്ചും ജപ്പാന്‍ റെക്കോഡിട്ടിരുന്നു.

◾ 2012ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'സണ്‍ ഓഫ് സര്‍ദാര്‍' രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അശ്വിനി ധിര്‍ സംവിധാനം ചെയ്ത കോമഡി ആക്ഷന്‍ സിനിമ സണ്‍ ഓഫ് സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് ഇത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. രവി കിഷന്‍, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ കുമാര്‍ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം ബജാജ്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും. വമ്പന്‍ ബജറ്റില്‍ ആക്ഷന്‍ കോമഡി ഴോണറിലാണ് സിനിമയൊരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായി അല്ലാതെ ഒരു സ്പിരിച്വല്‍ സീക്വല്‍ ആയിട്ടാണ് സണ്‍ ഓഫ് സര്‍ദാര്‍ 2 ഒരുങ്ങുന്നത്. എഡിന്‍ബര്‍ഗ്, ലണ്ടന്‍, ചണ്ഡീഗര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അടുത്തിടെ അന്തരിച്ച നടന്‍ മുകുള്‍ ദേവിന്റെ അവസാന ചിത്രം കൂടിയാണ് സണ്‍ ഓഫ് സര്‍ദാര്‍.

◾ തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഹിന്ദി ചിത്രം 'ധടക്ക് 2' ട്രെയിലര്‍ എത്തി. കതിര്‍, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാള്‍' സിനിമയുടെ റീമേക്ക് ആണിത്. തമിഴ്നാട്ടില്‍ ഏറെ ശ്രദ്ധനേടിയ 'പരിയേറും പെരുമാള്‍' ചര്‍ച്ചയായത് അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൂടി ബന്ധപ്പെട്ടായിരുന്നു. സിനിമയുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍ റിലീസിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഹിന്ദി പതിപ്പിനെ തേടി എത്തുന്നത്. ഇത് പരിയേറും പെരുമാള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കമന്റുകള്‍ ഉയരുന്നു. ഷാസിയ ഇക്ബാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ധടക്ക് 2' നിര്‍മിച്ചിരിക്കുന്നത് ധര്‍മ പ്രൊഡക്ഷന്‍സ്, സീ സ്റ്റുഡിയോസ്, ക്ലൗഡ് 9 പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ്. 2018 ല്‍ പുറത്തുവന്ന 'ധടക്'  സിനിമയുടെ തുടര്‍ച്ചയായിട്ടാണ് ഈ സിനിമ എത്തുന്നത്. 'സൈറാത്ത്' എന്ന മറാഠി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ധടക്ക് ഒന്നാം ഭാഗം. ധടക്ക് 2 ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലെത്തും.

◾ ഇന്ത്യയില്‍ ഈയടുത്തിടെ ഫോക്സ്വാഗണ്‍ എത്തിച്ച ഗോള്‍ഫ് ജി ടി ഐയ്ക്ക് മറ്റേതൊരു വാഹനത്തിനു ലഭിക്കാത്തത്രയും സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബൗളര്‍ ജസ്പ്രീത് ബുമ്രയാണ് ഇനി ഗോള്‍ഫ് ജി ടി ഐ യുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഫോക്സ്വാഗന്‍ ഗോള്‍ഫ് ജിടിഐ, എന്ന പോക്കറ്റ് റോക്കറ്റ് കമ്പനിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ്. ഗോള്‍ഫിന്റെ പെര്‍ഫോമന്‍സ് മോഡലാണ് ഗോള്‍ഫ് ജിടിഐ. എട്ടാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഫോക്സ്വാഗന്‍ ഇന്ത്യയുടെ ഏറ്റവും കരുത്തന്‍ മോഡലെന്ന ഖ്യാതിയും ഈ വാഹനത്തിനു സ്വന്തമാണ്. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

◾ പോണ്‍ അഡിക്റ്റായ സഹോദരന്‍. മദ്യത്തില്‍ അഭയം തേടുന്ന അച്ഛന്‍. ഡേറ്റിങ്ങിന് ക്ഷണിക്കുന്ന കസിന്‍ ബ്രദര്‍. ഫ്‌ളര്‍ട്ടേഷ്യസ് നോട്ടമുള്ള സഹപാഠി. ഇവര്‍ക്കിടയില്‍ അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ ദിവ എന്ന പെണ്‍കുട്ടി. കുടുംബബന്ധങ്ങള്‍ക്കാധാരമായ അതിര്‍വരമ്പുകള്‍ക്കും സദാചാരബോദ്ധ്യങ്ങള്‍ക്കും നേരേ ചോദ്യചിഹ്നമുയര്‍ത്തുന്ന നോവല്‍. 'ഒഴിവ്'. സഹല്‍ താജ്. മാതൃഭൂമി. വില 93 രൂപ.

◾ ശ്വാസകോശത്തിന് താഴെയുള്ള പേശിയായ ഡയഫ്രം ചുരുങ്ങുന്നത് മൂലം സ്വരതന്തുക്കള്‍ പെട്ടെന്ന് അടയുകയും ഒരു ശബ്ദം നാം അറിയാതെ തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന പ്രതിഭാസമാണ് എക്കിള്‍. സാധാരണ ഗതിയില്‍ ഏതാനും മിനിട്ടിനുള്ളില്‍ തനിയെ ശരിയാകുന്ന സംഗതിയാണ് ഇത്. എന്നാല്‍ ചില അപൂര്‍വം കേസുകളില്‍ ഇത് ചില പ്രശ്‌നങ്ങളുടെ സൂചനയാകാം. വ്യക്തിയുടെ ശ്വാസകോശത്തിലേക്ക് വായു എടുക്കുന്ന പ്രക്രിയ ഒരു നിമിഷ നേരത്തേക്ക് ആണെങ്കിലും എക്കിള്‍ വരുന്ന സമയത്ത് നിലയ്ക്കുന്നു. വേഗത്തിലുള്ള ഭക്ഷണം കഴിപ്പും വെള്ളം കുടിയും, സോഡ, ചൂട് പാനീയങ്ങള്‍, മദ്യം എന്നിവ കുടിക്കല്‍, വയറില്‍ ഗ്യാസ്, വൈകാരിക സമ്മര്‍ദ്ദം, ശക്തമായ വികാരവിക്ഷോഭങ്ങള്‍, അമിതമായ ഭക്ഷണം കഴിക്കല്‍, കഴിക്കുമ്പോള്‍ വായു അമിതമായി അകത്തേക്ക് തള്ളല്‍, അനസ്‌തേഷ്യ, സ്റ്റിറോയ്ഡുകള്‍ പോലുള്ള മരുന്നുകള്‍ എന്നിവയെല്ലാം എക്കിളിന്റെ ട്രിഗറുകളാണ്. തണുത്ത വെള്ളം പതിയെ സിപ് ചെയ്ത് കുടിച്ചും കുലുക്കുഴിഞ്ഞും എക്കിള്‍ ഒഴിവാക്കാം. ശ്വാസം കുറച്ച് നേരം പിടിച്ചു വച്ചിട്ട് പതിയെ പുറത്തേക്ക് വിട്ടും മൂക്കിലും ഡയഫ്രത്തിലും നാക്കിലും ചെറിയ സമ്മര്‍ദ്ദം ചെലുത്തിയും എക്കിള്‍ ഒഴിവാക്കാം. മധുരവും പുളിപ്പുമുള്ള ചില ഭക്ഷണങ്ങളും തരികളാക്കി പഞ്ചസാര വിഴുങ്ങുന്നതും നാരങ്ങ കടിക്കുന്നതും വിനാഗിരി ചെറിയ അളവില്‍ രുചിക്കുന്നതും ഗുണം ചെയ്യാം. ഒരു പേപ്പര്‍ ബാഗെടുത്ത് അതിനുള്ളിലേക്ക് ശ്വാസം നിറയ്ക്കുന്നതും സഹായകമായേക്കാം. മുട്ടുകള്‍ നെഞ്ചിനോട് ചേര്‍ത്ത് വച്ച് കെട്ടിപിടിക്കുന്നതും മുന്നിലേക്ക് ആഞ്ഞ് നെഞ്ച് അമര്‍ത്തുന്നതും എക്കിള്‍ നില്‍ക്കാന്‍ സഹായിക്കാം. തൊണ്ടയില്‍ മൃദുവായി തൊടുന്നതും കണ്ണുകള്‍ തിരുമുന്നതും എക്കിള്‍ നില്‍ക്കാന്‍ സഹായിക്കാം. 48 മണിക്കൂറിലധികം നീണ്ട് നില്‍ക്കുന്ന എക്കിളിനെ ക്രോണിക് ഹിക്കപ്പ് എന്ന് വിളിക്കും. ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാകാം വരുന്നത്. നെഞ്ച് വേദന, പനി, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ എക്കിളിനൊപ്പം വന്നാലും ശ്രദ്ധിക്കണം.

◾ *ഇന്നത്തെ വിനിമയ നിരക്ക്* : ഡോളര്‍ - 85.86, പൗണ്ട് - 115.83, യൂറോ - 100.38, സ്വിസ് ഫ്രാങ്ക് - 107.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.46, ബഹറിന്‍ ദിനാര്‍ - 227.71, കുവൈത്ത് ദിനാര്‍ -280.73, ഒമാനി റിയാല്‍ - 223.25, സൗദി റിയാല്‍ - 22.89, യു.എ.ഇ ദിര്‍ഹം - 23.37, ഖത്തര്‍ റിയാല്‍ - 23.58, കനേഡിയന്‍ ഡോളര്‍ - 62.64.
Previous Post Next Post
3/TECH/col-right