കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളെയും പരീക്ഷയെഴുതാൻ അനുവദിക്കും.വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.
അതെ സമയം, പ്രതികളായ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിടില്ല. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാൻ നിർദേശമുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരീക്ഷ എഴുതാൻ അനുവദിക്കുക. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ അഞ്ച് വിദ്യാർത്ഥികളും ഹാജരായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പത്തോ അതിലധികമോ ആളുകൾ ചേർന്നായിരുന്നു ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഷഹബാസ് അച്ചടക്കലംഘനം കാണിക്കുന്ന കുട്ടിയായിരുന്നില്ലെന്നും ഈ മാസം 13ന് സ്കൂളിൽ നടന്ന സെന്റോഫിൽ വിദ്യാർത്ഥികൾ യൂണിഫോമിലാണ് പങ്കെടുത്തത്. സെന്‍റ് ഓഫിന് ശേഷം വിദ്യാർത്ഥികളെ സ്കൂൾ ബസ്സിൽ തന്നെ വീട്ടിലെത്തിച്ചു.കുട്ടികൾ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയിരുന്നു. കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ തമ്മിൽ ഇതിനു മുൻപ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
വിദ്യാർത്ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊബൈൽ ഫോണുകൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വരാറില്ലെന്നും എളേറ്റിൽ വട്ടോളി എംജെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.