Trending

സായാഹ്ന വാർത്തകൾ

 15-10-2024

◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചായിരുന്നു ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എ ഡി എമ്മിനെതിരെ  അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന.  ഇന്ന് പത്തനംതിട്ടയില്‍ എത്തേണ്ടിയിരുന്ന നവീനെ കാണാതിരുന്നതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

◾ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുന്‍പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ വെളിപ്പെടുത്തല്‍.

◾ നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗര്‍ഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്നും മരണത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി  വ്യക്തമാക്കി. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

◾ നവീന്‍ ബാബു ജീവിതത്തില്‍ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധു. നവീന്റെ ഭാര്യയും മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവീനെ കൂട്ടിക്കൊണ്ടു വരാന്‍ രാവിലെ തന്നെ പോയിരുന്നു. എന്നാല്‍, ട്രെയിനില്‍ നവീന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് നവീന്‍ കണ്ണൂരില്‍ തന്നെ ഉണ്ടെന്ന് അറിഞ്ഞതെന്ന് നവീന്റെ അമ്മാവന്‍ പറഞ്ഞു. വിരമിക്കാന്‍ 7 മാസം മാത്രം ബാക്കി നില്‍ക്കെയാണ്  എഡിഎം  അഴിമതിയാരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാറാണ്. രണ്ട് പെണ്‍മക്കളുണ്ട്.

◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണ വാര്‍ത്ത ഞെട്ടിക്കുന്നതെന്നും കൊലപാതകത്തിന് തുല്യമായ സംഭവമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകള്‍ക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീന്‍ ബാബു. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

◾ കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാര്‍ പറഞ്ഞു. കേരളത്തില്‍ ഉന്നതനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് സംസ്ഥാന ഭരണമെന്ന് ജയകുമാര്‍ കുറ്റപ്പെടുത്തി. ദിവ്യയുടെ അധികാരത്തിന്റെ ഗര്‍വ്വാണ് ഒരു ജീവന്‍ നഷ്ടമാക്കിയതെന്നും അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.

◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. .ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ കണ്ണൂര്‍ എഡിഎമ്മിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വം പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏത് ചട്ടത്തിന്റെ പിന്‍ബലത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പമ്പ് അനുമതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇടപെടാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ഒരു അഴിമതിയെ പറ്റി ബോധ്യമായാല്‍ സ്വീകരിക്കണ്ട മാര്‍ഗം ഇതാണോയെന്നും രാഹുല്‍ ചോദിച്ചു.

◾ എഡിഎമ്മിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍. ക്ഷണിക്കപ്പെടാതെ നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്നും ദിവ്യക്കെതിരെ അന്വേഷണം വേണമെന്ന് രേഖാമൂലം പാര്‍ട്ടിക്ക്  കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

◾ പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിന്റെ ആരോപണം. പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും ആ പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് പറഞ്ഞു.

◾ ശബരിമല സ്‌പോട്ട് ബുക്കിങ്ങ് വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീര്‍ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

◾ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് കണ്ടെത്തലുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി. സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വാദം തള്ളുന്ന റിപ്പോര്‍ട്ടില്‍ കൂടിക്കാഴ്ച സര്‍വ്വീസ് നേട്ടങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ചട്ടലംഘനമാണെന്നും വിമര്‍ശിക്കുന്നു. നിയമസഭയില്‍ വെച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ മാമി തിരോധാന കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍ അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായി അന്‍വര്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും അന്‍വറിന്റെ ബാക്കി ആരോപണങ്ങള്‍ തെളിവുകളില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

◾ തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍. സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 

◾ സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ച്  തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

◾ സിപിഎം മുന്‍ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. 28 വര്‍ഷം മുന്‍പുള്ള പാര്‍ട്ടി നടപടിയിലാണ് മുതിര്‍ന്ന നേതാവിന്റെ തുറന്നു പറച്ചില്‍. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടിജെ ആഞ്ചലോസ്.

◾ പറവൂര്‍  വടക്കേക്കരയില്‍ കടബാധ്യതയെ തുടര്‍ന്ന് സ്വകാര്യ ഫിനാന്‍സ്  സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യയുടെ കടം പൂര്‍ണമായും അടച്ചുതീര്‍ത്ത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. എട്ട് ലക്ഷം രൂപയെന്നത് മണപ്പുറം ഫിനാന്‍സ് നാല് ലക്ഷമായി കുറച്ചുനല്‍കി.  ധനകാര്യസ്ഥാപനത്തില്‍ നിന്ന് വീടിന്റെ രേഖകകള്‍ ഉടന്‍ സന്ധ്യക്ക് കൈമാറും.

◾ മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂര്‍ തവള കവലയില്‍ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയില്‍ അസം സ്വദേശി ബാബുല്‍ ഹുസൈന്റെ മൃതദേഹം വീടിന്റെ ടെറസിന് മുകളില്‍ കണ്ടെത്തിയത്.

◾ കാനഡയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്ക് എതിരെ രംഗത്തെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.  സിഖ് സമൂഹത്തിന് കാനഡയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 7.7 ലക്ഷത്തിലധികം സിഖുകാര്‍് കാനഡയിലുണ്ട്. ഇവരില്‍ തന്നെ ഒരു വിഭാഗം ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ തന്നെ 2025ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാനെ കൂടെ നിര്‍ത്തുക എന്നത് ട്രൂഡോയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് പാകിസ്ഥാനിലെത്തും. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാനില്‍ എത്തുന്നത്. എന്നാല്‍ പാകിസ്ഥാന്‍ പ്രതിനിധികളുമായി പ്രത്യേക ചര്‍ച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഇന്ന് രാത്രി പാകിസ്ഥാന്‍ പ്രധാനമന്ത്രി നല്‍കുന്ന വിരുന്നില്‍ വിദേശകാര്യ മന്ത്രിയും പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം.

◾ ഇന്നും നാളെയുമായി ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ  23-ാമത് യോഗം നടക്കുന്നതിനാല്‍ തലസ്ഥാനത്ത് പാക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്  ഡൗണ്‍  പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയും വിന്യസിച്ചു .

◾ ഡെറാഡൂണ്‍-തനക്പൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് ഖത്തിമ റെയില്‍വേ സ്റ്റേഷന്‍ പിന്നിടുമ്പോള്‍ പാളത്തില്‍ 15 മീറ്റര്‍ നീളമുള്ള ഹൈ-വോള്‍ട്ടേജ് വയര്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 15 മീറ്റര്‍ നീളമുള്ള വയറാണ് കണ്ടെത്തിയത്. ഇത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി.

◾ ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  ഇസ്രായേലിലേയ്ക്ക് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും സൈനികരെയും അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.  

◾ രാജ്യത്തെ വമ്പന്‍ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് ഒരുങ്ങി ജപ്പാനിലെ ടോക്കിയോ മെട്രോ. ഐ.പി.ഒയിലൂടെ 348.6 ബില്യണ്‍ യെന്‍ (230 കോടി ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജപ്പാനില്‍ നടക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയായിരിക്കും ഇത്. 2018ല്‍ നടന്ന സോഫ്റ്റ് ബാങ്കിന്റെ ഐ.പി.ഒയാണ് ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ ഐ.പി.ഒ. ഓഹരി ഒന്നിന് 1,200 യെന്‍ വീതമാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ടോക്കിയോ മെട്രോയുടെ ഓഹരികള്‍ ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും. ജപ്പാനില്‍ ഈ വര്‍ഷം ഇതു വരെ 160 കോടി ഡോളറിന്റെ ഐ.പി.ഒകളാണ് നടന്നത്. ടോക്കിയോ മെട്രോ കൂടി ലിസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ 2023ല്‍ സമാഹരിച്ച 440 കോടി ഡോളറിന് അടുത്ത് വരും മൊത്തം സമാഹരണം. 2004ലാണ് ടോക്കിയോ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. നാല് സ്ഥലങ്ങളിലേക്കായി പ്രതിദിനം 65.2 ലക്ഷം യാത്രക്കാരെ വഹിക്കുന്നു.

◾ വീഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് 'ബള്‍ബ്' ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും. ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്. വിന്‍ഡോസ് വാട്സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു.

◾ അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ആനന്ദ് ശ്രീബാല'. സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. അഭിലാഷ് പിള്ളയാണ് രചന നിര്‍വഹിക്കുന്നത്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നൊരുക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

◾ പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകന്‍ ടാന്‍സനും പ്രശസ്ത പിന്നണി ഗായകന്‍ പി ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണയും ആദ്യമായി ഒന്നിക്കുന്നു. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പുതു തലമുറ ഒന്നിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ബേണിയും മകന്‍ ടാന്‍സനും ചേര്‍ന്ന് സംഗീതം പകര്‍ന്ന ഗാനം, വസുദേവ് കൃഷ്ണയാണ് ആലപിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദന്‍ നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതുമുഖ നായിക ദില്‍ന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ്.

◾ ചെന്നൈ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പായ റാപ്റ്റീ ഡോട്ട് എച്ച്വി തങ്ങളുടെ ആദ്യത്തെ ഉയര്‍ന്ന വോള്‍ട്ടേജ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ടി 30 ഔദ്യോഗികമായി പുറത്തിറക്കി. 2.39 ലക്ഷം രൂപയാണ് പ്രാരംഭ  എക്‌സ് ഷോറൂം വില. വെള്ള, ചുവപ്പ്, ചാര, കറുപ്പ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഇത് തിരഞ്ഞെടുക്കാം. 1000 രൂപയ്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ബെംഗളൂരുവിലും ചെന്നൈയിലും ബൈക്കുകളുടെ ആദ്യഘട്ട ഡെലിവറി അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കും. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ഹൈ-വോള്‍ട്ടേജ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്ക് യൂണിവേഴ്‌സല്‍ ചാര്‍ജിംഗ് സംവിധാനത്തോടെ വരുന്ന രാജ്യത്തെ ആദ്യത്തെ മോഡലാണ്. രൂപത്തിലും ഡിസൈനിലും സ്പോര്‍ട്സ് ബൈക്കിന് സമാനമാണിത്. 5.4 കിലോവാട്ട്അവര്‍ ശേഷിയുള്ള 240 വോള്‍ട്ട് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ചുമായി ഇത് വരുന്നു. ഈ ബൈക്കിന്റെ ഇലക്ട്രിക് മോട്ടോര്‍ 30 ബിഎച്ച്പി പവറിനും 70 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കിനും തുല്യമായ 22 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു.

◾ സ്വന്തം കവിതകളെക്കുറിച്ച് മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍. ബലിദര്‍ശനം, പണ്ടത്തെ മേശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്‍, കണ്ടവരുണ്ടോ, പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്‍ എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും. ഈ കവിതകളുടെ രചനയിലേക്ക് നയിച്ച സാഹചര്യങ്ങളും രചനാവഴികളും കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു. കല്പറ്റ നാരായണന്റെ അവതാരികയും ആത്മാരാമന്റെ പഠനവും. കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകം. 'അക്കിത്തത്തിന്റെ ഉറവുകള്‍'. എഡിറ്റര്‍ - എം. ശ്രീഹര്‍ഷന്‍. മാതൃഭൂമി. വില 246 രൂപ.

◾ ഭക്ഷണത്തിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധനായ അലന്‍ ആരഗൊണ്‍ പറയുന്നു. വാട്ടര്‍ ബിഫോര്‍ മീല്‍ ട്രിക് എന്നാണ് ആ ടെക്‌നിക് അറിയപ്പെടുന്നത്. 12 ആഴ്ച കൊണ്ട് ഇത്തരത്തില്‍ പൊണ്ണത്തടി ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ജലാംശം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി എടുക്കുന്നത് കുറയ്ക്കാനും സഹായിക്കും. കലോറി എടുക്കുന്നത് നിയന്ത്രിക്കുകയാണ് വാട്ടര്‍ ട്രിക് ടെക്നിക്കിലൂടെ ചെയ്യുന്നത്. ഇതിലൂടെ അമിതമായ ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും നാല് സ്റ്റെപ്പുകളാണ് വാട്ടര്‍ ട്രിക്കിലുള്ളത്. ഭക്ഷണം കഴിക്കുന്നതിന് ഏതാണ്ട് 20 മിനിറ്റ് മുന്‍പ് രണ്ട് ഗ്ലാസ് (500 - 1000 മില്ലിലിറ്റല്‍) കുടിക്കുക. ഭക്ഷണം സമയമെടുത്ത് നന്നായി ചവച്ച് കഴിക്കുക. ഇതിനൊപ്പം ഇടയ്ക്ക് വെള്ളം കുടിക്കുന്നത് പെട്ടെന്ന് വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണം വേണം ആദ്യം കഴിക്കാന്‍. കൂടുതലുള്ളത് അവസാനവും. വയറു നിറഞ്ഞതായി സംതൃപ്തി ഉണ്ടാകുന്നതിന് ഓരോ തവണ ഭക്ഷണം കഴിക്കുന്നതിനിടെയും സമയം അനുവദിക്കുക. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. ശരിയായ ജീവിതശൈലി കൂടി പിന്തുടരുമ്പോഴാണ് ഈ ടെക്‌നിക് പ്രാവര്‍ത്തികമാവുകയെന്നും വിദഗ്ധര്‍ പറയുന്നു. പ്രായമായവര്‍ ഇത് പിന്തുടരുന്നത് ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുന്നത് പ്രായമായവരില്‍ വിശപ്പ് കുറയ്ക്കുകയും ഇത് പോഷകമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.06, പൗണ്ട് - 109.90. യൂറോ - 91.70, സ്വിസ് ഫ്രാങ്ക് - 97.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.43, ബഹറിന്‍ ദിനാര്‍ - 223.05, കുവൈത്ത് ദിനാര്‍ -274.13, ഒമാനി റിയാല്‍ - 218.37, സൗദി റിയാല്‍ - 22.39, യു.എ.ഇ ദിര്‍ഹം - 22.89, ഖത്തര്‍ റിയാല്‍ - 23.03, കനേഡിയന്‍ ഡോളര്‍ - 60.89.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right