Trending

സായാഹ്ന വാർത്തകൾ

◾  മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. അദ്ദേഹത്തിന്റെ തറവാടു വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

◾  ക്രൈം ബ്രാഞ്ച് തുടര്‍ച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടില്‍ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്കുമാറും കുടുംബവും. മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാല്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മാമിയെ കാണാതായെന്ന് പറയുന്ന അന്ന് തന്നെ കുടുംബം പരാതി നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്നും രജിത് കുമാര്‍ ആരോപിച്ചു. അതെ സമയം രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് വീണ്ടും നീക്കം തുടങ്ങി.  

◾  എ.ഡി.ജി.പി. എം.ആര്‍. അജിതകുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി വിജിലന്‍സ് ഡയറക്ടര്‍. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വ്യക്തത തേടിയത്. അന്വേഷണോദ്യോഗസ്ഥന്‍ നേരിട്ട് വരണമെന്നും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ പൂര്‍ണമല്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കുന്നു.

◾  സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കൂടുതല്‍ കുരുക്ക്. നിയമനം ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ കത്ത് നല്‍കിയിരുന്നുവെന്ന് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു.

◾  മുനമ്പം അടക്കമുള്ള പ്രശ്നങ്ങള്‍ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ജ്വലിപ്പിക്കാനുള്ള ഉപാധിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ അതിനെ അണച്ചുകളഞ്ഞതായി കേരള കതോലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

◾  പാലക്കാട് ജില്ലയിലെ വിവിധ മോട്ടോര്‍ വാഹന വകുപ്പ് ചെക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. നാല് ചെക്പോസ്റ്റുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടി. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പിയുടെയും പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്തില്‍ പരിശോധന നടത്തിയത്.

◾  പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും 62 പേര്‍ക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ രാജീവന്‍ പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസിന് വേഗം തന്നെ കൈമാറിയിട്ടുണ്ടെന്നും സ്‌കൂള്‍ കാലഘട്ടം മുതല്‍ ചൂഷണത്തിന് ഇരയായി എന്നും മൊഴിയിലുണ്ട്. 13 വയസ് മുതല്‍ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

◾  പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ പത്തുപേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 62 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

◾  രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തിയെന്നും സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായിയെന്നും താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും ഹണി റോസ് അറിയിച്ചു.

◾  തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്നും ഹണി റോസ് നല്‍കിയ പരാതിയിന്മേലുള്ള കേസ് താന്‍ സ്വയം വാദിക്കുമെന്നും ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.  

◾  വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ ബോബി മറ്റുള്ളവര്‍ക്കെതിരെയും അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.

◾  നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.  കഴിഞ്ഞ ദിവസമാണ് ഗോപന്‍ സ്വാമി സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പൊലീസ് നീക്കം.

◾  പാലയൂര്‍  പള്ളിയില്‍ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. ചാവക്കാട് എസ്.ഐ ആയിരിക്കെ പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കരോള്‍ പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് എസ്.ഐ വിലക്കിയിരുന്നു.

◾  അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്.

◾  എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. ബിഷപ്പ് ഹൗസിന്റെ കവാടം തള്ളിത്തുറക്കാന്‍ പ്രതിഷേധിക്കാര്‍ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം.

◾  വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റര്‍ നീളുന്ന കോഴിക്കോട് ദേശീയ പാത ബൈപ്പാസിന്റെ മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2021 ല്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇതെന്നും, ഇതോടെ ജനങ്ങള്‍ക്ക് മണിക്കൂറുകളുടെ സമയലാഭമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

◾  ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കേസെടുത്തതില്‍ തൃപ്തിയുണ്ടെന്ന് പിതാവ് സജീവ്. അന്വേഷണം ശരിയായ നിലയിലാണെന്നതിന് തെളിവാണ് തങ്ങള്‍ നല്‍കിയ രണ്ട് പരാതികളിലും നടപടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഉദ്യോഗത്തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ച് ജോലിക്കായി പണംവാങ്ങിയ പൂവാര്‍ കല്ലിയവിളാകം പനയില്‍ വീട്ടില്‍ സുരേഷ് കുമാറിനെയാണ് (51) തമ്പാനൂര്‍ പോലീസ് പിടികൂടിയത്.  

◾  തെലങ്കാനയില്‍ കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്.  വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍ വില ഉയര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയര്‍ വിതരണം നിര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.

◾  എഎപി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപ ഉയര്‍ന്ന് 58,400 ആയി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7300 രൂപ. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.  ഈ വര്‍ഷം ഇതു വരെ 1,320 രൂപയുടെ വര്‍ധനയാണ് വിലയിലുണ്ടായത്. അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപ എന്ന റെക്കോഡില്‍ നിന്ന് 1,120 രൂപയുടെ കുറവുണ്ട്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 3ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,030 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

◾  5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിപുലമായ ഇന്റലിജന്‍സ് സവിശേഷതകളോട് കൂടിയാണ് 5.5 ജി എത്തുന്നത്. ടവര്‍ കണക്ഷനുകള്‍ക്കായി ഒരേസമയം മൂന്ന് നെറ്റ്വര്‍ക്ക് സെല്ലുകളെയാണ് ഇത് ബന്ധപ്പെടുന്നത്. 5.5 ജിയുടെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്. 10 ജി.ബി.പി.എസ് വരെ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1 ജി.ബി.പി.എസ് വരെയാണ് അപ്ലോഡ് വേഗത. വേഗതയേറിയതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന നെറ്റ്വര്‍ക്ക്. സുസ്ഥിരമായ കണക്ഷനുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന നെറ്റ്വര്‍ക്കാണ് 5.5 ജി. 5.5 ജി സേവനത്തെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ആദ്യ നിരയാണ് വണ്‍പ്ലസ് 13 സീരീസ്. സ്മാര്‍ട്ട്ഫോണില്‍ സ്റ്റാന്‍ഡേര്‍ഡ് കാരിയറില്‍ ഡൗണ്‍ലോഡ് വേഗത 277.78 എം.ബി.പി.എസ് വരെ ഉയര്‍ന്നു. 3സി.സി കാരിയറില്‍ വേഗത 1,014 എം.ബി.പി.എസ് കവിയുന്ന പ്രകടനമാണ് നടത്തിയത്. പരമ്പരാഗത 5 ജി നെറ്റ്വര്‍ക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിയോയുടെ 5.5 ജി സാങ്കേതികവിദ്യ കൂടുതല്‍ നവീകരണങ്ങള്‍ കൊണ്ടുവരുന്നു.

◾  പ്രേക്ഷക മനസ്സുകളില്‍ പുതുമയുടെ കാഴ്ച നിറച്ച 'റൈഫിള്‍ ക്ലബ്ബ്' സിനിമയിലെ 'നായാട്ട് പ്രാര്‍ത്ഥന' എന്ന ഗാനം പുറത്തിറങ്ങി. തീര്‍ത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് 'ചാവുകടലേ... കുരുതി കളമേ...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്സ് വിജയന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം റെക്സ് വിജയനും നേഹ എസ് നായരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദര്‍ശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കള്‍.

◾  ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍, ബോണി കപൂര്‍ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന 'ലവ്യാപാ' ട്രെയിലര്‍ എത്തി. 2022ല്‍ റിലീസ് ചെയ്ത തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം 'ലവ്ടുഡേ'യുടെ ഹിന്ദി റീമേക്ക് ആണിത്.  അഷുതോഷ് റാണ, തന്‍വിക പര്‍ലികര്‍, ആദിത്യ കുല്‍ഷ്രേഷ്ട്, നിഖില്‍ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫാന്റം പിക്ചേഴ്സും എജിഎസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തമിഴിലെ തിരക്കഥ അതേ പടി പകര്‍ത്തിയിരിക്കുകയാണ്. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമയാണ് ലവ് ടുഡേ. മലയാളി നടി ഇവാന നായികയായെത്തിയ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വെറും അഞ്ച് കോടിയായിരുന്നു സിനിമയുടെ ബജറ്റ്.

◾  എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയര്‍ന്ന മോഡലായ സിഎക്സ് എംടി, സിഎക്സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്‌നേച്ചര്‍ ബ്ലാക് എഡിഷനും. സിഎക്സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്‌നേച്ചര്‍ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും സിഗ്‌നേച്ചര്‍ ബ്ലാക് എഡിഷന് 16.93 ലക്ഷം രൂപയുമാണ് വില. ക്രിസ്റ്റല്‍ പേള്‍ ബ്ലാക് നിറമാണ് പുതിയ എലിവേറ്റിന്. ബ്ലാക് എഡിഷന് കറുപ്പ് നിറമുള്ള അലോയ് വീലുകളുണ്ട്. കൂടാതെ ബ്ലാക് എഡിഷന്‍ ബാഡ്ജും നല്‍കിയിരിക്കുന്നു. ഹോണ്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുതു ജീവന്‍ നല്‍കിക്കൊണ്ടാണ് സെപ്റ്റംബര്‍ ആദ്യം എലിവേറ്റ് പുറത്തിറങ്ങിയത്. മിഡ് സൈസ് എസ്യുവി 4 വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സും.

◾  ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാല്‍ ഉമ്മാമ കുട്ടികള്‍ക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകള്‍. ഇത്തരത്തില്‍ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവല്‍. എല്ലാവര്‍ക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന. 'ആത്തില'. ഷാഹിന കെ റഫീഖ്. ഡിസി ബുക്സ്. വില 135 രൂപ.

◾  പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും രണ്ട് നേരവും പല്ല് തേക്കുക. രാവിലെയും രാത്രിയും പല്ലുകള്‍ തേക്കുന്നത് പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. അതുപോലെ മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷുകള്‍ മാറ്റുക. ബ്രഷിലെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായ വൃത്തിയാക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും പല്ലുകളില്‍ നിന്നും ബാക്ടീരിയയെ ഇല്ലാതാക്കാനും മൗത്ത് വാഷ് സഹായിക്കും. ഡെന്റല്‍ഫ്‌ലോസ് എന്ന പ്രത്യേകതരം നൂലുകള്‍ ഉപയോഗിച്ചും പല്ലുകള്‍ വൃത്തിയാക്കാം. പല്ലിനിടയില്‍ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. മിഠായികളും പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പുകവലി പല്ലിന്റെ ആരോഗ്യത്തിനും നല്ലതല്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ പുകവലിയുടെ ഉപയോഗം കുറയ്ക്കുക.  അതുപോലെ സ്ട്രെസ് കുറയ്ക്കുക. അമിത സ്ട്രെസും പല്ലുകളുടെ ആരോഗ്യം മോശമാക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.20, പൗണ്ട് - 105.23. യൂറോ - 88.28, സ്വിസ് ഫ്രാങ്ക് - 94.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 52.93, ബഹറിന്‍ ദിനാര്‍ - 228.91, കുവൈത്ത് ദിനാര്‍ -279.40, ഒമാനി റിയാല്‍ - 224.14, സൗദി റിയാല്‍ - 22.96, യു.എ.ഇ ദിര്‍ഹം - 23.47, ഖത്തര്‍ റിയാല്‍ - 23.54, കനേഡിയന്‍ ഡോളര്‍ - 59.74.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right