21-11-2024
◾ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നുവെങ്കിലും അര്‍ഹമായ ദുരന്ത സഹായം വൈകിക്കുകയാണെന്നും ഇതില്‍ പ്രതിഷേധം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായതെന്നും വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1222 കോടി രൂപയുടെ സഹായമാണ് ഇതിനായി ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 983 കുടുംബങ്ങളാണ് ഇപ്പോള്‍ വാടക വീടുകളില്‍ താമസിക്കുന്നതെന്നാണ് കണക്ക്. എന്നാല്‍ 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ചര്‍ച്ച നടത്താന്‍ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്.
◾ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. മല്ലപ്പളളി പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. 2022 ല്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് നമ്മുടേതെന്നും ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം.
◾ മല്ലപ്പളളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. വിഷയത്തില്‍ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് താന്‍ രാജിവെച്ചുവെന്നും ഇനി രാജിയില്ലെന്നും ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേല്‍ക്കോടതിയില്‍ പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ നേരത്തെ രാജിവെച്ച സജി ചെറിയാനെ പിന്‍വാതിലിലൂടെ വീണ്ടും മന്ത്രിയായി നിയമിച്ച മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതുകൊണ്ട് അടിയന്തിരമായി സജി ചെറിയാന്‍ രാജിവെക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിക്ക് അനുകൂലമായി പോലീസ് നല്‍കിയ റിപ്പോര്‍ട്ടാണ് കോടതി സ്വീകാര്യമല്ലെന്ന് പറഞ്ഞതെന്നും മന്ത്രി സ്ഥാനത്തിരുന്നുക്കൊണ്ട് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇനിയും അന്വേഷണം പ്രഹസനമായി മാറുമെന്നും സതീശന്‍ കുട്ടിച്ചേര്‍ത്തു.
◾ സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. പോലീസ് റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി തള്ളിയെന്നും അന്ന് രാജി വെക്കാന്‍ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവരാണ് സിപിഎമ്മുകാരെന്നും രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
◾ പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി മൂന്ന് മുന്നണികളും. നഗരത്തിലെ പോളിംഗ് വര്‍ദ്ധനയില്‍ പ്രതീക്ഷ വയ്കുന്ന എന്‍ഡിഎ, 8000ത്തിലേറെ വോട്ടിന് ജയിക്കുമെന്നും, നഗരസഭയില്‍ ഒപ്പത്തിനൊപ്പവും പിരായിരിയില്‍ ശക്തമായ മേല്‍കൈയും ഉറപ്പെന്ന് വാദിക്കുന്ന യുഡിഎഫ് മാത്തൂരില്‍ കൂടി മുന്നേറ്റമുണ്ടാക്കി 12,000നും 15,000നും ഇടയില്‍ വോട്ടിന് ജയിച്ചുവരുമെന്നും വിശദീകരിക്കുന്നു. ത്രികോണ മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നിലായെന്നും പി സരിന്റെ സാധ്യതയാണ് തെളിഞ്ഞു വരുന്നതെന്നെന്നും 5,000 വോട്ടിന് വിജയിക്കുമെന്നും എല്‍ഡിഎഫും വ്യക്തമാക്കി.
◾ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പോളിംഗ് കുറഞ്ഞതും വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധപതനമാണ് വിവാദങ്ങളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിനെന്നും അദ്ദേഹം വ്യക്തമാക്കി.
◾ നടന്‍ മേഘനാദന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ് മേഘനാദന്‍. 1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളില്‍ മേഘനാദന്‍ അഭിനയിച്ചു. ഷൊര്‍ണൂരിലെ വീട്ടിലാകും അദ്ദേഹത്തിന്റെ സംസ്‌കാരം.
◾ ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി എന്‍എസ്എസ്. തീര്‍ത്ഥാടനം സുഗമവും കുറ്റമറ്റതാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമെന്നാണ് എന്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങില്‍ ഉണ്ടായ ആശയക്കുഴപ്പം അടക്കം സര്‍ക്കാര്‍ വേഗത്തില്‍ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നും എന്‍എസ്എസ് ആവര്‍ത്തിച്ചു.
◾ വിവാദ പരസ്യം സമസ്ത മുഖപത്രത്തില്‍ വന്നതിന് പിന്നില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് ആരോപണം. പരസ്യ വിവാദത്തില്‍ സുപ്രഭാതം പത്രത്തിന്റെ മാനേജ്മെന്റിനകത്ത് നിന്നുള്ളവരും നിക്ഷേപകരും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയായി അറിയപ്പെടുന്ന രണ്ടോ മൂന്നോ ആളുകളാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന വിലയിരുത്തലുണ്ട്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ നിന്ന് ഈ പരസ്യം കൊടുക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പരസ്യവുമായി മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചെന്നാണ് പറയപ്പെടുന്നത്.
◾ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശ്രദ്ധ തിരിച്ചു വിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. താന്‍ വഖഫ് ബോഡ് ചെയര്‍മാന്‍ ആയ സമയത്താണ് വിഷയങ്ങള്‍ക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം അതിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചന്ദ്രികയില്‍ എഴുതിയ ലേഖനത്തിലാണ് റഷീദലി തങ്ങളുടെ വിശദീകരണം.
◾ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലത്തിനെതിരെ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉന്നതാധികാര സമിതിയെന്ന നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
◾ ഇന്‍ഷുറന്‍സ് കമ്പനി കൊവിഡ് ചികിത്സയുടെ ക്ലെയിം അനുവദിക്കാതിരുന്നതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരിയായ പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടില്‍ സൗമ്യ എ.കെ യ്ക്ക് ഉപഭോക്തൃ കോടതിയുടെ അനുകൂലവിധി. തൃശൂരിലെ ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജര്‍ക്കെതിരെയായിരുന്നു പരാതി. ഹര്‍ജിക്കാരിക്ക് ക്ലെയിം തുകയായി തുക 2,00,000 രൂപയും അതിന്മേല്‍ 2021 മാര്‍ച്ച് 15 മുതലുള്ള 12 ശതമാനം പലിശയും നല്‍കാന്‍ വിധിച്ചു. ഇതിന് പുറമെ നഷ്ടപരിഹാരമായി 25000 രൂപയും അതിന്മേല്‍ ഹര്‍ജി തിയ്യതി മുതല്‍ 6 ശതമാനം പലിശയും കോടതി ചിലവിലേക്ക് 10000 രൂപയും നല്‍കണമെന്നും കോടതി വിധിച്ചു.
◾ എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ്ടി (SNGIST) കോളേജില്‍ ജപ്തി നടപടിക്ക് സ്വകാര്യ ബാങ്കിന്റെ നീക്കം. കോളേജിനകത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ജപ്തി നടപടിക്കായി അധികൃതരെത്തിയത്. ജപ്തിക്കെതിരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചു. തിരിച്ചടവ് മുടങ്ങിയതോടെയാണ് കോളേജിനെതിരെ ജപ്തി നടപടി ആരംഭിച്ചത്. കോളേജ് ഇനി പലിശയടക്കം 19 കോടിയോളം രൂപയാണ് അടയ്ക്കാനുളളത്. കോളേജ് മാനേജ്മെന്റ് ബാങ്ക് അധികൃതവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ തീരുമാനമായി.
◾ കടലില്‍ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തില്‍ ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതര്‍. പിഴയിനത്തില്‍ രണ്ട് ബോട്ടുകള്‍ 5 ലക്ഷം രൂപ അടക്കണമെന്നും പെര്‍മിറ്റ് പുതുക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ഫിഷറീസ് മാരിടൈം വിഭാഗം അറിയിച്ചു. ഇന്നലെ ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യന്‍ എന്നിവരുടെ സിനിമ ഷൂട്ടിംഗിന് ഉപയോഗിച്ച ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസ് പിടിച്ചെടുത്തത്.
◾ അന്തിക്കാട് കുറുമ്പിലാവ് സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠന്‍ (52), വലിയപറമ്പില്‍ അമല്‍രാജ് (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
◾ തീപിടിത്തത്തെ തുടര്‍ന്ന് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചു. ഇവരുടെ മരണത്തിന് തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ പരമോന്നതബഹുമതികള്‍ നല്‍കി ആദരിച്ച് ഗയാനയും ബാര്‍ബഡോസും ഡൊമിനിക്കയും. ദ ഓഡര്‍ ഓഫ് എക്‌സലന്‍സ് ആണ് ഗയാനയുടെ പരമോന്നത ബഹുമതി. തങ്ങളുടെ പരമോന്നത ബഹുമതിയായ ഓണററി ഓഡര്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് ബാര്‍ബഡോസും, അവാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഡൊമിനിക്കയും മോദിയെ ആദരിച്ചു. ഈ ബഹുമതികള്‍ തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി പറഞ്ഞു.
◾ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂയോര്‍ക്ക് കോടതി അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയില്‍ പങ്കുണ്ടെന്നും മോദിയാണ് അദാനിയുടെ രക്ഷകനെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയ കേസിലാണ് ന്യൂയോര്‍ക്ക് കോടതി അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തിയിട്ടുള്ളത്.
◾ സൗരോര്‍ജ്ജ കരാറുകള്‍ നേടാന്‍ ഇന്ത്യയില്‍ 2000 കോടിയിലധികം രൂപ കൈക്കൂലി നല്കിയെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ അദാനിക്കെതിരെ ഉടന്‍ സിബിഐ കേസെടുക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി അമേരിക്കന്‍ ഏജന്‍സി കണ്ടെത്തേണ്ടി വന്നത് അപമാനകരമാണെന്നും പ്രധാനമന്ത്രിയുടെ സംരക്ഷണം കാരണമാണ് അദാനിക്കെതിരെ കേസില്ലാത്തതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
◾ ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്‌ക്കെതിരേയുള്ള അപകീര്‍ത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. മനഃപൂര്‍വ്വമായി ഇത്തരത്തിലുള്ള അസംബന്ധപ്രസ്താവനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ ഉദ്യോഗസ്ഥരെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കണമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു.
◾ ഹിസ്ബുല്ലയുടെ മീഡിയ റിലേഷന്‍സ് മേധാവി മുഹമ്മദ് അഫീഫ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലെബനനിലെ അറബ് സോഷ്യലിസ്റ്റ് ബാത് പാര്‍ട്ടിയുടെ ഓഫീസിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഉന്നത വക്താവ് കൂടിയായ അഫീഫ് കൊല്ലപ്പെട്ടത്.
◾ ഗൗതം അദാനിക്കെതിരേ അമേരിക്കയില്‍ കൈക്കൂലിക്കുറ്റം ചുമത്തിയത് ഇന്ത്യന്‍ വിപണിയെ ഉലച്ചു. കഴിഞ്ഞ ദിവസം തുടക്കമിട്ട തിരിച്ചു കയറ്റത്തിന്റെ ആക്കം അപ്പാടെ തകര്‍ക്കുന്നതായി അദാനി കാറ്റ്. അദാനി ഗ്രൂപ്പ് കമ്പനികള്‍ എല്ലാം ഇടിഞ്ഞു. എല്ലാ ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ എത്തി. മിക്കവയും 20 ശതമാനം താഴ്ചയിലായി. പിന്നീടു ചില കമ്പനികള്‍ തിരിച്ചു കയറി. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിപണിയില്‍ ഉണ്ടായ ഇടിവ് ആവര്‍ത്തിക്കുകയാണ്. 25 കോടി ഡോളര്‍ കൈക്കൂലി നല്‍കി സൗരോര്‍ജം സര്‍ക്കാരിനെ കൊണ്ടു വാങ്ങിപ്പിക്കുന്ന കരാര്‍ ഉണ്ടാക്കിയാല്‍ 200 കോടി ഡോളര്‍ ലാഭം കിട്ടും എന്നു പറഞ്ഞു നിക്ഷേപകരില്‍ നിന്നു പണം വാങ്ങിയതിന്റെ പേരിലാണു കേസ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക് സൂചിക ഇടയ്ക്ക് 49,787 വരെ താഴ്ന്നിട്ട് 50,000 നു മുകളില്‍ തിരിച്ചെത്തി. ഐടി ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്. മെറ്റലും ഓയില്‍-ഗ്യാസുമാണ് ഏറ്റവും താഴ്ചയില്‍. രൂപ ഇന്നും ദുര്‍ബലമാണ്. ഡോളര്‍ 84.40 രൂപയില്‍ തുടങ്ങിയിട്ട് 84.42 രൂപയിലേക്കു കയറി. ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,659 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 57,160 രൂപയില്‍ എത്തി.
◾ ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകളും നമ്മുടെ താല്പര്യങ്ങള്‍ക്കും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തുരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. ഇതില്‍ നിന്നൊരു മോചനം കൂടിയാണ് പുതിയ ഫീച്ചറിലൂടെ സാധ്യമാകുക. ഇത്തരം കണ്ടന്റുകള്‍ ഇനി പുതിയ ഫീച്ചറിലൂടെ ഒഴിവാക്കാന്‍ പറ്റും. ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.
◾ എസ്സാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച്, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
◾ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ ഉണ്ണിമായ കരിയറില്‍ താന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു കഥാപാത്രമായി എത്താനൊരുങ്ങുകയാണ്. ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്ബാ'ണ് ആ ചിത്രം. സിസിലി എന്ന കഥാപാത്രമായെത്തുന്ന ഉണ്ണിമായയുടെ പുത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.
◾ അന്താരാഷ്ട്ര വിപണിയില്‍ ടൈഗര്‍ സ്പോര്‍ട് 660ന്റെ 2025 മോഡല്‍ അവതരിപ്പിച്ച് പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷനുകള്‍ മാത്രമല്ല അധിക ഫീച്ചറുകളും ലഭ്യമാണ്. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുമായാണ് 2025 മോഡല്‍ വരുന്നത്. എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും ലീന്‍ സെന്‍സിറ്റീവ് ആക്കുന്നതിനായി ബൈക്കില്‍ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും ചേര്‍ത്തിട്ടുണ്ട്. ഈ അപ്ഡേറ്റ് ബൈക്കിനെ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. മൈ ട്രയംഫ് കണക്റ്റിവിറ്റി മൊഡ്യൂള്‍ ആണ് മറ്റൊരു പ്രത്യേകത. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വരുന്ന ഈ ഫീച്ചര്‍ വഴി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും കോള്‍, മെസേജ് അലര്‍ട്ടുകളും ഉപയോഗിച്ച് സ്‌ക്രീന്‍ സുഗമമാക്കുന്നു. 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 660 സിസി, ഇന്‍ലൈന്‍-ത്രീ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ബൈക്കിന് കരുത്തുപകരുക. ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660 ഉടന്‍ ഇന്ത്യയിലെത്തും. ബൈക്കിന്റെ നിലവിലുള്ള മോഡലിന് 9.58 ലക്ഷം രൂപയാണ് വില. അപ്ഡേറ്റ് ചെയ്ത പതിപ്പിന് അല്‍പ്പം വില കൂടാം.
◾ 2023 സെപ്റ്റംബര്‍ 06- നവംബര്‍ 07. സ്വിറ്റ്‌സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ എന്ന ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസക്കാലമാണ് ഈ പുസ്തകം. എഴുതുക എന്ന ഒറ്റലക്ഷ്യത്തോടെയുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടാകുന്ന സൗഹൃദങ്ങള്‍, നാനാദേശങ്ങളിലെ പുസ്തക വിശേഷങ്ങള്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം കൂടിച്ചേരുന്ന ഡയറിത്താളുകള്‍. അനുഭവങ്ങളോടൊപ്പം ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന മോണ്‍ട്രീഷേര്‍ ഡയറി വ്യത്യസ്തമായ ഒരു യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ഒരു എഴുത്തുകാരന്‍ തന്റെ ജീവിതത്തിലെ ഏതാനും ദിനങ്ങളെ പരിപൂര്‍ണ്ണമായി വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്ന അപൂര്‍വ്വരചന. 'മോണ്‍ട്രീഷേര്‍ ഡയറി'. ബെന്യാമിന്‍. മാതൃഭൂമി ബുക്സ്. വില 229 രൂപ.
◾ ചൂടു കൂടുതലുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ഭക്ഷണങ്ങള്‍ അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ഗവേഷകര്‍. ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണത്തിലാണ് ഓസോഫോഗല്‍ സ്‌ക്വമാസ് സെല്‍ കാര്‍സിനോമ എന്ന കാന്‍സറിന് ചൂടു ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തിയത്. ചൂടു ചായ നാവിനെ പൊള്ളിക്കാറുള്ള പോലെ തന്നെ അന്നനാളത്തെയും പൊള്ളിക്കാറുണ്ട്. അന്നനാളത്തില്‍ ആവര്‍ത്തിച്ച് ചൂടേല്‍ക്കുന്നത് കാന്‍സറിലേക്ക് നയിക്കാം. നമ്മള്‍ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോള്‍ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ ഈ ചൂടു അമിതമായാല്‍ അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. ചൂടുങ്ങള്‍ പാനീയങ്ങള്‍ കുടിക്കുന്നത് തുടരുന്നത് ഈ പോറല്‍ ഉണങ്ങാതിരിക്കാനും വീക്കമുണ്ടാകാനും കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിലൂടെ ഒടുവില്‍ കാന്‍സറായി പരിണമിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത പത്തു മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചൂടു പാനീയങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ മിനിറ്റ് ആറുന്നത് വരെ കാത്തിരുന്ന ശേഷം കഴിക്കുന്നത് അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.47, പൗണ്ട് - 106.77. യൂറോ - 88.96, സ്വിസ് ഫ്രാങ്ക് - 95.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.06, ബഹറിന്‍ ദിനാര്‍ - 224.11, കുവൈത്ത് ദിനാര്‍ -274.66, ഒമാനി റിയാല്‍ - 219.40, സൗദി റിയാല്‍ - 22.50, യു.എ.ഇ ദിര്‍ഹം - 23.00, ഖത്തര്‍ റിയാല്‍ - 23.15, കനേഡിയന്‍ ഡോളര്‍ - 60.52.
➖➖➖➖➖➖➖➖
Tags:
KERALA