കുന്ദമംഗലം: കുന്ദമംഗലത്ത് സമസ്തയുടെ പോഷക സംഘടനയായ SKSSF-ന്റെ ഇഫ്താർ പരിപാടിക്ക് നേരെ വീണ്ടും ആക്രമണം.ആക്രമണത്തില്‍ പരുക്കേറ്റ എസ് കെ എസ് എസ് എഫ് പ്രാദേശിക നേതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരന്തൂര്‍ സ്വദേശിയും മേഖലാ വൈസ് പ്രസിഡന്റുമായ സുഹൈലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
സമസ്ത വിഭാഗവും, ലീഗ് പ്രവര്‍ത്തകരും തമ്മില്‍ റമസാനിന് മുമ്പേ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. സമസ്‌തയുടെ കീഴിലുള്ള കുന്ദമംഗലം ഇസ്ലാമിക് സെന്ററില്‍ വെച്ച് ബസ് യാത്രക്കാര്‍ക്കുള്‍പ്പെടെ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇഫ്താര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴായിരുന്നു ഇന്നലെ അക്രമം നടന്നത്. ഓരോ ദിവസവും വിവിധ യൂനിറ്റ് കമ്മിറ്റികളാണ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കാറുള്ളത്. ഇത് പ്രകാരം ഇന്നലെ കാരന്തൂര്‍ യൂനിറ്റ് കമ്മിറ്റി അംഗങ്ങളായിരുന്നു ഇഫ്ത്വാര്‍ വിഭവങ്ങള്‍ പാക്ക് ചെയ്തതും യാത്രക്കാര്‍ക്ക് വിതരണം ചെയ്തതും.
എന്നാല്‍ സെന്ററിന്റെ മേല്‍നോട്ടക്കാരെന്ന് പറയുന്ന ചില പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ എസ് കെ എസ് എഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇഫ്താർ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയും ഇഫ്താർ വിഭവങ്ങള്‍ അലങ്കോലമാകുകുയും ചെയ്തിരുന്നു. അന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
കുന്ദമംഗലത്ത് ആദര്‍ശ സമ്മേളനം മുടക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് നേരത്തേ എസ് കെ എസ് എഫ് ആരോപിച്ചിരുന്നു. ഈ സമ്മേളനത്തോടെ തുടങ്ങിയ തര്‍ക്കങ്ങളാണ് ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്നത്. എന്നാല്‍ ആക്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
എസ് കെ എസ് എസ് എഫ് ഇഫ്താർ ടെന്റിന് നേരെയും, മേഖലാ വൈസ് പ്രസിഡന്റ് സുഹൈലിന് നേരെയും നടന്ന ആക്രണമത്തില്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വധശ്രമമാണ് സുഹൈലിന് നേരെ നടന്നതെന്ന് സംശയിക്കുന്നതായി ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങളും ജനറല്‍ സെക്രട്ടറി റാശിദ് കാക്കുനിയും പറഞ്ഞു . ഏതാനും ദിവസങ്ങളിലായി മേഖലയില്‍ അക്രമത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നില്‍. അവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.
Tags:
KOZHIKODE