Trending

പ്രഭാത വാർത്തകൾ.

2024  നവംബർ 3  ഞായർ  
1200  തുലാം 18   അനിഴം 
1446  റ: ആഖിർ 30
     
◾ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

◾ സംസ്ഥാനത്ത് വ്യാപക കനത്ത മഴ. ആലപ്പുഴയില്‍  ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് ജോലിക്കിടെ ഇടിമിന്നലേറ്റ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന്  തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു. പത്തനംതിട്ടയിലെ മലയോര മേഖലകളിലും കനത്ത മഴ. എറണാകുളം തൃക്കാക്കരയില്‍ ശക്തമായ മഴയില്‍ രണ്ട് ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.

◾ സംസ്ഥാനത്ത്  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ നവംബര്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.

◾ പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടി. കണ്ണൂര്‍ വിസിയോടാണ് ഗവര്‍ണര്‍  വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ജയിലിലായത്. സെനറ്റ് അംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടിയത്.

◾ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായ്ക്ക് വിട നല്‍കി കേരളം. ശ്രേഷ്ഠ ബാവയ്ക്ക് വിട നല്‍കാന്‍ ആയിരങ്ങളാണ്  സഭാ ആസ്ഥാനത്തെത്തിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് തുടക്കമായത്. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയര്‍ക്കീസ് സെന്ററിനോട് ചേര്‍ന്ന കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ആണ് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായെ കബറടക്കിയത്.സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുശോചന സന്ദേശം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

◾ പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാനാകും . കൊടകര കേസില്‍ കുഴല്‍പണ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന കെ. സുരേന്ദ്രന്റെ വാദം കള്ളമാണെന്ന്  വി ഡി സതീശന്‍. കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രനാണെന്ന്  കേരള പൊലീസിന്റെ  ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്. എന്നിട്ടും  കേസെടുക്കാന്‍ ഇഡി തയ്യാറായില്ല. അന്വേഷണത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശന്റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശന്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. നാളെ കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

◾ കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ്  കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്. നേരത്തെ സുരേന്ദ്രനെ സാക്ഷിയാക്കിയപ്പോള്‍, പ്രതിയാകാന്‍ അധികം ദൂരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു.

◾ മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍. മേരാ കെ വൈ സി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നവംബര്‍ മുപ്പതിനുള്ളില്‍ കേരളത്തിലുള്ള മുഴുവന്‍ എ എ വൈ, പി എച്ച് എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെ വൈ സി മൊബൈല്‍ ആപ്പ്  പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.

◾ ആംബുലന്‍സ് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ, വിഎസ് സുനില്‍കുമാര്‍. പൂരപ്പറമ്പില്‍ ഗുണ്ടകള്‍ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചൂടോടെ പരാതി നല്‍കിയ കേന്ദ്രമന്ത്രി എന്തുകൊണ്ട് ഗുണ്ടകള്‍ ആക്രമിച്ചിട്ട് മിണ്ടാതിരുന്നതെന്നും ഈ വിഷയത്തില്‍ പൊലീസ് അന്വേഷിക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. സുരേഷ് ഗോപി ആംബുലന്‍സില്‍ കയറിയത് ചട്ടം ലംഘിച്ചാണ്, മോട്ടോര്‍ വാഹന വകുപ്പ് അനാസ്ഥ വെടിഞ്ഞ് സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട് ഓട്ടോറിക്ഷാ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എസ്. സെല്‍വന്‍. നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും സാങ്കേതിക കാരണങ്ങളാല്‍  പത്രിക പിന്‍വലിക്കാന്‍ മറന്നുപോയെന്നുമാണ് സെല്‍വന്റെ വാദം. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി  പ്രവര്‍ത്തിക്കുമെന്നും സെല്‍വന്‍ പറഞ്ഞു.

◾ പൂരം നടത്തിപ്പില്‍ വരുന്ന ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ കത്ത് നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തില്‍ ഇനി മാലിന്യ സംസ്‌കരണം നടത്താന്‍ കഴിയില്ല . കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങള്‍ക്കും കത്ത് നല്‍കിയത്.

◾ തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേര്‍ന്നാണ് പൂരം നടത്തുന്നതെന്നും അതിനാല്‍  ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സംസ്‌കരിക്കണമെന്ന  ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. മാലിന്യ സംസ്‌കരണം തിരുവമ്പാടി, പാറമേക്കാവ് ദിവസങ്ങളുടെ മാത്രം ഉത്തരവാദിത്വമാകുന്നത് എങ്ങനെയാണെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രിന്റഡ് ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാല്‍ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

◾ ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി സേലം സ്വദേശികളായ ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി.പാലത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ട്രാക്കില്‍ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

◾ ശുചീകരണ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നലത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചു. ട്രെയിന്‍ തട്ടി ഭാരതപുഴയില്‍ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണന്‍ (48) എന്നയാള്‍ക്കായായാണ്  ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തിയത്. ട്രെയിന്‍ ഇടിച്ചശേഷം ഇയാള്‍ പുഴയില്‍ വീണുവെന്നാണ് സംശയിക്കുന്നത്.കാണാതായ നാലാമത്തെയാളെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തെരച്ചില്‍ ആരംഭിക്കും.

◾ ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് റെയില്‍വെ. ട്രെയിന്‍ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കില്‍ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരമെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ തട്ടി ഒരു മരണം. മലപ്പുറം താനൂര്‍ മുക്കോലയിലാണ് ട്രെയിന്‍ തട്ടി  താനൂര്‍ പരിയാപുരം സ്വദേശി ഷിജില്‍ (29 ) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകമുണ്ടാടയത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ഷിജില്‍ മരിച്ചത്.

◾ സിപിഎം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗണ്‍സിലര്‍ കെ.വി. പ്രഭയാണ് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധര്‍ണ്ണ നടത്തിയത്. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, കെ.വി. പ്രഭ ഉടന്‍ സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം.

◾ സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സമസ്തയെ  ഇക്കാര്യത്തില്‍ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാല്‍ ഞങ്ങള്‍ എതിര്‍ക്കും. ചേലക്കരയില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.ബിജെപിക്കാര്‍ എവിടെയും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്  വായ്പയായി മാത്രമേ തരാനാകൂയെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള ചതിയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പദ്ധതിയുടെ ഗുണഭോക്താക്കള്‍ കേരളമല്ല, കേന്ദ്ര സര്‍ക്കാരാണ് എന്നുപോലും മനസിലാക്കാതെയാണ് കേന്ദ്രം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാര്‍ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തു കളിച്ചതാണ് ഇത്തരത്തിലുള്ള ഒരു വിധി വരാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞു .

◾ മാറ്റിവെച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി നടത്താന്‍ തീരുമാനമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ്  നടത്താനുള്ള വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയില്‍ നടക്കും. നവംബര്‍ 16ന് ആരംഭിക്കുന്ന സിബിഎല്‍ ഡിസംബര്‍ 21നായിരിക്കും സമാപിക്കുക.

◾ കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ താപി നദിയില്‍ വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അടുത്ത ദിവസം കൊച്ചിയിലെത്തും. രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സിറ്റിയാകാനുള്ള ഒരുക്കത്തിലാണ് സൂറത്ത്.

◾ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ എട്ടടിയോളം ഉയരമുള്ള കൂറ്റന്‍ പാറക്കല്ല് റോഡിലേയ്ക്ക് പതിച്ചു. വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. റോഡിന്റെ മുകള്‍ വശത്തെ  തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു.  സംഭവസമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പാറ വീണതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

◾ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.

◾ ദില്ലി നഗരത്തിലെ  പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു . രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഇതും ദില്ലിക്ക് അന്യമാവുകയാണ്.

◾ തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഡിസംബര്‍ 27ന് തിരുനെല്‍വേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.

◾ കര്‍ണാടകയില്‍ നിര്‍മിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെ പാക്കറ്റിലും മാതൃഭാഷയായ കന്നഡയില്‍ ലേബല്‍ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. വെള്ളിയാഴ്ച നടന്ന കന്നഡ രാജ്യോത്സവ ആഘോഷപരിപാടിയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.

◾ കോണ്‍ഗ്രസ്  വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി . കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരും,  യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങള്‍ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

◾ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ  മുതിര്‍ന്ന നേതാവും ചിന്തകനുമായി ചമഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് വ്യാജ കത്തയച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു കത്ത്. വ്യാജമായി ഉണ്ടാക്കിയ ആര്‍എസ്എസ് ലെറ്റര്‍ഹെഡ് ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച കുശാല്‍ ചൗധരി എന്നയാളാണ് അറസ്റ്റിലായത്.

◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയും ഉദ്ധവ് താക്കറേ അധ്യക്ഷനായ ശിവസേന (യു.ബി.ടി.)യും നേരിട്ട് ഏറ്റുമുട്ടുക 49 സീറ്റുകളിലെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 19 മണ്ഡലങ്ങള്‍, അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലാണ്.

◾ ജമ്മു കശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ മൂന്നിടങ്ങളില്‍ ഏറ്റമുട്ടല്‍. ശ്രീനഗര്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍. അനന്തനാഗില്‍ രണ്ട് ഭീകരരെ  സൈന്യം വധിച്ചു. ജമ്മു മേഖലയില്‍ മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. ബന്ദിപ്പോരയില്‍  സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്

◾ ജമ്മു കശ്മീരില്‍ വര്‍ധിക്കുന്ന ഭീകരാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ഭീകരവാദികളെ കൊലപ്പെടുത്തുകയല്ല പകരം ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. പിടികൂടുന്ന ഭീകരവാദികളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണം ആസൂത്രണം ചെയ്യുന്നവരെ കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധത്തില്‍ ഇറാനിയന്‍ സര്‍വകലാശാലയില്‍ യുവതി മേല്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിര്‍ബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സില്‍ കുറിച്ചു.

◾ ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ന്യൂസിലാണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 235 നെതിരെ ഇന്ത്യ ഇന്നലെ 263 റണ്‍സെടുത്ത് എടുത്ത് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 171 ന് 9 എന്ന നിലയിലാണ്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കിവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനുമാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. ആദ്യ ഇന്നിങ്‌സിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മൂന്നാം ദിനം ഇന്ത്യക്ക് ജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

◾ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഇതോടെ ഏറ്റവും വലിയ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് എത്തി. ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നിലുളളത്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഒരാഴ്ചയ്ക്കുള്ളില്‍ 12.588 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. സെപ്റ്റംബര്‍ 27 ന് അവസാനിച്ച ആഴ്ചയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.885 ബില്യണ്‍ ഡോളറില്‍ ഫോറെക്സ് ശേഖരം എത്തിയതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം സാധാരണയായി യു.എസ് ഡോളറിലാണ് സൂക്ഷിക്കുന്നത്. രൂപ ശക്തമാകുമ്പോള്‍ ആര്‍.ബി.ഐ തന്ത്രപരമായി ഡോളര്‍ വാങ്ങുകയും ദുര്‍ബലമാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് രൂപയെ താരതമ്യേന സ്ഥിരതയുളള കറന്‍സിയാക്കി മാറ്റുന്നുണ്ട്. രൂപയില്‍ വലിയ തോതില്‍ ചാഞ്ചാട്ടം രേഖപ്പെടുത്താത്തത് ഇന്ത്യന്‍ ആസ്തികളെ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കൂടുതല്‍ പ്രവചനാത്മകമായ മികച്ച പ്രകടനം നിക്ഷേപകര്‍ക്ക് ലഭിക്കും എന്നതാണ് ഇതിന് കാരണം.

◾ ഭീഷ്മപര്‍വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. 'ധീരന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ജാന്‍ എ മന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ്മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അര്‍ബന്‍ മോഷന്‍ പിക്ചേഴ്സും, യുവിആര്‍ മൂവീസ്, ഖഅഅട പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

◾ 'ഗോളം' എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ഹിറ്റ്  ചിത്രത്തിന് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ & സജീവ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂയപ്പള്ളി ഫിലിംസിന്റെ അലക്സാണ്ടര്‍ മാത്യു സഹനിര്‍മ്മാതാവാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, മനോജ് കെ ജയന്‍, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ് കെ യു എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശന്‍ ആണ്. ശബരീഷ് വര്‍മ്മ ഗാന രചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു.

◾ ജെഎസ്ഡബ്ല്യു - എംജി മോട്ടോര്‍ ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം ഡല്‍ഹി-എന്‍സിആറില്‍ നൂറിലധികം ഇലക്ട്രിക് കാറുകള്‍ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി വിന്‍ഡ്‌സര്‍, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്യുവി എംജി ഇസെഡ്എസ് ഇവി, സ്ട്രീറ്റ് സ്മാര്‍ട്ട് കാര്‍ എംജി കോമറ്റ് എന്നിവയുടെ 100ല്‍ അധികം യൂണിറ്റുകള്‍ കമ്പനി വിതരണം ചെയ്തു.  24 മണിക്കൂറിനുള്ളില്‍ 15,176 ബുക്കിംഗുകള്‍ നേടിക്കൊണ്ട് എംജി വിന്‍ഡ്‌സര്‍ ഇവി അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഇവി എന്ന നേട്ടം കൈവരിച്ചു. വിന്‍ഡ്‌സര്‍ ഇവിയുടെ എക്‌സ്‌ഷോറൂം വില 13.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നതെങ്കിലും, ബാറ്ററി-ആസ്-എ-സര്‍വീസ് പ്രോഗ്രാമിന് കീഴില്‍, നിങ്ങള്‍ക്ക് ഇത് വെറും 10 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാം. ബാറ്ററി സബ്‌സ്‌ക്രിപ്ഷനോടെ വിന്‍ഡ്‌സര്‍ ഇവി വാങ്ങുമ്പോള്‍, നിങ്ങള്‍ കിലോമീറ്ററിന് 3.5 രൂപ വാടക നല്‍കേണ്ടിവരും.

◾ 1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം. 'ദേശാരവങ്ങള്‍'. ഷൗക്കത്ത് കര്‍ക്കിടാംകുന്ന്. എച്ച്ആന്‍ഡ്സി ബുക്സ്. വില 427 രൂപ.

◾ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉറക്കമില്ലായ്മ വ്യാപകമാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദനാജനകമായ പ്രസവം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ്, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. ഗര്‍ഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള മികച്ച ചികിത്സാരീതിയാണ് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി അഥവാ സിബിടി-ഐ. എന്നാല്‍ സിബിടി-ഐ ഗര്‍ഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കുക മാത്രമല്ല സ്ത്രീകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദവും പരിഹരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗര്‍ഭകാലത്ത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ചിന്തകള്‍, പെരുമാറ്റങ്ങള്‍, ഉറക്കത്തിന്റെ രീതികള്‍ എന്നിവ മനസിലാക്കുന്നതിലൂടെയാണ് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പ്രവര്‍ത്തിക്കുന്നത്. ഇത് പ്രസവ ശേഷം അമ്മയ്ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രസീവ് ലക്ഷണങ്ങളെ വലിയ രീതിയില്‍ തടയുമെന്ന് ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗന്‍ സര്‍വകലാശാലയിലെയും കാല്‍ഗറിയിലെ വാന്‍കൂവര്‍ ക്യാമ്പസ് സര്‍വകലാശയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്രസവശേഷം സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ ബാധിക്കുന്ന ഒരു മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇത് വ്യക്തികളുടെ പെരുമാറ്റ രീതിയെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. പതിവിലും കൂടുതല്‍ കരയുക, ദേഷ്യം പ്രകടിപ്പിക്കുക, കുഞ്ഞിനോട് അടുപ്പമുണ്ടാകാതിരിക്കുക, കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവില്‍ സംശയം തോന്നുക, കുഞ്ഞിനെയോ സ്വയം ഉപദ്രവിക്കാനെക്കുറിച്ചുള്ള ചിന്തകള്‍ എന്നിവയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ സാധാരണ ലക്ഷണങ്ങള്‍.

*ശുഭദിനം*
*കവിത കണ്ണന്‍*
1986 ല്‍ ജമെയ്ക്കയിലെ ഒരു ഗ്രാമത്തില്‍ വെല്ലസ്ലിയുടേയും ജെന്നിഫറിന്റെയും മകനായി ഉസൈന്‍ ജനിച്ചു.  വെല്ലസ്ലി ഒരു ക്രിക്കറ്റ് ഫാനായിരുന്നു.  അച്ഛനെപ്പോലെ അവനും ക്രിക്കറ്റ് തന്നെയായിരുന്നു ഇഷ്ടം.  പാക്കിസ്ഥാനി ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസിന്റെ പ്രകടനം കണ്ട് വലുതാകുമ്പോള്‍ ഇതുപോലെ ഒരു ഫാസ്‌ററ് ബൗളര്‍ ആകാനായിരുന്നു അവന്റെയും ആഗ്രഹം. ക്രിക്കറ്റും ഫുട്‌ബോളും കൂടാതെ ഓടാനും അവന് വലിയ ഇഷ്ടമായിരുന്നു. തന്റെ 12ാമത്തെ വയസ്സില്‍ സ്‌കൂളിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി അവന്‍ മാറി. ഹൈസ്‌ക്കൂളിലെത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതിലും ഫുട്ബോള്‍ കളിക്കുന്നതിലും അവന്റെ വേഗത കണ്ട ക്രിക്കറ്റ് കോച്ച് അവനെ ഉപദേശിച്ചു.  നീ മറ്റ് ഗെയിമുകളിലല്ല ഓട്ടത്തിലാണ് ശ്രദ്ധിക്കേണ്ടത്.  അങ്ങനെ അന്ന് മുതല്‍ അവന്‍ ഓടിത്തുടങ്ങി. മുന്‍ ഒളിമ്പിക് സ്പ്രിന്റ് അത്‌ലറ്റ് ആയിരുന്ന പാബ്ലോ മക്‌നീലും ഡ്വെയ്ന്‍ ജാരററും അവന് കോച്ചായി  എത്തി. അങ്ങനെ 2001 ല്‍ അവന്‍ തന്റെ ആദ്യത്തെ ഹൈസ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കി. ആ ഓട്ടം അവന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  ഒന്നിനു പിറകെ ഒന്നായി 8 ഒളിമ്പിക് ഗോള്‍ഡ് മെഡലുകള്‍ സ്വന്തം പേരില്‍ കുറിച്ച ഉസൈന്‍ ബോള്‍ട്ട് എന്ന ലോകോത്തര ഓട്ടക്കാരനായി തീരും വരെ.  പക്ഷേ അപ്പോഴും കുട്ടിക്കാലത്ത്  ഉസൈന്‍ ബോള്‍ട്ട് കണ്ട ക്രിക്കറ്റര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ അങ്ങിനെതന്നെ കിടന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2024ലെ T20 വേള്‍ഡ് കപ്പിന്റെ അംബാസിഡറാകാനുളള ക്ഷണം ബോള്‍ട്ടിനെ തേടിയെത്തുന്നത്. അങ്ങനെ ലോക ക്രിക്കറ്റിന്റെ ഭാഗമായും ഉസൈന്‍ ബോള്‍ട്ട് മാറി.  ചിലപ്പോള്‍ അങ്ങിനെയാണ്, ചില സ്വപ്നങ്ങള്‍ നമ്മള്‍ മറന്നാലും ഈശ്വരന്‍ മറക്കില്ല - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right