Trending

പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രി കെട്ടിട നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു: ഡോ.എം.കെ. മുനീർ എം.എൽ.എ.

കൊടുവള്ളി: നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഗവ: ആയുർവേദ ആശുപത്രിക്ക് 1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ്  ടെണ്ടർ ചെയ്തതായി കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ, ഡോ.എം.കെ.മുനീർ അറിയിച്ചു. ഇ-ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 2 ന് 3 മണി വരെയും ടെണ്ടർ തുറക്കുന്നത് ഡിസംബർ നാലിനുമാണ് നിശ്ചയിച്ചിട്ടുള്ളത്.
നിരവധി രോഗികൾ ആയുർവ്വേദ ചികിത്സക്ക് ആശ്രയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലത്തിലെ കിടത്തി ചികിത്സാ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയാണിത്.  ഒരു സീനിയർ മെഡിക്കൽ ഓഫീസറും, രണ്ട് മെഡിക്കൽ ഓഫീസർമാരും,തെറാപ്പിസ്റ്റുകളുൾപ്പെടെ, ജീവനക്കാരുള്ള ആശുപത്രി അസൗകര്യങ്ങളാൽ പ്രയാസപ്പെടുകയായിരുന്നു.  നരിക്കുനി ഗ്രാമ പഞ്ചായത്തിൻ്റെ ഉമസ്ഥതയിലുള്ള 25 സെൻ്റ് വസ്തുവിലെ പഴക്കം ചെന്ന ഡിസ്പൻസറി കെട്ടിടം പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ച് ആശുപത്രി വികസനത്തിന് എം.എൽ.എ യുടെ പരിശ്രമ ഫലമായി പൊതുമരാമത്ത്  വകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരുന്നു. 

സംസ്ഥാന സർക്കാറിൻ്റെ 2023-24 വർഷത്തെ മണ്ഡലത്തിനുള്ള ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി 1.5 കോടി രൂപക്ക് ഭരണാനുമതി ലഭ്യമാക്കിയാണ് കെട്ടിട നിർമ്മാണം ആരംഭിക്കുന്നത്.
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിച്ച് ഒരു വർഷത്തിനകം  പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.

മാസ്റ്റർ പ്ലാൻ പ്രകാരുള്ള ആശുപത്രിയുടെ പൂർത്തീകരണത്തിന് ആയുഷ് മിഷൻ വഴി ഫണ്ട് ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും, ആശുപത്രിയുടെ ബെഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് സമർപ്പിച്ച അപ്ഗ്രഡേഷൻ പ്രൊപ്പോസൽ സർക്കാറിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post
3/TECH/col-right