കോഴിക്കോട് : 2025 വർഷത്തെ ഹജ്ജ് യാത്രയ്ക്ക് വേണ്ടി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി പണമടച്ചു യാത്രക്കൊരുങ്ങിയ ഹാജിമാരിൽ 80% പേരുടെയും യാത്ര അനിശ്ചിതത്തിലായതു കാരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഹജ്ജ് മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ നൂറിൽപരം മെമ്പർമാർ ഉൾക്കൊള്ളുന്ന കേരളത്തിലെ ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാരുടെ അംഗീകൃത സംഘടനയായ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ജനറൽ ബോഡിയോഗം തീരുമാനിച്ചു.
കേരളത്തിലെ മുഴുവൻ ഹജ്ജ് ഗ്രൂപ്പുകളും കേന്ദ്രസർക്കാർ നിഷ്കർഷിച്ച സമയത്ത് തന്നെ ഹാജിമാരിൽ നിന്ന് വാങ്ങിയും സ്വന്തം നിലക്കും പണം അടച്ചിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം 26 സംയുക്ത ഹജ്ജ് ഗ്രൂപ്പുകളിൽ നിന്നും ചിലർക്ക് സമയക്രമം പാലിക്കാൻ സാധിച്ചില്ല എന്ന കാരണം പറഞ്ഞാണ് സഊദി അധികൃതർ ഇന്ത്യയുടെ ക്വാട്ട വെട്ടിച്ചുരുക്കിയത്. സമാനമായ ക്വാട്ട ചുരുക്കൽ മറ്റുപല രാഷ്ട്രങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പരമാവധി ഹാജിമാരെ ഈ വർഷം തന്നെ കൊണ്ടുപോകാൻ ഹജ്ജ് മന്ത്രാലയം ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മുൻവർഷങ്ങളിൽ ഹജ്ജിനു ഒരു മാസം മുമ്പാണ് സഊദി നടപടിക്രമങ്ങൾ ആരംഭിക്കുക. എന്നാൽ ഈ വർഷം 6 മാസങ്ങൾക്കു മുന്നെ ആരംഭിച്ചതിനാലും സംയുക്ത ഹജ്ജ് ഗ്രൂപ്പ് സമ്പ്രദായത്തിന്റെ അപര്യാപ്തത മൂലവും 42,507 ഹാജിമാർക്ക് ഈ വർഷം ഹജ്ജിന് അവസരം നഷ്ടമായിരിക്കുകയാണ്.
കഠിന ചൂട് എന്ന കാരണം കാണിച്ചാണ് സഊദി ഉഭയകക്ഷി കരാർ ലംഘിച്ചു ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചത്. എന്നാൽ ദീർഘ നാളത്തെ പ്രതീക്ഷയും സമ്പാദ്യവുമായി കാത്തിരുന്ന ഭക്തജനങ്ങളാണ് ഈ പ്രതിസന്ധിക്ക് ഇരയായത്.
ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ഹജ്ജ് മന്ത്രാലയം അടുത്ത 2026 ഹജ്ജിലേക്ക് നിലവിലെ ഹജ്ജ് പോളിസി പ്രകാരം യോഗ്യാരായവരുടെ ക്വാട്ട സ്റ്റാറ്റസ്കോ പ്രകാരം തുടരുമെന്ന് പ്രസ്താവിച്ചത്. 2025 ഹജ്ജിന് അവസരം നിഷേധിക്കപ്പെട്ടവർക്ക് അടുത്ത വർഷം സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷേത്തേക്കുള്ള നടപടി ക്രമങ്ങൾ 2025 ഹജ്ജ് കഴിഞ്ഞ ഉടനെ ആരംഭിക്കുമെന്നും നിലവിലെ പണമടച്ചു കാത്തിരിക്കുന്ന തീർത്ഥാടകരെ പരിഗണിച്ചതിനു ശേഷമേ പുതിയ ആളുകളെ ഉൾപെടുത്താൻ പാടുള്ളു എന്നും നിർദേശിക്കുന്നുണ്ട്.
നിലവിൽ ഹജ്ജ് ഗ്രൂപ്പുകൾ ഹജ്ജിനാവശ്യമായ തുക കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സഊദിലേക്ക് അടച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പണം സഊദി വാലറ്റിൽ സൂക്ഷിക്കണമെന്നും 2026 ഹജ്ജിന് ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
എന്നാൽ റീഫണ്ട് ആവശ്യപ്പെട്ടുവരുന്ന ഹാജിമാർക്ക് അടച്ച തുക സഊദിയിൽ നിന്നും തിരികെ കിട്ടുന്ന മുറക്ക് തിരിച്ചു നൽകുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയോഗ തീരുമാന പ്രകാരം അറിയിച്ചു. യോഗത്തിൽ പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വ. പീർ മുഹമ്മദ് തിരുവനന്തപുരം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖാലിഖ് പുളിക്കൽ, മാഹീൻ ഹാജി തിരുവനന്തപുരം, സയ്യിദ് ഫസൽ തങ്ങൾ തൃശൂർ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ അസീസ് വേങ്ങര സ്വാഗതവും പികെഎം ഹുസൈൻ ഹാജി നന്ദിയും പറഞ്ഞു
Tags:
KERALA