കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒരു മനോഹരമായ കാഴ്ചയാണ് ചായ മക്കാനി സ്റ്റാൾ. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച ഈ സംരംഭം, ഒരു ചായക്കടയ്ക്കപ്പുറം ഒരു നല്ല ഉദ്ദേശ്യം വഹിക്കുന്നു.
വിശപ്പും ദാഹവും മാറ്റി, ജീവിതങ്ങൾ മാറ്റുന്നു
വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരങ്ങളും തൽസമയം പാകം ചെയ്ത ചായയുമാണ് ചായ മക്കാനിയിൽ വിൽക്കുന്നത്. ഈ ചെറിയ കടയിൽ നിന്നും ലഭിക്കുന്ന പണം, സ്കൂളിലെ വർഷാന്തര പദ്ധതിയായ 'സഹപാഠിക്കൊരു ഭവനം' എന്ന പദ്ധതിയിലേക്ക് നൽകുന്നു.
സഹപാഠിക്കൊരു ഭവനം
സഹപാഠിക്കൊരു ഭവനം' എന്ന പദ്ധതിയുടെ ഉദ്ദേശം ഏറെ ശ്രദ്ധേയമാണ്..... ഈ പദ്ധതിയിലൂടെ, സ്കൂളിലെ വീടില്ലാത്ത ഒരു വിദ്യാർത്ഥിയെ തിരഞ്ഞെടുത്ത് അവർക്ക് ഒരു വീട് വെച്ചുകൊടുക്കുന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ എല്ലാവരും ചേർന്ന് ഈ പദ്ധതിയിൽ പങ്കെടുക്കുന്നു.
ചായ മക്കാനി എന്നത് കേവലം ഒരു ചായക്കടയല്ല. അത് കരുണയുടെയും സഹായത്തിന്റെയും ഒരു പ്രതീകമാണ്. ചെറിയ കൈകളും വലിയ ഹൃദയങ്ങളും ചേർന്ന് ഒരു മനുഷ്യന്റെ ജീവിതം മാറ്റുന്ന ഈ പ്രവർത്തി, നമുക്കെല്ലാവർക്കും പ്രചോദനമാകുന്നു.
✒ ഇഷ ഫാത്തിമ
Tags:
KODUVALLY