Trending

സായാഹ്ന വാർത്തകൾ

27-11-2024

◾ അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും ആവശ്യപ്പട്ടു. ലോക്‌സഭയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും അറസ്റ്റ് ആവശ്യപ്പെട്ട്  പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി.  12 മണിവരെ  ആദ്യം പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളമുണ്ടായതിനെ തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ നേരിട്ട ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ഒന്നും രേഖകളിലുണ്ടാകില്ലെന്നും വ്യക്തമാക്കി.

◾ എഡിഎം  നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി പരിഗണിക്കവെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദമായ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍ വിമര്‍ശിച്ചു. വ്യാജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കുമെതിരെ അന്വേഷണമില്ലെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം   കുറ്റപ്പെടുത്തി.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം. മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

◾ നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദര്‍ശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരുമെന്നും പാര്‍ലമെന്റിന് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.

◾ പാലക്കാട് നഗരസഭയിലെ അതൃപ്തരായ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി സൂചന. സന്ദീപ് വാര്യര്‍ വഴിയാണ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം. അതേസമയം, അസംതൃപ്തരായ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചന നല്‍കികൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.  കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ഐക്യപ്പെടാന്‍ തയ്യാറുള്ള ആരും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

◾ ബിജെപിയില്‍നിന്ന് രാജിവച്ച വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ സന്ദീപ് വാരിയരുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സന്ദീപ് വാരിയര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും മധു വ്യക്തമാക്കി.


◾ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കൗണ്‍സിലര്‍മാരുമായി തുറന്ന ചര്‍ച്ച നടന്നിട്ടില്ലെന്നും നയംമാറ്റം വന്നാല്‍ എല്ലാവരെയും സ്വീകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്ടെ ആളുകളുടെ മനസില്‍ പ്രത്യയശാസ്ത്രം മാറിയെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അത് മാറ്റത്തിന്റെ  സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

◾ ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ ഭീഷണി മുഴക്കി. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തുവന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും തുടരന്വേഷണത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്നും സജി ചെറിയാന്‍ അപ്പീലും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന് ഉത്തരവിടാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരന്‍ അഡ്വക്കേറ്റ് ബൈജു നോയല്‍  വ്യക്തമാക്കി.

◾ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബര്‍ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു.   നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും ഉദ്ദേശിച്ച സമയത്ത് ദര്‍ശനം കിട്ടുന്നില്ല. വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .

◾ ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.

◾ പത്ത് ലക്ഷം ജനസംഖ്യയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള നഗരം തിരുവനന്തപുരമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരം കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ഫേസ്ബുക്കില്‍ ആര്യ കുറിച്ചു. ഈജിപ്തിലെ അലക്സാണ്ടറിയയില്‍ യുഎന്‍ ഹാബിറ്റേറ്റ് ഷാങ്ഹായ് മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച വേള്‍ഡ് സിറ്റീസ് ഡേ 2024 ല്‍ ഈ മേഖലയിലെ പ്രവര്‍ത്തങ്ങളില്‍ ലോകത്തെ മികച്ച 5 നഗരങ്ങളില്‍ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നുവെന്നും അവര്‍ അറിയിച്ചു.

◾ സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി വ്യക്തമാക്കി പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

◾ ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മോശമാണെന്ന നടന്‍ പ്രേം കുമാറിന്റെ പ്രസ്താവനക്കെതിരെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സീരിയലിനെ എന്‍ഡോസള്‍ഫാനെന്ന് പറഞ്ഞ പ്രേംകുമാര്‍ സീരിയലിലൂടെ എത്തിയ ആളാണെന്നും പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ എന്നുമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി അഭിപ്രായപ്പെട്ടത്. സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതലയുള്ള പ്രേംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

◾ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാരിനെതിരെ നടി സീമ ജി. നായരും. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു. എന്‍ഡോസള്‍ഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ സീമ ജി. നായര്‍ പുതുതലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.  

◾ തൃശ്ശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്നാണ് ക്ലീനര്‍ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചുവെന്നും അപ്പോള്‍ നിലവിളി കേട്ടുവെന്നും അതോടെ രക്ഷപെടാന്‍ നോക്കിയെന്നുമാണ് ക്ലീനര്‍ അലക്സിന്റെ കുറ്റസമ്മത മൊഴി. മനഃപൂര്‍വ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രഷനും നേരത്തെ റദ്ദാക്കിയിരുന്നു.

◾ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നില്‍ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

◾ 30 വര്‍ഷത്തിലേറെയായി കേരളത്തിലും തമിഴ്നാട്ടിലുമായി ചന്ദനക്കടത്തും വില്‍പ്പനയും നടത്തിയിരുന്ന അന്തര്‍ സംസ്ഥാന മാഫിയ തലവന്‍ മണ്ണാര്‍ക്കാട് സലീം പിടിയിലായി. ചന്ദനം ഏജന്റുമാരില്‍ നിന്നും വാങ്ങി വില്‍ക്കുകയും, മുന്‍കൂര്‍ കാശ് കൊടുത്ത് കാട്ടിലേക്ക് ആള്‍ക്കാരെ അയച്ച് ചന്ദനം വെട്ടിക്കുകയും ചെയ്തിരുന്ന ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ സലീം.

◾ കണ്ണൂര്‍ വളപട്ടണത്ത് ഒരു കോടിയും 300 പവന്‍ സ്വര്‍ണവും വജ്ര ആഭരണങ്ങളും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവര്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

◾ ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മില്‍ നിന്ന് കണ്ടെത്തി.

◾ ദില്ലിയിലെ ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് മരിച്ചത്. ദില്ലിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ് അംഗമായിരുന്നു.

◾ തൃശൂര്‍ നാട്ടികയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് (23) മരിച്ചത്.ഇന്നലെ രാത്രി 8.45ഓടെ നാട്ടിക പെടോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.

◾ കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പൊലീസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ്  കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായതെന്ന് പൊലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ട മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

◾ ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റിന് പിന്നാലെ ചിറ്റഗോംഗില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിഭാഷകനായ സൈഫുല്‍ ഇസ്ലാം ആരിഫ് ചിറ്റഗോങ്ങില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . സൈഫുല്‍ ഇസ്ലാം ആരിഫിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചിറ്റഗോംഗ് ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഹുസൈന്‍ റസാഖ് പറഞ്ഞത്.

◾ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഇസ്ലാമാബാദില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇമ്രാന്റെ ഭാര്യ ബുഷ്റയും റാലിയില്‍ അണിചേര്‍ന്നു. അതിനിടെ ആയുധം കയ്യിലുള്ള പ്രക്ഷോഭകരെ കണ്ടാല്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവസാന ശ്വാസം വരെ പോരാടാന്‍  ഇമ്രാന്‍ ഖാന്‍ അണികളോട് ആഹ്വാനം ചെയ്തു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് ആണ് പ്രക്ഷോഭം നടത്തുന്നത്.  

◾ കരുത്ത് ചോര്‍ന്നുപോകാതെ പോരാട്ടം തുടരാനായി അനുയായികള്‍ക്ക് കമലാഹിരിസിന്റെ വീഡിയോ സന്ദേശം. നിങ്ങള്‍ക്കുള്ളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചുകൂടെന്നും നവംബര്‍ അഞ്ചുവരെ നിങ്ങള്‍ക്കുണ്ടായിരുന്ന ആ കരുത്ത് ഇപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അതുകൊണ്ട് നിങ്ങളിലെ കരുത്ത് കവര്‍ന്നെടുക്കാന്‍ ആരെയും, ഒരു സാഹചര്യത്തെയും ഒരിക്കലും അനുവദിക്കരുത് എന്നായിരുന്നു കമലയുടെ സന്ദേശത്തിന്റെ ഉള്ളടക്കം.

◾ വലിയ ആവശേമില്ലാതെ ലിസ്റ്റ് ചെയ്ത എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിക്ക് വിപണിയില്‍ വന്‍ കുതിപ്പ്. ഐ.പി.ഒയുടെ ഇഷ്യു വിലയേക്കാള്‍ 3.2 ശതമാനം ഉയര്‍ന്ന് 111.50 രൂപയിലായിരുന്നു എന്‍.എസ്.ഇയില്‍ ഓഹരിയുടെ ലിസ്റ്റിംഗ്. ബി.എസ്.ഇയില്‍ 3.3 ശതമാനം ഉയര്‍ന്ന് 111.60 രൂപയിലും. പിന്നീട് വ്യാപാരം തുടങ്ങിയ ഓഹരി 13.56 ശതമാനം ഉയര്‍ന്ന് വില 122.65 രൂപയിലെത്തി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക കമ്പനിയായ എന്‍.ടി.പി.സിയുടെ സബ്‌സിഡിയറിയാണ് എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി. നവംബര്‍ 19 മുതല്‍ 22 വരെ നടന്ന ഐ.പി.ഐയ്ക്ക് 2.55 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചത്. 10,000 കോടി രൂപയാണ് ഐ.പി.ഒ വഴി എന്‍.ടി.പി.സി സമാഹരിച്ചത്. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ശേഷം ഒരു പൊതുമേഖലാ കമ്പനി നടത്തുന്ന ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആണിത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 2,037.65 കോടി രൂപയും ലാഭം 344.72 കോടി രൂപയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 1,132.73 കോടി രൂപ വരുമാനവും 175.3 കോടി രൂപ ലാഭവും രേഖപ്പെടുത്തി.

◾ വാട്‌സ്ആപ്പിന് സമാനമായി ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാം. എട്ട് മണിക്കൂര്‍ വരെ ലൈവ് ലൊക്കേഷനുകള്‍ പങ്കിടാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ ഈ ഫീച്ചര്‍ പരിധി ഒരു മണിക്കൂര്‍ മാത്രമേ ലഭ്യമാകൂ. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂവെന്നും ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൈവ് ലൊക്കേഷന്‍ സന്ദേശങ്ങള്‍ സ്വകാര്യമായി മാത്രമേ പങ്കിടാനാകൂ, ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും. ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനാകില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്‌സിന്റെ മുകളില്‍ സൂചന കാണിക്കും. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റ് കൂടാതെ, ഡയറക്ട് മെസേജ് സെക്ഷനില്‍ 300ലധികം സ്റ്റിക്കറുകളുള്ള 17 പുതിയ സ്റ്റിക്കര്‍ പായ്ക്കുകള്‍ ലഭ്യമാണെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.

◾ ബേസില്‍- നസ്രിയ കോമ്പോയുടെ 'സൂക്ഷ്മദര്‍ശിനി' ചിത്രത്തിലെ 'പ്രിയ ലോകമേ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തെത്തി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവ്യര്‍ ഈണം നല്‍കിയിരുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. എം സി സംവിധാനം ചെയ്തിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി' നവംബര്‍ 22 നാണ് തിയറ്ററുകളിലെത്തിയത്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

◾ കോളിവുഡില്‍ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന 'വിടുതലൈ പാര്‍ട്ട് 2'ന്റെ ട്രെയിലര്‍ റിലീസായി. അധ:സ്ഥിതര്‍ക്ക് വേണ്ടി പോരാടുന്ന നേതാവായി വിജയ് സേതുപതി തിളങ്ങുന്ന ചിത്രത്തില്‍ സൂര്യയും ഗംഭീര പ്രകടവുമായി ഒപ്പമുണ്ടാകുമെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. കൂടാതെ മഞ്ജു വാര്യരുടെ ശക്തയായ സ്ത്രീ കഥാപാത്രമാകുമിതെന്നും സൂചനയുണ്ട്.  ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ്.

◾ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രണ്ട് പുതിയ മോഡലുകളുമായി മഹീന്ദ്ര. എക്‌സ്.ഇ.വി 9ഇ, ബിഇ 6ഇ എന്ന് പേരിട്ടിരിക്കുന്ന വാഹനം മഹീന്ദ്രയുടെ സ്വന്തം ഇവി പ്ലാറ്റ്‌ഫോമായ ഇന്‍ഗ്ലോയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫോക്‌സ് വാഗണുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ആദ്യ മോഡലുകളാണിത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഷോറൂമുകളിലെത്തുന്ന വണ്ടി ഫെബ്രുവരിയോടെ ഡെലിവറി ആരംഭിക്കും. എക്‌സ്.ഇ.വി 9ഇയ്ക്ക് 659 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 79 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ്. 286 ബി.എച്ച്.പി കരുത്തും 380 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറുമുണ്ട്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതിയാകും. 21.90 ലക്ഷം രൂപ മുതലാണ് വില. ബി.ഇ 6ഇ യ്ക്ക് 682 കിലോമീറ്ററാണ് എ.ആര്‍.എ.ഐ സര്‍ട്ടിഫൈഡ് റേഞ്ച്. ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്ററെങ്കിലും ഓടും. 281 ബി.എച്ച്.പി കരുത്താണ് വാഹനത്തിനുള്ളത്. 0-100 കിലോമീറ്ററെത്താന്‍ 6.7 സെക്കന്‍ഡ് മതിയാകും. എക്‌സ്.ഇ.വി 9ഇയുടേതിന് സമാനമായ ബാറ്ററി പാക്കാണ് ഇതിലും. 18.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

◾ കണ്ണുകളില്‍ വേട്ടപ്പകയുമായി കൊലവിളി മുഴക്കി നടക്കുന്ന ഒറ്റയാന്‍ അടക്കി വാഴുന്ന വനാന്തരം. അവനെ ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാന്‍ കാത്തിരിക്കുന്ന വേട്ടക്കാരന്‍. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പകയുമായി വേട്ടക്കാരനു വാരിക്കുഴി തീര്‍ക്കുന്ന ഒരു പെണ്ണ്. ഇക്കഥകളൊന്നുമറിയാതെ കാടിന്റെ വന്യതയില്‍, കവിളിലെ തിണര്‍ത്ത വിരല്‍പ്പാടുകളുമായി തലയൊടിഞ്ഞു കിടക്കുന്ന ഒരു സാധുപ്പെണ്‍കുട്ടിയും. ഇതിനെല്ലാം പിന്നിലുള്ള ഭീതിജനകമായ കാരണങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ആനവേട്ട; അനുനിമിഷം വായനക്കാരെ ഭീതിയുടെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കൃതി. 'ആനവേട്ട'. ഇന്ദുമേനോന്‍. ഡിസി ബുക്സ്. വില 135 രൂപ.

◾ പാസ്ചറൈസേഷന്‍ ചെയ്തു വരുന്ന പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യമില്ല. ഏവിയന്‍ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ ഒരു നിശ്ചിത സമയത്തേക്ക് ഉയര്‍ന്ന താപനിലയില്‍ പാല്‍ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷന്‍. പാക്ക് ചെയ്ത പാല്‍ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ്. ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വര്‍ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും. അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാല്‍ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാല്‍ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാല്‍ 100 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുള്‍പ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും. കൂടുതല്‍ നേരം തിളപ്പിച്ചാല്‍ വിറ്റാമിന്‍ ഡിയുടെ അളവും കുറയും. ഇത് കാല്‍സ്യം ആഗിരണം ചെയ്യുന്നത് കുറയാന്‍ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല. കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും. ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും. ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.43, പൗണ്ട് - 106.39. യൂറോ - 88.71, സ്വിസ് ഫ്രാങ്ക് - 95.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.82, ബഹറിന്‍ ദിനാര്‍ - 223.97, കുവൈത്ത് ദിനാര്‍ -274.48, ഒമാനി റിയാല്‍ - 219.29, സൗദി റിയാല്‍ - 22.47, യു.എ.ഇ ദിര്‍ഹം - 22.99, ഖത്തര്‍ റിയാല്‍ - 23.10, കനേഡിയന്‍ ഡോളര്‍ - 60.09.
..........................
Previous Post Next Post
3/TECH/col-right