2025 മെയ് 1 വ്യാഴം
1200 മേടം 18 മകീര്യം
1446 ദുൽഖഅ്ദ 03
◾ രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.
◾ രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അടിയന്തര സാഹചര്യത്തിന്റെ സൂചന നല്‍കി റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷിംല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും. മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്റെ എണ്‍പതാം വാര്‍ഷികാഘോഷത്തില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. മെയ് 5 മുതല്‍ ഒമ്പത് വരെ നടത്താനിരുന്ന ഷിംല സന്ദര്‍ശനമാണ് രാഷ്ട്രപതി മാറ്റിവച്ചത്. അടിയന്തര സാഹചര്യത്തിന്റെ സൂചന നല്‍കുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതും, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
◾ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഭീകരര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്നും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പഹല്‍ഗാമില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
◾ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
◾ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. 2015-ലാണ് കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലില്‍ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാന്‍ കരാര്‍ ഒപ്പുവച്ചത്. 2024 ജൂലൈ 13-ന് ട്രയല്‍ റണ്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബര്‍ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം 246-ലധികം കണ്ടെയിനര്‍ കപ്പലുകള്‍ തുറമുഖം കൈകാര്യം ചെയ്തു. ആകെ വരുമാനമായി 243 കോടി രൂപയാണ് ലഭിച്ചത്. പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നതിന്റെ ഭാഗമായി ഇന്നും നാളേയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും നാളെ രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
◾ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.
◾ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസില്‍ ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന് പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
◾ ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കേസുകളില്‍ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും ലഹരിക്കെതിരായ നടപടിയുടെ ഭാഗമാണെന്നും അത് അതുപോലെ തന്നെ ശക്തമായി തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, പുലിനഖം പോലുള്ള വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും വേടന്റെ പുല്ലിപ്പല്ല് കേസിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേള്‍ക്കുന്നവര്‍ ലഹരിയുടെയും മദ്യത്തിന്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടന്‍ വ്യക്തമാക്കി.
◾ റാപ്പര്‍ വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടന്‍ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
◾ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ത്ഥപൂര്‍ണമായി തന്റെ സര്‍വീസ് കാലഘട്ടത്തെ മാറ്റാന്‍ ശാരദാ മുരളീധരന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ പല മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള വ്യഗത കാണിക്കുന്ന സമൂഹത്തില്‍, സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഒപ്പമാണെന്നും മുന്നിലാണെന്നും തെളിയിച്ചാണ് ശാരദ വിരമിക്കുന്നതെന്നും സാമൂഹികമായ ദോഷങ്ങളെ പുറത്തു കൊണ്ടുവരാന്‍ ധൈര്യം കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.
◾ തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
◾ ആഭ്യന്തരം, വനം - വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതത് വകുപ്പുകളിലെ വിശേഷാല്‍ ചട്ടങ്ങളില്‍ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കില്‍ ഭേദഗതി ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
◾ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി ബാലന്‍ ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗോകുലിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കേയാണ് സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തത്.
◾ കോട്ടയം അയര്‍ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.
◾ കൊച്ചി നഗരസഭയിലെ ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ആണ് സ്വപ്ന. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. കൈക്കൂലി കിട്ടാനായി ജനുവരിയില്‍ നല്‍കിയ അപേക്ഷ 4 മാസം സ്വപ്ന പിടിച്ചു വെച്ചതായി വിജിലന്‍സ് കണ്ടെത്തി. തൃശൂര്‍ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിയില്‍ വെച്ച് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.
◾ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാതി മനസോടെയല്ല കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച രാഹുല്‍, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നല്‍കേണ്ടതെന്നും പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ആഴ്ചയില്‍ 77 കോടി രൂപയുടെ അധിക ചെലവ് നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ കാരണം ഇന്ധന ഉപഭോഗം വര്‍ധിക്കുകയും യാത്രാ ദൈര്‍ഘ്യം കൂടുകയും ചെയ്യും. ഇതോടെ വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക.
◾ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരാണ് സമയ പരിധി അവസാനിച്ചതോടെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്. ഒപ്പം പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി. പാകിസ്ഥാന്‍ വംശജര്‍ക്ക് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ആകെ 786 പാകിസ്ഥാന്‍ പൌരര്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങി. ജമ്മു കശ്മീരില്‍ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
◾ ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുന്‍ റോ മേധാവി അലോക് ജോഷി ചെയര്‍മാനാകും. വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ഐ എഫ് എസ് ഉദ്യോഗസ്ഥനുമടക്കം ഏഴംഗസമിതി രൂപീകരിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണം അത്യധികം അസ്വസ്ഥാജനകവും ദുരന്തപൂര്‍ണ്ണവുമാണെന്ന് മുന്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഞാന്‍ ആഴമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇമ്രാന്‍ എക്സില്‍ കുറിച്ചു.
◾ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായി. ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ആദ്യ ടീമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറന്റെ മികവില്‍ 19.2 ഓവറില്‍ 190 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 72 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 36 പന്തില്‍ 54 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പത്ത് കളികളില്‍ നിന്ന് 13 പോയിന്റ് ലഭിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാമതാണ്. ഇതുവരെ കളിച്ച പത്ത് കളികളില്‍ വെറും രണ്ട് കളികളില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്
◾ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നാലാംപാദ ഫലം പുറത്തുവിട്ടു. വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ക്രൂഡ്ഓയില്‍ വില ഇടിഞ്ഞതും കയറ്റുമതി വരുമാനം വര്‍ധിച്ചതും ഐ.ഒ.സിക്ക് തുണയായി. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 58 ശതമാനമാണ് വര്‍ധന. നാലാംപാദ ലാഭം 7,264.85 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 5,148.87 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. മുന്‍വര്‍ഷം സാമനപാദത്തെ 9,225 കോടി രൂപയില്‍ നിന്ന് ലാഭം 2,147 കോടി രൂപയായി താഴ്ന്നിരുന്നു. ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 152 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്താനായി. മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ വരുമാനം 1.95 ലക്ഷം കോടി രൂപയാണ്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലിത് 1.94 ലക്ഷം കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് മൂന്നു രൂപ വീതം ഡിവിഡന്റും ഐ.ഒ.സി പ്രഖ്യാപിച്ചു. 32 ലക്ഷം ഓഹരിയുടമകള്‍ക്ക് ഡിവിഡന്റിന് അര്‍ഹതയുണ്ട്. 4,236.4 കോടി രൂപ ഡിവിഡന്റ് നല്കാനായി മാറ്റിവയ്ക്കും.
◾ മോഹന്‍ലാല്‍ ചിത്രം 'തുടരും' 100 കോടി ക്ലബ്ബില്‍. ഒരു മാസത്തിനുള്ളില്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ്. പിന്നീട് ലൂസിഫര്‍, എംപുരാന്‍ എന്നിവയും നൂറു കോടി ക്ലബ്ബില്‍ കയറി. ഇതോടെ നാല് 100 കോടി സിനിമകള്‍ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. ഏപ്രില്‍ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലെ കൊണ്ടാട്ടം എന്ന പ്രൊമോ സോങ്ങ് പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറി. മോഹന്‍ലാലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പാട്ടില്‍ തകര്‍ത്തിട്ടുണ്ട്. ശോഭനയും മോഹന്‍ലാലും കൊണ്ടാട്ടം പാട്ടിലൂടെ വീണ്ടും ആരാധക മനം കവര്‍ന്നിരിക്കുകയാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനായ് ശശികുമാറിന്റേതാണ് വരികള്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. തുടരും സിനിമയില്‍ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
◾ സന്താനം നായകനായെത്തുന്ന 'ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍' ട്രെയിലര്‍ എത്തി. ഹൊറര്‍ കോമഡി ചിത്രത്തില്‍ ഗൗതം വാസുദേവ മേനോന്‍, സെല്‍വരാഘവന്‍, യഷിക ആനന്ദ്, റെഡിന്‍ കിങ്സ്ലി, കസ്തൂരി ശങ്കര്‍, നിഴല്‍കള്‍ രവി, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഓണ്‍ലൈന്‍ റിവ്യു ചെയ്യുന്ന യുവാവ് ആയി സന്താനം ചിത്രത്തിലെത്തുന്നു. 'കാക്ക കാക്ക'യിലെ സൂര്യയെ ട്രോളുന്ന ഗൗതം േമനോന്റെ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ റിലീസ് ചെയ്ത 'ഡിഡി റിട്ടേണ്‍സ്' എന്ന സിനിമയുടെ തുടര്‍ഭാഗമാണിത്. എസ്. പ്രേം ആനന്ദ് ആണ് സംവിധാനം. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും.
◾ മാരുതി സുസുക്കി പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വികസിപ്പിക്കുന്നു, ഇത് ഫ്രോങ്ക്സ് ക്രോസ്ഓവറില്‍ അരങ്ങേറ്റം കുറിക്കും. സ്വിഫ്റ്റ്, ബലേനോ, ബ്രെസ തുടങ്ങിയ മോഡലുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഫ്രോങ്ക്‌സിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പില്‍ ബ്രാന്‍ഡിന്റെ പുതുതായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടും. ഇത് ഇന്‍വിക്റ്റോയിലും ഗ്രാന്‍ഡ് വിറ്റാരയിലും ഉപയോഗിക്കുന്ന ടൊയോട്ട വിതരണം ചെയ്യുന്ന ഹൈബ്രിഡ് പവര്‍ട്രെയിനില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാള്‍ ചെലവ് കുറഞ്ഞതായിരിക്കും ഇതെന്നും റിപ്പോട്ടുകള്‍ ഉണ്ട്. ഈ കോണ്‍ഫിഗറേഷനില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.2ലി, 3സിലിണ്ടര്‍ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടും. ഫ്രോങ്ക്സ് ഹൈബ്രിഡിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ ഇന്ധനക്ഷമതയായിരിക്കും. മാരുതി സുസുക്കിയുടെ പുതിയ ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലിറ്ററിന് 35 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് നല്‍കാന്‍ പ്രാപ്തമായിരിക്കും, ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളില്‍ ഒന്നായി ഇതിനെ മാറ്റുന്നു.
◾ മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്‌കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞസുവര്‍ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്. 'രക്തസാക്ഷിക്കുന്ന്'. ജിതിന്‍ ഉദയകുമാര്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
◾ കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിന് കരള്‍ ഉല്‍പാദിപ്പിക്കുന്ന ബൈല്‍ ആസിഡിന്റെ (പിത്തരസം) അസന്തുലിതാവസ്ഥ കരള്‍ കാന്‍സറിന് കാരണമാകാമെന്ന് പുതിയ പഠനം. കൊഴുപ്പുകളുടെയും കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെയും ദഹനത്തിലും ആഗിരണത്തിലും ബൈല്‍ ആസിഡ് നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ ഇവയുടെ അസന്തുലിതാവസ്ഥ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനിലെ ഡെവലപ്‌മെന്റ് ബയോളജി ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കരളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ബൈല്‍ ആസിഡ് ഒരു പ്രകൃതിദത്ത ഡിറ്റര്‍ജന്റായി പ്രവര്‍ത്തിക്കുകയും കൊഴുപ്പിനെ ചെറുകുടലിനെ കോശങ്ങള്‍ക്ക് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകുന്ന തരത്തില്‍ ചെറിയ തുള്ളികളായി വിഘടിപ്പിക്കുന്നു. കൂടാതെ കൊളസ്ട്രോള്‍ മെറ്റബോളിസത്തിന്റെ നിയന്ത്രണം, കോശ പ്രവര്‍ത്തനങ്ങളുടെ സിഗ്നലിങ് എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രക്രിയകളിലും ബൈല്‍ ആസിഡുകള്‍ ഉള്‍പ്പെടുന്നു.സെല്‍ സിഗ്നലിങ്ങിനെ കുറിച്ചുള്ള പഠനത്തില്‍ ഹിപ്പോ/വൈഎപി പാത ട്യൂമര്‍ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ബൈല്‍ ആസിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതില്‍ അതിശയിപ്പിക്കുന്ന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വൈഎപി ഒരു റിപ്രസ്സറായി പ്രവര്‍ത്തിക്കുകയും എഫ്എക്സ്ആര്‍ എന്നറിയപ്പെടുന്ന ഒരു പ്രധാന ബൈല്‍ ആസിഡ് സെന്‍സറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തില്‍ കണ്ടെത്തിയെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് കരളില്‍ ബൈല്‍ ആസിഡുകളുടെ അമിത ഉല്‍പാദനത്തിന് കാരണമാവുകയും ഫൈബ്രോസിസിനും വീക്കത്തിനും കാരണമാവുകയും ഒടുവില്‍ കരള്‍ അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം അവള്‍ മലമുകളില്‍ തപസ്സിരിക്കുന്ന ഒരു സിദ്ധനെ കാണാനെത്തി. അവരുടെ ഭര്‍ത്താവ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുദ്ധക്കളത്തിലായിരുന്നു. തിരിച്ചു വന്നപ്പോള്‍ ആളാകെ മാറി. പഴയതുപോലെ സംസാരമില്ല. എന്തെങ്കിലും സംസാരിച്ചാല്‍ത്തന്നെ വല്ലാത്ത ദേഷ്യമാണ്. അയാളുടെ ഈ സ്വഭാവം കാരണം കുടുംബത്തിലാകെ പ്രശ്നമാണ്. ആരോടും അയാള്‍ അടുക്കുന്നില്ല. ഇതാണ് പരാതി. ഇതിന് വല്ല പരിഹാരവുമുണ്ടോ എന്ന് ആരാഞ്ഞു.സിദ്ധന്‍ പരാതി ശ്രദ്ധയോടെ കേട്ടശേഷം പറഞ്ഞു:'ഞാന്‍ ഒരു മരുന്നുണ്ടാക്കിത്തരാം. പക്ഷേ അതിന് എനിക്ക് ജീവനുള്ള കടുവയുടെ ഒരു മീശ രോമം വേണം. മരുന്നിലിടാനാണ്' അവള്‍ ഇതു കേട്ട് അമ്പരന്നു. എങ്ങനെയെങ്കിലും ഒരു കടുവയുടെ മീശരോമം സംഘടിപ്പിച്ചേ പറ്റൂ എന്ന് അവള്‍ തീരുമാനിച്ചൂ. ഒരു ദിവസം അവള്‍ ഇറച്ചി കൊണ്ടുള്ള ഭക്ഷണവുമായി കാട്ടില്‍ കടുവ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഗുഹയുടെ അടുത്തെത്തി. ഗുഹയുടെ വാതില്‍ക്കല്‍ ഭക്ഷണം വെച്ചിട്ട് മാറിനിന്നു. കടുവ പുറത്തേക്ക് വന്നില്ല. കുറേ ദിവസം ക്ഷമയോടുകൂടി അവള്‍ ഇത് ആവര്‍ത്തിച്ചു. ഒരു ദിവസം കടുവ ഗുഹയുടെ പുറത്തേക്ക് വരികയും അവള്‍ കൊണ്ടുവെച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. ക്ഷമാപൂര്‍വമായ ദീര്‍ഘ നാളത്തെ പരിചരണം കൊണ്ട് കടുവ അവളോട് അടുത്തു. അവര്‍ കൂട്ടുകാരായി. ആ അവസരം മുതലെടുത്ത് അവള്‍ കടുവയുടെ ഒരു മീശ രോമം പിഴുതെടുത്ത് സിദ്ധന്റെ അടുത്തേക്ക് ഓടിച്ചെന്നു. അവളുടെ സാഹസിക കഥകളൊക്കെ കേട്ടതിനു ശേഷം സിദ്ധന്‍ കടുവയുടെ മീശരോമം വാങ്ങി തീയെരിയുന്ന അടുപ്പിലേക്ക് ഇട്ടു. അവള്‍ ആകെ അമ്പരന്നു. അപ്പോള്‍ സിദ്ധന്‍ പറഞ്ഞു: 'ദീര്‍ഘനാളത്തെ ക്ഷമയോടെ ഉള്ള പരിചരണം കൊണ്ട് ഒരു കടുവയെ മെരുക്കാനും നിന്റെ വരുതിയിലാക്കാനും നിനക്ക് കഴിഞ്ഞു. ഒരു കടുവയുടെ അത്രയും ക്രൂരനല്ല നിന്റെ ഭര്‍ത്താവ്. അപ്പോള്‍ പിന്നെ നീ അയാളെ കുറേക്കൂടി ക്ഷമയോടെയും സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു നോക്കൂ. നല്ല മാറ്റമുണ്ടാവും.' നമ്മില്‍ പലരുടെ കുടുംബങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. സ്നേഹമോ വാത്സല്യമോ കരുതലോ കിട്ടാതെ മാതാപിതാക്കളുടെ വരുതിയില്‍ വരാത്ത എത്രയോ കുട്ടികളെ നമുക്ക് കാണാന്‍ കഴിയും. നിസ്സാര പ്രശ്നങ്ങള്‍ക്ക് വഴക്കടിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ ഉണ്ട്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളാണ് ഇതിന്പ്രധാന കാരണം. പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഒന്നുമില്ല. പ്രശ്നങ്ങളൊക്കെ ക്ഷമയോടെ കേട്ട് മനസ്സിലാക്കി വിട്ടുവീഴ്ചമനോഭാവത്തോടെ പോംവഴി കണ്ടെത്തിയാല്‍ പ്രശ്ന പരിഹാരം എളുപ്പമായി. അതിന് കുറെയേറെ ക്ഷമയും സ്നേഹവും കരുതലും ത്യാഗസന്നദ്ധതയും ഒക്കെ വേണം. എങ്കിലേ ബന്ധങ്ങള്‍ ദൃഢമാകുകയുള്ളൂ. ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA