◾ കേരളത്തിലെ തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ ഇടപെട്ട് സുപ്രീം കോടതി. തദ്ദേശ വാര്‍ഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ അത് ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
◾ തുടര്‍ഭരണം ലക്ഷ്യമിട്ട് വന്‍ തോതില്‍ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന രേഖയിലുള്ളത്. വരുമാന വര്‍ദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിര്‍ദ്ദേശിക്കുന്നത്.
◾ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസിന് പ്രശംസ. മന്ത്രി എന്ന നിലയില്‍ റിയാസിന്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളില്‍ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങള്‍ ആക്രമിക്കുന്നതെന്നുമാണ് വിമര്‍ശനം. എന്നാല്‍ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിനെ വിമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അവൈലബിള്‍ യോഗങ്ങളില്‍ കൂടുതലായി പങ്കെടുക്കാന്‍ ശ്രമിക്കണമെന്നാണ് വിമര്‍ശനം.
◾ കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ലക്‌സും സ്ഥാപിച്ച സിപിഎം മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ലക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
◾ സിപിഎം സംസ്ഥാന സമ്മേളനം പോലെ ഇത്രവലിയ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസിന് പറ്റുമോയെന്ന ചോദ്യത്തിന് മറുചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാന സെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാന്‍ സിപിഎം തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പട്ടികജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും, RSS സര്‍സംഘ് ചാലക്സ്ഥാനവുമെന്നും അദ്ദേഹം പരിഹസിച്ചു.
◾ ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയമസഭയിലെ പ്രമേയം ഇരട്ടത്താപ്പെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഖനനത്തെ എതിര്‍ക്കുന്നത് കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചു വെക്കാനാണെന്നും കേരള തീരത്ത് വര്‍ഷങ്ങളായി കരിമണല്‍ ഖനനം നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണിതെന്നും തീരദേശ ജനതയെ ഇടത് വലത് മുന്നണികള്‍ വഞ്ചിക്കുകയാണെന്നും ഷോണ്‍ കുറ്റപ്പെടുത്തി.
◾ താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി ഇന്ന് തന്നെ മുംബൈയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ്. വൈകുന്നേരം അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം പൂനെയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും. ഗരീബ് രഥ് എക്‌സ്പ്രസിലായിരിക്കും കുട്ടികളെ നാട്ടിലെത്തിക്കുക.
◾ താനൂരിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിന്റേത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നും മലപ്പുറം എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു.
◾ എഡിജിപി എം ആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും ഫോണിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത എസ് പി സുജിത് ദാസിനെ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിതല റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്.
◾ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ച് മുന്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്.പി. സുജിത് ദാസ് വിശുദ്ധന്‍, എം.ആര്‍.അജിത് കുമാര്‍ പരിശുദ്ധന്‍, തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ല, കേരളത്തില്‍ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല എന്നാണ് അന്‍വറിന്റെ പരിഹാസം.
◾ എറണാകുളം കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. എന്നാല്‍ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത കോന്നി സ്വദേശിനി വീണ ജനാര്‍ദ്ദനന്‍ ഉള്ളത്. എന്നാല്‍ ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ നായകളെ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വിശദമാക്കി.
◾ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്നു കോടതി നടപടികള്‍ ബഹിഷ്‌കരിക്കും എന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിഭാഷകയുടെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപിച്ചത്.
◾ സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയില്‍ അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി.
◾ കോട്ടയം ഏറ്റുമാനൂരില്‍ മക്കളുമായി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ ഷൈനി ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് അച്ഛന്‍ കുര്യാക്കോസ് പ്രതികരിച്ചു. ഷൈനി നോബിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നത് അല്ലെന്നും ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു.
◾ ഏറ്റുമാനൂരിലെ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി ഷൈനി മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. വീടിന് അടുത്തുള്ള കെയര്‍ ഹോമില്‍ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിര്‍ത്താന്‍ കാരണം അച്ഛന്‍ കുര്യാക്കോസാണെന്ന് കെയര്‍ ഹോം ഉടമ പറഞ്ഞു.
◾ തൃശൂര്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടിവരുന്നതായി ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ. കെഎന്‍ സതീശ്. മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്സ് എന്നീ പകര്‍ച്ചവ്യാധികളാണ് കൂടി വരുന്നത്. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പൊതുജനാരോഗ്യ ബോധവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍.
◾ കണ്ണൂര്‍ നാറാത്തെ ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നടന്ന പരിശോധനയില്‍ വന്‍ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീന്‍ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
◾ വൈദ്യുതി കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടില്‍ മദന്‍ മോഹന്‍ (56) മകന്‍ അനന്തു (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി യു.പി സ്‌കൂളിനു മുന്നില്‍ ഇന്ന് പുലര്‍ച്ചെ 5.15 നായിരുന്നു സംഭവം.
◾ മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിന് മുന്‍പ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാര്‍ ആണ് മര്‍ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ക്രൂര പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 36കാരിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ നളന്ദയില്‍ വ്യാഴാഴ്ചയാണ് 36കാരിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീടുള്ള ജില്ലയില്‍ തന്നെ ഇത്തരം സംഭവമുണ്ടായത് സംസ്ഥാനത്തെ ക്രമസമാധാന നിലയിലെ തകരാറാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
◾ കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ ഭര്‍ത്താവും പ്രമുഖ ആര്‍ക്കിടെക്റ്റുമായ ജതിന്‍ ഹുക്കേരിയും അന്വേഷണ പരിധിയില്‍. രന്യയുടെ പല യാത്രകളിലും ജതിനും കൂടെ ഉണ്ടായിരുന്നു. നാല് മാസം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്. മാര്‍ച്ച് 3 ന് രന്യ അറസ്റ്റിലാകുമ്പോഴും ജതിന്‍ കൂടെ ഉണ്ടായിരുന്നു. ജതിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ
◾ യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ സിലിണ്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകള്‍ അബുദാബി പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നും കടത്താന്‍ ശ്രമിച്ച 180 കിലോ ഹാഷിഷ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ അബുദാബി പോലീസിന്റെ സീക്രട്ട് ഹൈഡ്ഔട്ട്‌സ് ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.
◾ ഫെബ്രുവരി അവസാനം വാഷിംഗ്ടണ്‍ കൗണ്ടിയില്‍ കോഡിവില്ലെ പ്ലാന്റേഷന് സമീപം ഉല്‍ക്കാശിലകള്‍ പതിച്ചതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സ്ഥിരീകരിച്ചു. വാഷിംഗ്ടണ്‍ കൗണ്ടിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് രാത്രി 8 മണിക്ക് ശേഷം ഒരു സോണിക് ബൂം ശബ്ദം ഉണ്ടായതായി വിവിധ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അത് ഉല്‍ക്കാശിലയുടെ ജ്വലനം കാരണം സംഭവിച്ചതാണ് എന്നുമാണ് നാസയുടെ നിഗമനം.
◾ യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കിടെ അപകടകരമായ ഫ്‌ലയര്‍ ഉപയോഗിച്ചതിന് രണ്ടു പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ നിരോധിച്ചിട്ടുള്ളതും കത്താന്‍ സാധ്യതയുള്ളതോ പൈറോടെക്‌നിക്‌സ് പോലുള്ളതോ ആയ അപകടകരമായ വസ്തുക്കളും സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലോ പരിപാടി നടക്കുന്ന ഇടങ്ങളിലോ കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
◾ ഹോളി ഉത്സവം വര്‍ഷത്തിലൊരിക്കല്‍ വരുന്നതിനാല്‍ നിറങ്ങള്‍ ശരീരത്തിലാകുന്നത് അസ്വസ്ഥതയുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം വിവാദമാകുന്നു. ജീവനക്കാരന്റെ പരാമര്‍ശങ്ങള്‍ പക്ഷപാതമാണെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
◾ സിറിയയില്‍ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ലതാകിയയിലെ തീരദേശ പ്രവിശ്യയിലാണ് ആയുധധാരികളായ അസദ് അനുകൂലികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (SOHR) ആണ് വാര്‍ത്ത പുറത്തുവിട്ടത്.
◾ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചു. ഇതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടെക്‌സസിലെ ബൊക്ക ചിക്ക ബീച്ചിന് സമീപമുള്ള സ്റ്റാര്‍ ബേസില്‍ നിന്ന് കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം ചിന്നഭിന്നമാവുകയായിരുന്നു. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞതാണ് വിമാന സര്‍വീസുകള്‍ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കാരണമായത്.
◾ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന പത്ത് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഇസ്രായേല്‍ അധികൃതര്‍ രക്ഷപ്പെടുത്തി. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി സംഭവം സ്ഥിരീകരിച്ചു. വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്.
◾ ചെലവ് ചുരുക്കലിന്റെ ഭാഗമായി 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്ക. വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി തയ്യാറായെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കയിലെ വിമുക്തഭടന്മാര്‍ക്ക് ആരോഗ്യപരിരക്ഷ ഉള്‍പ്പെടെ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുക.
◾ കാനഡയേയും മെക്സിക്കോയേയും ലക്ഷ്യംവെച്ച് പ്രഖ്യാപിച്ച അധിക തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യം പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ട്രംപ് തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് എപ്രില്‍ രണ്ടു വരെ നീട്ടിവെയ്ക്കുകയായിരുന്നു.
◾ എഫ്.എം.സി.ജി രംഗത്തെ മുന്‍നിരക്കാരായ അദാനി വില്‍മര്‍ അച്ചാര്‍, സോസ് ഉത്പന്നങ്ങളും വില്‍ക്കും. ഈ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ജി.ഡി ഫുഡ്‌സിനെ ഏറ്റെടുക്കുന്നതോടെയാണിത്. 'ടോപ്‌സ്' എന്ന ബ്രാന്‍ഡിലാണ് കമ്പനി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ആദ്യ ഘട്ടത്തില്‍ 80 ശതമാനം ഓഹരികളും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള 20 ശതമാനം ഓഹരികളും കൈമാറുന്ന രീതിയിലാണ് ഇടപാട്. പാക്കേജ്ഡ് ഫുഡ് മേഖലയിലെ അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും അതുവഴി വരുമാന വര്‍ധന നേടാനും പുതിയ ഏറ്റെടുക്കലിലൂടെ അദാനി വില്‍മറിന് സാധിക്കും. 603 കോടി രൂപയ്ക്കാണ് ആദ്യ ഘട്ട ഏറ്റെടുക്കല്‍ നടത്തുന്നത്. ജി.ഡി ഫുഡ്‌സിന് 2023-24 സാമ്പത്തികവര്‍ഷം 386 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. 1984ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ടൊമാറ്റോ കെച്ചപ്പ്, ജാം, അച്ചാര്‍, നൂഡില്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കുന്നുണ്ട്. രാജ്യമെമ്പാടും കമ്പനിക്ക് 1,50,000 ഔട്ട്‌ലെറ്റുകളുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍. വില്‍മറുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. അദാനി വില്‍മറില്‍ അദാനി എന്റര്‍പ്രൈസസിനുള്ള 44 ശതമാനം ഓഹരികളാണ് വില്‍മറിന്റെ മാതൃ കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡിന് കൈമാറുന്നത്. ഇതുവഴി 17,400 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന് ലഭിക്കുക.
◾ ബ്രിട്ടീഷ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നത്തിങ്ങിന്റെ പുതിയ ഫോണ്‍ 3എ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഫോണ്‍ 3എ സീരീസില്‍ ഫോണ്‍ 3എ, ഫോണ്‍ 3എ പ്രോ എന്നി ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പോടുകൂടിയാണ് ഈ ഫോണുകള്‍ വരുന്നത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് എഫ്എച്ഡി+ ഡിസ്പ്ലേയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണുകളില്‍ ഉള്‍പ്പെടുന്നു. 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചാര്‍ജര്‍ വാങ്ങുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. 8ജിബി+ 128ജിബി, 8ജിബി + 256ജിബി എന്നി രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ 3എ വരുന്നത്. വില യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ്. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ 2000 രൂപ കിഴിവുണ്ട്. നത്തിങ് ഫോണ്‍ 3എ പ്രോ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 8ജിബി + 128ജിബി, 8ജിബി + 256ജിബി, 12ജിബി + 256ജിബി, യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2000 രൂപ ഫ്‌ലാറ്റ് കിഴിവ് ലഭിക്കും. ഇത് വില 27,999 രൂപ, 29,999 രൂപ, 31,999 രൂപ എന്നിങ്ങനെ കുറയ്ക്കുന്നു.
◾ ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് 'ദ ടെസ്റ്റ്'. ഒരു സ്പോര്‍ട്സ് ഫാമിലി ഡ്രാമയാണ് ചിത്രം. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റീലീസ് ഡേറ്റ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു. ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുകയാണ്. നെറ്റ്ഫ്ലിക്സിന്റെ 2025ലെ ലിസ്റ്റില്‍ ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അനുസരിച്ച് ടെസ്റ്റ് ചിത്രം ഏപ്രില്‍ നാലിന് പുറത്തിറങ്ങും. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നടന്‍ സിദ്ധാര്‍ത്ഥിന്റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.
◾ 'എമ്പുരാന്‍' സിനിമയില്‍ നിന്നും 10 സെക്കന്‍ഡ് ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സെന്‍സര്‍ ബോര്‍ഡ്. യു/എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ചിത്രം 'ലൂസിഫറി'നേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. 3 മണിക്കൂര്‍ ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തില്‍ നിന്ന് 10 സെക്കന്‍ഡ് നീക്കം ചെയ്തത് കൂടാതെ, 4 സെക്കന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം മാറ്റി ചേര്‍ത്തിട്ടുമുണ്ട്. മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
◾ 2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ 4,22,449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. 7.91 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് സംഭവിച്ചത്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല കയറ്റുമതിയിലും ഇടിവാണ്. ഇന്ത്യയിലെ മാത്രം വില്‍പന പരിശോധിച്ചാല്‍ 7.26 ശതമാനത്തിന്റെ കുറവുണ്ട്. കയറ്റുമതിയില്‍ 13.89 ശതമാനമാണ് കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഇടിവാണെങ്കിലും ഹീറോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു എന്നതാണ് ഹോണ്ടയ്ക്ക് ആശ്വാസം. ആഭ്യന്തര വിപണിയില്‍ 3,83,918 യൂണിറ്റുകളും കയറ്റുമതിയില്‍ 38,531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. ഫെബ്രുവരിയിലെ വില്‍പനയില്‍ ഹീറോയ്ക്ക് 20 ശതമാനത്തിന്റെ കുറവുണ്ട്. 2025 ജനുവരിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴും ഫെബ്രുവരിയിലെ വില്‍പനയില്‍ ഹോണ്ടയ്ക്ക് 4.73 ശതമാനത്തിന്റെ ഇടിവുണ്ട്. ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ 4,02,977 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് കഴിഞ്ഞ മാസം 38,531 യൂണിറ്റുകള്‍ വിറ്റിരിക്കുന്നത്. ജനുവരിയില്‍ 41,870 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഫെബ്രുവരിയില്‍ 38,531 യൂണിറ്റുകളായി കുറഞ്ഞു. 7.97 ശതമാനമാണ് ഇടിവ്.
◾ ആഫ്രിക്കന്‍ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങള്‍ മാറ്റി വരയ്ക്കുകയും യാത്രാരീതികള്‍ മാറ്റിമറിക്കുകയും ചിന്താമുഖങ്ങള്‍ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര. കാടിന് പുതിയ നിര്‍വ്വചനങ്ങളുമായി വനപ്രദേശങ്ങള്‍, അപരിചിതരായ മൃഗങ്ങള്‍, പെട്ടെന്ന് കൂട്ട് ചേരുന്ന കാടിന്റെ തനത് മനുഷ്യര്‍, ആഫ്രിക്കന്‍ സിംഫണിയുമായി ഒരുപാട് പക്ഷികള്‍. അനുനിമിഷം പുതുക്കപ്പെടുന്ന ആകാശം, കാറ്റ്, ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, കാഴ്ച്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍. സെരങ്കട്ടിയിലോ ഗോരംഗോരോയിലോ തരംഗീറിയിലോ വെച്ചുമാത്രം ഉണ്ടാവുന്ന വെളിപാടുകള്‍, തത്ത്വചിന്തകള്‍, കിറുക്കുകള്‍. അപൂര്‍വ്വകാഴ്ചകള്‍ മോഷ്ടിച്ചെടുക്കാന്‍ കണ്ണുകളോട് മത്സരിക്കുന്ന ക്യാമറ ലെന്‍സുകള്‍. മൂന്ന് തലമുറകളുമായി ഒരു കുടുംബം ചിരിച്ചും രസിച്ചും അത്ഭുതങ്ങള്‍ രുചിച്ചും ടാന്‍സാനിയന്‍ കാടുകളിലൂടെ നീങ്ങുകയാണ്. ക്യാമറക്കണ്ണുകളില്‍ കയറിക്കൂടിയ വനകാഴ്ചകളാല്‍ സമ്പന്നവുമാണ് ഈ പുസ്തകം. 'ഹക്കുന മറ്റാറ്റ'. ഡോ. മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്സ. വില 225 രൂപ.
◾ നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലേ? അതോ കൂടുതല്‍ സമയം ഉറങ്ങാറുണ്ടോ? ഇതു രണ്ടും അത്ര നന്നല്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഏഴു മുതല്‍ ഒന്‍പതുമണിക്കൂര്‍ സമയം ഉറങ്ങാത്തവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത. വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകയായ കെല്‍സിഫുള്ളിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടത്തിയത്. 40 മുതല്‍ 79 വയസ്സു വരെ പ്രായമുള്ള 47,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചു. അഞ്ചു വര്‍ഷത്തിലധികമായി ഉറക്കം ക്രമരഹിതമായവര്‍ക്ക് അകാലമരണത്തിന് സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടു. വളരെ കുറച്ചു സമയം ആദ്യം ഉറങ്ങിയിരുന്ന, എന്നാല്‍ പിന്നീട് വളരെ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്ക് ഏതെങ്കിലും കാരണത്താലുള്ള മരണസാധ്യത 29 ശതമാനമാണെന്നും ഇവര്‍ക്ക് ഹൃദ്രോഗം മൂലമുള്ള മരണത്തിന് 32 ശതമാനം സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ജാമാ നെറ്റ്വര്‍ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കം എല്ലാ ദിവസവും കൃത്യമായിരിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് ഈ പഠനം ഓര്‍മിപ്പിക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ ഉറക്കരീതികള്‍ വര്‍ഷങ്ങളോളം ഗവേഷകര്‍ പഠന വിധേയമാക്കി. ഉറക്കത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തി ആയുസ് വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ഉറങ്ങാന്‍ കിടക്കും മുന്‍പ് സ്‌ക്രീന്‍ടൈം പരിമിതപ്പെടുത്താം. ഫോണ്‍, ടിവി, ടാബ് തുടങ്ങിയവയില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തിലെ മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ഉറങ്ങാന്‍ പ്രയാസം നേരിടുകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് വായിക്കുകയോ ധ്യാനം പരിശീലിക്കുകയോ ചൂടുവെള്ളത്തില്‍ കുളിക്കുകയോ ആവാം. ഇത് ഉറങ്ങാറായി എന്ന സന്ദേശം തലച്ചോറിനു നല്‍കും. മദ്യവും കഫീനും ഒഴിവാക്കാം. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തും. പതിവായി വ്യായാമം ചെയ്യാം. ശാന്തമായ ഉറക്കം ലഭിക്കാന്‍ കിടപ്പുമുറി വൃത്തിയായും ശാന്തമായും ഇരുണ്ടതായും സൂക്ഷിക്കാം. സമ്മര്‍ദം നിയന്ത്രിക്കാം. റിലാക്സേഷന്‍ ടെക്നിക്കുകളോ ശ്വസനവ്യായാമങ്ങളോ യോഗയോ പരിശീലിക്കാം. ഇത് നന്നായി ഉറങ്ങാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.97, പൗണ്ട് - 112.31, യൂറോ - 94.28, സ്വിസ് ഫ്രാങ്ക് - 98.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.91, ബഹറിന്‍ ദിനാര്‍ - 230.76, കുവൈത്ത് ദിനാര്‍ -282.41, ഒമാനി റിയാല്‍ - 225.91, സൗദി റിയാല്‍ - 23.18, യു.എ.ഇ ദിര്‍ഹം - 23.68, ഖത്തര്‍ റിയാല്‍ - 23.84, കനേഡിയന്‍ ഡോളര്‍ - 60.84.
➖➖➖➖➖➖➖➖
Tags:
KERALA