2025 | മെയ് 11 ഞായർ
1200 | മേടം 28 ചോതി
1446 l ദുൽഖഅദ് 13
◾ പാക്കിസ്ഥാനുമായി വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രഖ്യാപനം.
◾ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ആദ്യം വെളിപ്പെടുത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിര്‍ണായകമായിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാര്‍കോ റൂബിയോ സംസാരിച്ചിരുന്നുവെന്നും ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നും ട്രംപ് ഇന്നലെ എക്‌സില്‍ കുറിച്ചിരുന്നു.
◾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്നലെ ഉച്ചതിരിഞ്ഞ് 3.35ന് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്നും പിന്നീട് കരയിലോ വായുവിലോ കടലിലോ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും വൈകുന്നേരം 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലിനായി ഇടപെട്ടിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞു.
◾ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച പാകിസ്താനുമായി നേരിട്ടാണ് നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ പ്രതികരണത്തിലോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാമൂഹിക മാധ്യമ കുറിപ്പിലോ ചര്‍ച്ചകളില്‍ മൂന്നാം കക്ഷി പങ്കാളിയായതായി പറഞ്ഞിട്ടില്ല. ഒരു നിഷ്പക്ഷ സ്ഥലത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന മാര്‍ക് റൂബിയോയുടെ അവകാശവാദം നിഷേധിച്ച വിദേശകാര്യ മന്ത്രാലയം മറ്റേതെങ്കിലും സ്ഥലത്ത് മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടില്ലെന്നും അറിയിച്ചു.
◾ ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പാക് നടപടിയെ അപലപിച്ചു കൊണ്ട് വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
◾ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന വിവരം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാര്‍ വീണ്ടും സംഭാഷണം നടത്തി. വിഷയത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ നിലയില്‍ പ്രകോപനം തുടരുകയാണെങ്കില്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.
◾ ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍. പാക് വാര്‍ത്താ വിനിമയ മന്ത്രി അതാവുള്ള തരാറാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിമാന സര്‍വീസ് പാക്കിസ്ഥാന്‍ പുനരാരംഭിച്ചെന്നും സൂചനയുണ്ട്. പാക് വ്യോമ മേഖലയില്‍ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
◾ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച കടുത്ത നടപടികളില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകള്‍ ഇന്ത്യ തുടരുമെന്നും ഭീകരവാദത്തോട് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
◾ ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. ബിജെപി നടപടി ഉചിതമോ പക്വതയുള്ളതോ അല്ലെന്നു പറഞ്ഞ ശശി തരൂര്‍ പോസ്റ്റ് നീക്കം ചെയ്യാന്‍ ബിജെപിയെ ടാഗ് ചെയ്തുകൊണ്ട് 'എക്സി'ല്‍ കുറിച്ചു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേയെന്നും കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേരയും ചോദിച്ചു.
◾ തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്ത് യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു. യുദ്ധവിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ.ഗോപിനാഥ്, സുജോ എന്നിവര്‍ അടക്കം ആറു പേരെ കരുതല്‍ തടങ്കലിലെടുത്തു. യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ എത്തിയവരായിരുന്നു ഇവര്‍.
◾ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാര്‍ നിശ്ചയിച്ചതില്‍ കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കി. തമിഴ് പ്രസിദ്ധീകരണത്തിലെ വിവാദ ലേഖനം ആസ്പദമാക്കി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ച ഗവേഷക വിദ്യാര്‍ഥി മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി റജിസ്ട്രാറെ അറിയിച്ചു. രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് കൈമാറി.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് പോസ്റ്റര്‍. പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവില്‍ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രം ഭരിക്കാമെന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
◾ കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിയ്ക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ക്രൈസ്തവ സഭയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റായി പ്രതിഷ്ഠിച്ചതെന്നും ഇത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
◾ എസ്എസ്എല്‍സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
◾ തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
◾ ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ജനവാസംകുറവുള്ള പ്രദേശത്തെ വീട് പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണ്. അപകടം ഉണ്ടായത് എങ്ങനെയെന്നതില്‍ വ്യക്ത ലഭിച്ചിട്ടില്ല.
◾ ജമ്മുവിലെ ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ചത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.
◾ പാകിസ്ഥാന്‍ മനുഷ്യരാശിക്ക് ഭീഷണിയാണെന്നും പാകിസ്ഥാന്റെ ആണവ ആയുധങ്ങള്‍ നിരായുധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗോള ശക്തികള്‍ മുന്നോട്ടുവരണമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ പാക്കേജ് നേടിയ പാകിസ്ഥാനെ 'ഔദ്യോഗിക യാചകര്‍' എന്ന് അഭിസംബോധന ചെയ്തായിരുന്നു ഒവൈസിയുടെ പരിഹാസം.
◾ ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുന്നെയാണ് ഈ പരാമര്‍ശം. തന്ത്രപ്രധാന വ്യോമത്തവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയെന്നും റാവല്‍പിണ്ടിയും സിയാല്‍കോട്ടുമടക്കമുള്ള കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു.
◾ ഇന്ത്യക്ക് എതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ച് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പരമാധികാരം സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും തക്ക രീതിയില്‍ പ്രതികരിക്കുക മാത്രമാണ് പാകിസ്താന് മുന്നിലെ മാര്‍ഗമെന്നും പാക് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ രാഷ്ട്രം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ടെന്നും സമാധാന കാംക്ഷിയായ രാജ്യമാണ് പാക്കിസ്ഥാനെന്നും ഇന്ത്യന്‍ പ്രകോപനത്തില്‍ അങ്ങേയറ്റം സംയമനം പാകിസ്ഥാന്‍ പുലര്‍ത്തുന്നുണ്ടെന്നും സര്‍ദാരി പ്രസ്താവനയില്‍ പറഞ്ഞു.
◾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ സഞ്ജീവ് ശ്രീവാസ്തവ. പാകിസ്ഥാന്‍ ഇനിയും സ്ഥിതിഗതികള്‍ വഷളാക്കിയാല്‍ യുദ്ധം ഉറപ്പാണെന്നും ഒരു യുദ്ധമുണ്ടായാല്‍ അത് പാകിസ്ഥാന് താങ്ങാനാകുന്നതിലുമപ്പുറമായിരിക്കുമെന്നും പാകിസ്ഥാന്റെ ശിഥിലീകരണത്തിലേക്ക് പോലും അത് നയിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് അറിയിച്ചു. നിലവിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് പോകുമെന്നും റഷ്യന്‍ മന്ത്രി അറിയിച്ചതായി സേത്ത് പിടിഐയോട് പറഞ്ഞു.
◾ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര കലാപവും രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രാജ്യത്ത് 39 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
◾ ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീ?ഗിനെ നിരോധിച്ചതെന്നും വ്യക്തമാക്കി.
◾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ചരിത്രം കുറിക്കുന്ന വമ്പന്‍ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ട്. ഈ മാസം ഗള്‍ഫ് - അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുാന്‍ സൗദിയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹമാസിനെ അംഗീകരിക്കില്ല എന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതുകൊണ്ട് ഉടന്‍ തന്നെ ഐപിഎല്‍ തുടരാന്‍ ബിസിസിഐ തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടി നിര്‍ണായകമാവും.
◾ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു. നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്, മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ കുറവാണ് ഇത്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ നാലാം പാദത്തില്‍ 43,033.75 കോടി രൂപയാണ്. സ്വര്‍ണ വായ്പയിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ പാദ അടിസ്ഥാനത്തില്‍ 1.9 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 15.4 ശതമാനവും വര്‍ധനവുണ്ടായി. വാഹന വായ്പാ ആസ്തിയില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 16.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. എംഎസ്എംഇ, അനുബന്ധ ബിസിനസ് ആസ്തികളില്‍ 5.8 ശതമാനം പാദ അടിസ്ഥാനത്തിലും 22.9 ശതമാനം വാര്‍ഷിക അടിസ്ഥാനത്തിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തി. ഭവന വായ്പാ ആസ്തികള്‍ പാദ അടിസ്ഥാനത്തില്‍ 2.6 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 20.8 ശതമാനവും വളര്‍ച്ച കൈവരിച്ചു.
◾ 'ആട് 3'ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുന്‍ അറിയിച്ചു. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാല്‍ വ്യത്യസ്ത ഴോണറില്‍ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുന്‍ പറയുന്നത്. ആടിന്റെ ഫ്‌ലേവറുകള്‍ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് മാറ്റുകയാണ് നമ്മള്‍. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. അതേസമയം, 2013ല്‍ ജയസൂര്യയെ നായകനാക്കി മിഥുന്‍ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ആട് ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററില്‍ വിജയമാകാതെ പോയ സിനിമ ടെലലിവിഷനില്‍ പ്രീമിയര്‍ ചെയ്തതോടെയാണ് ഹിറ്റ് ആയി മാറിയത്. 2017ല്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.
◾ 'ഇഷ്‌ക്'ന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന 'നരിവേട്ട' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘര്‍ഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരും പറയുന്നത്. വലിയ ക്യാന്‍വാസില്‍, വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന നരിവേട്ട'യിലൂടെ തമിഴ് താരം ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്.
◾ വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിറ്റു തീര്‍ന്നു ചരിത്രം കുറിക്കുകയാണ് ഫോക്‌സ്വാഗന്റെ ഗോള്‍ഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാര്‍ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. അഞ്ചു ചോദ്യങ്ങളില്‍ നാലെണ്ണത്തിനെങ്കിലും ശരിയുത്തരം നല്‍കുന്നവര്‍ക്കായിരുന്നു ബുക്കിങ് ലിങ്ക് നല്‍കിയിരുന്നത്. ആദ്യ ബാച്ചിലെ 150 വാഹനങ്ങളുടെയും വില്‍പന ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാകുകയും ചെയ്തു. 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയുടെ കരുത്ത്. 265 പിഎസ് കരുത്തു പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍.
◾ കഥയുടെ ഭാഷാപരവും ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടരുകള്‍ സമഗ്രമായി അപഗ്രഥനവിധേയമാക്കി, കഥയെഴുത്തിന്റെ കലയും ശാസ്ത്രവും എന്തെന്നു വിശദമാക്കുന്ന പുസ്തകം. ആശയസംവാദങ്ങള്‍ നിറഞ്ഞ ഒരു ക്ലാസ്സ് മുറിപോലെ ഈ ഗ്രന്ഥം കഥയെഴുത്തിന്റെ വിസ്മയ പ്രപഞ്ചത്തിലേക്കു നമ്മെ കൊണ്ടുപോകും. മലയാളചെറുകഥാരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള നിരൂപകനായ എം.എം. ബഷീറിന്റെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്. 'ചെറുകഥ എഴുതുമ്പോള്‍'. ഡോ എം എം ബഷീര്‍, കേരള സാഹിത്യ അക്കാദമി. വില 142 രൂപ.
◾ നാടന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് പെരുംജീരകം. രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് ശേഷം അല്‍പം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീര്‍ ഉല്‍പാദനം കൂട്ടുകയും ദഹന എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അസ്ത്ര വിദ്യകള്‍ പഠിപ്പിക്കുന്ന ഒരു ഗുരു ഒരു ദിവസം തന്റെ ഒരു പ്രിയ ശിഷ്യനോട് തന്റെ അസ്ത്ര വിദ്യ പരിശീലനം കാണാന്‍ വേണ്ടി കൂടെ വരാന്‍ പറഞ്ഞു. അനേകം തവണ ഗുരുവിന്റെ ഇത്തരം പരിശീലനങ്ങള്‍ ശിഷ്യന്‍ കണ്ടിട്ടുണ്ടെങ്കിലും ഗുരുവിനോടുള്ള ഭക്തി കാരണം കൂടെ ചെന്നു. അവര്‍ പതിവായി പരിശീലനം ചെയ്യുന്ന കാട്ടില്‍ ഉള്ള ഒരു പ്രത്യേക സ്ഥലത്ത് ചെന്നു. ഗുരു അടുത്തുണ്ടായിരുന്ന ഒരു ചെടിയില്‍നിന്ന് ഒരു വലിയ പൂവ് ഇറുത്തെടുത്തു ശിഷ്യനോട് അകലെയുള്ള ഒരു മരത്തിന്റെ കൊമ്പത്തു പ്രതിഷ്ഠിക്കാന്‍ പറഞ്ഞു. ശിഷ്യന്‍ അപ്രകാരം ചെയ്തു. അതിനു ശേഷം തന്റെ മേല്‍മുണ്ട് കൊണ്ട് തന്റെ കണ്ണുകള്‍ കെട്ടാന്‍ ശിഷ്യനോട് ആവശ്യപ്പെട്ടു. അതിനു ശേഷം തന്നെ ആ മരത്തിന്റെ ചുവട്ടില്‍ നിന്ന് ഒരു നിശ്ചിത ദൂരത്തില്‍ കൊണ്ട് ചെന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഗുരു, തന്നെ ഒരു പുതിയ വിദ്യ പഠിപ്പിക്കുകയാണെന്ന് ശിഷ്യന്‍ കരുതി. ഗുരു ആവനാഴിയില്‍നിന്ന് ഒരു അമ്പെടുത്തു പൂവിനെ ലക്ഷ്യമാക്കി എയ്തു. അനന്തരം ആ അമ്പ് ലക്ഷ്യസ്ഥാനത്തു തന്നെ ചെന്ന് ആ പൂവിനെ വീഴ്ത്തിയോ എന്ന് നോക്കിവരാന്‍ ശിഷ്യനോട് പറഞ്ഞു. ശിഷ്യന്‍ മരച്ചുവട്ടില്‍ ചെന്ന് പൂവ് വെച്ച കൊമ്പിലേക്ക് നോക്കി. പൂവിന് അനക്കമൊന്നും സംഭവിച്ചിരുന്നില്ല. മാത്രമല്ല ആ അമ്പ് എവിടെ പോയി എന്ന് കണ്ടെത്താനുമായില്ല. ശിഷ്യന്‍ തിരിച്ചുവന്നു ആ വിവരം ഗുരുവിനെ അറിയിച്ചു. ഗുരോ അങ്ങ് എന്നെ ഒരു പുതിയ വിദ്യ പഠിപ്പിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അങ്ങ് എയ്ത അമ്പ് ലക്ഷ്യം കണ്ടില്ല എന്ന് മാത്രമല്ല അത് എങ്ങോട്ട് പോയി എന്ന് കണ്ടെത്താനുമായില്ല.' ഗുരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ഞാന്‍ നിന്നെ പഠിപ്പിച്ചത് ഒരു പുതിയ പാഠം തന്നെയാണ്. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ലക്ഷ്യം മനസ്സില്‍ ഉണ്ടായാല്‍ മാത്രം പോരാ. അത് മുന്നില്‍ കണ്ടുകൊണ്ട് തന്നെ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ നാം ലക്ഷ്യത്തിലെത്തുന്നതില്‍ വിജയിക്കുകയുള്ളൂ . ലക്ഷ്യം മുന്നില്‍ കാണാതെ ചെയ്യുന്ന പ്രവൃത്തികള്‍ നിഷ്ഫലമാവുകയെ ഉള്ളൂ.' - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA