2024 നവംബർ 16 ശനി
1200 വൃശ്ചികം 1 കാർത്തിക
1446 ജ:അവ്വൽ 13
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം വിവേചന പൂര്‍ണമായതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ഈ രാജ്യത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന് വേണ്ടി വലിയ തോതില്‍ സംഭാവന ചെയ്യുന്ന നാടാണെന്നും കേന്ദ്രം അത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
◾ വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ നവംബര്‍ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹര്‍ത്താലെങ്കില്‍ കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
◾ നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണെന്നും വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിതെന്നും ചെന്നിത്തല പറഞ്ഞു. വയനാടിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി പ്രത്യേക തുകയും സ്‌പെഷ്യല്‍ പാക്കേജും അനുവദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വയനാട്ടിലേതിനെക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്രം സഹായം നല്‍കിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് ദേശീയ-അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അവരുടെ കാപട്യം വിളിച്ചറിയിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം അത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഈ മാസം 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
◾ ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പറയുന്ന കാര്യങ്ങളൊന്നും ആ പുസ്തകത്തില്‍ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി.
◾ ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്നും ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡിസി ബുക്സുമായി ഇപി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ വ്യാജരേഖ ഉപയോഗിച്ചാണ് പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡോ. പി സരിന്‍. ഭാര്യ ഡോ സൗമ്യയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സരിന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പാലക്കാട്ടെ വീട്ടിലേക്കും ക്ഷണിച്ചു. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും സരിന്‍ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്റെ മറുപടി.
◾ എസ്ഡിപിഐ വെള്ളിയാഴ്ച ദിനങ്ങള്‍ പാലക്കാട്ടെ മസ്ജിദുകളില്‍ യുഡിഎഫിനായി പ്രചാരണം നടത്തുകയാണെന്ന് സിപിഎം രാജ്യസഭാംഗം എഎ റഹീം എംപി. എസ്ഡിപിഐ ലഘുലേഖകള്‍ വിതരണം ചെയ്ത് പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രചരിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു. വി ഡി സതീശന് വാര്‍ത്താകുറിപ്പ് തയാറാക്കി കൊടുക്കുന്നത് എസ്ഡിപിഐയാണോയെന്ന് ചോദിച്ച അദ്ദേഹം മുസ്ലിം വിഭാഗത്തില്‍ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും വിമര്‍ശിച്ചു.
◾ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും മറ്റും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍, സുപ്രീംകോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
◾ കേരള ഹൈക്കോടതി നാട്ടനകളെ സംരക്ഷിയ്ക്കുവാനും, ഉല്‍സവ ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ് സുരക്ഷിതമാക്കുവാനും പുറപ്പെടുവി ച്ചിട്ടുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പലതും അപ്രയോഗികവും കേരളത്തിലെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകളുടെ അന്തകവിത്തായി മാറുമെന്ന് എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ.പി. മനോജ് കുമാര്‍. രാത്രി 10 മണി മുതല്‍ 4 മണി വരെ ആനകളുടെ യാത്ര പാടില്ല എന്ന് പറഞ്ഞാല്‍ ദേവമേള എന്ന് അറിയപ്പെടുന്ന 1435 ലേറെ വര്‍ഷം പഴക്കമുള്ള പെരുവനം- ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളും അവസാനിക്കുമെന്നും കാലത്ത് 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുവഴിയില്‍ ആന എഴുന്നള്ളിപ്പ് പാടില്ലെന്ന് പറഞ്ഞാല്‍ തൃശൂര്‍ പൂരം അടക്കം എല്ലാ പൂരങ്ങളും, നേര്‍ച്ചകളും, പെരുന്നാളുകളും എന്നന്നേയ്ക്കുമായി അവസാനിയ്ക്കുമെന്നും എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
◾ മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് മേല്‍ശാന്തി പി.എന്‍ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമണ്‍ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
◾ വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിക്ക് നട തുറന്നു. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും.
◾ കേരള സര്‍വകലാശാല നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന കുത്തനെ വര്‍ധിപ്പിച്ചതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളറേയും ഫൈനാന്‍സ് ഓഫീസറേയും ചുമതലപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. പരീക്ഷകളുടെ നടത്തിപ്പ് ചെലവിന് ആനുപാതികമായാണോ ഫീസ് നിശ്ചയിച്ചതെന്നും സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലെ ഫീസ് നിരക്കുകള്‍ എത്ര എന്നും കമ്മിറ്റി പരിശോധിക്കും.
◾ തെളിമ പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് റേഷന്‍ ഡിപ്പോയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
◾ മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. ഭൂമി വിട്ടുകൊടുക്കാന്‍ ആവില്ലെന്ന ലീഗ് വിരുദ്ധ ചേരിയുടെ നിലപാടിനെതിരെ മറുപക്ഷം രംഗത്ത് വന്നു. അതേസമയം, സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമസ്ത ജോയിന്റ് സെക്രട്ടറി ഉമ്മര്‍ ഫൈസി ഒരു സമ്മേളനത്തിലും യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും ആണ് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കിയത്.
◾ മുനമ്പത്ത് ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും പാര്‍ട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സര്‍ക്കാര്‍ നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
◾ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ്. നാലാം ക്ലാസ് വരെ പഠിച്ച 68 കാരനായ ഇന്ദ്രന്‍സിന് പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇനി ലക്ഷ്യം.
◾ കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്നപ്പോള്‍ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാര്‍ഥികള്‍ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്നാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മാപ്പ് പറയിച്ചത്.
◾ സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ പടിഞ്ഞാറ് പാത്തല അനാമിക ഭവനില്‍ നിത്യാനന്ദനാണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
◾ പത്തനംതിട്ട നഗരത്തിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
◾ സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
◾ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലോട്ടറി രാജാവ്' സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.
◾ ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടിയത്.
◾ മഹാകുംഭ മേള അപകടരഹിതമായി നടത്താനാവശ്യമായ ഒരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തടയുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളുടെയും പ്രത്യേക അഗ്നിശമന വാഹനങ്ങളുടെയും എണ്ണം സര്‍ക്കാര്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മഹാ കുംഭമേള ഒരു സീറോ ഫയര്‍ ഇവന്റ് ആയി നടത്തുക എന്നതാണ് യോഗി സര്‍ക്കാരിന്റെ ലക്ഷ്യം.
◾ ദില്ലിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് പുന:ര്‍നാമകരണം ചെയ്തു. സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ബിര്‍സ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവര്‍ഗ നേതാവുമായിരുന്ന ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
◾ സായുധസേനയുടെ പ്രത്യേകാധികാരനിയമം നിലനില്‍ക്കുന്ന മണിപുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണിപുരിലെ ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
◾ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്.
◾ ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളില്‍ പെണ്‍കുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
◾ ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന 'പിനാക്ക' വാങ്ങാന്‍ ഫ്രാന്‍സും അര്‍മേനിയയും താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
◾ സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ക്യാപ്റ്റനും പാലക്കാട്ടുകാരനായ ഗോള്‍കീപ്പര്‍ എസ്. ഹജ്മല്‍ വൈസ് ക്യാപ്റ്റനുമാകും. ബിബി തോമസ് മുട്ടത്ത് ആണ് ടീം കോച്ച്. പതിനേഴുകാരനായ റിഷാദ് ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
◾ സഞ്ജു സാംസണും തിലക് വര്‍മയും നിറഞ്ഞാടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 135 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 47 പന്തില്‍ 120 റണ്‍സ് നേടിയ തിലക് വര്‍മയുടേയും 56 പന്തില്‍ 109 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ 18 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ മാത്രം വിക്കറ്റ് നഷ്ടപ്പെടുത്തി 283 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് കളിയിലെ താരവും, സീരീസിന്റെ താരവും.
◾ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരത്തില്‍ സഞ്ജു സാംസണും തിലക് വര്‍മയും ടി20-യിലെ നിരവധി റെക്കോഡുകളാണ് പഴങ്കഥയാക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 210 റണ്‍സ് ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ്. ഐ.സി.സി. ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു. ടി20-യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി തിലക് വര്‍മ മാറി. സഞ്ജു നേരത്തേ ഈ നേട്ടം കൈവരിച്ചിരുന്നു.
◾ ചാമ്പ്യന്‍സ് ട്രോഫിയുടെ 'ട്രോഫി ടൂര്‍' തടഞ്ഞ് ഐ സി സി. പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി. ഇന്ന് മുതല്‍ 'ട്രോഫി ടൂര്‍' പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഐ സി സിയുടെ നടപടി. ജയ് ഷായുടെ പ്രതിഷേധം കാരണമാണ് ഐ സി സി തീരുമാനമെടുത്തതെന്നാണ് ബി സി സി ഐ അറിയിച്ചത്.
◾ 2025 സാമ്പത്തിക വര്‍ഷത്തെ അര്‍ധ വാര്‍ഷിക ഫലം പുറത്തു വിട്ട് മുത്തൂറ്റ് ഫിനാന്‍സ്. ആദ്യമായി സംയോജിത വായ്പ ആസ്തികള്‍ 1 ലക്ഷം കോടി രൂപ കടന്നു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 1,04,149 കോടി രൂപയാണ് കമ്പനിയുടെ സംയോജിത വായ്പ ആസ്തികള്‍. കഴിഞ്ഞ വര്‍ഷം ഇത് 79,493 കോടി രൂപയായിരുന്നു. സംയോജിത ലോണ്‍ അസറ്റുകളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 31 ശതമാനം വര്‍ധിച്ച് 24,656 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്. സംയോജിത ലോണ്‍ അസറ്റുകളില്‍ എക്കാലത്തെയും ഉയര്‍ന്ന നികുതിക്ക് ശേഷമുള്ള ലാഭവും കമ്പനി സ്വന്തമാക്കി. 2,517 കോടി രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റ് 90,000 കോടി രൂപ പിന്നിടാനും കമ്പനിക്ക് സാധിച്ചു. സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റുകള്‍ 90,197 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡ് എലോണ്‍ ലോണ്‍ അസറ്റില്‍ നികുതിക്ക് ശേഷമുള്ള ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാനും കമ്പനിക്കായി. അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നികുതിക്ക് ശേഷമുള്ള ലാഭം 2,330 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18 ശതമാനം വര്‍ധന. സ്വര്‍ണ വായ്പയിലും പുതിയ നേട്ടം കുറിച്ചു.
◾ ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബി'ലെ ആദ്യ ഗാനം എത്തി. 'ഗന്ധര്‍വ്വ ഗാനം' എന്ന പാട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ശ്വേത മോഹന്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് റെക്സ് വിജയനാണ്. വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. വന്‍ താരനിരയുമായാണ് 'റൈഫിള്‍ ക്ലബ്' എത്തുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ഇദ്ദേഹത്തെ കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍, ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാര്‍ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
◾ അനശ്വര രാജന്‍, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, നോബി മാര്‍ക്കോസ്, മല്ലിക സുകുമാരന്‍ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. 'വാഴ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയാണ് 'വ്യസനസമ്മേതം ബന്ധുമിത്രാദികള്‍'. പ്രതീക്ഷയുടെ അമിത ഭാരങ്ങളില്ലാതെ എത്തി തീയറ്ററില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു വാഴ എന്ന സിനിമ. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിന്‍ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◾ ടാറ്റ ഹാരിയര്‍, സഫാരി എസ്യുവി മോഡല്‍ ലൈനപ്പിന് ഒരു കളര്‍ അപ്‌ഡേറ്റ് ലഭിച്ചു. ഹാരിയര്‍ അഡ്വഞ്ചര്‍, ഫിയര്‍ലെസ് ട്രിമ്മുകള്‍ ഇപ്പോള്‍ ആഷ് ഗ്രേ ഫിനിഷില്‍ ലഭ്യമാണ്. നേരത്തെ അഡ്വഞ്ചര്‍ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന സീവീഡ് ഗ്രീന്‍ ഷേഡ്, ഇപ്പോള്‍ ടോപ്പ് എന്‍ഡ് ഫിയര്‍ലെസ് വേരിയന്റിലേക്ക് വിപുലീകരിച്ചു. ലോവര്‍ ട്രിമ്മുകളായ സ്മാര്‍ട്ട് ആന്‍ഡ് പ്യുവര്‍ ഇപ്പോള്‍ കോറല്‍ റെഡ്, പെബിള്‍ ഗ്രേ പെയിന്റ് സ്‌കീമുകള്‍ക്കൊപ്പം വരുന്നു. ഹാരിയര്‍ മോഡല്‍ ലൈനപ്പിലുടനീളം ലൂണാര്‍ വൈറ്റ് പെയിന്റ് സ്‌കീം ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. സണ്‍ലൈറ്റ് യെല്ലോ എക്സ്റ്റീരിയര്‍ ഷേഡ് ടോപ്പ് എന്‍ഡ് ഫിയര്‍ലെസ് ട്രിമ്മില്‍ മാത്രം ലഭ്യമാണ്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ട്രിം ഒഴികെ, മറ്റ് മൂന്ന് ട്രിമ്മുകളില്‍ ഒബെറോണ്‍ ബ്ലാക്ക് കളര്‍ ലഭ്യമാണ്. ടാറ്റ സഫാരിക്ക്, സ്മാര്‍ട്ട്, പ്യുവര്‍ ട്രിമ്മുകള്‍ക്ക് ഗാലക്‌സി സഫയര്‍, സ്റ്റാര്‍ഡസ്റ്റ് ആഷ് പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. ഉയര്‍ന്ന അഡ്വഞ്ചര്‍, അക്പ്ലിഷ്ഡ് ട്രിമ്മുകള്‍ ഇപ്പോള്‍ ലൂണാര്‍ സ്ലേറ്റ് ഷേഡില്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം സൂപ്പര്‍നോവ കോപ്പര്‍ ടോപ്പ് എന്‍ഡ് അക്പ്ലിഷ്ഡ് ട്രിമ്മിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെല്ലാര്‍ ഫ്രോസ്റ്റ് ഷേഡ് എല്ലാ വേരിയന്റുകളിലും ലഭ്യമാണ്, അതേസമയം കോസ്മിക് ഗോള്‍ഡ് ഷേഡ് ടോപ്പ് എന്‍ഡ് ട്രിമ്മിന് മാത്രമുള്ളതാണ്.
◾ അവിചാരിതമായി ചെയ്യുന്ന ഒരു കൊച്ചു തെറ്റ്, അറിയാത്ത എത്രയോ ജീവിതങ്ങളെ വിനാശകരമായി ബാധിക്കുന്നുവെന്നതിന്റെ കലാപരമായ ചിത്രീകരണത്തിലൂടെ ധാര്‍മ്മികത, നീതി, പശ്ചാത്താപം എന്നീ മാനുഷികഗുണങ്ങളെ ചിന്തോദ്ദീപകമായി ആവിഷ്‌കരിക്കുകയാണ് ടോള്‍സ്റ്റോയ് ഈ നോവലില്‍. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്റെ ഉലയാത്ത നന്മയിലും സത്യസന്ധതയിലുമുള്ള പ്രത്യാശയും ഉയര്‍ത്തിപ്പിടിക്കുന്നു. മഹാനായ എഴുത്തുകാരന്റെ വ്യത്യസ്തമായ നോവല്‍. 'കള്ളനോട്ട്'. ലിയോ ടോള്‍സ്റ്റോയ്. പരിഭാഷ: ഡോ. അനിത എം.പി. മാതൃഭൂമി ബുക്സ്. വില 144 രൂപ.
◾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്ന് അറിയപ്പെടുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഇവ 19 പ്രത്യേക തരം അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുമെന്ന് ജോര്‍ജിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 10 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ യുകെയില്‍ നിന്നുള്ള 2,50,000 ആളുകളാണ് ഭാഗമായത്. പഠന കാലയളവില്‍ ഇതില്‍ 30000 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 വന്‍കുടല്‍, ആമാശയം, ശ്വാസകോശ അര്‍ബുദം, ദഹനനാളത്തിലെ അര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. അതേസമയം ഉയര്‍ന്ന അളവില്‍ ഒമേഗ-6 ഫാറ്റി ആസിഡ് തലച്ചോറ്, ചര്‍മം, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെ 14 വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളര്‍ച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും അര്‍ബുദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് കൂടുതല്‍ സഹായിച്ചുവെന്നാണ് പഠനം വിശദീകരിക്കുന്നത്. എന്നാല്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന അളവ് പുരഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും അര്‍ബുദത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സാല്‍മണ്‍, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ദൈനംദിനം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
പ്രഭാഷണം കഴിഞ്ഞു തന്നെ കാത്തു നില്‍ക്കുന്നയാളോട് ഗുരു തന്റെ പ്രഭാഷണത്തിന്റെ ബാക്കിയെന്നോണം പറഞ്ഞു: എളിയ ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് ജീവിതവിജയം സാധ്യമാക്കുന്നത്. ഇത് കേട്ട് അയാള്‍ പറഞ്ഞു: എളിയ ചിന്തയും കനത്ത ഭക്ഷണവുമാണ് എന്റെ അഭിപ്രായത്തില്‍ ജീവിതത്തിന് അത്യന്താപേക്ഷികം. തന്നെ ആദ്യമായി ഒരാള്‍ എതിര്‍ത്തതിന്റെ നീരസം മറച്ചുവെച്ച് ഗുരു അയാള്‍ കാത്തുനിന്നതിന്റെ കാരണമന്വേഷിച്ചു. അയാള്‍ പറഞ്ഞു: എനിക്ക് തത്വശാസ്ത്രം വേണ്ട.. ഒരു നേരത്തെ വയറു നിറച്ചുളള ആഹാരമാണ് എന്റെ പ്രധാന വിഷയം.. അടിസ്ഥാന ആവശ്യങ്ങളില്‍ അസംതൃപ്തരായവര്‍ക്ക് ആലങ്കാരിക കര്‍മങ്ങളിലും ചിന്തകളിലും താല്‍പര്യമുണ്ടാകില്ല. വിശന്നിരിക്കുന്നവന്റെ മുമ്പില്‍ സര്‍വ്വവിജ്ഞാനകോശം ഒരു വില കുറഞ്ഞ വസ്തുവാണ്. ഒരേയിടത്തു പ്രത്യക്ഷപ്പെടുന്ന എല്ലാവരും ഒരേ ആവശ്യങ്ങളുള്ളവരാകില്ല. അവരുടെ കാഴ്ചപ്പാടുകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വൈരുധ്യങ്ങളുണ്ടാകാം. അവ തിരിച്ചറിയാനും അതിനനുസരിച്ച് വിരുന്നൊരുക്കാനും കഴിയുന്നതാണ് ആതിഥ്യമര്യാദ. ചില കൊടുക്കല്‍ വാങ്ങലുകളില്‍ നടപടിക്രമങ്ങളും ചടങ്ങുകളും മാത്രമേയുണ്ടാകൂ. എല്ലാ വിതരണം ചെയ്യപ്പെടും. ആര്‍ക്കും വേണ്ടതൊന്നും കിട്ടുകയുമില്ല. മററു ചിലതില്‍ ആകര്‍ഷണീയമായതൊന്നും ഉണ്ടാകില്ല. പക്ഷേ, വാങ്ങിയവരുടെയെല്ലാം മടക്കയാത്ര മനസ്സ് നിറഞ്ഞായിരിക്കും. വേണ്ടതറിഞ്ഞ് വിളമ്പാന്‍ നമുക്കും ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA