Trending

സായാഹ്ന വാർത്തകൾ

07-10-2024

◾ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് ഇന്ന് സഭയിലുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച 12 മണിക്ക് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും വന്‍ ബഹളമായതോടെ സഭ പിരിഞ്ഞു. 

◾ നിയമസഭയില്‍ അതി രൂക്ഷ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ വിളിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും മുഖ്യമന്ത്രിക്ക് ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും അറിയില്ലെന്നും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന്‍ വേദം ഓതും പോലെയാണെന്നും വിഡി സതീശന്‍ പരിഹസിച്ചു. രൂക്ഷഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി. നിങ്ങള്‍ക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാന്‍ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 

◾ സ്പീക്കര്‍ക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്ക്  ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഭരണപക്ഷവും വാക്‌പോരിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തെ നോക്കി ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കര്‍ ചോദിച്ചത്. ഇതില്‍ കുപിതരായ പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. 

◾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദ ചോദ്യങ്ങള്‍ സഭയില്‍ എത്താതിരിക്കാന്‍ ഇടപെട്ടെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് അജണ്ട പിവിയുടെ സ്‌ക്രിപ്റ്റ് എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു. 

◾ നിയമസഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു.  മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയെന്ന ആക്ഷേപത്തില്‍ മറുപടിയുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചോദ്യങ്ങള്‍ക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെ, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കും സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നത്. അവ സ്റ്റാര്‍ഡ് ആയോ അണ്‍സ്റ്റാര്‍ഡ് ആയോ ആണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ കള്ളി പൊളിയുമെന്ന് വന്നപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചര്‍ച്ച ഒഴിവാക്കാന്‍ നടത്തിയ പൊറാട്ടുനാടകമാണ് തുടര്‍ന്ന് നിയമസഭയില്‍ കണ്ടതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

◾ കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍ എംപി. എഡിജിപി വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണ് എന്നും മുഖ്യമന്ത്രി നിലപാട് സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയില്‍ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ഗുരുതര സംഭവങ്ങള്‍ ഉണ്ടായിട്ട് ആത്മാര്‍ത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. 

◾ രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . അന്ന സെബാസ്റ്റ്യന്‍ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണ്  മരണമടഞ്ഞ സംഭവത്തില്‍ പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു. എന്നാല്‍  കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

◾ തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന  ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.  

◾ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ആര്‍എസ്എസ് ചുമതലയില്‍ നിന്ന്  ഗതികെട്ട് മാറ്റിയതാണെന്ന് ഷാഫി പറമ്പില്‍ എംപി. പൊലീസ് യോഗങ്ങളില്‍ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാന്‍ കഴിയും. ഒരു സെക്കന്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തില്‍ ആര്‍എസ്എസിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരെന്നും അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

◾ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട്  സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം . സ്ഥാനാര്‍ഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും. മുന്‍ എംഎല്‍എ കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടായത്. പട്ടികജാതി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ യുആര്‍ പ്രദീപിനാണ് ചേലക്കരയില്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 

◾ ഒരു സമുദായമാണ് സ്വര്‍ണകള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും എന്നാല്‍ സ്വര്‍ണകള്ളക്കടത്ത് കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.  എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയ നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്നും സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിയില്‍ കഴമ്പില്ലെന്നും വീട്ടമ്മയുടേത് കളളപ്പരാതിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

◾ മലപ്പുറം ജില്ലയെ ക്രിമിനല്‍വത്കരിക്കുന്നു എന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

◾ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. ഈ മാസം 12 ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. 

◾ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ജയസൂര്യക്ക് തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

◾ കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുസമ്മില്‍, അഷ്‌റഫ്, ഇരിക്കൂര്‍ സ്വദേശി സിജോയ് എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. 

◾ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാന്‍ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ജലക്ഷാമം തിരിച്ചടിയായി. വെള്ളം നല്‍കാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി . ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇത്രയും അളവില്‍ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്ക് നല്‍കിയാല്‍ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക.

◾ കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം. സ്‌കൂളില്‍ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

◾ കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയില്‍ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു, അനി എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം. 

◾ കൊല്ലം ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

◾ തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. നിലവിലെ ചക്രവാതചുഴി ഒക്ടോബര്‍ ഒമ്പതോടെ ലക്ഷദ്വീപിന് മുകളില്‍  ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ ഇന്ന് 13 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്.

◾ ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ബഹുമാനങ്ങളിലും  താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.

◾ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര രംഗത്തെ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങുമെന്നും ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ മംഗളൂരുവില്‍ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മുതലാണ് മുംതാസ് അലിയെ കാണാതായത്. പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

◾ ഹരിയാന , ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.

◾ പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബിര്‍ഭും ജില്ലയിലെ ലോക്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

◾ കര്‍ണാടകയിലെ മംഗളൂരുവില്‍ ഇസ്രായേല്‍ ട്രാവല്‍സ് എന്ന ബസിന്റെ പേര് ജെറുസലേം എന്ന് മാറ്റി ഉടമ. കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന ലെസ്റ്റര്‍ കട്ടീല്‍ ആണ് തന്റെ ബസിന്റെ പേര് മാറ്റിയത്. ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന്  ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് വിവാദം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഉടമ പറഞ്ഞു.

◾ ജോലിയ്ക്ക് ഭൂമി കുംഭകോണം കേസില്‍ ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

◾ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോയ്ക്കായി ഇന്നലെ ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര്‍ മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്നും ഗതാഗതക്രമീകരണങ്ങള്‍ പാളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ ഡെലിവറി ജീവനക്കാരോടുള്ള സമീപത്തിന്റെ കയ്പറിഞ്ഞ് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍. കഴിഞ്ഞ ദിവസം ഡെലിവറി ജീവനക്കാരന്റെ വേഷത്തില്‍ ഓര്‍ഡറുകള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും പോയപ്പോഴാണ് ഗുരുഗ്രാമിലെ ഒരു മാളില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് അദ്ദേഹം പറയുന്നു.എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവര്‍ക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാര്‍ക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

◾ ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. വിവിധ ലോകനഗരങ്ങളില്‍ ഇന്ന് യുദ്ധവിരുദ്ധ റാലികള്‍ നടക്കും.

◾ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഓഹരി പങ്കാളിത്തം 4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനമായി ഉയര്‍ത്തി. ഒരു ഓഹരിക്ക് 57.36 രൂപ വീതം നല്‍കി 25.96 കോടി ഓഹരികളാണ് എല്‍.ഐ.സി സ്വന്തമാക്കിയത്. പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാരിന് 86.46 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. എന്നാലിതൊന്നും ഓഹരി വില്‍പനയെ കാര്യമായി തുണച്ചില്ല. ഇന്ന് രാവിലെ 57.66 രൂപയില്‍ വ്യാപാരം തുടങ്ങിയ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഓഹരി 2.55 ശതമാനം ഇടിഞ്ഞാണ് മുന്നോട്ടു പോകുന്നത്. എല്‍.ഐ.സി ഓഹരികളും ഇടിവിലാണ്. ഇന്ന് രാവിലെ 4.53 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വരുമാനം 5,875 കോടി രൂപയായി ഉയര്‍ന്നിരുന്നു. ലാഭം തൊട്ടു മുന്‍പാദത്തേക്കാള്‍ അഞ്ചു കോടി രൂപ കുറഞ്ഞ് 1,295 കോടി രൂപയായി. എല്‍.ഐ.സിയുടെ ലാഭത്തില്‍ ജൂണ്‍ പാദത്തില്‍ വലിയ കുറവുണ്ടായി. തൊട്ടു മുന്‍പാദത്തെ 13,784 കോടിയില്‍ നിന്ന് 10,527 കോടി രൂപയായിട്ടാണ് താഴ്ന്നത്.

◾ ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലാണ് 'തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്' എന്ന ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ മോഷണം പോയാല്‍ ഉടന്‍ തന്നെ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് ഫോണ്‍ പ്രവേശിക്കും. തല്‍ക്ഷണം ഫോണ്‍ ലോക്ക് ചെയ്യപ്പെടും. മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേക്കും ഇവ ലഭ്യമാക്കും.

◾ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച വിവരം പങ്കുവച്ച് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്. ഒപ്പം ഇരുസിനിമകള്‍ക്കും സുഷിന്‍ നല്‍കിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. നിലവില്‍ ബോഗയ്ന്‍വില്ലയാണ് സുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സുഷിന്‍ സംഗീതം നല്‍കിയ 'സ്തുതി', 'മറവികളെ' എന്നീ രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

◾ മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രമാണ് 'ദൃശ്യം'. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തിയ ചിത്രം അതുവരെ മലയാളികള്‍ കണ്ട് ശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നുവെങ്കിലും ദൃശ്യം 2വും സൂപ്പര്‍ ഹിറ്റ് ആയി മാറി. ദൃശ്യം 2വിന് ശേഷം ദൃശ്യം 3 എത്തുമെന്ന് ജീത്തു ജോസഫ് ആദ്യമേ വ്യക്തമാക്കിയിരുന്നു.  ദൃശ്യം 3യുടെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ദൃശ്യം 3, മോഹന്‍ലാല്‍ എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗിലാണ്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.

◾ ഓഹരി വിപണിയില്‍ കൂപ്പുകുത്തി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. സര്‍വീസ് സെന്ററുകളില്‍ നിന്ന് മോശം സര്‍വീസ് ആണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ അടക്കം കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി പ്രശ്‌നങ്ങളാണ് ഓഹരിയെ ബാധിച്ചത്. ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി ഓഹരി വിപണിയില്‍ തുടക്കമിട്ടത് സ്റ്റോക്ക് ഒന്നിന് 76 രൂപ എന്ന നിലയിലായിരുന്നു. ഇടക്കാലത്ത് ഓഹരി വില 157.40 രൂപ വരെ കുതിച്ചിരുന്നു. തുടര്‍ന്നാണ് ഇടിവ് നേരിടാന്‍ തുടങ്ങിയത്. 157.40 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇതുവരെ 43 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി നേരിട്ടത്. ഒലയ്ക്ക് ഇന്ത്യന്‍ ഇവി വിപണിയില്‍ വിപണി വിഹിതം കുറഞ്ഞു വരികയാണ്. സെപ്റ്റംബറില്‍ 27 ശതമാനമായാണ് താഴ്ന്നത്. ഹാര്‍ഡ്വെയര്‍ തകരാര്‍, സോഫ്റ്റ്വെയര്‍ തകരാര്‍, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി കമ്പനി നേരിടുകയാണ്.

◾ ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കില്‍ പകരാനാവാത്തത് വരയിലും വരയില്‍ പറയാനാവാത്തത് വാക്കിലും ആവിഷ്‌ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികള്‍. ചിലത് കവിത പോലെ സ്വയം പൂര്‍ണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉള്‍പ്പെടെ മനുഷ്യാനുഭവങ്ങള്‍ കാവ്യാത്മകമായി പകര്‍ത്തിയ നാനോ കുറിപ്പുകളുടെ അപൂര്‍വ്വസമാഹാരം. 'എനിക്ക് നീ മരിക്കുന്നില്ലല്ലോ'. സോമന്‍ കടലൂര്‍. ഡിസി ബുക്സ്. വില 180 രൂപ.

◾ പഞ്ചസാരയേക്കാള്‍ മധുരം. പക്ഷേ, പഞ്ചസാരയുടെ അത്ര കാലറിയില്ല. പല ബ്രാന്‍ഡുകളില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ കൃത്രിമ മധുരങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന അവകാശവാദമാണ് ഇത്. എന്നാല്‍ അമിതമായാല്‍ പഞ്ചസാര പോലെ തന്നെ പ്രശ്‌നമുണ്ടാക്കാന്‍ കൃത്രിമ മധുരങ്ങള്‍ക്കും സാധിക്കുമെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. അസ്പാട്ടേം, സൂക്രലോസ്, സാക്കറിന്‍, എസള്‍ഫേം പൊട്ടാസിയം, നിയോടേം, അഡ് വാന്റേം എന്നിങ്ങനെ ആറ് കൃത്രിമ മധുര പദാര്‍ഥങ്ങള്‍ക്കാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ അസ്പാട്ടേം ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫ്രാന്‍സില്‍ നടന്ന ന്യൂട്രിനെറ്റ്-സാന്റേ കോഹേര്‍ട്ട് പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യസംഘടന അടുത്തിടെ അസ്പാട്ടേമിനെ ക്ലാസ് ബി കാര്‍സിനോജനായും പ്രഖ്യാപിച്ചിരുന്നു. സൂക്രലോസ് വയറിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കാമെന്ന് മൈക്രോ ഓര്‍ഗാനിസംസ് ജേണലില്‍ 2022ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ഡിഎന്‍എ നാശവും അര്‍ബുദവുമായി സൂക്രലോസിനെ ബന്ധിപ്പിക്കുന്ന പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. പഞ്ചസാരയേക്കാള്‍ 400 മടങ്ങ് മധുരമുള്ള സാക്കറിന്‍ 1879ല്‍ കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ് കണ്ടെത്തുന്നത് തന്നെ കോള്‍ ടാറിന്റെ ഉപോത്പന്നങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ്. എലികളില്‍ അര്‍ബുദം ഉണ്ടാക്കാന്‍ ഇതിന് സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് 1970കളില്‍ സാക്കറിന്‍ നിരോധിച്ചെങ്കിലും പിന്നീട് ഒരു മുന്നറിയിപ്പ് ലേബലുമായി വീണ്ടും ലഭ്യമാക്കുകയായിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.97, പൗണ്ട് - 110.06. യൂറോ - 92.08, സ്വിസ് ഫ്രാങ്ക് - 97.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.04, ബഹറിന്‍ ദിനാര്‍ - 222.73, കുവൈത്ത് ദിനാര്‍ -274.18, ഒമാനി റിയാല്‍ - 218.07, സൗദി റിയാല്‍ - 22.35, യു.എ.ഇ ദിര്‍ഹം - 22.86, ഖത്തര്‍ റിയാല്‍ - 22.91, കനേഡിയന്‍ ഡോളര്‍ - 61.79.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right