Trending

സായാഹ്ന വാർത്തകൾ

◾  പഹല്‍ഗാം കൂടാതെ മറ്റു മൂന്ന് കേന്ദ്രങ്ങള്‍ കൂടി ഭീകരര്‍ ആക്രമണത്തിന് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ഏപ്രില്‍ 15ന് പഹല്‍ഗാമിലെത്തുകയും ബൈസരന്‍വാലി ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ആരുവാലി, പ്രാദേശിക അമ്യൂസ്‌മെന്റ് പാര്‍ക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റ് മൂന്ന് ലക്ഷ്യങ്ങള്‍. ഇവിടെയും ഭീകരര്‍ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

◾  ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാവിഗേഷന്‍ സിഗ്നലുകള്‍ തടയുന്ന ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

◾  പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആറു ഭീകരര്‍ക്കായി അനന്തനാഗ് മേഖലയിലെ സമ്പൂര്‍ണ തിരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടു. ഇവര്‍ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അനന്തനാഗ് മേഖല വളഞ്ഞാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

◾  ഭീകരാക്രമണം നടന്ന പഹല്‍ഗാം എന്‍ഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് എന്‍ഐഎ സംഘം കേസ് ഏറ്റെടുത്തത്. തെക്കന്‍ കശ്മീരില്‍ ഇപ്പോഴും തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

◾  അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഉറി, കുപ്വാര, അഖ്നൂര്‍ മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം വെടിവെയ്പ്പ് നടത്തി. ഇതിനിടെ, ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. സിന്ധു നദീജലം തടസപ്പെടുത്തിയാല്‍ ആക്രമണമായി കണക്കാക്കുമെന്നും ആദ്യം ആക്രമണം നടത്തുന്ന നയം ഇല്ലെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ കനത്ത സുരക്ഷ ഒരുക്കിയതായും റിപ്പോര്‍ട്ടുണ്ട്.

◾  അറബിക്കടലില്‍ പാകിസ്താന്റെ സമുദ്രമേഖല അതിര്‍ത്തിയ്ക്ക് സമീപത്ത് നാവികാഭ്യാസം നടത്തി ഇന്ത്യന്‍ നാവികസേന. ഏപ്രില്‍ 30 മുതല്‍ മേയ് മൂന്ന് വരെ നാവികാഭ്യാസം തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ സമുദ്രമേഖലയില്‍ സേന വിന്യസിച്ചിരിക്കുകയാണ്.

◾  ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തി മേഖലയായ പര്‍ഗാനയിലെ പാക്ക് പോസ്റ്റില്‍ പാക് പതാക പുനഃസ്ഥാപിച്ചു. രണ്ടു ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യ തിരിച്ചടിക്കും എന്ന് ഭയന്ന് പാകിസ്ഥാന്‍ പോസ്റ്റ് ഒഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്. പാക്ക് റേഞ്ചേഴ്സിനാണ് ഈ പോസ്റ്റിന്റെ ചുമതല.

◾  പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി പാകിസ്ഥാന്‍. ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി അസിം മാലികിനെയാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി ആയി നിയമിച്ചത്. ഏപ്രില്‍ 22 ലെ പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക്ക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിവരം.

◾  മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ യുഡിഎഫിനെതിരെ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയന്‍ ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് വി ഡി  സതീശന്‍ പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾  വിഴിഞ്ഞം തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലി പോസ്റ്റര്‍ യുദ്ധം. ഇന്നത്തെ പത്രങ്ങളില്‍ രണ്ട് വിഴിഞ്ഞം പരസ്യങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ പരസ്യവും നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളില്‍ ഉണ്ട്. പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും ചിത്രങ്ങള്‍ ആണ് ബിജെപി പരസ്യത്തിലുള്ളത്.

◾  ഇടതുപക്ഷ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്നും എന്നാലും പങ്കെടുക്കുമെന്നും പദ്ധതിയില്‍ കേന്ദ്രത്തിന് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  വിഴിഞ്ഞം അവകാശവാദ തര്‍ക്കം വിവാദം ആക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. കല്ല്യാണം ഒന്നും അല്ലല്ലോ നാടിന് വേണ്ടിയുള്ള പദ്ധതിയല്ലെ എന്നും പ്രതിപക്ഷ  നേതാവിനെ ക്ഷണിച്ചില്ല എന്നു ആദ്യം പറഞ്ഞുവെന്നും, വേണ്ട വിധം ക്ഷണിച്ചില്ല എന്നു പിന്നീട് തിരുത്തി എന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം നാടിന് വേണ്ട പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  സാര്‍വദേശീയ തൊഴിലാളി ദിനമായ ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ മെയ് ദിന റാലി നടത്തും. സമരത്തിന്റെ 81-ാം ദിവസമായ ഇന്ന് രാപ്പകല്‍ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റന്‍ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി. മത്തായി പതാക കൈമാറും. ആശാ പ്രവര്‍ത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42-ാം ദിവസത്തിലേക്കും കടന്നു.

◾  ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായി. തൃശൂരില്‍  ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്ന് മല്ലിക സാരാഭായി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചാന്‍സിലര്‍ ആയാല്‍ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയര്‍ത്തി ഫേസ്ബുക്കില്‍ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.

◾  വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ ഇന്നലെ  കൈക്കൂലി കേസില്‍ പിടികൂടിയതിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണല്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഓഫീസിലെ മുഴുവന്‍ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◾  സംസ്ഥാനത്തെ ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോേഗസ്ഥര്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 18 ഉദ്യോഗസ്ഥരെ  ജയില്‍വകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോര്‍ട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയില്‍വകുപ്പിന്റെ വിശദീകരണം.

◾  പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

◾  റാപ്പര്‍ വേടനെതിരെ ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കിയ രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും ആറ്റംബോംബ് ഒന്നുമല്ലല്ലോ അതെന്നും അദ്ദേഹം ചോദിച്ചു.

◾  വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുള്ള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ എംപി. വേടന്റെ ലഹരിയുടെ ഉപയോഗത്തെ പിന്തുണക്കാന്‍ കഴിയില്ലെന്നും അതേസമയം, അയാള്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുള്ള അവസരമായി പലരും നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

◾  വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരം എന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

◾  കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീത വിപ്ലവം അനസ്യൂതം തുടരണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. തനിക്കു തെറ്റ് പറ്റിയെന്നും പുകവലിയും മദ്യപാനവും നല്ല ശീലമല്ലെന്നും തിരുത്തുമെന്നുമുള്ള പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നുവെന്നും അദ്ദേഹം കുറിച്ചു.

◾  അഴിമതി കേസില്‍ റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ തിരികെ നിയമിക്കാന്‍ വനംമന്ത്രിയുടെ ഇടപെടല്‍. ഇരുതലമൂരിയെ കടത്തിയ പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് അതേ സ്ഥാനത്ത് നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുധീഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന് വനംവകുപ്പ് സെക്രട്ടറി വനം മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

◾  സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അനുബന്ധ രേഖകള്‍ ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയില്‍ പകര്‍പ്പെടുക്കാന്‍ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിചാരണ കോടതി വിസമ്മതിച്ചു.

◾  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്  മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പും ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടിയിരുന്നു.

◾  മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയമനങ്ങള്‍ പി.എസ്സിക്ക് വിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എംഎസ്പി കമാന്റിനാണ് എയ്ഡഡ് സ്ഥാപനമായ എംഎസ്പി സ്‌കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ് സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനുശേഷവും സ്‌കൂളില്‍ പി എസ് സി വഴിയല്ലാതെ നടന്ന നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

◾  വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

◾  ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി മലയാളി അഭിഭാഷകന്‍. സുപ്രീം കോടതിയിലാണ് മലയാളി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ ഹര്‍ജി നല്‍കിയത്. ജൂഡീഷ്യറിക്കെതിരായ പരാമര്‍ശത്തില്‍ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

◾  പോക്സോ കേസില്‍ വിവാഹം പരിഹാരമല്ല എന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. 17കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ,  യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണം. 18 വയസ് പൂര്‍ത്തിയാകാത്തവരുമായുള്ള  ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നും പ്രണയത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

◾  നിയമ വിരുദ്ധമായി സുഡാന്‍ സായുധ സേനയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറാനുള്ള ശ്രമം പരാജയപ്പെടുത്തി യുഎഇ സുരക്ഷാ ഏജന്‍സികള്‍. ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച് പ്രതികള്‍ ആയുധം കടത്താന്‍ ശ്രമിച്ചത്. രാജ്യത്തെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ജെറ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

◾  ചരിത്രപരമായ കരാര്‍ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ ധാരണ. ലാഭത്തിന്റെ 50 ശതമാനം അമേരിക്കയുമായി പങ്കുവയ്ക്കും. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ ഒപ്പിട്ടത്.

◾  മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കാലിലെ പരിക്കുമൂലം നഷ്ടമാകും. വിഘ്‌നേഷിന് പകരം രഘു ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു.

◾  സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു. അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങളില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായത്. അക്ഷയതൃതീയ ദിവസം കേരളത്തിലെ സ്വര്‍ണക്കച്ചവടം പൊടിപൊടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തോളം മികച്ച വരുമാനമാണ് ഇക്കുറി ലഭിച്ചത്. 1,500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

◾  ജനപ്രിയ എ.ഐ പവര്‍ഡ് ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്സിറ്റി എ.ഐ ഇനി വാട്സ്ആപ് വഴി നേരിട്ട് ഉപയോഗിക്കാം. ടെലിഗ്രാമിലും എക്സിലും പെര്‍പ്ലെക്സിറ്റി ചാറ്റ്ബോട്ട് ലഭ്യമാണ്. മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്നതും പ്രത്യേകതയാണ്. ഇത് ഉപകരണ സംഭരണവും ഡാറ്റയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് അല്ലെങ്കില്‍ ലോഗിന്‍ ആവശ്യമില്ലാതെ തന്നെ സേവനം ഉപയോഗിക്കപ്പെടുത്താം. പെര്‍പ്ലെക്സിറ്റി എ.ഐ ആക്സസ് ചെയ്യാന്‍ +1 (833) 4363285 എന്ന നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുക. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ പി.സികള്‍ മാക്കുകള്‍ എന്നിവയിലും വാട്സ്ആപ് വെബ് വഴിയും പെര്‍പ്ലക്‌സിറ്റി എ.ഐ ഉപയോഗപ്പെടുത്താം. വരും ദിവസങ്ങളില്‍ വാട്സ്ആപ്പിലെ പെര്‍പ്ലക്‌സിറ്റിയില്‍ വോയ്‌സ് മോഡ്, മീമുകള്‍, വീഡിയോകള്‍, വസ്തുതാ പരിശോധനകള്‍, അസിസ്റ്റന്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൂടുതല്‍ ഫീച്ചറുകള്‍ വരും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, വിഷയങ്ങള്‍ ഗവേഷണം ചെയ്യുക, ഉള്ളടക്കം സംഗ്രഹിക്കുക, സൗജന്യമായി ഇഷ്ടാനുസൃത ചിത്രങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ജോലികള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ പെര്‍പ്ലെക്സിറ്റിയുമായി സംവദിക്കാന്‍ കഴിയും.

◾  'തുടരും' തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരവെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. 'ടോര്‍പിഡോ' എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. ഫഹദ് ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. നടന്‍ ബിനു പപ്പുവാണ് തിരക്കഥ. സുഷിന്‍ ശ്യാം ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോര്‍പിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദാണ്. ഗോകുല്‍ ദാസ് കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറാണ്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്. അതേസമയം, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തരുണ്‍ മൂര്‍ത്തിയുടെ 'തുടരും' തിയേറ്ററുകളില്‍ ആവേശം തീര്‍ക്കുകയാണ്.

◾  2015ല്‍ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റ് ചിത്രം 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.ജെ വര്‍ഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഈ സിനിമയിലൂടെ പുതിയൊരു നിര്‍മാണ കമ്പനിയുടെ വരവും അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. തൃശൂര്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി 'അടിനാശം വെള്ളപ്പൊക്കം' എന്ന ടൈറ്റില്‍ ഗജരാജന്‍ ഉഷശ്രീ ശങ്കരന്‍കുട്ടി തിടമ്പേറ്റി. ശോഭനയാണ് തിടമ്പ് അനാച്ഛാദനം ചെയ്തു നല്‍കിയത്. ആര്‍. ജയചന്ദ്രന്‍, എസ്.ബി. മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്‍, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെര്‍ടെയ്നറാണ് 'അടിനാശം വെള്ളപ്പൊക്കം'.

◾  ഇന്ത്യ അടക്കമുള്ള വിപണികളില്‍ പുറത്തിറക്കുന്ന ഏഴ് സീറ്റ് എസ്യുവിക്ക് പേരിട്ട് റൊനോ. ബോറിയല്‍ എന്ന പേരില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ വിപണിയിലും തുടര്‍ന്ന് ഏഴുപതില്‍ അധികം രാജ്യങ്ങളിലും വാഹനം പുറത്തിറക്കുമെന്നാണ് റെനോ പറയുന്നത്. ഗ്രീക്ക് പുരാണങ്ങളിലെ കാറ്റിന്റെ ദേവനായ ബോറിയാസില്‍ നിന്നും ലാറ്റിന്‍ ഭാഷയില്‍ നോര്‍ത്ത് വിന്റ് എന്ന് അര്‍ത്ഥം വരുന്ന വാക്കില്‍ നിന്നുമാണ് വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് റെനോ പറയുന്നത്. ഡസ്റ്റര്‍ വിപണിയിലെത്തിയതിന് ശേഷമായിരിക്കും  ബോറിയലിനെ പുറത്തിറക്കുക. അടുത്ത വര്‍ഷം ഈ ഏഴു സീറ്റ് എസ്യുവി വിപണിയിലെത്തിയേക്കും. 2027 ല്‍ അഞ്ച് പുതിയ മോഡലുകളില്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോറിയല്‍ എത്തുക. ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി സിഎംഎഫ്ബി പ്ലാറ്റ്ഫോമിലാണ്  ബോറിയലിന്റെ നിര്‍മാണം.

◾  ഒരു ഫൊറന്‍സിക് സര്‍ജന്‍ പിന്നീട് ഐ.പി.എസ്. ഓഫീസര്‍ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസര്‍പ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങള്‍? കുറ്റാന്വേഷണത്തിന്റെ മെഡിക്കല്‍ വശങ്ങള്‍ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തില്‍തന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങള്‍ തേടി ഡോക്ടര്‍ അരുണ്‍ ബാലന്‍ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറന്‍സിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാന്‍ ഇതാ നിങ്ങള്‍ക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബിലേക്ക് സ്വാഗതം!. 'ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്'. രജത് ആര്‍. ഡിസി ബുക്സ്. വില 209 രൂപ.

◾  മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാല്‍ ഉറക്കം പൂര്‍ത്തിയാക്കണോ അതോ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു വര്‍ക്ക്ഔട്ട് ചെയ്യണമോ എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണം, ന്യൂറോളജിക്കല്‍ റിപ്പയര്‍, പേശികളുടെ തകരാറുകള്‍ പരിഹരിക്കല്‍ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകളും നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരം നടത്തുന്നത്. പ്രഭാതദിനചര്യ മെച്ചപ്പെടുത്താന്‍ ഉറക്കത്തില്‍ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവന്‍ ക്ഷീണവും ഉന്മേഷം കുറയാനും കാരണമാകും. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂട്ടാനും കാരണമാകും. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. രാവിലെ വ്യായാമം അല്ലെങ്കില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ വേണ്ടി തുടര്‍ച്ചയായി ആറ് മുതല്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് ക്ഷീണം, മോശം പ്രകടനം, പരിക്കുകള്‍ക്കുള്ള സാധ്യത എന്നിവ വര്‍ധിപ്പിക്കുന്നു. രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ പ്രയാസമായി വരുന്നവെങ്കിലും വ്യായാമം കുറച്ചാലും ഉറക്കത്തില്‍ വിട്ടുവീഴ്ച പാടില്ല. ഉറക്കത്തിന് മേല്‍ വ്യായാമത്തിന് പ്രധാന്യം നല്‍കുന്നത് വിപരീതഫലമുണ്ടാക്കും. മുതിര്‍ന്ന വ്യക്തി ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. ഉറക്കം ശരീരത്തിന്റെ റിപ്പയര്‍ മെക്കാനിസത്തിനും മെച്ചപ്പെട്ട പ്രകടനത്തിനും വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജത്തിനും പ്രധാനമാണെന്ന് മനസിലാക്കുക. അമിത പരിശീലനത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഉയര്‍ന്ന സമ്മര്‍ദമുള്ള സാഹചര്യങ്ങളില്‍, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറക്കത്തിന് മുന്‍ഗണന നല്‍കുക.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right