2025 | ജൂലൈ 9 | ബുധൻ
1200 | മിഥുനം 25 | മൂലം
◾ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളില്‍ ട്രെയിനടക്കം തടയുന്ന സാഹചര്യമുണ്ട്. ബംഗളൂരുവില്‍ ജനജീവിതം സാധാരണ നിലയിലാണ്. എന്നാല്‍ ബിഹാറില്‍ വന്ദേ ഭാരത് ട്രെയിന്‍ തടഞ്ഞു. ആര്‍ജെഡി - കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായാണ് ട്രെയിന്‍ തടഞ്ഞത്. ഹാജിപൂരില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചു. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. ഹൈദരാബാദിലും വിജയവാഡയിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയില്‍ തുടരുകയാണ്. ദില്ലിയില്‍ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുള്‍പ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ പ്രതിഷേധിക്കും.
◾ കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. ചിലയിടങ്ങളില്‍ സര്‍വീസ് നടത്താനുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശ്രമം സമരാനുകൂലികള്‍ തടഞ്ഞു. എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാര്‍ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്നും ജീവനക്കാര്‍ അറിയിച്ചു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സര്‍വീസ് നടത്താന്‍ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു.
◾ ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് സെക്രട്ടറിയേറ്റില്‍ ആകെ ജോലിക്കെത്തിയത് 423 പേര്‍ മാത്രം. ആകെ 4686 പേരില്‍ 423 പേര്‍ മാത്രമാണ് ഇന്ന് പഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പില്‍ 320 പേരാണ് എത്തിയത്. ഫിനാന്‍സില്‍ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്.
◾ ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണം ഉണ്ടാകുമെന്നും അതാണ് ചെറിയ തോതില്‍ കാണുന്നതെന്നും നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ആറ് മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നതെന്നും ഇന്ന് പണി എടുക്കാന്‍ പാടില്ലെന്നും കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കേണ്ടത് മന്ത്രിക്കല്ല, സി എം ഡി ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാര്‍ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് സംബന്ധിച്ച് ഗണേഷ് കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എ കെ ബാലന്‍. പണിമുടക്കിനെതിരായ ഗണേഷ് കുമാറിന്റെ പ്രസ്താവന ഇടതുസമീപനമല്ലെന്നും സമരം ചെയ്യുന്നവരെ വില കുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയതെന്നും ബാലന്‍ വിശദീകരിച്ചു. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ലെന്നും ഡയസ്നോണ്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാരാണെന്നും സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
◾ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസ് പോലും കെഎസ്ആര്‍ടിസി ഇന്ന് നടത്തിയില്ല. ഇന്ന് മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ എസ് ആര്‍ ടി സിയില്‍ ഡയസ്നോണ്‍ പ്രഖ്യാപനവും നടത്തിയിരുന്നു.
◾ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസ് ഹെല്‍മെറ്റ് ധരിച്ച് ഓടിച്ച ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സര്‍വീസ് പോയ ബസിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്.സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്. എന്നാല്‍ ഈ ബസ് അടൂരില്‍ സമരാനുകൂലികള്‍ തടഞ്ഞു.
◾ സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നാളത്തെ പഠിപ്പുമുടക്ക്. സര്‍വകലാശാലകള്‍ കാവി വത്കരിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്.
◾ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിവരം നല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബിഎസ്ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. നടപടിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
◾ ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വരി. 15 ദിവസത്തിനുള്ളില്‍ ജീപ്പ് സഫാരിയും ഓഫ് റോഡ് ട്രെക്കിംഗും പുനരാരംഭിക്കാനാകുമെന്ന് കളക്ടര്‍ അറിയിച്ചു. ഓഫ് റോഡ് സഫാരിയുടെ റൂട്ടുകള്‍ കൃത്യമായി നല്‍കുകയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം കൊളുക്കുമല മോഡലില്‍ ജീപ്പ് സഫാരികള്‍ നടത്തുകയുമാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
◾ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ കോടതി രംഗത്തില്‍ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേര്‍ക്കണമെന്നും വ്യക്തമാക്കി. നേരത്തെ 96 ഭാഗങ്ങള്‍ കട്ട് ചെയ്യണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട് എടുത്തിരുന്നത്.
◾ ജ്യോതി മല്‍ഹോത്ര താന്‍ ക്ഷണിച്ചിട്ടല്ല വന്ദേ ഭാരതില്‍ യാത്ര ചെയ്തതെന്നും തന്റെ കൂടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആളുകളും ഉണ്ടായിരുന്നുവെന്നും അവരുടെയും പ്രതികരണം എടുത്തിട്ടുണ്ടെന്ന് വി മുരളീധരന്‍. ടൂറിസം വകുപ്പ് അവരെ ക്ഷണിച്ചു കൊണ്ടു വന്നതാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണോ അവരെ കൊണ്ടു വന്നതെന്നും അദ്ദേഹം ചോദിച്ചു. ജ്യോതിയെ ക്ഷണിച്ചുകൊണ്ടുവന്ന ഏജന്‍സിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ബാങ്കില്‍ നിന്ന് 15 ദിവസം കൂടി അവധി ചോദിച്ചിരുന്നുവെന്നും അവര്‍ തന്നില്ലെന്നും എറണാകുളത്ത് ആത്മഹത്യ ചെയ്ത മധുമോഹനന്റെ കുടുംബം. കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ ജീവനൊടുക്കിയത്. 30ാം തീയതിക്കുള്ളില്‍ എല്ലാം ക്ലോസ് ചെയ്യാമെന്ന് പറഞ്ഞതാണെന്നും കുറച്ച് തുക അടച്ചിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് മധു മോഹന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
◾ എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ ഷിജു എന്ന 12 വയസ്സുകാരി മരിച്ചത്. മരണകാരണം വ്യക്തമാക്കാന്‍ ഇനി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരണം.
◾ വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിന്‍ രാജിനെ കൊലപ്പെടുത്തിയത് ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നല്‍കിയത്.
◾ ഗുജറാത്തിലെ വഡോദരയില്‍ ഇന്നു രാവിലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. നിരവധി പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെകുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
◾ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലേക്ക് പാഞ്ഞു കയറിയ തെരുവ് നായയെ കണ്ട് ഓടിയ 12 വയസുകാരന് ദാരുണാന്ത്യം. നായയെ കണ്ട് പെടിച്ചോടവേ ആറാം നിലയില്‍ നിന്നും താഴേക്ക് വീണ ജയേഷ് ബോഖ്രെ എന്ന കുട്ടിയാണ് മരിച്ചത്.
◾ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതിയില്‍ ഒരു മാസത്തിനിടെ മരണം 130 കടന്നെന്ന് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദര്‍ശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിന് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
◾ ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. മതപരിവര്‍ത്തന ശക്തികളുടെ ആയുധമാണ് വിജയ് എന്ന് ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഢി പറഞ്ഞു. സാമൂഹിക നീതിയുടെ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കുകയാണ് വിജയും ടിവികെയും. ഹിന്ദു ധര്‍മത്തിനെതിരായ യുദ്ധപ്രഖ്യാപനം ആണ് വിജയുടേതെന്നും റെഡ്ഢി പ്രതികരിച്ചു. വിജയ് പള്ളിയില്‍ നില്‍ക്കുന്ന പഴയചിത്രം പങ്കുവച്ചാണ് അമര്‍ പ്രസാദ് റെഡ്ഢിയുടെ ആരോപണം.
◾ ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുത്തു എന്ന കാരണത്താല്‍ തിരുപ്പതി ക്ഷേത്രത്തിലെ ജോലിയില്‍ നിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. തിരുപ്പതിയില്‍ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
◾ പാറ്റ്ന വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. പാറ്റ്ന- ദില്ലി ഇന്‍ഡിഗോ വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തില്‍ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
◾ കൂവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സഹേല്‍ ആപ്ലിക്കേഷന്‍ വഴി എക്സിറ്റ് പെര്‍മിറ്റ് നേടണം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മാന്‍പവര്‍ അതോറിറ്റി ഔദ്യോഗികമായി നിഷേധിച്ചു. അങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നും, പ്രചാരണം തികച്ചും വ്യാജമാണെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
◾ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. പ്രമേയം സാധാരണ കാര്യമാണെന്നനും ആഗോള സമൂഹം അഫ്ഗാന്‍ ജനതയ്ക്കായി വിഭാവനം ചെയ്യുന്ന ഫലമുണ്ടാക്കാന്‍ പ്രമേയത്തിന് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്.
◾ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ ജിഹാദിന് തയ്യാറായി 10,000 ഫിദായീനുകള്‍ (ജീവന്‍ വരെ നഷ്ടപ്പെടുത്തി ആക്രമണത്തിന് തയ്യാറായവര്‍) ഉണ്ടെന്ന് തലവന്‍ മസൂദ് അസര്‍. ജെയ്‌ഷെ മുഹമ്മദിന് 30,000 പോരാളികളുണ്ടെന്നും ഒരു ശക്തിക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും മസൂദ് പറയുന്നു. മസൂദിന്റേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യമുള്ളത്.
◾ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്‌റ്റൈന്റെ പട്ടികയിലെ പേരുകള്‍ പുറത്തുവിടുന്നതായിരിക്കും തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ അമേരിക്ക പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് ടെസ്ലയുടെ സിഇഒയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടില്ലെങ്കില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കക്കാര്‍ എങ്ങനെ വിശ്വസിക്കുമെന്നും മസ്‌ക് ചോദിച്ചു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,000 രൂപയും പവന് 480 രൂപ താഴ്ന്ന് 72,000 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,380 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 116 രൂപയില്‍ തുടരുന്നു. ദേശീയ പണിമുടക്കില്‍ കേരളത്തിലും സ്വര്‍ണക്കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇന്ന് വില്‍പ്പന നടക്കില്ല. ഇന്ന് രാവിലെ 3,308 ഡോളര്‍ വരെ സ്വര്‍ണം ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. നിലവില്‍ 3,292 ഡോളറിലാണ് വ്യാപാരം. അതേസമയം, താരിഫ് ആശങ്കകള്‍ നീങ്ങാത്തത് സ്വര്‍ണത്തിന് വീണ്ടും മുന്നേറ്റത്തിനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്‌സ് പുറത്തുവരുന്നതിലാണ് ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ. അടിസ്ഥാന പലിശ നിരക്കുകളില്‍ ഉടന്‍ മാറ്റം വരുത്തുമോ എന്ന് നിര്‍ണയിക്കുന്നതാവും ഇത്. ഡോളര്‍ സൂചികയുടെ നീക്കവും എഫ്.ഒ.എം.സി മിനിറ്റ്‌സുമെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലും വെള്ളിയിലും ചാഞ്ചാട്ടത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.
◾ ഐ.ഒ.എസ് 26ല്‍ പുതിയ സുരക്ഷാഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍. ഫേസ്ടൈം വിഡിയോകോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ വിഡിയോകോള്‍ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് 26ന്റെ ബീറ്റ പതിപ്പില്‍ ആപ്പിള്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. വിഡിയോ കോളില്‍ നഗ്നതയുണ്ടായാല്‍ കമ്പനി മുന്നറിയിപ്പ് സന്ദേശം നല്‍കുന്നു. തല്‍ക്കാലത്തേക്ക് കോള്‍ തടഞ്ഞിരിക്കുകയാണെന്ന സന്ദേശമാവും നല്‍കുക. നിങ്ങള്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കോള്‍ കട്ടാക്കാവുന്നതാണെന്നും ആപ്പിള്‍ അറിയിക്കും. ഉപഭോക്താവിന് ഒന്നുകില്‍ കോള്‍ തുടരാം അല്ലെങ്കില്‍ കട്ട് ചെയ്യാം. ആപ്പിള്‍ അവരുടെ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ആശയവിനിമയത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. പ്രായം കുറവുള്ള കൗമാരക്കാരായവര്‍ ഉള്‍പ്പടെയുള്ളവരുടെ സുരക്ഷക്കാണ് ഫീച്ചറുകള്‍ കൊണ്ടുവരിക. ഇതിനൊപ്പം ഫോട്ടോ ആല്‍ബങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ആപ്പിള്‍ ബ്ലര്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ലിക്വിഡ് ഗ്ലാസ് തീമിലുള്ള യൂസര്‍ ഇന്‍ര്‍ഫേസിലാണ് ഐ.ഒ.എസ് 26 ആപ്പിള്‍ പുറത്തിറക്കുന്നത്. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.
◾ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വേറെ ഒരു കേസ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു പരീക്ഷണ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു. വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, ബിനുദേവ്, യാസിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കുറച്ചു കാലത്തിന് ശേഷം അലന്‍സിയര്‍ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥന്‍ ഫുവാദ് പനങ്ങായ് ആണ് വേറെ ഒരു കേസ് നിര്‍മ്മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്.
◾ ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ മലയാളത്തില്‍ വന്‍വിജയം നേടിയ ചിത്രമാണ്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ഏറ്റെടുത്തു. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിന് തെലുഗുവില്‍ റീമേക്ക് സിനിമ വരികയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഓം ശാന്തി ശാന്തി ശാന്തിഹി' എന്നാണ് തെലുഗു ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് ഒന്നിനാണ് റീമേക്ക് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. എആര്‍ സജീവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തരുണ്‍ ഭാസ്‌കറാണ് നായകന്‍. ഈഷ റബ്ബ നായികയായി എത്തുന്നു. എസ് ഒറിജിനല്‍സും മൂവി വേഴ്സ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
◾ ചെറു എസ്യുവി, എക്സ്യുവി 3 എക്സ്ഒയ്ക്ക് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര. റേവ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ട്രിമ്മിന് കീഴില്‍ നാലു മോഡലുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ മോഡലുകള്‍ ലഭിക്കുക. റേവ്എക്സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്സ് എം ഓപ്ഷണല്‍ മോഡലിന് 9.44 ലക്ഷം രൂപയും റേവ്എക്സ് എ മാനുവലിന് 11.79 ലക്ഷം രൂപയും റേവ് എക്സ് എ ഓട്ടമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് വില. മാനുവല്‍ മോഡില്‍ 1.2-ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടി പോയിന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനാണ്. 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമുണ്ട്. ഓട്ടമാറ്റിക് മോഡലില്‍ 1.2 ലീറ്റര്‍ എംസ്റ്റാലിയോണ്‍ ഡയറക്റ്റ് ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിനും. 130 എച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഗ്രേ, ടാങ്കോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ റേവ്എക്സ് സീരീസിന്റെ മൂന്ന് മോഡലുകളും ലഭ്യമാണ്. ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഉള്ള ഇഎസ്സി, 4 ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുമുണ്ട്.
◾ ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങള്‍ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം കുമാരനല്ലൂര്‍ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ ബെസ്റ്റ്സെല്ലറായി മാറിയ കൃഷ്ണപ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സര്‍ഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേര്‍ത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലില്‍ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങള്‍ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ ഇതില്‍ വായിക്കാം. സവര്‍ണ വാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവല്‍. 'സൂര്യകാലടി'. പി വി തമ്പി. മനോരമ ബുക്സ്. വില 731 രൂപ.
◾ വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് കഴിക്കാം. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഓട്‌സ് സഹായിച്ചേക്കാം. ഓട്‌സില്‍ വിറ്റാമിനുകളും ധാതുക്കളായ സിങ്ക്, സെലിനിയം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഓട്‌സ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓട്‌സ് ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.
◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 85.73, പൗണ്ട് - 116.50, യൂറോ - 100.36, സ്വിസ് ഫ്രാങ്ക് - 107.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.94, ബഹറിന്‍ ദിനാര്‍ - 227.42, കുവൈത്ത് ദിനാര്‍ -280.67, ഒമാനി റിയാല്‍ - 222.96, സൗദി റിയാല്‍ - 22.86, യു.എ.ഇ ദിര്‍ഹം - 23.38, ഖത്തര്‍ റിയാല്‍ - 23.55, കനേഡിയന്‍ ഡോളര്‍ - 62.63.
Tags:
KERALA