29-10-2024
◾ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ കീഴടങ്ങി. പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് കസ്റ്റഡിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ ചോദ്യം ചെയ്യുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എവിടെ വെച്ചാണ് പി പി ദിവ്യ കീഴടങ്ങിയത് എന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി നിഷേധിച്ചതോടെയാണ് ദിവ്യ കീഴടങ്ങിയത്.
◾ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.
◾ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞിരുന്നു. ഏത് സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതെന്ന് പരിശോധിക്കുമെന്നും ഉത്തരവിലെ കോടതിയുടെ പരാമര്‍ശങ്ങളും നോക്കുമെന്നും അതിനുശേഷമാകും അപ്പീല്‍ പോകുന്നതിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം ഉത്തരവിന്റെ പകര്‍പ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു.
◾ പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. വിധിയില്‍ സന്തോഷമല്ല, ആശ്വാസമാണെന്നും മഞ്ജുഷ പറഞ്ഞു.
◾ പിപി ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമൊന്നും നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പൊലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.. വിഷയത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സര്‍ക്കാര്‍ മറ്റ് നിര്‍ദ്ദേശം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷേ തള്ളിയതോടെ പൊലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും ഒളിവില്‍ കഴിയാന്‍ സഹായിച്ച എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയാല്‍ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീന്‍ ബാബുവിന്റെ വിഷയത്തില്‍ ഒറ്റ നിലപാടേയുളളു പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
◾ പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം. കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാര്‍ച്ച് നടത്തി.
◾ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ 8 പേരുടെ നില ഗുരുതരം. ആകെ 154 പേര്‍ക്ക് പരുക്കുണ്ട്. പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മിംസ് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവരാണ് ഗുരുതരനിലയിലുള്ളത്.
◾ കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 8 പേര്‍ക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാള്‍ക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.
◾ കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ക്ഷേത്ര പരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായും തര്‍ക്കമുണ്ടായി. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ഇത് മറച്ചുവെക്കാന്‍ വേണ്ടിയാണ് ക്ഷേത്ര ഭാരവാഹികളുടെ മുകളില്‍ വീഴ്ച ആരോപിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, അപകടം നടന്നയുടനെ ഇത്തരം ആരോപണങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ് സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
◾ നീലേശ്വരം അപകടത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. പൊട്ടിത്തെറിയില്‍ വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇത്രയധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയില്‍ മുന്‍കരുതലെടുക്കണമായിരുന്നുവെന്നും എം പി പറഞ്ഞു.
◾ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പൂരം ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നതെന്നും എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും വെള്ളാപ്പള്ളി നടേശന്‍ സന്ദര്‍ശനാനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രമ്യ ആദ്യമായിട്ട് അല്ലല്ലോ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതെന്നും ഇപ്പോള്‍ മാത്രം തന്നെ കാണണമെന്ന ആവശ്യം എന്താണെന്നും അവര്‍ക്ക് തോന്നുമ്പോള്‍ കാണുകയും അല്ലാത്തപ്പോള്‍ കാണാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനോട് വിരോധം ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് പരിചയമില്ലാത്ത ആളാണെന്നും താന്‍ ഇപ്പോള്‍ കൊല്ലത്ത് ആണെന്നും പിന്നീട് ആലോചിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
◾ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുരുങ്ങിയത് 25 എംഎല്‍എമാരെ എങ്കിലും ബിജെപിക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാമെന്നും ആ ടീമിനകത്തേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള വമ്പന്‍ സ്രാവുകളെ ഞങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
◾ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടന്‍ നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരോ കോളേജിനും 40 കോടി രൂപ വരെ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
◾ അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍.
◾ കൊല്ലത്ത് ലൈസന്‍സില്ലാതെ കള്ള് വില്‍പനയ്ക്കായി സൂക്ഷിച്ച ഹോട്ടല്‍ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ച് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓലയില്‍ ഷാപ്പിലാണ് ലൈസന്‍സ് പുതുക്കാതെ അനധികൃതമായി ഇയാള്‍ കള്ള് വില്‍പ്പന നടത്തി വന്നതെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.
◾ കെഎസ്ആര്‍ടിസി യുടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നുള്ള ഉല്ലാസയാത്ര 200 ട്രിപ്പ് പൂര്‍ത്തിയാക്കി. കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ഉല്ലാസ യാത്രകള്‍ സംഘടിപ്പിച്ച ആദ്യത്തെ ഡിപ്പോയാണ് വെഞ്ഞാറമൂട്. കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനുമാണ് കെഎസ്ആര്‍ടിസി ഉല്ലാസ യാത്രകള്‍ തുടങ്ങിയത്.
◾ തൃശൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. സ്വര്‍ണ്ണാഭരണങ്ങളും വിഗ്രഹവും പണവും നഷ്ടപ്പെട്ടു. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങളും വിഗ്രഹവുമാണ് നഷ്ടപ്പെട്ടത്. ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അലമാര കുത്തി പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വര്‍ണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം.
◾ കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. രതീഷ് സ്‌കൂളിന്റെ പിടിഎ മുന്‍ പ്രസിഡന്റ് കൂടിയാണ്.
◾ ഇടുക്കി ചെമ്മണ്ണാറില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ കുട്ടിയുടെ അമ്മ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലാപതകമെന്ന് തെളിഞ്ഞിരുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിഞ്ഞതാണ് മരണ കാരണമായതെന്ന് പൊലീസ് പറയുന്നു.
◾ ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടില്‍ രവീന്ദ്രന്‍ മകന്‍ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് തള്ളിയത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാന്‍ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്തതെന്ന കേസിലാണ് നടപടി.
◾ ഓണ്‍ലൈന്‍ ഓര്‍ഡറുകളിലൂടെ തോക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഓര്‍ഡര്‍ പ്രകാരം ഒരു തോക്കുമായി പോകുന്നതിനിടെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ച് സംഘം പൊലീസിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു.
◾ ഹരിയാനയിലെ റോത്തകിന് സമീപം ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ട്രെയിനില്‍ തീ പടര്‍ന്നു .വളരെ പെട്ടന്ന് തന്നെ കംപാര്‍ട്ട്മെന്റില്‍ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. നാലില്‍ അധികം യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
◾ എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സല്‍മാന്‍ ഖാന് ഉറങ്ങാന്‍ കഴിയാറില്ലെന്ന് ബാബ സിദ്ധിഖിയുടെ മകന്‍ സഷീന്‍ വെളിപ്പെടുത്തി. സിദ്ധിഖിയും സല്‍മാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്‍സിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയി, സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ ആരെങ്കിലും സഹായിച്ചാല്‍ അവരേയും വകവരുത്തും എന്നും ലോറന്‍സ് ബിഷ്ണോയ് ഭീഷണിപ്പെടുത്തിരുന്നു.
◾ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പരസ്യ പിന്തുണ നല്‍കാനുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ നീക്കം തടഞ്ഞ് പത്രമുടമ ജെഫ് ബെസോസ്. അമേരിക്കയില്‍ വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണെന്നും പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കില്ലെങ്കിലും പത്രത്തിന് പക്ഷപാതിത്വം ഉണ്ടെന്ന് തോന്നലുണ്ടാക്കുമെന്നും ആമസോണിന്റെ ഉടമയും ബിസിനസ് മാഗ്നെറ്റ് കൂടിയായ ജെഫ് ബെസോസ് പറഞ്ഞു.
◾ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇരച്ചുകയറി പരിശോധന നടത്തിയ ഇസ്രയേല്‍ സംഘം അവിടെ നിന്ന് നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആശുപത്രിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേല്‍ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടര്‍ മാത്രമാണ് ഇപ്പോള്‍ അവിടെ അവശേഷിക്കുന്നതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സുനിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
◾ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല ഉയരത്തില്‍. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,375 രൂപയും പവന്‍ വില 480 രൂപ ഉയര്‍ന്ന് 59,000 രൂപയിലുമെത്തി. ആദ്യമായാണ് സ്വര്‍ണ വില 59,000 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,075 രൂപയിലെത്തി. രണ്ട് ദിവസമായി അനക്കമില്ലാതെ തുടര്‍ന്ന വെള്ളി ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയിലാണ് വ്യാപാരം നടത്തുന്നത്. രാജ്യന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം നീങ്ങുന്നത്. ഒക്ടോബര്‍ 23ന് ഔണ്‍സിന് 2,758 ഡോളര്‍ എന്ന സര്‍വകാല ഉയരം തൊട്ട ശേഷം താഴ്ന്ന സ്വര്‍ണ വില ഇപ്പോള്‍ വീണ്ടും കയറുകയാണ്. ഇന്ന് രാവിലെ 0.30 ശതമാനം ഉയര്‍ന്ന് വില 2,750.10 രൂപയിലേക്ക് തിരിച്ചു കയറി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,862 രൂപ ചെലവഴിക്കണം. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,900 രൂപയുമാകും.
◾ വന്‍ ഓഫറുകളുമായി ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ഒരുക്കം തുടങ്ങിയതോടെ ദീപാവലി കച്ചവടം 1.20 ലക്ഷം കോടി രൂപ വരെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണേക്കാള്‍ 20 ശതമാനം വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടായതായാണ് റെഡ് സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സിന്റെ പഠനത്തില്‍ പറയുന്നത്. ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ എന്നിവരാണ് വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുന്നത്. ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളാണ് ഇത്തവണ കൂടുതലുള്ളത്. കുറ്റമറ്റ ഡെലിവറി സേവനങ്ങള്‍ക്കായി കമ്പനികള്‍ ദീപാവലിയോടനുബന്ധിച്ച് ഒട്ടേറെ പുതിയ നിയനമങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്ളിപ് കാര്‍ട്ടില്‍ ഓര്‍ഡറുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു ലക്ഷം പേരെ നിയമിച്ചതായാണ് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉല്‍സവ സീസണിന് മുന്നോടിയായി അവര്‍ അതരിപ്പിച്ച ദി ബിഗ് ബില്യണ്‍ ഡെയ്‌സ് ഓഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഓഫറുമായാണ് മീഷോ ദീപാവലി വിപപണിയില്‍ സജീവമായത്.
◾ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ'യുടെ ട്രെയിലര്‍. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷന്‍ ഡ്രാമയാണ് മുറ. വിജയ് സേതുപതി, എസ്‌ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയന്‍ തുടങ്ങി നിരവധി താരങ്ങളാണ് മുറയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവംബര്‍ 8ന് മുറ തിയേറ്ററുകളിലേക്കെത്തും. മുറ യുടെ നേരത്തെ റിലീസ് ചെയ്ത ടീസറിനും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആയിരുന്നു. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
◾ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബര്‍ 21 ന് തിയറ്ററുകളില്‍ എത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സരിഗമ മ്യൂസിക്കിലൂടെയാണ് പാട്ടുകള്‍ എത്തുക. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ റേറ്റിംഗുള്ള വിവിധതരം എസ്യുവികള്‍ ടാറ്റയുടെ നിരയിലുണ്ടെങ്കിലും ഏറ്റവും മികച്ചത് ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവിയായ പഞ്ച് ഇവി തന്നെയാണ്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഇലക്ട്രിക് എസ്യുവി 32 പോയിന്റില്‍ 31.46 പോയിന്റും അതുപോലെ, കുട്ടികളുടെ സുരക്ഷയില്‍ ഇലക്ട്രിക് എസ്യുവി 49-ല്‍ 45 പോയിന്റുമാണ് നേടിയിരിക്കുന്നത്. ഇന്നുവരെയുള്ള ക്രാഷ് ടെസ്റ്റില്‍ ഒരു ടാറ്റ വാഹനം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സമര്‍പ്പിത പ്ലാറ്റ്ഫോമായ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് പഞ്ച് ഇവി. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നീ സുരക്ഷാ സന്നാഹങ്ങള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയാണ് വാഹനത്തെ വിപണനത്തിന് എത്തിക്കുന്നതും. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. ഒപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുും. 9.99 ലക്ഷം രൂപ മുതല്‍ 14.29 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്‌സ്‌ഷോറൂം വില വരുന്നതും.
◾ നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോള്‍ എന്നീ ചോദ്യങ്ങളുടെ ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. 'ദൈവത്തിന്റെ ആത്മകഥ'. ലെന. ഡിസി ബുക്സ്. വില 209 രൂപ.
◾ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭിക്കുന്നത്. രക്തധമനികളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഈ 5 ചുവന്ന പഴങ്ങള്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ നിറഞ്ഞ ഇവ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ശരീരവീക്കം ഒഴിവാക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കാതെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു സൂപ്പര്‍ ഫുഡ് ആണ് തക്കാളി. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് റെഡ് ബെല്‍ പെപ്പര്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി-ഓക്സിഡന്റുകള്‍ ശരീരവീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദവും കുറയ്ക്കുന്നു. ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഒഴിവാക്കും. തണ്ണിമത്തന്‍ ഒരു റീഫ്രഷിങ് ട്രീറ്റ് മാത്രമല്ല, സ്ട്രോക്ക് സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് രക്തയോട്ടം വര്‍ധിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രക്തയോട്ടത്തിന് ഇത് അനിവാര്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.08, പൗണ്ട് - 109.05. യൂറോ - 90.89, സ്വിസ് ഫ്രാങ്ക് - 97.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.15, ബഹറിന്‍ ദിനാര്‍ - 223.08, കുവൈത്ത് ദിനാര്‍ -274.19, ഒമാനി റിയാല്‍ - 218.39, സൗദി റിയാല്‍ - 22.39, യു.എ.ഇ ദിര്‍ഹം - 22.89, ഖത്തര്‍ റിയാല്‍ - 23.05, കനേഡിയന്‍ ഡോളര്‍ - 60.53.
➖➖➖➖➖➖➖➖
Tags:
KERALA