Trending

സായാഹ്ന വാർത്തകൾ

  06-11-2024

◾ അമേരിക്കയില്‍ ഇനി ട്രംപ് യുഗം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാന്ത്രിക സംഖ്യയോടടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 538ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു.ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമലാ ഹാരിസിന് ഇതുവരെ 224 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് നേടാനായത്.

◾ അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍സ് യു.എസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത്.യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റുകളില്‍ നേടിയ അപ്രതീക്ഷിത വിജയമാണ് റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്.

◾ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്‌ലോറിഡയില്‍ പറഞ്ഞു.

◾ പോലിസിന്റെ പാലക്കാട്ടെ പാതിരാ റെയ്ഡില്‍ വന്‍ പ്രതിഷേധം. കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രിക്ക് പോലീസ് പരിശോധന നടത്തിയതില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധം. പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടായി. കോട്ടമൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എംപി.പ്രേമചന്ദ്രന്‍, ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, അടൂര്‍ പ്രകാശ് എന്നീ നേതാക്കള്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.

◾ കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്നും മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നും സുധാകരന്‍ പറഞ്ഞു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പിണറായി വിജയന്റെ കൈ നക്കിയത് കൊണ്ടാണ് ബിജെപിക്കെതിരായ കള്ളപ്പണക്കേസ് ഒതുക്കിയതെന്നും സിപിഎം സര്‍വ്വനാശത്തിലേക്ക് പോകുകയാണെന്നും സുധാകരന്‍ പറഞ്ഞു.

◾ കേട്ടുകേള്‍വി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങള്‍ ആണ് പാലക്കാട് നടന്നതെന്ന്  കെസി വേണുഗോപാല്‍ എം.പി. ബിജെപിയുടെ തിരക്കഥയില്‍ പിണറായി വിജയന്‍ സംവിധാനം ചെയ്ത സംഭവം ആണിതെന്നും എന്ത് അടിസ്ഥാനത്തില്‍ ആണ് വനിത പോലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാന്‍ പോലീസ് തയ്യാറായതെന്നും എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താന്‍ ഉത്തരവ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

◾ ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാര്‍ട്ടികള്‍ നടത്തിയ നാടകമാണിതെന്നും കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്നും കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

◾ ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും സംഭവം അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എംബി രാജേഷ് .എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ടെന്നും എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നതെന്നും മന്ത്രി ചോദിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

◾ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തിയതെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. പണം എത്തിത്തുടങ്ങിയെന്നും കൈമാറപ്പെട്ടു തുടങ്ങിയെന്നും താന്‍ രണ്ടുദിവസം മുമ്പേതന്നെ പറഞ്ഞുവെന്നും ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ തന്റെ കൈയിലുണ്ടാവുമെന്ന് ഓര്‍ക്കണമെന്നും സരിന്‍ പറഞ്ഞു.

◾ പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം - ബിജെപി ഡീലിന്റെ  തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

◾ ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായിപോലീസ് ഏറ്റെടുത്തെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍. പാലക്കാട്ടെ പാതിരാ റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

◾ ഷാഫിയുടെ നേതൃത്വത്തില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പാലക്കാട്ടെ ഹോട്ടലില്‍ എല്ലാ മുറികളിലും പരിശോധന നടത്താതിരുന്നതില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തി. പണം എത്തിച്ചത് കണ്ട ദൃക്‌സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്പദമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.

◾ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പൊലീസ് പരിശോധനയില്‍ പ്രതികരിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. കളളപ്പണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയതെന്നും ഹോട്ടലിലെ  സിസിടിവി എത്രയും പെട്ടെന്ന് പരിശോധിക്കണമെന്നും ഇ.എന്‍ സുരേഷ് ബാബു ആവശ്യപ്പെട്ടു.

◾ പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് നടത്തിയ  പരിശോധനയ്ക്ക് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി . ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.

◾ പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം നാടകം കളിക്കുകയായിരുന്നു എന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത് അപ്പോള്‍ ആരെയും കണ്ടില്ല.  പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരെയും വിളിച്ചുവരുത്തി സീന്‍ ഉണ്ടാക്കിയെന്നും അതിന്റെ മറവില്‍ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍  രാത്രി പൊലീസെത്തിയത് സിപിഎം നിര്‍ദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പില്‍. ബിജെപിക്കാര്‍ അവര്‍ക്കൊപ്പം സംഘനൃത്തം കളിക്കാന്‍ വന്നു. ഒന്നും കിട്ടിയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്നതില്‍ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞുവെന്നും വ്യാജരേഖയുണ്ടാക്കിയെന്നും 2.40 ന് ശേഷം വന്ന ആര്‍ഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയില്‍ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ പാലക്കാട് പൊലീസിന്റെ പാതിരാ പരിശോധനയില്‍ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം  പറഞ്ഞു.

◾ മറ്റുള്ളവര്‍ക്കില്ലാത്ത എന്ത് സ്വകാര്യതയാണ് ഷാനിമോള്‍ ഉസ്മാനെന്ന് എ.എ. റഹീം എം.പി. ബിന്ദു കൃഷ്ണ വനിതാ പോലീസ് ഇല്ലാതെതന്നെ മുറി തുറുന്നുകൊടുത്തിരുന്നുവെന്നും എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ അതിന് സമ്മതിച്ചില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പോലീസിന്റെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയതെന്നും എ.എ റഹീം പറഞ്ഞു.

◾ പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധനയെ വിമര്‍ശിച്ച് ഷാനിമോള്‍ ഉസ്മാന്‍. പൊലീസ് രാത്രി ആദ്യം വന്നപ്പോള്‍ താന്‍ തടഞ്ഞുവെന്നും തന്റെ സ്ത്രീയെന്ന സ്വത്വ ബോധം ചോദ്യം ചെയ്യപ്പെട്ടുവെന്നും പറഞ്ഞ അവര്‍ എഎ റഹീമിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു.സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച് നിന്ന് പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോള്‍ ആരോപിച്ചു.

◾ പാതിരാത്രിയിലെ പൊലീസ് പരിശോധന വലിയ നടുക്കമുണ്ടാക്കിയെന്നും പൊലീസ് യാതൊരു മര്യാദയും കാണിക്കാതെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ്  ബിന്ദു കൃഷ്ണ  പറഞ്ഞു. പൊലീസ് അങ്ങേയറ്റം അപമാനിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.

◾ പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വനിത കമ്മീഷന് പരാതി. മഹിളാ കോണ്‍ഗ്രസ് ആണ് വനിത കമ്മീഷന് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള്‍ ഉസ്മാനും എതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

◾ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നല്‍കിയ വിശദീകരണങ്ങളില്‍  വൈരുധ്യം. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ എസിപിയുടെ വിശദീകരണം.  പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് എസ്പി  വിശദീകരിച്ചു.

◾ ഇടതുപക്ഷ ഐക്യത്തിന് സി.പി.ഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം സി.പി.ഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക സിപിഎമ്മിന് ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേരളം കഴിഞ്ഞാല്‍ സി.പി.എം നേക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയായ സി.പി.ഐ യെയാണ് സി.പി.എം അവലോകന റിപ്പോര്‍ട്ടിലൂടെ അധിക്ഷേപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

◾ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നിര്‍ണായക വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നാല് പേരാണ് അപകടത്തില്‍ ഇതുവരെ മരിച്ചത്. 30 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

◾ ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടില്‍ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണo . ഇരുമുടികെട്ടില്‍ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന് കത്തയച്ചു.

◾ വധശ്രമ കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിന്‍ഷാദ്  പൂജപ്പുര സെന്‍ട്രല്‍  ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പ്രകോപനമൊന്നുമില്ലാതെ ഇയാള്‍ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

◾ ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

◾ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ശ്രദ്ധനേടി ഇന്‍ക്ലൂസീവ് കായിക ഇനങ്ങള്‍. 14 ജില്ലകളില്‍ നിന്നായി 1600ലേറെ കായികതാരങ്ങളാണ് സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ മാറ്റുരച്ചത്. കാഴ്ച പരിമിതര്‍ക്കുള്ള 100 മീറ്റര്‍ ഓട്ടം, 4x100 മീറ്റര്‍ മിക്‌സഡ് റിലേ, മിക്‌സഡ് സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്, മിക്‌സഡ് സ്റ്റാന്‍ഡിംഗ് ത്രോ,   ഹാന്‍ഡ്‌ബോള്‍, മിക്‌സഡ് ബാഡ്മിന്റന്‍ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍.

◾ മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

◾ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാന്‍ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ ആനപ്രേമികള്‍ക്കിടയില്‍ സൂപ്പര്‍ താര പരിവേഷമുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

◾ പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടില്‍ ടെന്നിസണ്‍, പിതാവ് എ ഡി സണ്ണി എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഡയറക്ടര്‍, ചികിത്സ നടത്തിയ ഡോക്ടര്‍ എന്നിവര്‍ക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

◾ തെലങ്കാനയിലെ ഡയപ്പര്‍ നിര്‍മാണ ഫാക്ടറില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രിയാണ് രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും ആളപായമോ പരിക്കുകളോ ഇല്ലെന്ന് അഗ്‌നിശമന സേന അറിയിച്ചു.

◾ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. 7500 കിലോയില്‍ കുറഞ്ഞ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളാണ് എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മറ്റ് രേഖകള്‍ കൂടാതെ ഓടിക്കാന്‍ സാധിക്കുക.

◾ ബാരാമതിക്ക് ഉപമുഖ്യമന്ത്രി അജിത് പവാര്‍ നല്‍കിയ സംഭാവനകളെ അംഗീകരിച്ച എന്‍.സി.പി. നേതാവ് ശരദ് പവാര്‍, ഈ മേഖലയുടെ വികസനത്തിന് ഒരു പുതിയ നേതൃത്വം ആവശ്യമാണെന്ന് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരേ മത്സരിക്കുന്ന സഹോദരപുത്രന്‍ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

◾ പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച്  പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സിം കാര്‍ഡിന്റെ സഹായമില്ലാതെ ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം കമ്പനി പരീക്ഷിക്കുന്നത്.

◾ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്നത് 4,140 പേര്‍. 2,938 പേര്‍ പത്രിക പിന്‍വലിച്ചു. 2019-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 3,239 പേരായിരുന്നു. ഇത്തവണ 28 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.

◾ രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തില്‍ നിന്ന് കാണാതായത് 20ലേറെ കടുവകളെന്ന് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി കടുവകളെ നിരീക്ഷിച്ചതിന് പിന്നാലെയാണ് കടുവകള്‍ കാണാതായെന്ന് വ്യക്തമായതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മൂന്നംഗ കമ്മിറ്റിക്ക് അന്വേഷണ ചുമതല നല്‍കി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സെര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ചേര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

◾ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 84.23 രൂപ എന്ന തലത്തിലേക്കാണ് മൂല്യം താഴ്ന്നത്. നിലവില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അമേരിക്കന്‍ തെരഞ്ഞെടുപ്പും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും രൂപയെ ബാധിച്ചിട്ടുണ്ട്. 2025ല്‍ പലിശനിരക്കില്‍ 100 ബേസിക് പോയിന്റിന്റെ വരെ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് രൂപ രണ്ടു പൈസയുടെ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. 84.09 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെയാണ് 14 പൈസ ഇടിഞ്ഞത്.

◾ സിം കാര്‍ഡിന്റെ സഹായമില്ലാതെ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനുമുള്ള പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡയറക്ട് ടു ഡിവൈസ് എന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ- ഭൗമ മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്ത കണക്ടിവിറ്റി നല്‍കുന്നുവെന്നാണ് ബി.എസ്.എന്‍.എല്‍ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്ന് ഡി2ഡി ടെക്നോളജിയുടെ പരീക്ഷണം ബി.സ്.എന്‍.എല്‍ പൂര്‍ത്തിയാക്കി. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ മുതല്‍ കാറുകള്‍ വരെ ഉപഗ്രഹ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനാകുമെന്ന് വിയാസാറ്റ പറയുന്നു. വിദൂരസ്ഥലങ്ങളിലും  നെറ്റ്വര്‍ക്ക് കുറവുള്ളിടങ്ങളിലും പോലും തടസരഹിതമായി ആശയ വിനിമയം സാധ്യമാക്കാന്‍ ഇതു വഴി സാധിക്കും. ഭാവിയില്‍, ദുരന്തങ്ങള്‍ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ഭയാനകമായ സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള ഭാവി വാഗ്ദാനമാണ് ഡി2ഡി സാങ്കേതികവിദ്യ നല്‍കുന്നത്. സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായി ശ്രമം നടത്തുന്നുണ്ട്.

◾ ഇന്ത്യന്‍ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. രാമായണയില്‍ സായ് പല്ലവി സീതയായി എത്തുമ്പോള്‍ രാമനായി അഭിനയിക്കുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. രാവണനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം യാഷും. അടുത്തിടെ ആണ് രാവണനായി താന്‍ എത്തുന്ന കാര്യം യാഷ് സ്ഥിരീകരിച്ചത്. ഒരു നടനെന്ന നിലയില്‍ അഭിനയിക്കാന്‍ ഏറ്റവും ആവേശകരമായ കഥാപാത്രമാണ് രാവണനെന്നും ആ വേഷമാകാന്‍ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ആയിരുന്നു യാഷ് മുന്‍പ് പറഞ്ഞത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ 'ഹനുമാനെ' അവതരിപ്പിക്കുന്നത്. 700 കോടിയാണ് രാമായണയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഭീഷണന്റെ വേഷം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ വിജയ് സേതുപതിയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

◾ ബിന്ദു പണിക്കര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജമീലാന്റെ പൂവന്‍കോഴി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സാമൂഹിക പ്രശ്‌നങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം, പ്രേക്ഷകന് ചിരിവിരുന്നൊരുക്കുമെന്ന് ഉറപ്പാണ്. ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്‌നങ്ങളിലേക്കും നീളുന്നതാണെന്ന് അണിയറക്കാര്‍ പറയുന്നു. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അലീഷ, നൗഷാദ് ബക്കര്‍, അഷ്‌റഫ് ഗുരുക്കള്‍, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

◾  അഡ്വഞ്ചര്‍ ബൈക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹീറോ മോട്ടോര്‍ കോര്‍പ്പ് പുതിയ ബൈക്ക് അവതരിപ്പിച്ചു. എക്സ്പള്‍സ് 200ന്റെ പരിഷ്‌കരിച്ച പതിപ്പായ എക്സ്പള്‍സ് 210 ആണ് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2024 എയ്ക്മ മോട്ടോഷോയില്‍ അവതരിപ്പിച്ചത്. കാഴ്ചയില്‍ എക്സ്പള്‍സ് 200ല്‍ നിന്ന് കാര്യമായ വ്യത്യാസം തോന്നില്ലെങ്കിലും എന്‍ജിനിലാണ് പ്രധാനമായി വ്യത്യാസം. 210 സിസി ലിക്വിഡ്- കൂള്‍ഡ് സിംഗിള്‍- സിലിണ്ടര്‍ എന്‍ജിന്‍ ആണ് എക്സ്പള്‍സ് 210ന് കരുത്തുപകരുന്നത്. എക്സ്പള്‍സ് 200ല്‍ എയര്‍/ ഓയില്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഹീറോയുടെ കരിസ്മ എക്സ്എംആറില്‍ നിന്നാണ് എക്സ്പള്‍സ് 210 എന്‍ജിന്‍ കടമെടുത്തിരിക്കുന്നത്. എക്സ്പള്‍സിലെ 210 സിസി എന്‍ജിന്‍ 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍ക്യൂവുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കാഴ്ചയില്‍ എക്സ്പള്‍സ് 200 ഉം എക്സ്പള്‍സ് 210 ഉം തമ്മില്‍ നിരവധി സമാനതകളുണ്ട്. എക്സ്പള്‍സ് 210 സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. എക്സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. 210ന് വില കൂടും.

◾ കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്...! മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും... കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ. 'ഓര്‍മ്മയിലെ  കടുംകാപ്പി'. നിമ്മി പി ആര്‍. ഗ്രീന്‍ ബുക്‌സ്. വില 94 രൂപ.

◾ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് നിശബ്ദ നിര്‍ജ്ജലീകരണം. ശരീരം സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം നഷ്ടപ്പെടുമ്പോഴാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല. മാത്രമല്ല തങ്ങള്‍ നിര്‍ജ്ജലീകരണം നേരിടുന്നുവെന്ന് പോലും തിരിച്ചറിയാറില്ല. അമിതമായ വിയര്‍പ്പ്, വയറിളക്കം, ഛര്‍ദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങള്‍ കാരണം ഇത് സംഭവിക്കാം. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോള്‍, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകള്‍ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഇതിന്റെ അഭാവം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. നീര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ വളരെ സൂഷ്മമായതുകൊണ്ട് തന്നെ ഇവ തിരിച്ചറിയുക പ്രയാസമാണ്. ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍. ചില കഠിനമായ കേസുകളില്‍ നിര്‍ജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്ക്ക് കാരണമാകും. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ ഇത് ആരെയും ബാധിക്കാം എന്നതാണ് നിശബ്ദ നിര്‍ജ്ജലീകരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. പനി, ജലദോഷം ഉള്ളപ്പോള്‍ ഓരോ 15 മിനിറ്റിലും ഇലക്ട്രോലൈറ്റുകളും കലോറിയും അടങ്ങിയ ദ്രാവകങ്ങള്‍ (ഒആര്‍എസ് പോലുള്ളവ) കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. വെള്ളം മാത്രം കുടിക്കുന്നതിന് പകരം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ ദ്രാവകം കുടിക്കുന്നത് പേശി വേദനയും മലബന്ധവും കുറയ്ക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.24, പൗണ്ട് - 108.54. യൂറോ - 90.58, സ്വിസ് ഫ്രാങ്ക് - 96.44, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.22, ബഹറിന്‍ ദിനാര്‍ - 223.55, കുവൈത്ത് ദിനാര്‍ -274.48, ഒമാനി റിയാല്‍ - 218.79, സൗദി റിയാല്‍ - 22.42, യു.എ.ഇ ദിര്‍ഹം - 22.93, ഖത്തര്‍ റിയാല്‍ - 23.14, കനേഡിയന്‍ ഡോളര്‍ - 60.56.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right