18-11-2024
◾ വിവാദങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് പാലക്കാട് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. മറ്റന്നാള്‍ വോട്ടെടുപ്പ്. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍.
◾ കൊട്ടിക്കലാശ ദിനത്തിലും ഇരട്ടവോട്ട് വിവാദത്തില്‍ പാലക്കാട് വാദപ്രതിവാദങ്ങള്‍ ഉയരുകയാണ്. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്ലോഡ് ചെയ്യുമെന്നും സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇവര്‍ മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തുമെന്നും ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
◾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടില്‍ നിയമ പോരാട്ടം നടത്തുമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രന്‍ സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
◾ പാലക്കാട് കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ ഗോവിന്ദന്‍ പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികള്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം പാര്‍ട്ടിയുടെ മുന്‍ നിലപാടാണെന്നും ലീഗ് വര്‍ഗീയ ശക്തികളുടെ തടങ്കലിലാണെന്നും പാണക്കാട് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണെന്നും തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ എന്ത് കൊണ്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ കാണുന്നില്ലെന്നും വെള്ളാപ്പള്ളി, സുകുമാരന്‍ നായര്‍ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ കോണ്‍ഗ്രസ് മുന്‍പ് എല്ലാവരെയും ഉള്‍ക്കൊണ്ട കോണ്‍ഗ്രസായിരുന്നുവെന്നും ഇന്ന് ഷാഫിയും സതീശനും കോണ്‍ഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
◾ കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വിഡി സതീശന് കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം.
◾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും പിണറായി വിജയന്‍ സംഘി ആണെന്നും കെഎം ഷാജി വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ അളക്കാന്‍ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ ഷാജി പറഞ്ഞു.
◾ ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്റ്‌റ് കെ സുധാകരന്‍ പറയുന്നതെന്നും ഇതാണോ കോണ്‍ഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോയെന്നും അദ്ദേഹം ചോദിച്ചു.
◾ ഉജ്വലമായ മതേതരത്വത്തിന്റെ മാതൃക പുലര്‍ത്തുന്നയാളാണ് പാണക്കാട് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്റെയും ഒരേ ശബ്ദമാണെന്നും ഇവര്‍ ഭൂരിപക്ഷ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവില്ലെന്നും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥതയെന്നും വിഡി സതീശന്‍ ചോദിച്ചു.
◾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിപിണറായി വിജയന്റെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ലെന്നും ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.
◾ മുനമ്പത്ത് റീസര്‍വെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവര്‍ക്ക് വിഷയം വ്യക്തമായി അറിയില്ലെന്നും ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പരിഹാരത്തിലേക്ക് പോകാനാവൂവെന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹമെന്നും പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണെന്നും മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും സന്ദീപ് പറഞ്ഞു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
◾ സി പി എം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതര്‍ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. മെഡിക്കല്‍ കോളേജ് എ സി പിയുടെ നേതൃത്തിലുള്ള പൊലീസ് സി പി എം അതിക്രമങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ പരാതി.
◾ ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം 2035-ഓടെ പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനാകുമെന്ന് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹന്‍. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കവേ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
◾ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നും തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
◾ കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ നാടുകാണി ചുരത്തില്‍ പോത്തിന്റെ ജഡം തള്ളാനുള്ള ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു. ആനമറി വനം ചെക്കുപോസ്റ്റ് ജീവനക്കാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ചത്ത പോത്തുമായെത്തിയ കര്‍ണാടക രജിസ്ട്രേഷന്‍ ലോറി പിടികൂടിയത്. തുടര്‍ന്ന് വഴിക്കടവ് എസ്.ഐ ഒ.കെ വേണുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ലോറിയിലുണ്ടായിരുന്നവരുമായി സംസാരിച്ചതിനെ തുടര്‍ന്ന് മുണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പോത്തിന്റെ ജഡം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നു.
◾ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാര്‍ബര്‍, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ രാത്രികാലങ്ങളില്‍ മോഷ്ടിച്ച് വില്‍പന നടത്തുകയായിരുന്നു സഫീല്‍.
◾ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മാങ്ങോട് പിഷാരിക്കല്‍ ക്ഷേത്രത്തിനു സമീപത്തെ സുനിതയാണ് കുത്തേറ്റ് മരിച്ചത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് സത്യനുമായി ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
◾ എറണാകുളത്ത് വാഹനാപകടത്തില്‍ യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ചുണ്ടായ അപകടത്തില്‍ വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
◾ ഗുജറാത്തിലെ മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു. ധര്‍പൂര്‍ പതാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. 18 വയസുകാരനായ അനില്‍ മെതാനിയ ആണ് മരിച്ചത്.
◾ മംഗളൂരു സോമേശ്വരയിലുള്ള റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍, മാനേജര്‍ ഭരത് എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവര്‍ത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
◾ മണിപ്പൂരില്‍ രണ്ട് എംഎല്‍എമാരുടെ വീടുകള്‍ക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടുവെന്ന് റിപ്പോര്‍ട്. അസമിലെ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ഇത് മണിപ്പൂരില്‍ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് യോഗം. രണ്ട് ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
◾ ദില്ലിയിലെ വായു മലിനീകരണത്തില്‍ ദില്ലി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 3 നടപ്പിലാക്കാന്‍ വൈകിയതിനെ വിമര്‍ശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് താക്കീത് നല്‍കി.
◾ വായു മലിനീകരണത്തില്‍ ശ്വാസം മുട്ടി ദില്ലി. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് ഇന്ന് മുതല്‍ ദില്ലിയില്‍ നടപ്പിലാക്കുന്നത്.
◾ അണ്ണാ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിര്‍ദ്ദേശിച്ചതായി ടിവികെ വാര്‍ത്താക്കുറിപ്പിറക്കി.
◾ ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. എന്‍ഡിഎ മുന്നണിയുടെ മഹായുതിയും ഇന്ത്യ മുന്നണിയുടെ മഹാവികാസ് അഗാഡിയും മഹാരാഷ്ട്രയില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.. വോട്ടെണ്ണല്‍ എല്ലായിടത്തും 23 നാണ്.
◾ ഇന്ന് ഒമാന്റെ 54-ാം ദേശീയ ദിനം. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകളും നടക്കും. ആധുനിക ഒമാന്റെ ശില്‍പിയും ഒമാന്‍ മുന്‍ ഭരണാധികാരിയുമായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാനില്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
◾ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ വീണ്ടും അധികാരമേറ്റു. കൊളംബോയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേര്‍ അടങ്ങുന്ന മന്ത്രിസഭയാണ് ഇന്ന് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ പ്രസിഡന്റ് കൈവശം വയ്ക്കും. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എന്‍പിപി അധികാരത്തിലെത്തിയത്.
◾ സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തി. പവന് 480 രൂപ കൂടി 55960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും(നവംബര്‍ 16,17) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 14നും ഇതേ നിരക്കിലാണ് സ്വര്‍ണം ലഭിച്ചിരുന്നത്. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
◾ ഉപയോക്താക്കളെ അവരുടെ പൂര്‍ത്തിയാകാത്ത സന്ദേശങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി വാട്ട്‌സ്ആപ്പ് 'മെസേജ് ഡ്രാഫ്റ്റുകള്‍' എന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി. ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. ചാറ്റ് ത്രെഡുകളില്‍ ഭാഗികമായി ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ നഷ്ടപ്പെടുന്നത് തടയുന്നതിനാണ് മെസേജ് ഡ്രാഫ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, പൂര്‍ത്തിയാകാത്ത ഏതൊരു സന്ദേശത്തിനും സ്വയം ഒരു 'ഡ്രാഫ്റ്റ്' ലേബല്‍ ലഭിക്കുകയും ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാവുകയും ചെയ്യും. ഏതൊക്കെ സന്ദേശങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് ഈ സൂചകം വ്യക്തമാക്കുന്നു. അതിനാല്‍ ഉപയോക്താക്കള്‍ക്ക് അവര്‍ ചാറ്റിങ്ങ് നിര്‍ത്തിയിടത്ത് നിന്ന് വേഗത്തില്‍ എടുക്കാനാകും. ഉപയോക്താക്കള്‍ക്ക് അവര്‍ ആരംഭിച്ചിരിക്കാനിടയുള്ള സന്ദേശങ്ങളുടെ ട്രാക്ക് നഷ്ടപ്പെടുന്നതില്‍ നിന്ന് തടയുക എന്നതാണ് ആശയം.
◾ തെന്നിന്ത്യയുടെ നയന്‍താരയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. 'രക്കായി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നയന്‍താര നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. അരിവാളെടുത്തുള്ള നയന്‍താരയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കാണാം. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും സെന്തില്‍ നള്ളസാമിയാണ്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്. നയന്‍താര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം 'മണ്ണാങ്കട്ടി സിന്‍സ് 1960' ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.
◾ 'പുഷ്പ 2 ദ റൂള്‍' റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഡിസംബര്‍ 5ന് ആണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുഷ്പ 2 ട്രെയിലര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നതും. ആദ്യ ഭാഗത്തില്‍ ബാക്കിയാക്കിയ പുഷ്പയുടെയും ബന്‍വര്‍ സിംഗ് ശിഖാവത്തിന്റെയും സംഘര്‍ഷങ്ങളും രണ്ടാം ഭാഗത്തിലാണ്. മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ ശിഖാവത്ത് ഐപിഎസിനെയും കേരളക്കര ഉള്‍പ്പെടെ കാത്തിരിക്കുകയാണ്. ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം കേരളത്തിന് റിലീസിനെത്തിക്കുക. ഡിസംബര്‍ 5 മുതല്‍ കേരളത്തിലെ തീയേറ്ററുകള്‍ 24 മണിക്കൂറും പ്രദര്‍ശമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് അറിയിക്കുന്നു.
◾ 2024 ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ ജേതാക്കള്‍ക്ക് എംജി വിന്‍ഡ്‌സര്‍ സമ്മാനിച്ച് ജെഎസ്എബ്ല്യു സ്‌പോര്‍ട്‌സും ജെഎസ്എബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയും. എംജി വിന്‍ഡ്സര്‍ ഇവിക്ക് 38 കിലോവാട്ട്അവര്‍, ഐപി67സര്‍ട്ടിഫൈഡ്, ലിഥിയം-അയണ്‍ ബാറ്ററി ലഭിക്കുന്നു. 134 ബിഎച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉണ്ട് വാഹനത്തിന്. ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട് വിന്‍ഡ്സര്‍ ഇവിക്ക്. ഒറ്റ ചാര്‍ജില്‍ 332 കിലോമീറ്റര്‍ ആണ് ഈ വാഹനത്തിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. എംജി വിന്‍ഡ്സറിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 3,116 യൂണിറ്റുകള്‍ എംജി മോട്ടോര്‍ ഇന്ത്യ വിറ്റു. മൊത്തം 7,045 യൂണിറ്റുകള്‍ വിറ്റഴിച്ച് 37.92 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചു. വിന്‍ഡ്‌സര്‍ ആദ്യമായി വാങ്ങുന്നവര്‍ക്ക് ബാറ്ററിക്ക് അണ്‍ലിമിറ്റഡ് കിലോമീറ്ററുകളുള്ള ആജീവനാന്ത വാറന്റി എംജി വാഗ്ദാനം ചെയ്യുന്നു.
◾ ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന. ചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള കെ. രഘുനാഥന്റെ പുതിയ നോവല്‍. 'അജ്ഞാതനാമാ'. മാതൃഭൂമി. വില 384 രൂപ.
◾ പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹം വരില്ലെന്നത് ഒരു തെറ്റദ്ധാരണയാണ്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം വിഘടിച്ചുണ്ടാവുന്ന ഗ്ലൂക്കോസിനെ ശരീരത്തിന് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കുക എന്നതാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ജോലി. ഇന്‍സുലിന്റെ ഉല്‍പാദനത്തിലോ പ്രവര്‍ത്തനത്തിലോ ഉള്ള പ്രശ്നം പ്രമേഹത്തിലേക്കു നയിക്കും. പഞ്ചസാര ഒഴിവാക്കിയതു കൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് സാരം. അതുപോലെ പ്രമേഹം ഉണ്ടാകാനുള്ള നിരവധി ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് പാരമ്പര്യം. അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമെല്ലാം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കുന്നത് അപകട സാധ്യത കുറയ്ക്കും. അമിതവണ്ണം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണെങ്കിലും മെലിഞ്ഞവര്‍ക്ക് പ്രമേഹം വരില്ലെന്നല്ല. ജനിതകമായ ഘടകങ്ങള്‍ കാരണം ഇന്‍സുലിന്‍ ഉല്‍പാദനം തടസപ്പെട്ടാല്‍ അതു പ്രമേഹത്തിലേക്കു നയിക്കാം. പ്രമേഹരോഗിയായ ഒരാള്‍ ഒരു അനുബന്ധ അസുഖത്തിന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ചെയ്യുമ്പോള്‍ ഗുളികകള്‍ മാറ്റി ഇന്‍സുലിന്‍ ആക്കാറുണ്ട്. ഇത്തരം രോഗികള്‍ക്ക് ആ ചികിത്സ പൂര്‍ണമായി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ നിര്‍ത്തി ഗുളികകള്‍ ആക്കാവുന്നതാണ്. എന്നാല്‍, ഗുളികകളുടെ പരമാവധി ഡോസ് എത്തിയതിനുശേഷം പ്രമേഹം നിയന്ത്രണത്തിലാകാത്തതു കാരണം ഇന്‍സുലിന്‍ തുടങ്ങുന്ന ഒരു രോഗിക്ക് പിന്നീട് ഇന്‍സുലിന്‍ തുടരേണ്ടി വരാം. ഇന്‍സുലിന്‍ എന്തിനുവേണ്ടി, എപ്പോള്‍ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് തീരുമാനിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.39, പൗണ്ട് - 106.50. യൂറോ - 89.00, സ്വിസ് ഫ്രാങ്ക് - 94.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.49, ബഹറിന്‍ ദിനാര്‍ - 223.95, കുവൈത്ത് ദിനാര്‍ -274.37, ഒമാനി റിയാല്‍ - 219.18, സൗദി റിയാല്‍ - 22.48, യു.എ.ഇ ദിര്‍ഹം - 22.98, ഖത്തര്‍ റിയാല്‍ - 23.07, കനേഡിയന്‍ ഡോളര്‍ - 59.87.
➖➖➖➖➖➖➖➖
Tags:
KERALA