Trending

പ്രഭാത വാർത്തകൾ

2024  ഒക്ടോബർ 17  വ്യാഴം 
1200  തുലാം 1  രേവതി 
1446  റ: ആഖിർ 13
     
◾ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന പി.സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം സരിന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന നേതൃത്വവും ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. സരിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. പത്തനംതിട്ട ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെയാണ് സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ സിപിഎം, സരിന്‍ പാര്‍ട്ടിവിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന നിലപാടിലെത്തുകയായിരുന്നു.

◾ സിപിഎമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ച പി സരിനെ അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. സരിന്‍ പുറത്തു പോകുന്നെങ്കില്‍ പോകട്ടേയെന്നും സരിന് രക്തസാക്ഷി പരിവേഷം നല്‍കേണ്ടതില്ലെന്നുമാണ് കെപിസിസി നേതൃത്വം കണക്കാക്കുന്നത്. സരിന്റെ നീക്കങ്ങള്‍ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് അനുമാനിക്കുന്നത്.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും എന്നാല്‍ സീറ്റ് വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് അപേക്ഷിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പി സരിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയതുതന്നെ അച്ചടക്കലംഘനമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. സരിന്‍ പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുന്നതാണ് ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

◾ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നത്തല . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും  ചെന്നിത്തല പറഞ്ഞു.

◾ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ഇന്നും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

◾ ശബരിമല ദര്‍ശനത്തിന് 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ച് സര്‍ക്കാര്‍. അതേസമയം ശബരിമലയില്‍ പ്രതിദിനം വെര്‍ച്വല്‍ ബുക്കിംഗ് 70,000 പേര്‍ക്ക് മാത്രമാക്കി അനുവദിച്ചു. നേരത്തെ, 80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി മാത്രം ദര്‍ശനമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിലവില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

◾ തുലാമാസത്തിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി ശ്രീകോവിലില്‍ ദീപം തെളിച്ചു. പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്നാണ്. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബര്‍ 15 ന് പുതിയമേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.

◾ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു. മൃതദേഹം പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു നവീന്‍ ബാബുവെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.

◾ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പൊലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.

◾ മരിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏത് കാര്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന, അഴിമതിക്കാരന്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഒരുപാട് വര്‍ഷങ്ങളുടെ ബന്ധം നവീന്‍ ബാബുവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് എഡിഎം  ജീവനൊടുക്കിയത്. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയ കെ സുധാകരന്‍ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പെട്രോള്‍ പമ്പ് അപേക്ഷയില്‍ ദുരൂഹതയേറുന്നു. ഇമെയില്‍ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയില്‍ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം, പമ്പിന്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി.

◾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, തമിഴ്നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ്  അനുമതി നിഷേധിച്ചത്.

◾ കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം .പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയും കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.

◾ കെ റെയില്‍ വിഷയം  കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ വീണ്ടും അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

◾ തോട്ടപ്പള്ളിയില്‍ കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞുവെന്ന് നാട്ടുകാര്‍. വൈകിട്ട് 4 മണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു.സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.

◾ സംസ്ഥാനം സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം പ്ലാന്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

◾ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾ അങ്കമാലിയില്‍ ബാറിലുണ്ടായ അടിപിടിക്കിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക് മനോഹരനെ കുത്തിക്കൊന്ന കേസില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

◾ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

◾ ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായ വൈക്കോല്‍ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.  കത്തിക്കല്‍ തടയാന്‍ വായു ഗുണനിലവാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൂന്നുവര്‍ഷമായിട്ടും സംസ്ഥാനങ്ങള്‍ അവ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

◾ ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിലാണ് പാകിസ്ഥാന് എസ് ജയശങ്കര്‍ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം നില്‍ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കര്‍ പറഞ്ഞു.

◾ ബെംഗളുരുവിലെ കനത്ത മഴയില്‍ നാഗവരയിലെ ഔട്ടര്‍ റിംഗ് റോഡിലുള്ള മാന്യത ടെക് പാര്‍ക്കില്‍ വന്‍ മണ്ണിടിച്ചില്‍. മാന്യത എംബസി ബിസിനസ് പാര്‍ക്കിന്റെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്. നിര്‍മാണ സ്ഥലത്ത് മഴയായതിനാല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

◾ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാരിന്റെ നിയമ ഭേദഗതിയില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു. നവംബര്‍ 12 നകം വിശദമായ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി നടപടി.

◾ മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കെ മാരിഗൗഡ രാജി വച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടാണ് മാരിഗൗഡ രാജി സമര്‍പ്പിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ വിശദീകരണമെങ്കിലും രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്ന കാര്യം വ്യക്തമാണ്.

◾ പഞ്ചാബില്‍ ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികളാണെന്ന്  എന്‍ഐഎ. സുപ്രീം കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് എന്‍ഐഎ രംഗത്തെത്തിയിരിക്കുന്നത്.

◾ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയില്‍ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.

◾ ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.

◾ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ യോഗം നടക്കുമ്പോള്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 5 പേര്‍ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗണ്‍ മേയര്‍ കൊല്ലപ്പെട്ടത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയത്.

◾ തലകീഴായി മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂടിയ സമയത്ത് ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 140 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ നൈജീരിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചയെയായിരുന്നു അപകടം. 97 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കത്തിച്ചാരമായി.

◾ ഇന്ത്യ- ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ബെംഗളൂരുവില്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. ഉച്ചയായിട്ടും മഴ കുറയാതിരുന്നതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്നും ബെംഗളൂരുവില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 324.79 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 274.89 കോടി രൂപയേക്കാള്‍ ലാഭം 18 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 460.57 കോടി രൂപയില്‍ നിന്ന് 550.35 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 2804.07 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ ഇത് 2,484.48 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.50 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടാം പാദത്തില്‍ 1.90 ലക്ഷം കോടിയായി. വായ്പകള്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയില്‍ നിന്ന് 84,714 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 14,998 കോടി രൂപയില്‍ നിന്ന് 10.74 ശതമാനം വര്‍ധനയോടെ 16,609 കോടി രൂപയായി. ഭവന വായ്പകളില്‍ 41.94 ശതമാനവും വാഹന വായ്പകളില്‍ 18.11 ശതമാനവും വര്‍ധന രേഖപ്പെടുത്തി. നിക്ഷേപങ്ങള്‍ 97,085 കോടി രൂപയില്‍ നിന്ന് 1,05,451 കോടിയുമായി.

◾ ലുക്മാന്‍ അവറാന്‍, വീണ നായര്‍, ആശ മഠത്തില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുണ്ടന്നൂരിലെ കുത്സിതലഹള പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. കേഡര്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.  ന്യൂജെന്‍ താരങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വന്‍ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാന്‍ മടിയുള്ള ഒരു കൂട്ടം ഭര്‍ത്താന്മാരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ജെയിന്‍ ജോര്‍ജ്, സുനീഷ് സാമി, പ്രദീപ് ബാലന്‍, ദാസേട്ടന്‍ കോഴിക്കോട്, സെല്‍വരാജ്, ബേബി, മേരി, അനുരദ് പവിത്രന്‍, അധിന്‍ ഉള്ളൂര്‍, സുമിത്ര, ആദിത്യന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അക്ഷയ് അശോക്, ജിബിന്‍ കൃഷ്ണ, മുരുകന്‍ മന്ദിരം എന്നിവരുടെ വരികള്‍ക്ക് മെല്‍വിന്‍ മൈക്കിള്‍ സംഗീതം പകരുന്നു. ബെന്നി ദയാല്‍, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, അനന്യ ചക്രവര്‍ത്തി എന്നിവരാണ് ഗായകര്‍.

◾ നവാഗതനായ എന്‍ വി മനോജ് സംവിധാനം ചെയ്ത് എംജെഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്‍ട്ടിന്‍ ജോസഫ് നിര്‍മ്മിക്കുന്ന 'ഓശാന' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. പ്രണയാര്‍ദ്രമായൊരു സിനിമയാണിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിന്‍ ജോസുമാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് 123 മ്യൂസിക്സ് ആണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'യെന്ന് അണിയറക്കാര്‍ പറയുന്നു. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസമദ്, നിഴല്‍കള്‍ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായര്‍, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

◾ ബിഎംഡബ്ള്യു 2 സീരീസ് ഗ്രാന്‍ഡ് കൂപ്പെ സെഡാന്‍ സ്വന്തമാക്കി പിന്നണി ഗായകന്‍ നജീം അര്‍ഷാദ്. സ്നാപ്പെര്‍ റോക്‌സ് ബ്ലൂ മെറ്റാലിക് കളറാണ് സെഡാനായി നജീം തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 46.90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ബി എം ഡബ്ള്യു 2 സീരീസ് ഗ്രാന്‍ഡ് കൂപ്പെയുടെ 220ഡി എം സ്‌പോര്‍ട് ഡീസല്‍ വേരിയന്റ് ആണ് നജീം സ്വന്തമാക്കിയത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാര്‍ ശ്രേണിയില ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെ. എന്‍ട്രി ലവല്‍ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം. പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനു 188 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണ്. 2.0 പെട്രോള്‍ എന്‍ജിനാണെങ്കില്‍ 177 ബി എച്ച് പി ആണ് പവര്‍ 280 എന്‍ എം ടോര്‍ക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്

◾ ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഒറ്റപ്പെടലാണ്. ആളും അര്‍ത്ഥവും നിറഞ്ഞ പ്രവാസകാലം പിന്നിട്ട് തിരികെ ജന്മനാട്ടിലെത്തുമ്പോള്‍ അന്നോളം പരിചിതമല്ലാത്ത ജീവിതപരിസരങ്ങളാകും അവരെ കാത്തിരിക്കുന്നത്.പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും ഇഴചേര്‍ന്ന കണ്ണിയില്‍ താനാടിയ വേഷം അപ്രസക്തമായിരുന്നു എന്ന തിരിച്ചറിവ് ഏകാന്തതയുടെ ഉള്‍ക്കനം നിറഞ്ഞ വഴികളിലേക്കുള്ള തുടക്കമാണ്. ഇന്നലെകള്‍ക്ക് വിളനിലം നല്‍കിയ മണ്ണിലേക്കുതന്നെ വീണ്ടും മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്ന ഓരോ പ്രവാസിക്കും വേണ്ടി സമര്‍പ്പിക്കുന്ന നോവല്‍. 'മാന്ത്രിക കുതിര'. ഇന്ദുലേഖ. ഗ്രീന്‍ ബുക്സ്. വില 190 രൂപ.

◾ നമ്മുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീന്‍. മതിയായ പ്രോട്ടീന്‍ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് പേശികളുടെ തകര്‍ച്ച, ദുര്‍ബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കും. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. ശരീരത്തില്‍ പ്രോട്ടീന്റെ അഭാവം മുടിയുടെ കട്ടി കുറയാനും നഖം പൊട്ടാനും ചര്‍മം വരളാനും കാരണമാകുന്നു. ഡയറ്റില്‍ പ്രോട്ടീന്‍ ഇല്ലാത്തത് പേശികളുടെ വലുപ്പം കുറയാന്‍ കാരണമാകും. പേശികളുടെ വലിപ്പം കുറയുന്നത് നിങ്ങളുടെ ദൈനംദിനം പ്രവര്‍ത്തനത്തെ വരെ ബാധിക്കും. എത്ര കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നത് പ്രോട്ടീന്‍ അഭാവത്തിന്റെ സൂചനയാണ്. ഇത് ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കില്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണത്തോട് ആസക്തി വളര്‍ത്തും. ഇത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം തകിടംമറിക്കും. ഇത് മാനസികാവസ്ഥയെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിക്കുകയും ചെയ്യും. മുട്ട, ചിക്കന്‍, മീന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, ചീസ്, കടല, ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്. കോശങ്ങളുടെ തകരാര്‍ പരിഹരിക്കുന്നതിനും നിര്‍മിക്കുന്നതിനും പ്രോട്ടീന്‍ അനിവര്യമാണ്. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താത്തത് മുറിവുകള്‍ ഉണങ്ങുന്നത് മന്ദഗതിയിലാക്കും. മുറിവുകള്‍ ഉണങ്ങാന്‍ പതിവിലും സമയമെടുക്കുന്നത് പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്നു. ദുര്‍ബലമായ പ്രതിരോധശേഷി പ്രോട്ടീന്‍ അപര്യാപ്തതയുടെ മറ്റൊരു സൂചനയാണ്. അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ പ്രോട്ടീനുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പ്രോട്ടീനുകളുടെ കുറവ് രോഗപ്രതിരോധത്തെ ബാധിക്കുകയും ജലദോഷം പോലുള്ള അണുബാധ പതിവാകുകയും ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പോലീസിന്റെ നോട്ടപ്പുളളിയായപ്പോഴാണ് അയാള്‍ സ്വന്തം നാട് വിട്ടത്. ചെന്നെത്തിയത് സിനിമാക്കരുടെ സ്വപ്നലോകമായി ബോംബെയില്‍. സിനിമയില്‍ മുഖകാണിക്കണമെന്ന ആഗ്രഹത്തില്‍ ബോംബെയില്‍ അലഞ്ഞപ്പോഴെല്ലാം ' നിങ്ങള്‍ ഒരിക്കലും സിനിമയില്‍ വിജയിക്കില്ല' എന്നാണ് ഏറ്റവുമധികം കേട്ട ആക്ഷേപം.  മികച്ച നര്‍ത്തകനായ അയാള്‍ റാണ റേസ് എന്ന പേരില്‍ ഹെലന്റെ ഡാന്‍സ്ഗ്രൂപ്പില്‍ ചേര്‍ന്നു.  ജോലിക്കൊപ്പം അഭിനയത്തിനുളള ശ്രമവും തുടര്‍ന്നു.  ഒരു കൂട്ടുകാരന്‍ അയാളെ ഒരു ജിംനേഷ്യത്തില്‍ അംഗമാക്കി. അയാള്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യാനുളള അവസരമായിരുന്നു ആ കൂട്ടുകാരന്‍ ഉണ്ടാക്കികൊടുത്തത്.  പക്ഷേ, ഉറക്കം മിക്കപ്പോഴും ഫുഡ്പാത്തിലായിരുന്നു.  പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കയറിപ്പറ്റാനുളള ആദ്യ ശ്രമം പരാജയമായി,.  പക്ഷേ, തൊട്ടടുത്തവര്‍ഷം അയാള്‍ അവിടെ കയറിപ്പറ്റി.  മൃണാള്‍സെന്‍ തന്റെ മൃഗയ എന്ന ചിത്രത്തില്‍ അയാളെ നായകനാക്കി.  മികച്ച നടനുളള ദേശീയ അവാര്‍ഡ് ആദ്യചിത്രത്തില്‍ തന്നെ അയാള്‍ സ്വന്തമാക്കി.  പക്ഷേ, ദാരിദ്ര്യം വിട്ടുമാറിയതേയില്ല.  ഭക്ഷണം വാങ്ങിത്തന്നാല്‍ ഇന്റര്‍വ്യൂ തരാം എന്ന് പലപ്പോഴും ആ ദേശീയ അവാര്‍ഡ് ജേതാവിന് പറയേണ്ടിവന്നു.  പിന്നീട് ചെറിയ ചെറിയ റോളുകള്‍.. അങ്ങനെ ഡിസ്‌കോക്ക് പ്രാധാന്യമുളള ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ റോള്‍ അയാളെ യൂണിവേഴ്‌സല്‍ സൂപ്പര്‍സ്റ്റാര്‍ ആക്കിമാറ്റി.  ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി ഡിസ്‌കോ ഡാന്‍സര്‍ മാറി.  അങ്ങനെ 80കളിലെ സിനിമാ ലോകം ഹിന്ദിക്കാരനല്ലാത്ത ഒരാള്‍ ഭരിച്ചു.  ഇന്ത്യയിലെ ഏറ്റവും അധികം നികുതിയടക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരന്‍ മാറി. ഇന്ത്യയില്‍ സാധാരണക്കാരില്‍ ഏറ്റവുമധികം ഫാന്‍ബേസുളള നടനും അയാള്‍ തന്നെ.. ഭാരതം ഈ വര്‍ഷം പരമോന്നത ചലചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ചു.. ഇന്ത്യന്‍ സിനിമയുടെ സ്വന്തം ചക്രവര്‍ത്തിക്ക്... മിഥുന്‍ ചക്രവര്‍ത്തിക്ക്. തോല്‍ക്കാന്‍ തയ്യാറാകാതെ പൊരുതാന്‍ തീരുമാനിച്ചാല്‍ ചില ജീവിതങ്ങള്‍ ചില കഥകളായി മാറും.. ആര്‍ക്കും വിശ്വസിക്കാനാകാത്ത അവിശ്വസനീയ കഥകള്‍ - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right