2025 ഫെബ്രുവരി 21 വെള്ളി
1200 കുംഭം 9 അനിഴം
1446 ശഹബാൻ 22
◾ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ബൈഡന്‍ ഭരണകൂടം ചെലവഴിച്ചത് ഇന്ത്യയില്‍ മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ശ്രമം നടത്താനാണെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്നും മയാമിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമര്‍ശങ്ങള്‍ അസംബന്ധങ്ങള്‍ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
◾ യുജിസിയുടെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാര്‍ക്ക് വേണ്ടി ഗവര്‍ണ്ണര്‍മാര്‍ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്കുള്ള വിയോജിപ്പിനെ തുടര്‍ന്ന് മലയാള സര്‍വ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാര്‍ കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. ഔചിത്യബോധമുണ്ടെങ്കില്‍ വിസിമാര്‍ പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വിമര്‍ശിച്ചു.
◾ ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമാകും. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍ വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
◾ സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാന്‍ തദ്ദേശ നിയമങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സര്‍ക്കാര്‍. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തില്‍പെടുന്ന സംരഭങ്ങള്‍ തുടങ്ങാന്‍ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം. എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണത്തിനുവേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു.
◾ എലപ്പുള്ളിയിലെ മദ്യ നിര്‍മാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തില്‍, ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്നും വ്യവസായങ്ങള്‍ക്കായി ചട്ടങ്ങള്‍ ലഘുവാക്കണമെന്നത് സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണെന്നും വ്യവസായ മന്ത്രി പി രാജീവ്. സണ്ണി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തില്‍ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു.
◾ ബ്രൂവറി പോലുള്ള കാര്യങ്ങള്‍ മാധ്യമചര്‍ച്ചയാക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലപാട് സിപിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.. നിങ്ങള്‍ക്ക് രോമാഞ്ചം ഉണ്ടാക്കാന്‍ എന്തെങ്കിലും പറയാന്‍ ആകില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു
◾ സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കും. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
◾ ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോള്‍ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ പിഴയും ശിക്ഷയുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറുമായ മനീഷ് വിജയിയേയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവധിയിലായിരുന്ന മനീഷ് അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.
◾ സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തല്‍.
◾ കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന ഹര്‍ത്താലിന് ലത്തീന്‍ സഭയുടെ ഐക്യദാര്‍ഢ്യം. ഈ മാസം 27ന് മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹര്‍ത്താലില്‍ ലത്തീന്‍ സഭയും പങ്കുചേരും. കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണെന്നും സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണം എന്നും മെത്രാപോലീത്ത ആഹ്വാനം ചെയ്തു.
◾ പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തന്നേയും സമീപിച്ചിരുന്നെന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും വടകര ലോക്‌സഭാംഗമായ ഷാഫി പറമ്പില്‍. വിശ്വാസത്തിന്റെ പേരില്‍ നല്ലത് പ്രതീക്ഷിച്ചു ഇടപെടുന്ന പലകാര്യങ്ങളും പലപ്പോഴും ദോഷം ചെയ്യാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ഒരു ജനപ്രതിനിധിയും തട്ടിപ്പിന് കൂട്ടുനിന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾ കട്ടിപ്പാറയില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കാനാണ് തീരുമാനം.
◾ അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നിര്‍ദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
◾ സമസ്തക്കകത്തെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സമസ്ത - ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ പൊതുധാരണയായി. ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു. സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാര കൂടിക്കാഴ്ച.
◾ സിപിഎം നേതാവ് എ.സമ്പത്തിന് നേരത്തെ നല്‍കിയ ആനുകൂല്യങ്ങള്‍ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശുപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ ആലപ്പുഴ അരൂക്കുറ്റിയില്‍ വീട് ജപ്തിയിലായതിനെ തുടര്‍ന്ന് കുടുംബം 3 ദിവസം താമസിച്ചത് വീടിന് പുറത്ത്. അരൂകുറ്റി പുത്തന്‍ നികര്‍ത്തില്‍ രാമചന്ദ്രന്റെ വീട് വായ്പാ കുടിശികയുടെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതിനെ തുടര്‍ന്നാണിത്. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം വീടിന് പുറത്തു കഴിഞ്ഞത്. അതേസമയം വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബഹ്റൈനില്‍ നിന്നുള്ള ഒരു വിദേശമലയാളി കുടുംബത്തെ സഹായിക്കാനെത്തി കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറി.
.
◾ തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രജനികാന്തിനെ നായകനാക്കി ശങ്കര്‍ 2010ല്‍ സംവിധാനം ചെയ്ത യന്തിരന്‍ തന്റെ കഥയുടെ മോഷണമാണെന്ന ആരൂര്‍ തമിഴ്നാടന്‍ എന്നയാള്‍ നല്‍കിയ പകര്‍പ്പവകാശ ലംഘന പരാതിയില്‍ കള്ളപ്പണ നിയമം ചുമത്തിയാണ് ഇ.ഡി. നടപടി സ്വീകരിച്ചത്. 1996ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ നിന്ന് കഥ മോഷ്ടിച്ചെന്നാണ് പരാതി.
◾ രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം യമുനയുടെ തീരത്ത് ഇന്നലെ വൈകുന്നേരം നടന്ന ആരതിയില്‍ പങ്കെടുത്ത് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയും വസുദേവ് ഘട്ടില്‍ മന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്നു.
◾ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകള്‍ ചില പ്ലാറ്റ്‌ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി യുപി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
◾ മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തില്‍ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. പ്രയാഗ്രാജിലെ സംഗമത്തില്‍ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോര്‍ട്ട് ട്രൈബ്യൂണലിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്. യുപിപിസിബി റിപ്പോര്‍ട്ടിനായി എടുത്ത സാമ്പിളുകള്‍ ജനുവരി 12 മുതലുള്ളതാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമയം പാഴാക്കാനാണോ ഇത്രയും വലിയ ഒരു രേഖ സമര്‍പ്പിച്ചതെന്ന് ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു.
◾ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ കര്‍ശന നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാന്‍ ഗവര്‍ണര്‍ അവസരം നല്‍കിരിക്കുകയാണ്. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്ന് കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ ഉത്തരവ്.
◾ അമേരിക്കയില്‍നിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ചൈന, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ വിദേശ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പുറത്തുവിട്ടു.
◾ അമേരിക്കയില്‍ നിന്ന് മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാവിമാനങ്ങള്‍ അയയ്ക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇനിയും നാടുകടത്തുമെന്നതിനാലാണു വരുന്ന 3 മാസം വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്. എയര്‍ ഇന്ത്യ, യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായി വിദേശ മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണു വിവരം.
◾ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് പുറത്തായി. 35 ന് 5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന് മാന്യമായൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് 100 റണ്‍സെടുത്ത തൗഹീദ് ഹൃദോയുടേയും 68 റണ്‍സെടുത്ത ജാകെര്‍ അലിയുടേയും ഇന്നിംഗ്സുകളാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 21 പന്തുകള്‍ ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. പുറത്താകാതെ 101 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. മൊഹമ്ദ് ഷമിയുടെ 5 വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
◾ ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക. ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയാണ് ഫീസ്. ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷമാണ് ഇത് വരുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഇടപാടുകള്‍ ഫീസ് രഹിതമായി തുടരും. പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാര്‍ഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുപിഐ ആപ്പുകളില്‍ നിലവില്‍ രണ്ടാമത്തെ സ്ഥാനത്താണ് ഗൂഗിള്‍ പേ. ഏറ്റവും മുന്നില്‍ ഫോണ്‍ പേയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുപിഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്.
◾ അടുത്തിടെ 'കിഷ്‌കിന്ധ കാണ്ഡം' ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ആകാംക്ഷ നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒട്ടേറെ വൈകാരികമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നും ടീസറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മാര്‍ച്ച് 7നാണ് ചിത്രത്തിന്റെ റിലീസ്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിന്‍ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, ബ്രിട്ടോ ഡേവീസ്, അജീഷ്, ആര്‍ വി വാസുദേവന്‍, അഖില്‍ രാജ്, അജി ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.
◾ പുതുമുഖം അനൂപ് രത്നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ലീച്ച്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികള്‍ക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് രത്ന തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും. മാര്‍ച്ച് 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മേഘ, കണ്ണന്‍, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈല്‍, ബക്കര്‍, സന്ധ്യ നായര്‍, അഭിനവ്, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
◾ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ഈ കാറിന്റെ എക്സ്-ഷോറൂംവില 11.07 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 17.55 ലക്ഷം രൂപ വരെ എത്തുന്നു. അടുത്തിടെ, ക്രെറ്റ, അല്‍കാസര്‍, ട്യൂസണ്‍, ഓറ തുടങ്ങിയ വാഹനങ്ങളുടെ വിലയും കമ്പനി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ദ്ധനവ് എല്ലാ വകഭേദങ്ങള്‍ക്കും ബാധകമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി വെര്‍ണയുടെ എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ കാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. രണ്ടാമത്തേത് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. എഞ്ചിന്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 6-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുന്നു. ഇതിനുപുറമെ, ഈ കാറില്‍ 7-സ്പീഡ് ഡിസിടി ടര്‍ബോ എഞ്ചിന്‍ ഉണ്ട്. ഹ്യുണ്ടായി വെര്‍ണ 10 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.
◾ ഇന്ത്യയിലേക്ക് ഒരു സമുദ്രപാത കണ്ടെത്താനുള്ള ക്യാപ്റ്റന്‍ ബര്‍ത്തലോമിയോയുടെ നേതൃത്വത്തിലുള്ള നാവികസംഘത്തിന്റെ യാത്ര വിവരിക്കുന്ന നോവല്‍. മാനവരാശിയുടെ അന്വേഷണത്വരയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണമുഹൂര്‍ത്തത്തിന്റെ ആവേശോജ്ജ്വലമായ കഥ. 'ഉണരൂ, നമുക്ക് ഈ അന്വേഷണയാത്ര തുടരാം'. മനോജ് മണിയൂര്‍. മാതൃഭൂമി. വില 136 രൂപ.
◾ വീട്ടില്‍ എപ്പോഴും ഒരു തുളസിച്ചെടി ഉണ്ടാകേണ്ടത് പ്രധാനമാണ്. ചുമയും ജലദോഷവും പോലെയുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മികച്ച ഔഷധമാണ് തുളസി. ഇവയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യും. എന്നാല്‍ തുളസി പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതില്‍ മെറ്റബോളിസം നിര്‍ണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോള്‍ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. തുളസി കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാന്‍ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും. ദഹനം മെച്ചപ്പെടുത്താന്‍ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങള്‍ കുറയ്ക്കും. കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാന്‍ ഇത് എളുപ്പം സഹായിക്കും. വിശപ്പിനെ കൂട്ടുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറക്കാന്‍ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിച്ചു: ഗുരോ, നമ്മള്‍ കള്ളം പറയാമോ? കള്ളം പറയുന്നത് കൊണ്ടുളള ഗുണവും ദോഷവും എന്താണ്? ഇതിന് ഉത്തരമായി ഗുരു ഒരു കഥപറഞ്ഞു. മുത്തശ്ശിയുടെ വീട്ടിലാണ് അവനും ചേച്ചിയും താമസിച്ചിരുന്നത്. അവരുടെ മാതാപിതാക്കള്‍ വിദേശത്തായിരുന്നു. അവന്‍ വളരെ കുറുമ്പനായിരുന്നു. മുത്തശ്ശിയുടെ ചൂരലിനെ മാത്രമേ അവന് പേടിയുണ്ടായിരുന്നുളളൂ. ഒരു ദിവസം വരാന്തയിലൂടെ കുറച്ച് കോഴിക്കുഞ്ഞുങ്ങള്‍ പോകുന്നത് കണ്ടു. അവന്‍ വടിയെടുത്ത് അവയെ എറിഞ്ഞു. അതിലൊരു കോഴിക്കുഞ്ഞ് ചത്തുപോയി. അവനാകെ പേടിയായി. അവന്‍ വടിയെടുത്തെറിഞ്ഞത് ചേച്ചി കണ്ടതുകൊണ്ട്, മുത്തശ്ശിയോട് പറയരുതെന്ന് പറഞ്ഞ് അവന്‍ കെഞ്ചി. അവസാനം പറയില്ലെന്ന് അവള്‍ വാക്കുകൊടുത്തു. പുറത്ത് പോയ മുത്തശ്ശി തിരിച്ചുവന്നപ്പോള്‍ ഒരു കോഴിക്കുഞ്ഞ് ചത്തത് കണ്ടു. കീരിയോ മറ്റോ പിടിച്ചതായിരിക്കും എന്ന് മുത്തശ്ശി വിചാരിച്ചു. പക്ഷേ, പിന്നീട് ചേച്ചിയും അനിയനും പിണങ്ങുമ്പോഴെല്ലാം അവള്‍ അനിയനെ ഭീഷണിപ്പെടുത്തി. അങ്ങനെ അവന്‍ ചേച്ചിയുടെ ഭീഷണിക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥയായി. ഒരു ദിവസം സഹികെട്ട് അവന്‍ മുത്തശ്ശിയോട് കോഴിക്കുഞ്ഞ് ചാവാനുണ്ടായ കാരണം പറഞ്ഞു കരഞ്ഞു. അവന്റെ സങ്കടം കണ്ടപ്പോള്‍ മുത്തശ്ശി അവനെ ആശ്വസിപ്പിച്ചുവിട്ടു. സാരമില്ല, പോയത് പോട്ടേ.. അവന് സമാധാനമായി പിന്നീടൊരിക്കലും ചേച്ചിയുടെ ഭീഷണിക്ക് വഴങ്ങേണ്ടി വന്നില്ല. ഉചിതമായ ഏറ്റ്പറച്ചിലുകള്‍ മനസ്സിന് ഏറെ ആശ്വാസം നല്‍കും. അതുണ്ടാക്കുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സത്യം പറയുന്നത്‌കൊണ്ട് ഏററവും വലിയ നേട്ടം അത് പിന്നീട് ഓര്‍ത്ത് വെക്കേണ്ടതില്ല എന്നതാണ്. അതുകൊണ്ട് സത്യം പറയുന്നത് ശീലമാക്കിയാല്‍ മനസ്സിന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മാത്രമല്ല,. പല ചൂഷണങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടുകയും ചെയ്യാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA