താമരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾക്ക് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ കാണാനും അവിടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വയനാട് ജില്ലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രവും അനുബന്ധ സ്‌ഥാപനങ്ങളും കാരാപ്പുഴ അണക്കെട്ടും സന്ദർശിച്ചു.
വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ ഡീൻ ഡോ. എസ് മായ, ഡോ. അഞ്ജലി എസ് ബാബു, ഹർഷദ് പത്കി സുധീർ, ഡോ. റോഷിൻ ആനി ജോസ്, ഡോ. കെ പി അഭിൻ രാജ്, ഡോ.സിന്ധു കെ രാജൻ, മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഡോ. വി ശ്രീറാം, എ എം അച്ചുത്, കെ എസ് അനീന എന്നിവർ ക്ലാസ്സുകൾ നൽകി.
വിവിധ ഇനം ജന്തുക്കളുടെ അസ്ഥികൂടങ്ങൾ, ഇന്ത്യയിൽ ഉടലെടുത്തതും അല്ലാത്തതുമായ ജന്തുക്കളുടെ വൈവിധ്യങ്ങൾ, മൃഗ ചികിത്സാ രീതികൾ, മൃഗങ്ങളുടെ പോസ്റ്റ്മോർട്ടം, വിവിധതരം ചെടികളുടെ വൈവിധ്യങ്ങൾ എന്നിവ നേരിൽ കാണാനുള്ള അവസരം ഉണ്ടായി. നൂതന ഗവേഷണ സാധ്യതകളും വിദ്യാർത്ഥികൾക്ക് അത്തരം മേഖലകളിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ നേടിയെടുക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങളും ലഭിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ല കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്റെ നേതൃത്വത്തിൽ അൻപതോളം പേരാണ് പഠന യാത്രയിൽ പങ്കെടുത്തത്. അധ്യാപകരായ എ വി മുഹമ്മദ്, ടി പി മുഹമ്മദ് ബഷീർ, എം ജിസാന, സി പി നീന, എം സജ്ന എന്നിവർ അനുഗമിച്ചു.
Tags:
EDUCATION