താമരശ്ശേരി:ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോൾ അകത്തുനിന്ന് ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചിൽ കേൾക്കാമായിരുന്നു. സ്ത്രീകൾക്കും അയൽക്കാർക്കും ഷഹബാസിന്റെ സഹപാഠികൾക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്.
അൽപനേരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയിൽ നിസ്കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂർ മദ്രസയിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിന് വച്ച ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളും കൂട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്.
അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് സഹപാഠികൾ മൃതദേഹത്തിനരിലേക്ക് എത്തിയത്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവർ കുഴങ്ങി. ഇതിനിടെ ഷഹബാസിന്റെ ഉപ്പ ഇക്ബാൽ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീണ്ടും മദ്രസയിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷമാണ് ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയത്.
ഷഹബാസ് ഇനിയില്ല എന്നത് ഉറ്റവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയിട്ടും സുഹൃത്തുക്കളുടെ കണ്ണുനീർ തോർന്നിട്ടില്ല. ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ തുടങ്ങിയ പ്രശ്നം അവസാനിച്ചത് ഷഹബാസിന്റെ അന്ത്യയാത്രയിൽ.
Tags:
THAMARASSERY