◾ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കമുള്ള ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനില്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
◾ വയനാട് പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. റവന്യൂ മന്ത്രി ഇന്ന് വയനാട്ടില്‍. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികള്‍ അടക്കം വിലയിരുത്തും. തുടര്‍ന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിലും പങ്കെടുക്കും.
◾ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. 2018 ല്‍ ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്യാതെ മുങ്ങാന്‍ പോകുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടിയുടെ നിക്ഷേപം നടത്തിയെന്നും എന്നാല്‍ 2019 ല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തതിനാല്‍ പലിശ ഉള്‍പ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി ആണെങ്കിലും കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
◾ അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷപിച്ചതില്‍ അഴിമതിയെന്ന വി.ഡി. സതീശന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തിന് തെളിവ് ഹാജരാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് RBl യുടെ ഷെഡ്യൂള്‍ഡ് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാമെന്ന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിക്ഷേപമെന്നും , ഡബിള്‍ റേറ്റിംഗ് ഉള്ള റിലയന്‍സിലാണ് അന്ന് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.
◾ പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുന്‍പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയെന്നും ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ലെന്നും കാലാകാലങ്ങളില്‍ നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണ് പറയുന്നതെന്നും ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍. മറൈന്‍ ഡ്രെവിലെ ഫ്ലവര്‍ ഷോയ്ക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവര്‍ ഷോ ഉടന്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. ഉമ തോമസ് എംഎല്‍എയുടെ അപകടത്തിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍. എന്നാല്‍, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തല്‍ നിര്‍മിച്ചതിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
◾ മാസപ്പടി വിവാദത്തില്‍ വീണ വീജയന്റെ സര്‍വീസ് ടാക്സ് രജിസ്ട്രേഷന്‍ വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്. വീണയെ സംരക്ഷിക്കാന്‍ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു. 1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്റെ ചോദ്യം എന്നാല്‍ നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.
◾ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരെ സുപ്രീകോടതിയില്‍ ഹര്‍ജി. പ്രോ വി സിയായി നിയമിച്ച ഡോ. കെ കെ ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ് ആര്‍ ജിതയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾ കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വേദിയുടെ മുന്‍വശത്ത് വേണ്ടത്ര സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
◾ കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പരിപാടിയിലെടുത്ത കേസില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്ന വിവരങ്ങള്‍ക്കിടെയാണ് നടി മടങ്ങിയത്.
◾ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്. തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ട് കോട്ടയം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും.
◾ കണ്ണൂര്‍ വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
◾ എംഎസ് സൊലൂഷന്‍സിനെതിരെ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
◾ ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. റാന്നി വടശ്ശേരിക്കര പഞ്ചായത്തില്‍ കാഴ്ചയില്ലാത്ത മാതാപിതാക്കള്‍ക്കൊപ്പം എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന വിഷയത്തില്‍ കമ്മിഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു.
◾ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
◾ കലാ കായിക മേളകളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ പ്രതിഷേധങ്ങളില്‍ അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് പേര്‍ക്കും മാര്‍ ബേസിലിലെ രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
◾ 10 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 വയസ്സുകാരന് 130 വര്‍ഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂര്‍ മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ കുഞ്ഞപ്പു മകന്‍ സജീവനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
◾ കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾ കുന്നംകുളം കേച്ചേരി വേലൂരില്‍ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. വല്ലൂരാന്‍ പൗലോസ് മകന്‍ ഷാജുവാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
◾ യമന്‍ പൗരനെ കൊലപ്പെടുത്തി എന്ന കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. മാനുഷികപരിഗണന നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം.
◾ തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം.
◾ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ കാമറ കണ്ടെത്തിയതിന് പിന്നാലെ ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥിനികള്‍ പൊലീസിനോട് പറഞ്ഞു.
◾ ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ നാലുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരാണ് മറ്റുരണ്ട് പേരെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു.
◾ സൈബര്‍ തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ക്രൈമുകള്‍ക്ക് വാട്‌സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്നും വാട്‌സ്ആപ്പിനെ കൂടാതെ ടെലഗ്രാമും ഇന്‍സ്റ്റഗ്രാമും സൈബര്‍ തട്ടിപ്പ് കൂടുതലായി നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
◾ ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകള്‍ അടച്ചു.ദില്ലി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.
◾ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഇന്ധനവും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മോര്‍ട്ടറുകളും നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ അവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
◾ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന് മുമ്പില്‍ ടെസ്ലയുടെ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച സംഭവം തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് രംഗത്തെത്തി. സൈബര്‍ട്രക്കിന്റെ ഡിസൈന്‍ സ്ഫോടനത്തിന്റെ ആഘാതം കുറച്ചെന്നും ഹോട്ടല്‍ ലോബിയുടെ ഗ്ലാസ് ഡോര്‍ പോലും തകര്‍ന്നില്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
◾ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവര്‍ഷാഘോഷത്തിനിടയില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ അക്രമി യുഎസ് സൈന്യത്തില്‍ 13 വര്‍ഷം സേവനം നടത്തിയയാള്‍. ടെക്‌സസ് സ്വദേശിയായ ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42-കാരനാണ് 15 പേരുടെ ജീവനെടുത്ത അക്രമി. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ നിന്ന് ഐഎസ് പതാക കണ്ടെടുത്തെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
◾ പുതുവര്‍ഷാഘോഷത്തിനിടെ യു.എസില്‍ വീണ്ടും വെടിവെയ്പ്. ന്യൂയോര്‍ക്കിലെ ക്വീന്‍സിലെ നൈറ്റ് ക്ലബിനു മുന്നിലാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. നൈറ്റ് ക്ലബിനുള്ളില്‍ കയറാന്‍ കാത്തുനിന്ന എണ്‍പതോളം ആളുകള്‍ക്കിടയിലേക്കാണ് അക്രമി വെടിയുതിര്‍ക്കുന്നത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ നാളെ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ നാലു ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ പുതുമുഖ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ ഓസീസ് ടീമില്‍ അരങ്ങേറും. ഓപ്പണര്‍മാരായ യുവതാരം സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും തന്നെയാണ് സിഡ്നിയിലും ഇറങ്ങുക.
◾ ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഇഷ്യുവായിരിക്കുമിതെന്നാണ് അറിയുന്നത്. 35,000-40,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയുടെ ഐ.പി.ഒയാണ് രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വമ്പന്‍ ഐ.പി.ഒ.നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ കൂടാതെ പുതു ഓഹരികളുടെ വില്‍പ്പനയും പ്രീ ഐ.പി.ഒ പ്ലേസ്‌മെന്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാതിയോടെ ഐ.പി.ഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. പുതുഓഹരികളും ഒ.എഫ്.എസും പുതു ഓഹരികളുടെ വലിപ്പമനുസരിച്ചായിരിക്കും പ്രീ-ഐ.പി.ഒ പ്ലേസ്‌മെന്റ് നടക്കുക. ജിയോ പ്ലാറ്റ്‌ഫോംസിന് കീഴിലാണ് റിലയന്‍സ് ജിയോ വരുന്നത്. ഇതില്‍ 33 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്കാണ്. നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് വിവിധ ബ്രോക്കറേജുകള്‍ 100 ബില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നത്.
◾ ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളില്‍ വൈ-ഫൈ സേവനങ്ങള്‍ ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപനം. എയര്‍ബസ് എ350, ബോയിങ് 787-9, തെരഞ്ഞെടുത്ത എയര്‍ബസ് എ321നിയോ എന്നിവയുള്‍പ്പെടെ വിവിധ വിമാനങ്ങളില്‍ സേവനം ലഭ്യമാകും. ഇതോടെ ഇന്ത്യയില്‍ വിമാനങ്ങളില്‍ വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്ന ആദ്യത്തെ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. വൈഫൈ സേവനം ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങിയ ഡിവൈസുകളില്‍ വൈഫൈ ഉപയോഗിക്കാം. വിമാനം പതിനായിരം അടിക്ക് മുകളില്‍ പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഒന്നിലധികം ഡിവൈസുകള്‍ ഒരേസമയം കണക്ട് ചെയ്യാന്‍ കഴിയും. വൈ-ഫൈ കണക്റ്റുചെയ്യാന്‍, യാത്രക്കാര്‍ വൈ-ഫൈ മോഡ് ഓണ്‍ ആക്കിയ ശേഷം 'എയര്‍ ഇന്ത്യ വൈ-ഫൈ' നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കുക, പിന്നിട് പോര്‍ട്ടലില്‍ പിഎന്‍ആറും ലാസ്റ്റ് നെയിമും നല്‍കുക. ആഭ്യന്തരസര്‍വീസുകളില്‍ തുടക്കത്തില്‍ വൈഫൈ സേവനം സൗജന്യമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
◾ കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സും ആവേശവും. ഇപ്പോള്‍ ഈ രണ്ട് സിനിമയുടെ സംവിധായകരും കൈകോര്‍ക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ചിദംബരവും ആവേശത്തിന്റെ ജിത്തു മാധവനും. ചിദംബരം സംവിധാനം ചെയ്യുമ്പോള്‍ തിരക്കഥാകൃത്തിന്റെ റോളിലാണ് ജിത്തു മാധവന്‍ എത്തുക. പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. എന്നാല്‍ ചിത്രത്തിന്റെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. തെന്നിന്ത്യയിലെ വമ്പന്‍ നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയാന്‍ ഫിലിംസും നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെന്‍ ആണ്. ആര്‍ട് ഡയറക്ടര്‍ അജയന്‍ ചാലിശേരി. ദീപക് പരമേശ്വരന്‍, പൂജാ ഷാ, കസാന്‍ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവര്‍ത്തകര്‍.
◾ ഡോക്ടര്‍ അജയ് കുമാര്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന 'ദേശക്കാരന്‍'എന്ന ചിത്രം ജനുവരി 3 ന് തിയേറ്ററില്‍ എത്തും. തിറയാട്ടം പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍18 തിറയാട്ട കോലങ്ങള്‍ അവതരിപ്പിക്കുന്നു. തിറയാട്ടവും തെയ്യവും പൂര്‍ണ്ണമായും പശ്ചാത്തലത്തില്‍ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരന്‍. തവരക്കാട്ടില്‍ പിക്ചേഴ്സ് ബാനറില്‍ അനില്‍ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് ഡോ.ഹസീന ചോക്കിയില്‍ ആണ്. ടി.ജി രവി, വിജയന്‍ കാരന്തൂര്‍, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് കൈവേലി, ഗോപിക അനില്‍, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റര്‍ അസ്വന്‍ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
◾ ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ യാത്രകള്‍ക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്ഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്റെ താല്‍പര്യമനുസരിച്ച് വാഹനത്തിന്റെ അകത്തളങ്ങള്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍, 13.1 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, മെറിഡിയന്‍ 3 ഡി സറൗണ്ട് സിസ്റ്റം, എ ഡി എ എസ്, ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ റിയര്‍ സീറ്റുകള്‍, മള്‍ട്ടി ഫങ്ക്ഷന്‍ സ്റ്റീയറിങ് എന്നിങ്ങനെ നീളുന്നു ഈ ആഡംബര എസ് യു വിയുടെ ഫീച്ചറുകള്‍. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. ഇലക്ട്രിക് മോട്ടോറുമായി പെയര്‍ ചെയ്തിട്ടുള്ള എന്‍ജിന്‍ 542 പി എസ് പവര്‍ ഉല്പാദിപ്പിക്കും.
◾ ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പന്‍ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന തന്റെ സര്‍ഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിര്‍വഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമര്‍പ്പിക്കുന്ന ഒരു വലിയ കാലത്തെ. 'ഒറവകുത്തി'. കാവ്യ അയ്യപ്പന്‍. ഡിസി ബുക്സ്. വില 153 രൂപ.
◾ ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കാം. അമിതമായി ഉറങ്ങുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടി പകല്‍ ഉറക്കത്തിലേക്കും നയിക്കും. അമിതമായ ഉറക്കം അലസമായ ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയത്വം തുടങ്ങിയവയിലേക്ക് നയിക്കാം. ഇത് പൊണ്ണത്തടി കൂടാനും പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. അമിത ഉറക്കം പുരുഷന്മാരിലും സ്ത്രീകളിലും ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസപ്പെടുത്തുകയും പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുല്‍പാദന ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കോര്‍ട്ടിസോള്‍, മെലറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു. അമിതമായ ഉറക്കം ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ബീജ ഉല്‍പാദനത്തെയും ബാധിക്കുകയും ചെയ്യും. അമിത ഉറക്കം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അമിതമായ ഉറക്കം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നതിലൂടെ ഇന്‍സുലിന്‍ സംവേദനക്ഷമതയെ ബാധിക്കുന്നു. ഇത് പ്രമേഹ സാധ്യത 2.5 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിത ഉറക്കം പൊണ്ണത്തടി, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയ്ക്ക് കാരണമാകുന്നതിലൂടെ ഹൃദയാരോഗ്യം മോശമാകാനും ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനും കാരണമാകും. കൂടാതെ രാത്രി പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമിത ഉറക്കം മാനസികാരോഗ്യ പ്രശ്‌നങ്ങളുടെയോ വിഷാദത്തിന്റെയോ സൂചനയാകാം. വിഷാദം പോലുള്ള വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന 15 ശതമാനത്തോളം ആളുകളില്‍ അമിത ഉറക്കം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്ക രീതികളെ സാരമായി ബാധിക്കാം. അമിതമായി ഉറങ്ങുന്നത് വിഷാദ ലക്ഷണങ്ങള്‍ വഷളാക്കാനും കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.72, പൗണ്ട് - 107.11. യൂറോ - 88.72, സ്വിസ് ഫ്രാങ്ക് - 94.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.17, ബഹറിന്‍ ദിനാര്‍ - 227.35, കുവൈത്ത് ദിനാര്‍ -278.06, ഒമാനി റിയാല്‍ - 222.65, സൗദി റിയാല്‍ - 22.83, യു.എ.ഇ ദിര്‍ഹം - 23.34, ഖത്തര്‍ റിയാല്‍ - 23.52, കനേഡിയന്‍ ഡോളര്‍ - 59.44.
➖➖➖➖➖➖➖➖
Tags:
KERALA