Trending

സായാഹ്ന വാർത്തകൾ

08-11-2024

◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പതിനൊന്ന് ദിവസം ജയിലിലായിരുന്ന പ്രതി പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മഞ്ജുഷ പറഞ്ഞു.

◾ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയതെന്നും അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനന്‍ ചോദിച്ചു.

◾ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ സംഭവത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിച്ചുവെന്നും അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി എടുത്തതെന്നും എന്നാല്‍  ഏതൊരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും പികെ ശ്രീമതി പറഞ്ഞു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിനു വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

◾ പി. കെ ശ്രീമതി നടത്തിയ പ്രതികരണത്തില്‍ രൂക്ഷവിമര്‍ശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരാളെ കൊന്നിട്ട് ജാമ്യം ലഭിക്കുമ്പോള്‍ സന്തോഷമെന്ന് എങ്ങനെയാണ് പറയാന്‍ പറ്റുകയെന്നും അവര്‍ക്ക് ജാമ്യം കിട്ടിയത് സന്തോഷമാണെന്ന് പറഞ്ഞ് വോട്ടുപിടിക്കാന്‍ വരുന്നവര്‍ക്ക് പാലക്കാട്ടെ ജനത മറുപടി പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

◾ പിപി ദിവ്യയെ കാണാന്‍ ജയിലിലേക്കെത്തി സിപിഎം നേതാക്കള്‍. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളുമാണ് ജയിലില്‍ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യന്‍ പറഞ്ഞു. ബിനോയ് കുര്യനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥും ജയിലിലേക്ക് എത്തിയിട്ടുണ്ട്.

◾ പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യ സിപിഎം കേഡറാണെന്നും കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ദിവ്യക്ക് ഒരു തെറ്റുപറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കുമെന്നും അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക മൊഴി. കലക്ടറുമായി നവീന്‍ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കണ്ണൂരില്‍ എഡിഎം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിനു കലക്ടര്‍ മെമ്മോ നല്‍കിയിരുന്നുവെന്നും ഞായറാഴ്ച പോലും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ജീവനക്കാര്‍ അറിയിച്ചു. കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.

◾ നവകേരള യാത്രക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.

◾ ട്രോളി ബാഗ് വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. തെരഞ്ഞെടുപ്പില്‍ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മില്‍ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

◾ കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ ആഴ്ചയില്‍ 20 കോടി നല്‍കിയിരുന്നുവെന്നും പ്രതിമാസം 50 കോടി രൂപ വീതമാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നതെന്നും ഈ സര്‍ക്കാര്‍ ഇതുവരെ 6100 കോടി രൂപ കെഎസ്ആര്‍ടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാല്‍ അറിയിച്ചു.

◾ ഹിന്ദുക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് കേരളത്തില്‍ കുറ്റമാണോയെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിന് പിന്തുണയുമായെത്തിയ വിശ്വ ഹിന്ദു പരിഷത്ത് മല്ലു ഹിന്ദു എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെന്നതിന്റെ പേരില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇരയാക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

◾ വടകര വ്യാജ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം വഴിമുട്ടിയതിനെതിരെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിx വീണ്ടും വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

◾ പിവി അന്‍വറിനും ഡിഎംകെ സ്ഥാനാര്‍ത്ഥിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. 1000 കുടുംബങ്ങള്‍ക്ക് വീട്  നല്‍കുമെന്ന പ്രഖ്യാപനത്തിനെതിരെ എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീന്‍ ആണ് പരാതി നല്‍കിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയില്‍ പറയുന്നത്. വാഗ്ദാനം നല്‍കി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എല്‍ഡിഎഫിന്റെ പരാതിയിലുണ്ട്.

◾ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേര്‍ക്കും,  മഹാദേവക്ഷേത്രത്തിന്റെ നടപന്തലില്‍ ആയിരം പേര്‍ക്കും , നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം 3000 പേര്‍ക്ക് കൂടി വിരിവയ്ക്കുവാനുമുള്ള ജര്‍മന്‍ പന്തല്‍ സജ്ജീകരിച്ചു.

◾ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത  പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍. കഴിഞ്ഞവര്‍ഷം 94 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം നവംബര്‍ വരെ 251 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിവിധ കേസുകളിലായി ജില്ലയില്‍ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് മേധാവി അറിയിച്ചു.

◾ തിരുവനന്തപുരത്ത് പൊലീസിന്റെ വെടിവെയ്പ് പരിശീലനത്തിനിടെ വീട്ടിലെ സ്വീകരണമുറിയിലേക്ക് തുളച്ച് കയറിയ വെടിയുണ്ടയില്‍ നിന്ന് ഏഴ് വയസ്സുള്ള കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടു .  രാവിലെ കുട്ടിയെയും കൊണ്ട് കുടുംബം  ആശുപത്രിയില്‍  പോയ സമയത്തായിരുന്നു  ഒന്നര കിലോമീറ്റര്‍ അകലെയുളള ഫയറിംഗ് റേഞ്ചില്‍ നിന്ന് മേല്‍ക്കുര തുളച്ച്  എകെ 47 തോക്കില്‍ നിന്നുള്ള വെടിയുണ്ട എത്തിയത്. അഞ്ച് വര്‍ഷം മുന്‍പ് സമീപത്തെ വീട്ടിലെ ജനല്‍ചില്ല് തുളച്ച് വെടിയുണ്ട എത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.

◾ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാള്‍  മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനല്‍ - മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗര്‍ സ്വദേശിയായ സുരേഷ് ബാലനെ (38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

◾ കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിന്‍സി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിന്‍സി അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

◾ ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലില്‍ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായിയെന്നും അപ്പോള്‍ തന്നെ മരുന്ന് കഴിച്ചുവെന്നും റഹിം പറഞ്ഞു.

◾ അലിഗഡ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്റേതാണ്  ഉത്തരവ്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലവില്‍  തുടരുമെന്നും വിധിയില്‍ വ്യക്തമാക്കി.

◾ മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ.  ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയില്‍ ബഹളമുണ്ടായത്. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎല്‍എമാര്‍ പ്രതിഷേധിച്ചു.

◾ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരില്‍ ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

◾ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവലിന് ഇന്ത്യയിലുണ്ടായിരുന്ന വിലക്ക് നീങ്ങി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് 1988ല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇല്ലാതാകുന്നത് 36 വര്‍ഷത്തിന് ശേഷമാണ്. നിരോധനത്തെ ചോദ്യം ചെയ്ത് സന്ദീപന്‍ ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്.

◾ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ അലുമിനിയം ഗര്‍ഡര്‍ പതിച്ച് പൊലീസുകാരന് ദാരുണാന്ത്യം. ബൈക്കില്‍ പോകവേയാണ് ശരീരത്തില്‍ ഗര്‍ഡര്‍ പതിച്ചത്. 1000 കിലോഗ്രാം ഭാരമുള്ള അലുമിനിയം ഗര്‍ഡര്‍ വീണ് വിജേന്ദ്ര സിംഗ് എന്ന 45 കാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ നകാഹയില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനിടെയാണ് അപകടം.

◾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നു. സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി ഈ ഞായറാഴ്ചയോടെ അവസാനിക്കും. ഇന്നാണ് അവസാന പ്രവൃത്തി ദിനം. ചീഫ് ജസ്റ്റിസിന്റെ  വിരമിക്കലിന്റെ ഭാഗമായി ഇന്ന് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. 2022 നവംബര്‍ പത്തിനാണ് ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.

◾ ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സര്‍ക്കാരുമായി ഇന്ത്യ ആശയവിനിമയം നടത്തിയെന്നും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌കോണിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ചിറ്റഗോങ്ങില്‍ സംഘര്‍ഷമുണ്ടായത്.

◾ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ആയ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടാലും രാജി വെക്കാന്‍ ഒരുക്കമല്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിന്ന് യുഎസ് സെന്‍ട്രല്‍ ബാങ്കിനെ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് ജെറോം പവല്‍ വ്യക്തമാക്കി. ട്രംപ് രാജി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

◾ അമേരിക്കയിലെ പരീക്ഷണ ശാലയില്‍ നിന്ന് 43 കുരങ്ങന്മാര്‍ രക്ഷപ്പെട്ടു. സൌത്ത് കരോലിനയില്‍ മരുന്ന് പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്.  സൌത്ത് കരോലിനയിലെ ലോകണ്‍ട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെണ്‍കുരങ്ങുകള്‍ അലഞ്ഞ് തിരിയുന്നത്. വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാല്‍ അവയുടെ പരിസരത്തേക്ക് എത്താന്‍ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നല്‍കാനോ ശ്രമിക്കരുതെന്നും മുറികള്‍ക്കുള്ളില്‍ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

◾ കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നോ യുവര്‍ കസ്റ്റമര്‍ നടപടികളിലാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. ഒരിക്കല്‍ ഒരു ബാങ്കില്‍ കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് അതേ സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങള്‍ക്കോ വീണ്ടും കെവൈസി നടപടികള്‍ വേണ്ടിവരില്ലെന്നതാണ് പ്രധാന നേട്ടം. മാറ്റങ്ങള്‍ നവംബര്‍ ആറുമുതല്‍ പ്രാബല്യത്തിലായി. 2016ലെ കെവൈസി നിര്‍ദ്ദേശത്തിന് കീഴിലുള്ള ബാങ്കുകള്‍ അടക്കമുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകം. ഒരു ഉപഭോക്താവില്‍ നിന്ന് അധികമോ അപ്ഡേറ്റ് ചെയ്തതോ ആയ വിവരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം ഉടന്‍ തന്നെ നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രിയില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. രജിസ്ട്രി ഉപഭോക്താവിന്റെ നിലവിലുള്ള കെവൈസി റെക്കോര്‍ഡ് അപ്ഡേറ്റ് ചെയ്യും. ഒരു ഉപഭോക്താവിന്റെ കെവൈസി വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് റെക്കോഡ് ചെയ്യുക. ഇത്തരത്തില്‍ കെവൈസി രേഖകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും സുരക്ഷിതമാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് നോ യുവര്‍ കസ്റ്റമര്‍ റെക്കോഡ് രജിസ്ട്രി.

◾ 130 കോടി രൂപ മൂല്യം വരുന്ന ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈന്‍ വാങ്ങി നിര്‍മിത ബുദ്ധിയിലെ മുടിചൂടാമന്നനായ ഓപ്പണ്‍ എഐ. ഇന്ത്യന്‍ ടെക് സംരംഭകനും ഹബ് സ്‌പോട്ട് സഹസ്ഥാപകനുമായ ധര്‍മേഷ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് ഈ ഡൊമൈന്‍. ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്മാന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചത് ചാറ്റ് ഡോട്ട് കോം എന്ന് മാത്രമായിരുന്നു. പിന്നാലെ ധര്‍മേഷ് ഷാ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഈ ഡൊമൈന് വേണ്ടി എഐ സ്റ്റാര്‍ട്ടപ്പ് തനിക്ക് പണത്തിന് പകരം ഷെയറുകളാണ് നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. 2023 ലാണ് ചാറ്റ് ഡോട്ട് കോം എന്ന ഡൊമൈന്‍ 130 കോടി രൂപക്ക് (15 മില്യണ്‍ ഡോളര്‍) ധര്‍മേഷ് ഷാ വാങ്ങിയത്. ചാറ്റ് ഡോട്ട് കോം വാങ്ങിയതിലൂടെ ചാറ്റ്ജിപിടി പുതിയ ബ്രാന്‍ഡിംഗിലേക്ക് മാറും. ജി.പി.ടി എന്ന വാക്ക് ഒഴിവാക്കുമെന്നാണ് സൂചനകള്‍. ചാറ്റ് അധിഷ്ഠിത ഡൊമൈനുകള്‍ക്ക് ഭാവിയില്‍ സാധ്യതയേറെയാണെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ വര്‍ഷം ധര്‍മേഷ് ഷാ ചാറ്റ് ഡോട്ട് കോം വാങ്ങിയത്. ലളിതമായ രീതിയില്‍ ഉപയോഗിക്കാമെന്നതും ഭാവിയിലെ ആവശ്യങ്ങളെ മുന്നില്‍ കണ്ട് നിര്‍മിച്ചതുമാണ് ചാറ്റ് ഡോട്ട് കോം എന്ന് ധര്‍മേഷ്  പറയുന്നു.

◾ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പണി' എന്ന ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു. സാം.സി.എസ് ഈണം നല്‍കിയ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ശക്തിശ്രീ ഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വിവാഹവും അതേ തുടര്‍ന്നുള്ള കുടുംബങ്ങളുടെ കൂടിച്ചേരലുമാണ് ഗാനരംഗത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തിയിരിക്കുന്ന പണി മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. അഭിനയ, സാഗര്‍ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

◾ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം 'ഇഡ്ലി കടൈ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ ആണ് നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ഇഡ്ലി കടയിലേക്ക് നടക്കുന്ന ധനുഷ് കഥാപാത്രത്തിന്റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില്‍ ഉള്ളത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്.

◾ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒബെന്‍ ഇലക്ട്രിക് അതിന്റെ ജനപ്രിയ റോര്‍ സീരീസില്‍ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റോര്‍ ഇസെഡ് പുറത്തിറക്കി. ദൈനംദിന യാത്രകള്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. റോര്‍ ഈസിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 89,999 രൂപയാണ്. അതിന്റെ റേഞ്ച് 175 കിലോമീറ്ററാണെന്നും ഈ ഇവി വെറും 45 മിനിറ്റിനുള്ളില്‍ 80 ശതംമാനം വരെ ചാര്‍ജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. മൂന്ന് ബാറ്ററി വേരിയന്റുകളില്‍ റോര്‍ ഇസെഡ് ലഭ്യമാണ്. ഈ ബൈക്ക് ഫുള്‍ ചാര്‍ജ്ജില്‍ 175 കി.മീ സഞ്ചരിക്കുന്നു. കൂടാതെ, ഇതില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സജ്ജീകരിച്ചിരിക്കുന്നു. ഇത് വെറും 45 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു. ഇക്കോ, സിറ്റി, ഹാവോക്ക് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളില്‍  ഈ ഇവി തിരഞ്ഞെടുക്കാം. ആപ്പ് വഴി അണ്‍ലോക്ക് ചെയ്യല്‍, ജിയോ-ഫെന്‍സിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷന്‍, ഡയഗ്നോസ്റ്റിക് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഈ ബൈക്കില്‍ ലഭ്യമാണ്. ഇലക്ട്രോ ആംബര്‍, സര്‍ജ് സിയാന്‍, ലുമിന ഗ്രീന്‍, ഫോട്ടോണ്‍ വൈറ്റ് എന്നിങ്ങന നാല് ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകളില്‍ ലഭ്യമാകും.

◾ പ്രവാസജീവിതത്തിന്റെ വിഹ്വലതകളും ദുരിതങ്ങളും സമകാല അവസ്ഥാന്തരങ്ങളും വൈയക്തികാനുഭവങ്ങളും അനാവരണം ചെയ്യുന്ന  കാവ്യസമാഹാരം. ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം നടത്തിയ അതിക്രമണത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍. ആയുധങ്ങളുടെ ശീല്‍ക്കാരങ്ങളും കബന്ധങ്ങള്‍ കുന്നുകൂടിയ തെരുവുകളും ആശുപത്രിക്കിടക്കയിലെ വിലാപങ്ങളും പലായനങ്ങളും സങ്കടങ്ങളും വിതയ്ക്കുന്ന അവസ്ഥകള്‍ക്കൊപ്പം അതിജീവനത്തിന്റെ നുറുങ്ങുവെട്ടങ്ങളും  കാത്തുസൂക്ഷിക്കുന്ന അക്ഷരക്കൂട്ട്. 'ഒലീവ് മരമേ, ജലം തേടിപ്പോയ വേരെവിടെ?'. കെ.എം.അബ്ബാസ്. ഗ്രീന്‍ ബുക്സ്. വില 102 രൂപ.

◾ നടക്കുന്ന സമയത്ത് ചെവിയില്‍ ഹെഡ്‌സെറ്റോ ഇയര്‍പോഡോ വച്ച് പാട്ടോ നല്ല പോഡ്കാസ്റ്റോ ഒക്കെ കേട്ട് നടക്കുന്നതാണ് പലരുടെയും ശീലം. പാട്ടുമൊത്ത് കൂട്ട് കൂടിയുള്ള ഈ നടപ്പിനൊരു രസമൊക്കെ ഉണ്ട് താനും. എന്നാല്‍ ഇത്തരം ഡിജിറ്റല്‍ ശ്രദ്ധ തിരിക്കലുകളൊന്നും ഇല്ലാതെ  നിശ്ശബ്ദമായി നമ്മളും നമ്മുടെ ചിന്തകളും ചുറ്റിലുമുള്ള പ്രകൃതിയും ആയിട്ട് ഇണങ്ങി നടക്കുന്നത് മാനസികാരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സൈലന്റ് വാക്കിങ് എന്നൊരു ട്രെന്‍ഡ് തന്നെ ഇതിനെ ചുറ്റിപറ്റി സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. നിത്യജീവിതത്തിലെ നിരന്തരമുള്ള തിരക്കുകളും പ്രശ്‌നങ്ങളുമൊക്കെ മാറ്റി വച്ച് അവനവനിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൈലന്റ് വാക്കിങ് സഹായിക്കും. സെന്‍ ബുദ്ധിസത്തിലൊക്കെ പറയുന്നത് പോലുള്ള നടന്നു കൊണ്ടുള്ള ധ്യാനത്തിന് സൈലന്റ് വാക്കിങ് വഴിയൊരുക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി അല്‍പ നേരമെങ്കിലും ബന്ധം വിച്ഛേദിച്ച് ശാന്തമായി ഇരിക്കാനും ഇത്തരം നടത്തും സഹായിക്കും. കിളികളുടെ ശബ്ദവും മരങ്ങളുടെ മര്‍മ്മരവും നിങ്ങളുടെ കാലടികളുടെ താളവും ഉള്‍പ്പെടെ ചുറ്റുമുള്ള പ്രകൃതിയിലെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടുള്ള നടത്തം സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ നിയന്ത്രിച്ച് ധ്യാനത്തിന്റെ ഗുണം നല്‍കും. നിങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും കൂടുതല്‍ വ്യക്തത വരുത്താനും സര്‍ഗ്ഗാത്മകമായ പല ആശയങ്ങള്‍ പിറക്കാനും ഈ നിശ്ശബ്ദ നടത്തം സഹായിച്ചെന്ന് വരാം. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ബ്രേക്ക് എടുക്കുന്നത് ശ്രദ്ധയും ധാരണശേഷിയും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.37, പൗണ്ട് - 109.33. യൂറോ - 90.97, സ്വിസ് ഫ്രാങ്ക് - 96.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.99, ബഹറിന്‍ ദിനാര്‍ - 223.83, കുവൈത്ത് ദിനാര്‍ -275.14, ഒമാനി റിയാല്‍ - 219.15, സൗദി റിയാല്‍ - 22.46, യു.എ.ഇ ദിര്‍ഹം - 22.97, ഖത്തര്‍ റിയാല്‍ - 23.21, കനേഡിയന്‍ ഡോളര്‍ - 60.75.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right