16-11-2024
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യതമായ വഴിയെന്നും ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് നല്‍കിയ കത്തിനാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്.
◾ വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ഉയരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ലോക മാതൃകയില്‍ പുനരധിവാസം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമര്‍ഷമാണെന്നും വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയില്‍ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സന്ദീപ് വാര്യര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട്ടെ കെപിസിസി ഓഫീസില്‍ കെ സുധാകരനും വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഷോള്‍ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചുവെന്നതാണ് തന്റെ തെറ്റെന്നും സന്ദീപ് പറഞ്ഞു. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷക്കാലം നടപടി നേരിട്ടുവെന്നും താനിന്ന് ഈ നിമിഷം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
◾ സന്ദീപ് വാര്യര്‍ക്ക് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കിട്ടട്ടെ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ കോണ്‍ഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ലെന്നും സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടി എടുത്തതാണെന്നും ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുകയാണെന്നും സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സുധാകരനോടും സതീശനോടും വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതില്‍ തങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സന്ദീപ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ഭരണവര്‍ഗ പാര്‍ട്ടിയിലേക്ക് മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത് നല്ല കാര്യമെന്ന് കെ മുരളീധരന്‍. രണ്ടാഴ്ച മുന്‍പ് വരാമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സ്നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എപ്പോഴും നിലനിര്‍ത്തണമെന്നും വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെയെന്നും അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്തയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ല മുതല്‍ക്കൂട്ടായിരിക്കും സന്ദീപെന്നും എം.ബി രാജേഷ് പറഞ്ഞു.
◾ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യരെ കുറിച്ച് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം എതിരാളിയായിരുന്ന ജ്യോതികുമാര്‍ ചാമക്കാല. ചാനല്‍ ചര്‍ച്ചകളിലെ ബിജെപിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന സന്ദീപ് വാര്യരോട് ചര്‍ച്ചകള്‍ക്കിടെ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെങ്കിലും പിണക്കമില്ലെന്നും നല്ലൊരു എതിരാളിയെ നഷ്ടമായ സങ്കടം മാത്രമേ ഉളളുവെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
◾ ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ ആണെന്നും ചര്‍ച്ചകള്‍ക്ക് പാലമായത് കെപിഎസ്ടിഎ മുന്‍ അധ്യക്ഷന്‍ ഹരി ഗോവിന്ദാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.
◾ മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും ബി ജെ പി നേതാവ് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ഇത്രയും കാലം പറഞ്ഞതൊക്കെ വിഴുങ്ങേണ്ടെയെന്നും ഇപ്പോഴെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
◾ സന്ദീപ് വാര്യര്‍ ബി.ജെ.പിയില്‍ നിന്നും പോയത് കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ്. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ആരെങ്കിലും ആ കപ്പലിലേയ്ക്ക് പോകുവാന്‍ തയ്യാറാകുന്നുവെങ്കില്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നേ പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
◾ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം എല്‍ഡിഎഫ് പിഡിപിയുമായി സഖ്യത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തുവെന്നും തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾ സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ശരത് പവര്‍ ആവശ്യപ്പെട്ടാല്‍ മാറാന്‍ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രി മാറ്റം സംബന്ധിച്ചുള്ള നീക്കങ്ങള്‍ വീണ്ടും നടക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എന്‍സിപിയില്‍ തോമസ് കെ തോമസ് വിഭാഗമെന്നും എ.കെ ശശീന്ദ്രന്‍ വിഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഇന്ത്യന്‍ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാര്‍ ഇതിനകം അനുഭവിച്ചതെന്നും എന്നാല്‍ വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുകയും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണമെന്നും യു.ഡി.എഫും മുസ്ലിം ലീഗും ഈ ഉദ്യമത്തിനൊപ്പമുണ്ടെന്നും വയനാടിന്റെ കണ്ണീരൊപ്പാന്‍ ഒന്നായി നില്‍ക്കാമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
◾ പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 28 വര്‍ഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയില്‍ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണെന്നും 6000 വോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
◾ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തില്‍ സജീവമാണെന്ന് പറഞ്ഞ തരൂര്‍ കേരളത്തില്‍ തന്റെ സാന്നിധ്യം വേണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
◾ മുനമ്പം ഭൂമി പ്രശ്നത്തില്‍ പാണക്കാട് റഷീദലി തങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ച സംഭവത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഏകപക്ഷീയമായ അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താല്‍പര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു.
◾ മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിന് തിരുവനന്തപുരം ജില്ലയിലെ മുന്‍ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന കെ സുകുമാരനെ വിവിധ വകുപ്പുകളിലായി 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് വിധി.
◾ ചേവായൂരില്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൊയിലാണ്ടിയില്‍ വോട്ടര്‍മാരെയുമായി വന്ന മൂന്ന് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കോഴിക്കോട് കോവൂരിലും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനെത്തിയ രണ്ട് വാഹനങ്ങളാണ് തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
◾ തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. കയറും പെട്രോള്‍ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം.
◾ കൊല്ലത്ത് സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവിന് കൊല്ലം അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചു. 2012 ജനുവരിയില്‍ കണ്ണനല്ലൂരില്‍വച്ചാണ് സിപിഎം പ്രവര്‍ത്തകരായ രഞ്ജിത്ത്, സെയ്ഫുദ്ദീന്‍ എന്നിവരെ പ്രതികള്‍ ആക്രമിച്ചത്. സിപിഎം സമ്മേളനത്തിന്റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്ക് പോയ പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായയിരുന്നു.
◾ കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എ എസ് ഐ വ്യക്തമാക്കി.
◾ ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 1 മുതല്‍ ഏഴ് വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്.
◾ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തില്‍ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. അതസമയം റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ധാരണയായി.
◾ തിരുനെല്‍വേലിയില്‍ അമരന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ പുലര്‍ച്ചെ ആണ് സംഭവം. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോള്‍ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ കഴിഞ്ഞദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.
◾ ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
◾ നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശനവേളയില്‍ നടക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ബ്രസീലില്‍ നിന്ന് ഗയാനയില്‍ എത്തുന്ന മോദി കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.
◾ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശാനുസരണം ഇറാന്‍ നയതന്ത്ര പ്രതിനിധിയുമായി എലോണ്‍ മസ്‌ക് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ആരംഭമാണ് ചര്‍ച്ചയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
◾ തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച മത്സരത്തിന് ശേഷം കുറേയധികം സംസാരിച്ചെന്നും അതിന് പിന്നാലെ രണ്ട് മത്സരങ്ങളില്‍ ഡക്കിന് പുറത്തായെന്നും അതിനാലിനി കൂടുതല്‍ സംസാരിക്കുന്നില്ലെന്നും തമാശ കലര്‍ത്തി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം. തുടര്‍ച്ചയായി രണ്ട് ഡക്കുകളായപ്പോഴും താന്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും എന്നില്‍ത്തന്നെ അടിയുറച്ച് വിശ്വസിച്ച് കഠിനപ്രയത്‌നം നടത്തിയെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും സഞ്ജു പറഞ്ഞു.
◾ 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്‌സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസണ് തോല്‍വി. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബറും 27 കാരനുമായ ജേക്ക് പോളിനോടായിരുന്നു 58-കാരനായ ടൈസന്റെ തോല്‍വി. ടെക്‌സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.
◾ പത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്‌സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവില്‍ തോല്‍വി പിണഞ്ഞെങ്കിലും മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ് പ്രതിഫലമായി ലഭിക്കുക കോടികള്‍. 58-കാരനായ ടൈസണ് മത്സരത്തില്‍നിന്ന് ഏതാണ്ട് 168 കോടി രൂപ ലഭിക്കും. ജേക്ക് പോളിന് 320 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് കഴിഞ്ഞദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.
◾ ഗൂഗിള്‍ പിക്സലിന്റെ 6, 7, 9 സിരീസ് ഫോണുകളില്‍ ഉപഭോക്തൃ സുരക്ഷ മുന്‍നിര്‍ത്തി സ്‌കാം ഡിറ്റക്ഷന്‍ സിസ്റ്റമെന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. തട്ടിപ്പ് കോളുകള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഫോണ്‍ ആപ്പ് ഇപ്പോള്‍ ഒരു തത്സമയ സ്‌കാം ഡിറ്റക്ഷന്‍ സിസ്റ്റം സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ നൂതന എഐ, മെഷീന്‍ ലേണിങ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്‍കമിംഗ് കോളുകള്‍ തത്സമയം വിശകലനം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കോളര്‍ ഐഡി, ഫോണ്‍ നമ്പര്‍ പാറ്റേണുകള്‍, കോളിന്റെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ സംശയാസ്പദമായ കോളുകള്‍ കൃത്യമായി കണ്ടെത്താനും ഫ്ലാഗ് ചെയ്യാനും ഈ ഫീച്ചറിനാകുമെന്ന പ്രത്യേകതയുമുണ്ട്. ഫ്രോഡ് കോളാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ ഉപയോക്താക്കളുടെ ഫോണില്‍ മുന്നറിയിപ്പെത്തും. ഏത് സമയത്തും എല്ലാ കോളുകള്‍ക്ക് വേണ്ടിയും ഫോണ്‍ ആപ്പ് സെറ്റിങ്‌സില്‍ ഈ ഫീച്ചര്‍ ഓഫാക്കിയിടാം. അല്ലെങ്കില്‍ ഒരു പ്രത്യേക കോളിനിടയിലും ഉപഭോക്താക്കള്‍ക്ക് ഇത് ഓഫാക്കാനാകും. പിക്സല്‍ 9 ഉപകരണങ്ങളില്‍ ജെമിനി നാനോയാണ് സ്‌കാം ഡിറ്റക്ഷന്‍ നല്‍കുന്നത്.
◾ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന 'കുബേര' എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് റിലീസായി. ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പോലെയാണ് ഈ രംഗങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലുക്കില്‍ ടീസറില്‍ ധനുഷിനെ കാണാം. പുതിയ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗ്, പുസ്‌കൂര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് കുബേര നിര്‍മ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. രായന് ശേഷം ധനുഷിന്റെതായി വരാനിരിക്കുന്ന ചിത്രമാണ് കുബേര. ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തിയേക്കും. ബോളിവുഡ് താരം ജിം സര്‍ഭ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.
◾ മലയാളത്തിലെ മികച്ച മാസ്സ് ആക്ഷന്‍ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ 'വല്ല്യേട്ടന്‍' 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെ നവംബര്‍ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിന്റെ 4കെ ഡോള്‍ബി അറ്റ്മോസില്‍ റീമാസ്റ്റര്‍ ചെയ്ത ടീസര്‍ പുറത്തിറങ്ങി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കല്‍ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്ഷന്‍ സ്വീക്വെന്‍സുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍.എഫ്.വര്‍ഗ്ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ്, സായ് കുമാര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.
◾ ഫോക്‌സ്വാഗന്റെ പുതിയ എസ്യുവിയായ ടെറയുടെ പരീക്ഷണ ദൃശ്യങ്ങള്‍ പുറത്ത്. ഇത്തവണ അര്‍ജന്റീനയിലെ പരുക്കന്‍ റോഡുകളില്‍ പരീക്ഷണം നടത്തുന്ന മോഡലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫോക്സ്വാഗന്റെ ഇന്ത്യന്‍ നിരയില്‍ പോളോ അവശേഷിപ്പിച്ച വിടവ് നികത്താന്‍ ടെറ ഇന്ത്യയിലേക്ക് വരാമെന്നും തുടര്‍ന്ന് സബ്- ഫോര്‍ മീറ്റര്‍ എസ്യുവികളുമായി മത്സരിക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്സ്വാഗണ്‍ ടെറ ഇന്ത്യയില്‍ എത്തിയാല്‍ ഒരുപക്ഷേ മികച്ച വില്‍പ്പന നേടുമെന്നാണ് കമ്പനി കരുതുന്നത്. ടെറയ്ക്ക് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് ലഭിക്കും, അത് ഏകദേശം 116 കുതിരശക്തി കരുത്ത് സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. ഇന്ത്യയില്‍ എത്തിയാല്‍ ഇതൊരു ബജറ്റ്-സൗഹൃദ എസ്യുവി ആയിരിക്കും. ഏകദേശം 10 ലക്ഷം രൂപയായിരിക്കും ഫോക്സ്വാഗണ്‍ ടെറയുടെ വില. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ ജനപ്രിയ മോഡലുകളോട് ടെറ മത്സരിക്കും.
◾ ചെലതരം കേള്‍വികളും കാഴ്ചകളും എല്ലാര്‍ക്കുവൊന്നും കാണാന്‍ പറ്റത്തില്ല മോളേ. പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആള്‍ക്കാര് കൈമാറ്റം ചെയ്യത്തൊള്ളു. എഴുതിവെക്കാന്‍ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റാത്തതൊക്കെ കാണും, കേക്കാന്‍ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..' രതിയോടു വാപ്പന്‍ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോല്‍. പഞ്ചേന്ദ്രിയങ്ങള്‍ക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവല്‍. 'ഉറക്കപ്പിശാച്'. എസ്.പി ശരത്. മനോരമ ബുക്സ്. വില 275 രൂപ.
◾ ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന വലിയ ആരോഗ്യ വെല്ലുവിളിയാണ് പ്രമേഹം. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. വഷളാകുന്നതിന് മുന്‍പ് പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ചര്‍മം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്. ചര്‍മത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളര്‍ച്ചയാണ് പാലുണ്ണി. നിരുപദ്രവകാരിയാണെന്ന് നമ്മള്‍ ചിന്തിക്കുമെങ്കിലും ഇവ അമിതമായി ഉണ്ടാകുന്നത് സൂക്ഷിക്കണം. പ്രമേഹ ഉണ്ടാവാനുള്ള സാധ്യതയുടെ സൂചനയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കക്ഷത്തിലും കഴുത്തിലും ഞരമ്പുകളിലും ഉണ്ടാകുന്ന വെല്‍വെറ്റി ഡാര്‍ക്ക് പിഗ്മെന്റെഷനാണ് അകാന്തോസിസ് നൈഗ്രിക്കന്‍സ്. ഇത് നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിക്കാനുള്ള പ്രവണതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ശരീരത്തില്‍ മുറിവോ പോറലോ ഉണ്ടായാന്‍ ഉണങ്ങാന്‍ വൈകാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും പ്രമേഹ പരിശോധന നടത്തണം. പ്രമേഹ സാധ്യത കൂടുതലാണെന്ന സൂചനയാണിത്. ഇരട്ടതാടി മുഖ സൗന്ദര്യത്തിന് കോട്ടംതട്ടിക്കുമെന്നതില്‍ ഉപരി പ്രമേഹം വരാനുള്ള സാധ്യത മുന്‍കൂട്ടി സൂചിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്. നിങ്ങളുടെ ശരീരം പഞ്ചസാര മോശമായി മെറ്റബോളിസ് ചെയ്യുന്നു എന്നാണ് ഇതിനര്‍ഥം. മറ്റൊരു പ്രധാന ലക്ഷണം നിങ്ങളുടെ കഴുത്ത് മെലിയുന്നതാണ്. ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിച്ചേക്കാം എന്നതിന്റെ സൂചനയാണിത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.48, പൗണ്ട് - 106.67. യൂറോ - 88.96, സ്വിസ് ഫ്രാങ്ക് - 94.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.55, ബഹറിന്‍ ദിനാര്‍ - 224.40, കുവൈത്ത് ദിനാര്‍ -274.69, ഒമാനി റിയാല്‍ - 219.69, സൗദി റിയാല്‍ - 22.49, യു.എ.ഇ ദിര്‍ഹം - 23.00, ഖത്തര്‍ റിയാല്‍ - 23.10, കനേഡിയന്‍ ഡോളര്‍ - 59.89.
➖➖➖➖➖➖➖➖
Tags:
KERALA