Trending

വഖഫ് ഭേദഗതിക്കെതിരെ ജനസാഗരം തീർത്ത് ലീഗിന്റെ മഹാറാലി.

കോഴിക്കോട്: പൗരൻ്റെ അവകാശം സംരക്ഷിക്കാൻ ബാധ്യതയുള്ളവർ അത് കൈയേറുന്ന സ്ഥിതിയാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ചെയ്ത‌തെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബീച്ചിൽ വഖഫ് നിയമ ഭേദക്കെതിരേയുള്ള പ്രതിഷേധ മഹാറാലിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനാണ് ജനാധിപത്യ പാർട്ടികൾ പാർല്ലമെന്റിനകത്തും പുറത്തും വഖഫ് ബില്ലിനെതിരേ പോരാടിയത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും
ബഹുസ്വരതയുടെയും സംരക്ഷണത്തിനായി പോരാടേണ്ട പാർല്ലമെന്റിനെ അതിന്റെയെല്ലാം യഥാർത്ഥ മൂല്യങ്ങളെ തകർക്കുന്നതിനുള്ള വേദിയാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ജനവിരുദ്ധ നയങ്ങളെ അടിച്ചേൽപ്പിക്കുമ്പോൾ അത് തിരുത്താൻ, ഇത് പോലുള്ള ജനാധിപത്യപരമായ പോരാട്ടമാണ് മാർഗമെന്നും അത് വിജയിക്കുമെന്നും തങ്ങൾ പ്രഖ്യാപിച്ചു.

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വാദികളുടെ 00 അഭിപ്രായങ്ങളെ കൂടുതൽ കേൾക്കാൻ സന്നദ്ധമായി എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. നീതി പ്രതീക്ഷിച്ച് പോരാട്ടം തുടരാനാണ് ഈ റാലിയിലൂടെ നാം വിളംബരം ചെയ്യുന്നത്. ഫാസിസവും സാമ്രാജ്യത്വവും രാജ്യത്തുണ്ട്. ഫാസിസ്റ്റുകൾ അവർക്ക് ഇഷ്‌ടമില്ലാത്ത മുഴുവൻ പേരെയും അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. വഖഫ് ഭേദഗതിയിലൂടെ ഇനി ആരും വഖഫ് ചെയ്യാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒപ്പം നിലവിലുള്ള വഖഫ് സ്വത്തുകൾ തട്ടിയെടുക്കൽ തന്ത്രങ്ങളും ഇവരുടെ ഉള്ളിലിരിപ്പാണ്.
ഇത് എല്ലാവരും തിരിച്ചറിയണം.

മുനമ്പത്തിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ എന്നത് നാം 00 തുടക്കം മുതലെ സ്വീകരിച്ച നിലപാടാണ്. മുനമ്പത്തുനിന്ന് ഒരാളും കുടിയിറക്കപ്പെട്ടുകൂട. ഏത് പാതിരാത്രി വിളിച്ചാലും ലീഗ് അതിനൊപ്പം ഉണ്ടാകും. മുനമ്പം ജനതയ്ക്ക് ഒപ്പമാണ് പാർട്ടിയും സമുദായ സംഘടനകളും. ഇക്കാര്യം ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയതാണ്. ഒറ്റദിവസം കൊണ്ട് തീർക്കാവുന്ന വിഷയം സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു. മുനമ്പത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇരുസർക്കാറുകളും ശ്രമിക്കുന്നത്. സാമുദായിക സൗഹൃദത്തിനാണ് ലീഗ് എന്നും ഊന്നൽ നൽകുന്നതെന്നും തങ്ങൾ വ്യക്തമാക്കി.
റാലിയിൽ ഐ.യു.എം.എൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ 00 00 കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വഖഫ് വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് ചെയ്യുന്ന അതേ പണിയാണ് പിണറായി ഗവൺമെന്റും ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വിഷയം നീട്ടിക്കൊണ്ടുപോയി സാമുദായിക-രാഷ്ട്രീയ മുതലെടുപ്പിനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. പ്രശ്‌നം തീർക്കാതെ മോഡിക്ക് ആളെക്കൂട്ടുന്ന പരിപാടി പിണറായി സർക്കാർ ഉപേക്ഷിക്കണം. ഇത് നല്ല കാര്യമല്ല. സാമുദായികമായി ചേരി തിരിച്ച് നേട്ടമുണ്ടാക്കാനുള്ള സർക്കാർ ശ്രമം ഇടതുപക്ഷം ഉപേക്ഷിക്കണം. കേന്ദ്ര സർക്കാറിനെതിരേ അറബിക്കടൽ പോലെ ഇരമ്പുന്ന ജനതയാണ് ഇവിടെ ഒരുമിച്ചുകൂടിയത്. അങ്ങനെയങ്ങനെ കേറി നിരങ്ങാമെന്ന് കേന്ദ്രവും മോഡിയും വിചാരിക്കേണ്ട. റാലി വിജയംകാണുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിതിയായി. കർണാടക റവന്യു മന്ത്രി കൃഷ്‌ണ ഭൈര ഗൗഡ, തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക, ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.പി.എം.എ സലാം, പ്രതിപക്ഷ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദർ മൊയ്തീൻ, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽവഹാബ് എം.പി, വൈസ് പ്രസിഡൻ്റ് എം.പി അബ്‌ദുസ്സമദ് സമദാനി എം.പി, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post
3/TECH/col-right