എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുകയും അവ സംസ്കരിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച കേന്ദ്രം ജനവാസ മേഖലയിൽ നിന്നും മാറ്റി അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പുനസ്ഥാപിക്കണമെന്ന് എസ്‌ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കിഴക്കോത്ത് പതിനാലാം വാർഡിലെ കണ്ടൽമീത്തൽ പ്രദേശത്താണ് ജനവാസ മേഖലയിൽ പൊതുജന ആരോഗ്യത്തിനും, സ്വൈര്യ ജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രീതിയിൽ ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കേന്ദ്രം തുടങ്ങിയത്. പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങളുടെ താല്പര്യങ്ങളാണ് ഈ ജനവിരുദ്ധ നീക്കത്തിന് പിന്നിലെന്നും സർക്കാർ മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് കേന്ദ്രം ആരംഭിച്ചതെന്നും യോഗം വിലയിരുത്തി.
എസ്‌ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊന്തളത്ത് റസാഖ് മാസ്റ്റർ യോഗത്തിൽ അധ്യക്ഷനായി. മോൻടി അബൂബക്കർ, സമദ് വട്ടോളി,അബ്ദുള്ള.പി,റൗഫ് സി.കെ,മൂസ പി.പി. വിനീത് വി എം . ഷംസു എം.കെ. സമദ്. വി. എം തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS